Advertisment

ഇടിയോട് മത്സരിക്കാന്‍ മനസ്സിന് പ്രയാസം: പൊന്നാനിയില്‍ ഇ ടി മുഹമ്മദ് ബഷീര്‍ ലീഗ് സ്ഥാനാര്‍ത്ഥിയാണെങ്കില്‍ താന്‍ മത്സരിക്കാനില്ലെന്ന് സിപിഎമ്മിനെ അറിയിച്ചിരുന്നുവെന്ന് കെ എസ് ഹംസ

New Update
km hamsaUntitled45.jpg

മലപ്പുറം: പൊന്നാനി ലോക്‌സഭാ മണ്ഡലത്തില്‍ ഇ ടി മുഹമ്മദ് ബഷീര്‍ ലീഗ് സ്ഥാനാര്‍ത്ഥിയാണെങ്കില്‍ താന്‍ മത്സരിക്കാനില്ലെന്ന് സിപിഐഎമ്മിനെ അറിയിച്ചിരുന്നുവെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ എസ് ഹംസ. ഇ ടി പഴയ നേതാവാണ്.

Advertisment

അദ്ദേഹത്തോട് മത്സരിക്കാന്‍ മനസ്സിന് പ്രയാസമുണ്ടെന്നാണ് പാര്‍ട്ടിയെ അറിയിച്ചത്. അത് ഇ ടിയുടെ വികസന പ്രവര്‍ത്തനങ്ങളോ മറ്റ് കാര്യങ്ങളോ വിലയിരുത്തിയല്ല. അദ്ദേഹം പഴയ നേതാവാണ്. താനൊക്കെ രണ്ടാം നിരയില്‍ കയറിവന്നയാളാണെന്നും ഹംസ പ്രതികരിച്ചു.

ഇ ടി വരില്ലെന്ന് ഉറപ്പായതോടെയാണ് താന്‍ മത്സരിക്കാന്‍ തയ്യാറായത്. പൊന്നാനിയിലേക്ക് അബ്ദുള്‍ സമദ് സമദാനിയെന്ന് ഉറപ്പു ലഭിച്ചു. പൊന്നാനിയില്‍ സമസ്ത ഉള്‍പ്പെടെയുള്ള സമുദായ സംഘടനകളുടെ പിന്തുണയുണ്ട്. ബിജെപിക്ക് എതിരെ സംസാരിക്കാന്‍ കുഞ്ഞാലിക്കുട്ടിക്ക് ഭയം ആയിരുന്നു. വിധേയത്വത്തിന്റെ കൂറായിരുന്നു കുഞ്ഞാലിക്കുട്ടിയുടേതെന്നും ഹംസ പറഞ്ഞു.

കഴിഞ്ഞ തവണ മണ്ഡലത്തില്‍ മുസ്ലിം ലീഗിന് ലഭിച്ച ഭൂരിപക്ഷം രാഹുല്‍ ഗാന്ധി തരംഗത്തില്‍ ലഭിച്ചതാണെന്നും ഹംസ പറഞ്ഞു. നിലവിലെ മുസ്ലിം ലീഗിന്റെ ഭൂരിപക്ഷത്തെ വേഗത്തില്‍ മറികടക്കാം. അന്നില്ലാത്ത രാഷ്ട്രീയ യാഥാര്‍ത്ഥ്യം ഇപ്പോഴുണ്ട്.

മലപ്പുറത്ത് ഇടതുപക്ഷത്തിന് ജയിക്കാന്‍ കഴിയും. ഗാസ, രാമക്ഷേത്രം, ഏക സിവില്‍ കോഡ് വിഷയത്തില്‍ കോണ്‍ഗ്രസിന്റെ നിലപാട് തിരിച്ചടിയാവും. മതേതരത്വത്തെ ഇഷ്ടപ്പെടുന്നവരാണ് കേരളത്തിലുള്ളത്. തനിക്ക് ലഭിക്കുന്ന സമുദായ സംഘടനകളുടെ പിന്തുണ യോഗ്യതയായി കൂട്ടിയാല്‍ മതിയെന്നും ഹംസ പറഞ്ഞു.

Advertisment