Advertisment

ഭരണം നിലനിർത്താൻ ഇടതു സർക്കാർ തൊഴിലാളി താൽപ്പര്യം കുരുതി കൊടുക്കുന്നു: ബിഎംഎസ് മുൻ അഖിലേന്ത്യാ അദ്ധ്യക്ഷൻ അഡ്വ. സി.കെ സജിനാരായണൻ

author-image
ജോസ് ചാലക്കൽ
New Update
bms convension

പാലക്കാ‍ട്: ഭരണം നിലനിർത്താനുള്ള തത്രപ്പാടിൽ തൊഴിലാളി സർക്കാരെന്ന് ഊറ്റം കൊള്ളുന്ന ഇടതുപക്ഷം തൊഴിലാളി താൽപ്പര്യങ്ങൾ കുരുതി കൊടുക്കുകയാണെന്ന് ബിഎംഎസ് മുൻ അഖിലേന്ത്യാ അദ്ധ്യക്ഷൻ അഡ്വ.സി.കെ. സജി നാരായണൻ പറഞ്ഞു. പാലക്കാട് പ്രസന്ന ലക്ഷ്മി ഓഡിറ്റോറിയത്തിൽ നടക്കുന്ന ബിഎംഎസിന്റെ ഇരുപതാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

ഇടതുപക്ഷത്തിന്റെ ജീർണ്ണത അതിന്റെ മൂർദ്ധന്യത്തിലെത്തി നിൽക്കുകയാണ്. കമ്മ്യൂണിസ്റ്റ് ചൈനയിൽ ടെൻ സിയാവോ പിങ് മാർക്കറ്റ് ഇക്കോണമി സ്വീകരിച്ചു ശുദ്ധമായ മുതലാളിത്ത നയമായിരുന്നു അത്. 2007 ൽ ബുദ്ധദേവ് ഭട്ടാചാര്യയും പശ്ചിമ ബംഗാൾ സർക്കാർ മുതലാളിത്ത മാർഗ്ഗം സ്വീകരിക്കുകയാണെന്ന് പ്രഖ്യാപിച്ചു. തുടർന്ന് സിംഗൂരിലും നന്ദിഗ്രാമിലും ടാറ്റ പോലുള്ള വൻകിട കുത്തകകൾക്കു വേണ്ടി പോലീസ് ഉൾപ്പടെയുള്ള സർക്കാർ സംവിധാനം ഉപയോഗപ്പെടുത്തി കർഷകരെ സ്വന്തം ഭൂമിയിൽ നിന്നും നിഷ്കാസിതരാക്കി.

കേരളത്തിലെ സർക്കാർ ജീവനക്കാരുടെ ഡിഎ കുടിശ്ശികയാണ്. സാധാരണക്കാർക്ക് ക്ഷേമ പെൻഷൻ ലഭിക്കുന്നില്ല. പെൻഷൻ വർദ്ധനവുമില്ല. കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളവുമില്ല പെൻഷനുമില്ല. എന്നിട്ടും ഇതിനെയെല്ലാം ന്യായീകരിച്ച് സിഐടിയു ന്യായീകരണത്തൊഴിലാളി ആയി മാറിയിരിക്കുകയാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബിഎംഎസ് സംസ്ഥാന പ്രസിഡൻറ് സി. ഉണ്ണികൃഷ്ണൻ ഉണ്ണിത്താൻ അദ്ധ്യക്ഷത വഹിച്ചു. മുൻ സംസ്ഥാന അദ്ധ്യക്ഷന്മാരായ അഡ്വ. കെ. രാംകുമാർ, അഡ്വ. എം.എസ്. കരുണാകരൻ, മുൻ സംസ്ഥാന ജനറൽ സെക്രട്ടറി എൻ.എം. സുകുമാരൻ, മുൻ സംസ്ഥാന സംഘടനാ സെക്രട്ടറി കെ.ഗംഗാധരൻ എന്നിവരെ വേദിയിൽ ആദരിച്ചു. തുടർന്ന് ബിഎംഎസ് സംസ്ഥാന പ്രസിഡൻറ് സി. ഉണ്ണികൃഷ്ണൻ ഉണ്ണിത്താൻ എഴുതിയ 'ഇന്ത്യാ ട്രേഡ് യൂണിയൻ ചരിത്രം', 'ബിഎംഎസ് നിലപാടുകളും ആവശ്യങ്ങളും' എന്നീ രണ്ടു പുസ്തങ്ങൾ വേദിയിൽ പ്രകാശനം ചെയ്തു.

സ്വാഗത സംഘം ചെയർപേഴ്സൺ റിട്ട.ജഡ്ജ് ടി.ഇന്ദിര, ബി എം എസ് അഖിലേന്ത്യാ സെക്രട്ടറിമാരായ രാംനാഥ് ഗണേഷ്, വി.രാധാകൃഷ്ണൻ, ദക്ഷിണ ക്ഷേത്ര സംഘടനാ സെക്രട്ടറി എസ് ദുരൈരാജ്, സംസ്ഥാന ഭാരവാഹികളായ എം.പി.രാജീവൻ, എം.പി.ചന്ദ്രശേഖരൻ, കെ.കെ.വിജയകുമാർ, ബി.ശിവജി സുദർശൻ, ഇ.ദിവാകാരൻ കെ.വി.മധുകുമാർ, സിജി ഗോപകുമാർ, ജി.സതീഷ് കുമാർ, സിബി വർഗ്ഗീസ്, അഡ്വ.എസ്.ആശാമോൾ, കെ.ചന്ദ്രലത എന്നിവർ പങ്കെടുത്തു.

സ്വാഗത സംഘം ജനറൽ കൺവീനർ സി.ബാലചന്ദ്രൻ സ്വാഗതവും അഡ്വ.പി.മുരളീധരൻ നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന ട്രേഡ് യൂണിയൻ സമ്മേളനത്തിൽ സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം, ഐഎൻടിയുസി സംസ്ഥാന പ്രസിഡൻറ് ആർ.ചന്ദ്രശേഖരൻ എഐടിയുസി സംസ്ഥാന സെക്രട്ടറി ആർ.പ്രസാദ്, എസ് ടി യു സംസ്ഥാന പ്രസിഡൻറ് അഡ്വ. റഹ്മത്തുള്ള എന്നിവർ പങ്കെടുത്തു. തുടർന്ന് ജനറൽ സെക്രട്ടറി ജി.കെ.അജിത്ത് സംഘടനാ റിപ്പോർട്ടും ട്രഷറർ സി.ബാലചന്ദ്രൻ സാമ്പത്തിക റിപ്പോർട്ടും വായിച്ചവതരിപ്പിച്ച് പാസാക്കി.

കേരളം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്കു പരിഹാരം കാണാൻ സത്വര നടപടി സ്വീകരിക്കണം, മിനിമം വേതനത്തിനു പകരം ലിംവിംഗ് വേജസ് നടപ്പിലാക്കണം, സ്വകാര്യ വ്യവസായ മേഖലയിലെ തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കണം, കരാർ തൊഴിൽ സമ്പ്രദായം അവസാനിപ്പിക്കണം, ഇഎസ്ഐ പ്രവർത്തനം കാര്യക്ഷമമാക്കണം, സിവിൽ സർവ്വീസ് മേഖലയെ സംരക്ഷിക്കുക, ജീവനക്കാരുടെ തടഞ്ഞു വെച്ച ആനുകൂല്യങ്ങൾ പുന:സ്ഥാപിക്കുക, അസംഘടിത മേഖലയിലെ പ്രതിസന്ധികൾക്ക് പരിഹാരവും തൊഴിലാളി ക്ഷേമവും സാമൂഹിക സുരക്ഷിതത്വവും ഉറപ്പു വരുത്തുക. ഇപിഎഫ് പ്രവർത്തനം കാര്യക്ഷമമാക്കുക, തൊഴിൽ മേഖലയിൽ സ്ത്രീകൾ നേരിടുന്ന വെല്ലുവിളികൾ പരിഹരിക്കുക, പൊതുമേഖലയെ സംരക്ഷിക്കാൻ സത്വര നടപടി സ്വീകരിക്കുക എന്നീ പ്രമേയങ്ങൾ സമ്മേളനം പാസാക്കി. ഞായറാഴ്ച വൈകുന്നേരം സമ്മേളനം സമാപിക്കും.

Advertisment