Advertisment

ലീഗിന്റെ ഉരുക്കു കോട്ടയായ മലപ്പുറത്ത് ഇത്തവണയും അത്ഭുതങ്ങൾക്ക് സാദ്ധ്യതയില്ല. അനായാസ ജയം സ്വപ്നം കണ്ട് ഇ.ടി മുഹമ്മദ് ബഷീർ. ശക്തമായ പോരാട്ടവുമായി യുവനേതാവ് വി.വസീഫ്. കാലിക്കറ്റ് യൂണിവേഴ്സിറ്റി മുൻ വി.സി എം. അബ്ദുസലാമിനെ ഇറക്കി ബി.ജെ.പി. സമസ്തയുടെ അപ്രീതിയും കോൺഗ്രസിന്റെ പിന്മാറ്റവും അടിയൊഴുക്കുകളുണ്ടാക്കിയേക്കും. ഇത്തവണയും മലപ്പുറത്തിന്റെ പച്ചപ്പ് വാടില്ല

എൽ.ഡി.എഫിനായി ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫും എൻ.ഡി.എയ്ക്കായി കാലിക്കറ്റ് സർവകലാശാലാ മുൻ വൈസ് ചാൻസലർ ഡോ. എം. അബ്ദുസലാമും പൊരിഞ്ഞ പ്രചാരണത്തിലാണ്. ന്യൂനപക്ഷ വോട്ടർമാർ ഭൂരിപക്ഷമുള്ള മണ്ഡലത്തിൽ ഫാസിസവും കേന്ദ്ര സ‌ർക്കാർ നിലപാടുകളുമാണ് ഇടതും വലതും ചർച്ചയാക്കുന്നത്.

New Update
v vasuf et muhammad basheer m abdul salam

മലപ്പുറം: മുസ്ലീം ലീഗിന്റെ ഉരുക്കുകോട്ട എന്ന് വിശേഷിപ്പിക്കപ്പെടുന്ന മണ്ഡലത്തിൽ ഇത്തവണയും അത്ഭുതങ്ങൾക്കൊന്നും സാദ്ധ്യതയില്ല. ലീഗിന് ഒരു പോറൽ പോലുമേൽക്കാത്ത മണ്ഡലത്തിൽ ഇ.ടി മുഹമ്മദ് ബഷീർ അനായാസ വിജയം സ്വപ്നം കാണുന്നു.

Advertisment

എൽ.ഡി.എഫിനായി ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫും എൻ.ഡി.എയ്ക്കായി കാലിക്കറ്റ് സർവകലാശാലാ മുൻ വൈസ് ചാൻസലർ ഡോ. എം. അബ്ദുസലാമും പൊരിഞ്ഞ പ്രചാരണത്തിലാണ്. ന്യൂനപക്ഷ വോട്ടർമാർ ഭൂരിപക്ഷമുള്ള മണ്ഡലത്തിൽ ഫാസിസവും കേന്ദ്ര സ‌ർക്കാർ നിലപാടുകളുമാണ് ഇടതും വലതും ചർച്ചയാക്കുന്നത്.


ഒറ്റയ്ക്കു നിന്നാലും വിജയിക്കുന്ന മണ്ഡലമെന്ന ആത്മവിശ്വാസമാണ് ലീഗിന്റെ കരുത്ത്. 2004- ൽ ടി.കെ.ഹംസയിലൂടെ മണ്ഡലം ചുവന്നതിലാണ് ഇടതു പ്രതീക്ഷ. മോദി തംരംഗത്തിൽ വോട്ട് വിഹിതം വർദ്ധിക്കുമെന്ന് എൻ.ഡി.എയും കരുതുന്നു.


കേന്ദ്ര സർക്കാരിന്റെ ന്യൂനപക്ഷ വിരുദ്ധ നയങ്ങളും നിയമങ്ങളും തന്നെ മുഖ്യച‌ർച്ച. പൗരത്വ ഭേദഗതി നിയമം ഉൾപ്പെടെ ചൂടേറിയ ചർച്ചയാവുന്ന മണ്ഡലത്തിൽ വികസനം മുഖ്യ ച‌ർച്ചയേയല്ല. വോട്ടു വിഹിതത്തിൽ മുന്നിൽ ഇ.കെ സമസ്ത സുന്നികളാണ്. കരുത്തിൽ 50 ശതമാനത്തോളം വരും.

കാന്തപുരം എ.പി സുന്നികൾ തൊട്ടുപിന്നിൽ. ശേഷം മുജാഹിദ്, ജമാഅത്തെ ഇസ്‌‌ലാമിക്കാർ. ലീഗിന്റെ അടിയുറച്ച വോട്ട് ബാങ്കായാണ് ഇ.കെ സുന്നികൾ അറിയപ്പെടുന്നത്. നല്ലൊരു പങ്ക് മുജാഹിദുകളുടെ പിന്തുണയും ലീഗിന് ലഭിക്കാറുണ്ട്. സമസ്ത- ലീഗ് ഭിന്നത തിര‍ഞ്ഞെടുപ്പിന്റെ സാഹചര്യത്തിൽ പുറമേയ്ക്ക് പ്രകടമല്ലെങ്കിലും അടിയൊഴുക്കുകൾക്ക് സാദ്ധ്യതയുണ്ട്.  അങ്ങനെയെങ്കിൽ ഇ.ടിയുടെ ഭൂരിപക്ഷത്തിൽ ചെറിയ ഇടിവുണ്ടായേക്കാം.

കൊണ്ടോട്ടി, മഞ്ചേരി, പെരിന്തൽമണ്ണ, മങ്കട, മലപ്പുറം, വേങ്ങര, വള്ളിക്കുന്ന് എന്നീ നിയമസഭാ മണ്ഡലങ്ങളാണ് മലപ്പുറം മണ്ഡലത്തിലുള്ളത്. എല്ലായിടത്തും ലീഗിന്റെ എം.എൽ.എമാരാണ്. 2019ൽ എല്ലായിടത്തും കുഞ്ഞാലിക്കുട്ടിക്ക് ശക്തമായ ഭൂരിപക്ഷമുണ്ടായിരുന്നു. 1.14ലക്ഷത്തിന്റെ ഭൂരിപക്ഷത്തിനാണ് അന്ന് കുഞ്ഞാലിക്കുട്ടി വിജയിച്ചത്.


യുവനേതാവായ വസീഫിനെ രംഗത്തിറക്കി ഇടതുമുന്നണിയും ശക്തമായ പോരാട്ടമാണ് കാഴ്ച വയ്ക്കുന്നത്. ലീഗ്-സമസ്ത ഭിന്നത ചർച്ചയാക്കാൻ ഇടതുപക്ഷം ശ്രമിക്കുന്നുണ്ട്. 2004-ൽ മഞ്ചേരി ലോക്‌സഭാ മണ്ഡലത്തിൽ ലീഗിനെ ഞെട്ടിച്ച് 47,743 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ടി.കെ. ഹംസയിലൂടെ ചെങ്കൊടി പാറിയിരുന്നു. എന്നാൽ അതുപോലൊരു അനുകൂല തരംഗം ഇത്തവണയില്ല.


ഇ.ടിയുടെ പ്രചാരണ കൺവെൻഷനുകളിലടക്കം കോൺഗ്രസ് നേതാക്കളും പ്രവർത്തകരും മാറിനിൽക്കുന്നെന്ന പരാതി കെ.പി.സി.സിക്ക് ലീഗ് നേതൃത്വം നൽകിയിരുന്നു.  മൂന്നാം സീറ്റിനു പകരം രാജ്യസഭാ സീറ്റ് ചോദിച്ചതിൽ കോൺഗ്രസ് പക വീട്ടുകയാണോ എന്ന സംശയവും ലീഗിനുണ്ട്. യു.ഡി.എഫിലെ അസ്വാരസ്യം വോട്ടു ചോർച്ചയ്ക്ക് വഴിയൊരുക്കുമോയെന്ന ആശങ്ക ലീഗിനുണ്ട്.

വയനാട്ടിലെ രാഹുൽഗാന്ധിയുടെ സാന്നിദ്ധ്യം കോൺഗ്രസ് വോട്ടുകളിലെ ചോർച്ചയെ ഒരുപരിധി വരെ തടയുമെന്ന് ലീഗ് കണക്കുകൂട്ടുന്നു. ന്യൂനപക്ഷ വിഷയങ്ങളിൽ ശക്തമായ നിലപാടെടുക്കുന്നു എന്ന പ്രതിച്ഛായയിൽ ഇതര മുസ്‌ലിം സംഘടനകൾക്കിടയിൽ ഇ.ടി കൂടുതൽ സ്വീകാര്യനാണ്. കഴിഞ്ഞ തവണ ബി.ജെ.പി  എ.പി. അബ്ദുള്ളക്കുട്ടിയെ മത്സരിപ്പിച്ചിട്ടും 68,935 വോട്ടാണ് എൻ.ഡി.എയ്ക്കു ലഭിച്ചത്.

ലോക്‌സഭ തിരഞ്ഞെടുപ്പ് സംസ്ഥാന സർക്കാരിന്റെയും വിലയിരുത്തലാവുമെന്നും സി.എ.എയെ പാർലമെന്റിനകത്തും പുറത്തും ശക്തമായി എതിർത്തതും സുപ്രീംകോടതിയിൽ നിയമ നടപടികളുമായി മുന്നോട്ടുപോയതും മുസ്ലിം ലീഗാണെന്നും ചൂണ്ടിക്കാട്ടിയാണ് ഇ.ടിയുടെ പ്രചാരണം. ഇത്തവണയും മലപ്പുറത്തിന്റെ പച്ചപ്പ് വാടില്ലെന്നാണ് യു.ഡി.എഫിന്റെ ആത്മവിശ്വാസം.

Advertisment