Advertisment

ബിജെപിയുടെ വിക്കറ്റ് പോകും പിണറായി ഓൾ ഔട്ട് ആകും - കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ

New Update
thiruvanchoor radhakrishna idappal

എടപ്പാൾ: പാർലമെന്റ് തെരഞ്ഞെടുപ്പിൽ ബിജെപിയുടെ വിക്കറ്റ് പോകുമെന്നും നിയമസഭാ തിരഞ്ഞെടുപ്പിൽ പിണറായി സർക്കാർ ഓൾ ഔട്ട് ആകുമെന്നും കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരേ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെപിസിസി പ്രസിഡന്റ് കെ. സുധാകരനും നയിക്കുന്ന സമരാഗ്നി പ്രക്ഷോഭയാത്രയ്ക്ക് എടപ്പാൾ ടൗണിൽ നൽകിയ സ്വീകരണ യോഗം  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Advertisment

ഞാൻ ഇങ്ങോട്ട് വരുമ്പോൾ ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ മകളും ട്രെയിനിൽ ഉണ്ടായിരുന്നു. പിണറായി സർക്കാരിനെ കുറിച്ചുള്ള ആശങ്കകളാണ് അവർ ഉടനീളം പങ്കുവെച്ചത്. ജനപക്ഷത്തു നിൽക്കുന്ന മുഴുവൻ കമ്മ്യൂണിസ്റ്റുകളും ഈ മന്ത്രിസഭയിക്കെതിരാണ്. ജനജീവിതം ദുസഹമാകുന്ന വിധം സമസ്ത വിലവർധനയാണ്. വില കുറഞ്ഞിട്ടുള്ളത് പിണറായിക്ക് മാത്രമാണ്. ഈ ഭരണംകൊണ്ട് ഏതെങ്കിലും തരത്തിൽ പ്രയോജനമുള്ളത് പി.വി ആൻഡ് കമ്പനിക്ക് മാത്രമാണ്. മകളുടെ മാസപ്പടി വിവാദത്തിൽ നമ്മുടെ മുഖ്യമന്ത്രി മുഖ്യപ്രതിയാകുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ടെന്നും തിരുവഞ്ചൂർ പറഞ്ഞു.

മുഖ്യമന്ത്രിയുടെ കൂടെ നടക്കുന്ന കിങ്കരന്മാർ നമ്മുടെ കുഞ്ഞുങ്ങളെ തെരുവിൽ തല്ലി ചതച്ചു. അവരുടെ ചോര തെരുവിൽ വീണിട്ടുണ്ടെങ്കിൽ അതിനു നമ്മൾ പകരം ചോദിച്ചിരിക്കുമെന്ന് വി.ഡി.സതീശൻ പറഞ്ഞു. ഇതൊരു മഹായുദ്ധത്തിനുള്ള പടപ്പുറപ്പാടാണ്.

രാജ്യത്തെ വർഗീയ ഫാസിസ്റ്റ് ശക്തികളെ ഭാരതത്തിന്റെ മണ്ണിൽ കുഴിച്ചുമൂടാനുള്ള, കേരളത്തിലെ ജനങ്ങളുടെ ജീവിതം ദുരിത പൂർണ്ണമാക്കിയ സർക്കാരിന്റെ അന്ത്യം കുറിക്കാനുള്ള ധാർമിക യുദ്ധമാണിത്. 

vs satheesan idappal

തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ കോൺഗ്രസിന്റെ ബാങ്ക് അക്കൗണ്ട് കേന്ദ്രം മരവിപ്പിച്ചിരിക്കുകയാണ്. ഇന്ത്യ മുന്നണിയിലെ നേതാക്കളെ അറസ്റ്റ് ചെയ്തു ജയിലിലടക്കാനാണ് സംഘപരിവാർശക്തികളുടെ തീരുമാനം. സംഘപരിവാർ ശക്തികളെ ഇല്ലായ്മ ചെയ്യുവാനുള്ള ഊർജ്ജവും പ്രചോദനവും ഈ നാട്ടിലെ രാജ്യസ്നേഹികൾ നൽകുമെന്നും സതീശൻ പറഞ്ഞു.

രാഹുൽ ഗാന്ധി നടത്തുന്ന ഐതിഹാസികമായ സമരം ബിജെപി നേതൃത്വത്തെ അസ്വസ്ഥമാക്കിയിരിക്കുകയാണ്. ബിജെപി നടത്തുന്നത് വർഗീയ ധ്രുവീകരണമാണെങ്കിൽ രാഹുൽഗാന്ധി നടത്തുന്നത് രാഷ്ട്രീയ ധ്രുവീകരണമാണ്. കോ -ഓപ്പറേറ്റുകൾക്ക് വേണ്ടി നിലകൊള്ളുന്ന മോദി സർക്കാർ കർഷക വിരുദ്ധ നിലപാടുകളാണ് സ്വീകരിക്കുന്നത്.

തൃശ്ശൂരിൽ ബിജെപിയും സിപിഎമ്മും തമ്മിൽ ധാരണ ഉണ്ടാക്കിയിട്ടുണ്ട്. ഫാസിസ്റ്റുകളും കമ്മ്യൂണിസ്റ്റുകളും സന്ധി ചെയ്യുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് നമ്മൾ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.

samaragni idappal-3

കോൺഗ്രസ് രാഷ്ട്രീയ അധികാരത്തിൽ വരണമെന്ന വികാരമാണ് പൊതുസമൂഹത്തിനുള്ളതെന്ന് കെ. സുധാകരൻ പറഞ്ഞു. എല്ലാ അർത്ഥത്തിലും ജനങ്ങൾ കടുത്ത നിരാശയിലാണ്. കുട്ടികളുടെ ഭാവിയോർത്ത് രക്ഷിതാക്കൾ ആശങ്കയിലാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ രാസ ലഹരിയുടെ വ്യാപനം തടയാൻ യാതൊരു നടപടിയുമില്ല. പോലീസ് നോക്കുകുത്തിയെ പോലെയാണ് നിലകൊള്ളുന്നത്.

പിണറായിയുടെ വഴിവിട്ട ഭരണത്തിൽ പ്രധാന ഘടകകക്ഷിയായ സിപിഐയും സിപിഎമ്മിന്റെ മുതിർന്ന നേതാക്കളും അസംതൃപ്തരാണ്. മുതിർന്ന നേതാക്കളായ എം.എ.ബേബിയും തോമസ് ഐസക്കുമെല്ലാം പൊതുവേദിയിൽ പോലും ഇക്കാര്യം തുറന്നു പറയുകയാണ്. 

k sudhakaran idappal-2

മുഖ്യമന്ത്രി പൊതുമുതൽ ധൂർത്തടിച്ചു നടത്തിയ യാത്രയിൽ അവർ കണ്ടത് സമൂഹത്തിലെ ഉന്നത സ്ഥാനിയരെയാണ്. ഞങ്ങൾ ശ്രമിക്കുന്നത് സമൂഹത്തിലെ ഏറ്റവും താഴെത്തട്ടിലെ ദുരിതം അനുഭവിക്കുന്ന ജനങ്ങളുടെ കണ്ണീരൊപ്പാനാണ്.

പിണറായി നടത്തിയത് ജനങ്ങളുമായി യാതൊരു സമ്പർക്കവും ഇല്ലാത്ത യാത്രയാണ്. കേരളത്തിലെ അടിസ്ഥാന വിഭാഗം ജനങ്ങളുടെ പ്രശ്നങ്ങൾ കേൾക്കാൻ ചെവി കൊടുത്ത ഒരു മുഖ്യമന്ത്രി കേരളത്തിൽ ഉണ്ടായിരുന്നു അത് ഉമ്മൻചാണ്ടിയാണ്. 

samaragni idappal-2

മോദി ആഴക്കടൽ മത്സ്യബന്ധനം കുത്തുകൾക്ക് തീറെഴുതി കൊടുക്കുമ്പോൾ പിണറായി തീര കടൽ മണൽ ഖനനം വഴിയാണ് കുടുംബത്തിനുവേണ്ടി പണം സമ്പാദിക്കുന്നതെന്നും സുധാകരൻ പറഞ്ഞു.

ഡിസിസി പ്രസിഡന്റ് വി.എസ്.ജോയി അധ്യക്ഷത വഹിച്ചു. എ.പി.  അനിൽകുമാർ,ടി.സിദ്ധിഖ്, ടി.യു. രാധാകൃഷ്ണൻ,ഇ. അഹമ്മദ്, ജെബി മേത്തർ,ജമീല ആരിപ്പറ്റ,പി.എം.നിയാസ്, പഴകുളം മധു ,വി.പി സജീന്ദ്രൻ, ഇബ്രാഹിംകുട്ടി കല്ലാർ,എം.എം നസീർ,പി.എ സലിം,കെ.പി.ശ്രീകുമാർ, ഷാനിമോൾ ഉസ്മാൻ, രാഹുൽ മാങ്കൂട്ടത്തിൽ, ഷാഫി പറമ്പിൽ, ആര്യാടൻ ഷൗക്കത്ത്, കെ.ജയന്ത്, ദീപ്തി മേരി വർഗീസ്, അബ്ദുൽ മുത്തലിബ്, നെയ്യാറ്റിൻകര സനൽ, വിടി ബൽറാം, യു.എസ്.ഖാദര്‍, എ.പി. അനിൽകുമാർ, ടി.സിദ്ധിഖ്, ടി.യു. രാധാകൃഷ്ണൻ, ഇ. അഹമ്മദ്, ജെബി മേത്തർ, ജമീല ആരിപ്പറ്റ, പി.എം.നിയാസ്, പഴകുളം മധു, വി.പി സജീന്ദ്രൻ, ഇബ്രാഹിംകുട്ടി കല്ലാർ, എം.എം നസീർ, പി.എ സലിം, കെ.പി.ശ്രീകുമാർ, പി.എം. നസറുള്ള എന്നിവർ പ്രസംഗിച്ചു.

Advertisment