Advertisment

മറ്റ് പാർട്ടികളിലെ എടുക്കാ ചരക്കുകളെയാണ് ബിജെപി എടുക്കുന്നത്; ജനപിന്തുണ ഇല്ലാത്ത ആളുകളാണ് അനിൽ ആന്റണി, പിസി ജോർജ് എന്നിവർ; അതിൽ മൂന്നാമത്തെ വേർഷൻ ആണ് പത്മജ; ബിജെപിക്ക് ബുദ്ധി ഉപദേശിക്കുന്നവരെ കുറിച്ചും അത് അനുസരിക്കുന്ന നേതാക്കളെ കുറിച്ചും ഓർത്താണ് എനിക്ക് സഹതാപം; അനിൽ ആന്റണി ബിജെപിക്ക് ഉണ്ടാക്കിയതിന്റെ ഇരട്ടി ബുദ്ധിമുട്ട് പത്മജ ഉണ്ടാക്കുമെന്ന് പിഎംഎ സലാം

New Update
pma salam Untitled00.jpg

മലപ്പുറം: അനിൽ ആന്റണി ബിജെപിക്ക് ഉണ്ടാക്കിയതിന്റെ ഇരട്ടി ബുദ്ധിമുട്ട് പത്മജ ഉണ്ടാക്കുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. ബിജെപിക്ക് ബുദ്ധി ഉപദേശിക്കുന്നവരെ കുറിച്ചും അത് അനുസരിക്കുന്ന നേതാക്കളെ കുറിച്ചും ഓർത്താണ് തനിക്ക് സഹതാപമെന്നും അദ്ദേഹം പറഞ്ഞു.

Advertisment

ജനപിന്തുണ ഇല്ലാത്ത ആളുകളാണ് അനിൽ ആന്റണി, പിസി ജോർജ് എന്നിവർ. നല്ല പ്രചാരണം കിട്ടി. പക്ഷെ ബിജെപിക്ക് എന്ത് ഗുണമാണ് ഉണ്ടായതെന്നും സലാം ചോദിച്ചു. അതിൽ മൂന്നാമത്തെ വേർഷൻ ആണ് പത്മജ. പത്മജക്ക് വേണ്ട അംഗീകാരം കോൺഗ്രസ് നൽകിയിട്ടുണ്ട്. മത്സരിക്കാനുള്ള അവസരം കൊടുത്തു.

അവർ ആകെ ചെയ്ത ജനസേവനം കരുണാകരന്റെ മകളായി ജനിച്ചു എന്നതാണെന്നും അദ്ദേഹം ആരോപിച്ചു. അനിൽ ആന്റണിയെ കൊണ്ട് ബിജെപിക്ക് ഉണ്ടാക്കിയതിന്റെ ഇരട്ടി ബുദ്ധിമുട്ട് പത്മജ ഉണ്ടാക്കും. പാർട്ടി മാറിയത് യുഡിഎഫിനെ ഒരു തരത്തിലും ബാധിക്കില്ല.

സിപിഐഎം വാദം ഒരാളും സ്വീകരിച്ചില്ല എന്നതിന്റെ തെളിവാണ് പുതുപ്പള്ളി തിരഞ്ഞെടുപ്പ്. പശ്ചിമ ബംഗാളിലെ മുഴുവൻ സിപിഐഎം നേതാക്കളും ഇപ്പോൾ ബിജെപിയിലാണ്. പത്മജ നേരത്തെ തന്നെ പോയിരുന്നെങ്കിൽ യുഡിഎഫ് രക്ഷപ്പെടുമായിരുന്നു. കാലുവാരി എന്ന് പറയാൻ ഇന്നലെ അല്ലല്ലോ തിരഞ്ഞെടുപ്പ് കഴിഞ്ഞത്. കോൺഗ്രസിലെ ഇത്തരം ആളുകൾ വേഗം പോകുന്നതാണ് നല്ലത്.

യുഡിഎഫിലെ ഒരു സ്ഥാനാർഥിയെയും ഇത് ബാധിക്കില്ല. കോൺഗ്രസിൽ കൊഴിഞ്ഞു പോക്കില്ല. ഒരു വ്യക്തി പോകുന്നത് കൊഴിഞ്ഞു പോക്കല്ലെന്നും പിഎംഎ സലാം പറഞ്ഞു. എന്തൊക്കെ ഓഫർ കിട്ടി എന്നാണ് പറയേണ്ടത്. മറ്റ് പാർട്ടികളിലെ എടുക്കാചരക്കുകളെയാണ് ബിജെപി എടുക്കുന്നത്. പി സി ജോർജ് മെമ്പർഷിപ്പ് എടുക്കാത്തത് ലീഗിൽ മാത്രമാണ്.

അനിൽ ആന്റണി പോയപ്പോൾ വലിയ കോലാഹലം ഉണ്ടാക്കി. ഇപ്പോൾ എന്തുണ്ടായി? ഈ കാരണത്താൽ ടിഎൻ പ്രതാപന്റെ ഭൂരിപക്ഷം കൂടും. പത്മജ ചാലക്കുടിയിൽ മത്സരിച്ചാൽ അവിടെ യുഡിഎഫിന് ഭൂരിപക്ഷം കൂടുമെന്നും അദ്ദേഹം പറഞ്ഞു.

Advertisment