Advertisment

മഹാനായ അതിഥിയെ സ്വാഗതം ചെയ്ത് ...

ജീവിത രീതികൾ, ചിട്ടകൾ,  സമയക്രമങ്ങൾ എന്നിവ ഭേദഗതികൾ വരുത്തി  റംസാൻ മാസം ഉൾകൊള്ളുന്ന പുണ്യങ്ങൾ ചോർന്നു പോകാതിരിക്കാനുള്ള ജാഗ്രതയും കരുതലും മാസം പിറക്കും മുമ്പ് തന്നെ ചുറ്റിലും സംജാതമായിരിക്കും.

New Update
PONANI VALIYA JARAM PALLI

വിശുദ്ധ റംസാൻ മാസം കടന്നു വരുമ്പോൾ മഹാനായ ആ അതിഥി ശ്രേഷ്ഠനെ  മഹനീയമായ  വിധത്തിലാണ് പൊന്നാനിയും പരിസരവും പണ്ടുകാലം മുതൽക്കെ വരവേറ്റിട്ടുള്ളത്.  അതിന്നും തുടരുന്നു.   വീടുകളും ആരാധനാലയങ്ങളും കഴുകിയും കേടുപാടുകൾ തീർത്തും ഭംഗി വരുത്തിയും പുണ്യനാളിന്റെ കടന്ന് വരവ്  ആഘോഷഭരിതമായിരിക്കും. 

Advertisment

ജീവിത രീതികൾ, ചിട്ടകൾ,  സമയക്രമങ്ങൾ എന്നിവ ഭേദഗതികൾ വരുത്തി  റംസാൻ മാസം ഉൾകൊള്ളുന്ന പുണ്യങ്ങൾ ചോർന്നു പോകാതിരിക്കാനുള്ള ജാഗ്രതയും കരുതലും മാസം പിറക്കും മുമ്പ് തന്നെ ചുറ്റിലും സംജാതമായിരിക്കും.

റംസാൻ പിറക്കുന്നത് മുതലുള്ള പൊന്നാനിയിലെ പ്രത്യേകതകൾ  മാസപിറവി നിരീക്ഷിക്കൽ, അത് സ്ഥിരപ്പെടുത്തലും പ്രഖ്യാപിക്കലും എന്നിവ മുതൽ തുടങ്ങുന്നു.   മലബാറിലെ മക്ക, ചെറിയ മക്ക  എന്നീ വിശിഷ്ട പേരുകളിലറിയപ്പെടുന്ന  പൊന്നാനിയാണ്  മാസം കാണൽ, അത് സ്ഥിരീകരിച്ച് പ്രഖ്യാപിക്കൽ എന്നിവയുടെ കേന്ദ്രം.   വിവിധ കാലങ്ങളിലായി  പൊന്നാനിയിലെ വിവിധ കേന്ദ്രങ്ങൾക്കായിരുന്നു ഈ  ചുമതലയുടെ ഉത്തരവാദിത്തം.

ponnani maunathul islam sabhaപൊന്നാനി മഊനത്തുൽ ഇസ്‌ലാം സഭ

അന്ത്യപ്രവാചകൻ മുഹമ്മദ്  നബിയുടെ മുപ്പത്തിയൊന്നാമത്തെ തലമുറയിൽ ‍ വരുന്ന  പേരക്കുട്ടികളിൽ ഉൾപ്പെടുന്നവരും  കേരളക്കരയിലെ ഐദറൂസി സിൽ‍സയുടെ ഉറവിടമായി എണ്ണപ്പെടുകയും കേരളത്തിന്റെ വിവിധ പ്രദേശങ്ങളില്‍ വ്യാപിച്ചു കിടക്കുന്ന ഐദറൂസി സാദാത്തുക്കളിൽ ‍ ബഹുഭൂരിപക്ഷം സയ്യിദുമാരുടെയും  പിതാമഹനായ    ചെയ്യുന്ന സയ്യിദ് അബ്ദുറഹ്മാന്‍ ആലു ഐദറൂസി അന്ത്യവിശ്രമം കൊള്ളുന്ന  പൊന്നാനി വലിയ ജാറം  ആയിരുന്നു ആദ്യകാലത്ത് പൊന്നാനി ഉൾപ്പെടുന്ന പ്രവിശാലമായ പ്രദേശത്തിന്റെ മാസം ഉറപ്പിക്കൽ  അധികാരം നിക്ഷിപ്തമായിരുന്നത്.    

മാസപ്പിറവി  ദർശിക്കാനായി  പൊന്നാനിയിലെ  പാതാർ (ഇപ്പോഴത്തെ ഹാർബർ),  അഴിമുഖം,  കടപ്പുറം  ഏരിയകളിൽ  കുട്ടികളുടെയും വലിയവരുടെയും  ഉപാസനയാണ്  അരങ്ങേറിയിരുന്നത്.    മാസം കണ്ട വ്യക്തി, വ്യക്തികൾ, അവർക്ക് സാക്ഷികളായി നിൽക്കുന്നവർ എന്നിവരെ  വലിയജാറം  അധികൃതർ  സവിശേഷമായി ആദരിക്കുകയും  അവർക്ക്  ഉപഹാരങ്ങൾ നൽകിയിരുന്നു.   

ponnnani palliപൊന്നാനി വലിയ ജുമുഅത്ത് പള്ളി

മാസം  പിറന്നത് നേരിട്ട് കണ്ടവർ നടത്തുന്ന സാക്ഷ്യപ്പെടുത്താലും അതിന്മേലുള്ള സ്ഥിരീകരണവും സത്യപ്പെടുത്തലുമെല്ലാം  പൊന്നാനിയിലെ സുകൃത സംഭവങ്ങളായിരുന്നു.   മാസം  ഉറപ്പിച്ചാൽ  പിന്നീട് അത് പ്രഖ്യാപിക്കുന്നതിന്  മുൻകാലങ്ങളിൽ  കതിന വെടി പൊട്ടിക്കലായിരുന്നു പതിവ്.   മൂന്ന്  വട്ടം വേദി മുഴങ്ങും.    നാടാകെ കേൾക്കുന്ന വെടിയൊച്ച കേൾക്കാൻ  കാത് കൂർപ്പിച്ച്   നാട് കാത്തിരിക്കും.

കാലാന്തരത്തിൽ  ഈ അധികാരം മഊനത്തുൽ ഇസ്‌ലാം സഭ എന്ന ഇസ്‌ലാംമത  വിജ്ഞാന സ്ഥാപനത്തിലേക്ക് നീങ്ങി.   പരിസര പ്രദേശങ്ങളിൽ നിന്ന് അതാത് സ്ഥലങ്ങളിലെ  ആധികാരിക പ്രതിനിധികൾ അടങ്ങുന്ന സംഘങ്ങൾ മാസം ഉറപ്പിക്കേണ്ട  റംസാൻ, പെരുന്നാൾ സന്ദർഭങ്ങളിൽ  വലിയ ജാറത്തിലേക്കും  മഊനത്തുൽ ഇസ്‌ലാം സഭയിലേക്കും  ഒഴുകുകയായിരുന്നു.   പണ്ടത്തെ ട്രങ്ക് ബുക്ക് ചെയ്തു നടത്തുന്ന ഫോൺ വിളികളിലൂടെയുള്ള  നിലക്കാത്ത അന്വേഷണങ്ങൾ വേറെയും.

സംഭവ ഗതികൾ പിന്നീട് മാസപ്പിറവി  ഉറപ്പിക്കൽ  ഉത്തരവാദിത്തം  പൊന്നാനി വലിയ ജുമുഅത്ത് പള്ളി കമ്മിറ്റിയിൽ എത്തിച്ചു.     ഉത്തരവാദിയായി  പൊന്നാനി മഖ്‌ദൂം സ്ഥാനത്തിരിക്കുന്ന വ്യക്തിയും.    ഇന്നത്തെ പൊന്നാനി മഖ്‌ദൂം പൊന്നാനിയിലെ ആദരണീയനായ നേതാവ് പരേതനായ  വി പി സി തങ്ങളുടെ  മകനും  മഖദൂം പുതിയാകം തറവാട് അംഗവുമായ എം പി ഹുസ്സൈൻ കോയ എന്നവരാണ്.   ഇന്നും  നിരവധി പ്രദേശങ്ങളിലെ മഹല്ലുകൾ  പൊന്നാനി മഖ്‌ദൂം  സ്ഥിരീകരിക്കുന്ന  റംസാൻ, പെരുന്നാൾ തിയ്യതികളാണ് പണ്ടെന്ന പോലെ ഇന്നും  ആധാരമാക്കുന്നത്.



അധികാരം ആര് കയ്യാളിയലും റംസാൻ, പെരുന്നാളുകൾ എന്നിവയ്ക്ക് അടിസ്ഥാനമായി   മാസം കാണൽ എന്നത്  നബിചര്യ വിട്ടുവീഴ്ച്ചയില്ലാതെയാണ് പൊന്നാനി ഒന്നടങ്കം  പാലിച്ചുകൊണ്ടിരിക്കുന്നതെന്ന്  സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം ഉസ്താദ് കെ എം ഖാസിം കോയ വിവരിച്ചു.

Advertisment