Advertisment

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

author-image
ഇ.എം റഷീദ്
New Update
aa hackim-2

മലപ്പുറം: വിവരാവകാശ നിയമ പ്രകാരം ഇനി കുടുംബശ്രീ യൂണിറ്റുകളിലും അപേക്ഷ നല്കാം. അപേക്ഷകളുടെ പ്രാധാന്യമനുസരിച്ച് 48 മണികൂറിനകമോ 29 ദിവസത്തിനകമോ മറുപടി ലഭിക്കും. സാധാരണ ഫയലുകളിൽ അഞ്ച് ദിവസത്തിനകം നടപടി ആരംഭിച്ചിരിക്കും. 

Advertisment

ഇതിന്മേൽ പരാതിയുണ്ടെങ്കിൽ ഏതൊരാൾക്കും കുടുംബശ്രീ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർക്ക് അപ്പീൽ നല്കാം. അവിടെനിന്നും വിവരം കിട്ടിയില്ലെങ്കിൽ വിവരാവകാശ കമ്മിഷനെ സമീപിക്കാം.

കുടുംബശ്രീ മിഷൻ സംസ്ഥാന ജില്ലാ ഓഫീസുകളെയും കീഴ് ഘടകങ്ങളെയും വിവരാവകാശ നിയമത്തിന്റെ പരിധിയിൽ പെടുത്തിക്കൊണ്ട് സംസ്ഥാന വിവരാവകാശ കമ്മിഷണർ എ. എ. ഹക്കിം ഉത്തരവായി. ഇതേ തുടർന്ന് കുടുംബശ്രീ മിഷൻറെ എല്ലാ ഓഫീസുകളിലും യൂണിറ്റുകളിലും വിവരാവകാശ ഓഫീസർമാരെ നിയോഗിച്ച് മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ സർക്കുലർ പുറപ്പെടുവിച്ചു.

മലപ്പുറം ജില്ലയിൽ സി.ഡി.എസ് യൂണിറ്റുകൾ സ്ഥാപിക്കാൻ മുൻകൈ പ്രവർത്തനം നടത്തിയിരുന്ന കുളത്തൂർ മൊയ്തീൻകുട്ടി മാഷിൻറെ അപേക്ഷ തീർപ്പാക്കവേയാണ് എല്ലാ യൂണിറ്റുകളെയും നിയമത്തിൻറെ പരിധിയിൽ വരുത്തി ഉത്തരവായത്.

കുടുംബശ്രീ മിഷൻറെ ഭരണ ഘടന, ഓഫീസ് മെമ്മോറാണ്ടം, ആദ്യ കമ്മറ്റി മിനുട്സ് തുടങ്ങിയ രേഖകൾ ചോദിച്ച് 2010 ൽ കുടുംബശ്രീയുടെ ആസ്ഥാനത്ത് സമർപ്പിച്ച അപേക്ഷ നിരസിച്ച മിഷൻറെ നടപടി തള്ളിയ കമ്മിഷൻ ഉത്തരവിനെതിരെ കുടുംബശ്രീ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

കമ്മിഷൻറെ ഉത്തരവ് സാധൂകരിച്ച കോടതി നിർദ്ദേശപ്രകാരം കേസ് വീണ്ടും പരിഗണിച്ച കമ്മിഷണർ എ.എ.ഹക്കീം ഹരജികക്ഷിയുടെ അപേക്ഷ അനുവദിച്ച് തീർപ്പാക്കിയ വിധിയിലാണ് മുഴുവൻ യൂണിറ്റുകളെയും നിയമത്തിൻറെ പരിധിയിൽ ആക്കി ഉത്തരവായത്.

Advertisment