Advertisment

പാലക്കാട് റെയിൽവേ സ്റ്റേഷനിൽ വൻ ലഹരി വേട്ട; 70 ലക്ഷത്തിലധികം രൂപയുടെ ലഹരി വസ്തുക്കൾ പിടികൂടി ! ഒരാൾ അറസ്റ്റിൽ

author-image
ജോസ് ചാലക്കൽ
New Update
drugs seased palakkad-2

പാലക്കാട്: പാലക്കാട് റെയിൽവേ സ്റ്റേഷനിൽ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് ക്രൈം ഇന്റലിജൻസ് വിഭാഗവും എക്സൈസ് എൻഫോഴ്സ്മെന്റ് & ആൻറി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡും സംയുക്തമായി വ്യത്യസ്ത ട്രെയിനുകളിൽ നടത്തിയ പരിശോധനകളിലാണ് 70 ലക്ഷത്തിലധികം രൂപ വിലവരുന്ന ലഹരി വസ്തുക്കൾ പിടികൂടിയത്.

Advertisment

ധൻബാദ്-ആലപ്പുഴ എക്സ്പ്രസ് ട്രെയിനിന്റെ എസ്-വൺ കോച്ചിലെ ശുചിമുറിയുടെ പ്ലൈവുഡ് സീലിംഗ് ഇളക്കിമാറ്റി പ്ലാസ്റ്റിക് ടിഫിൻ ബോക്സിൽ ഒളിപ്പിച്ച് വച്ച നിലയിലാണ് 600 ഗ്രാം ഹാഷിഷ് ഓയിൽ കണ്ടെത്തിയത്. പിടികൂടിയ ഹാഷിഷ് ഓയിലിന് 60 ലക്ഷത്തോളം രൂപ വില വരും.

പരിശോധന കണ്ട് രക്ഷപ്പെടാൻ ശ്രമിച്ച ഇതേ ട്രെയിനിലെ യാത്രക്കാരനായ ഒഡീഷയിലെ കാണ്ഡമാൽ സ്വദേശിയായ ബൈന പ്രധാൻ (29) എന്ന അന്യ സംസ്ഥാന തൊഴിലാളിയാണ് ഒന്നര ലക്ഷത്തോളം രൂപ വില വരുന്ന 3 കിലോ കഞ്ചാവുമായി അറസ്റ്റിലായത്. 

ഷാലിമാർ-തിരുവനന്തപുരം എക്സ്പ്രസിൽ നടത്തിയ മറ്റൊരു പരിശോധനയിൽ മുൻവശത്തെ ജനറൽ കമ്പാർട്ടുമെന്റിലെ സീറ്റിനടിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ട്രോളി ബാഗിൽ നിന്നും ഒൻപത് ലക്ഷത്തിലധികം രൂപ വില വരുന്ന 18¼ കിലോ കഞ്ചാവും ആർപിഎഫ്-എക്സൈസ് സംഘം പിടിച്ചെടുത്തു.

drugs seased palakkad

സംഭവങ്ങളിൽ എക്സൈസ് കേസുകൾ രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചു. ലഹരി കടത്തുകാരെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കിയതായി എക്സൈസ് ആർപിഎഫ് വൃത്തങ്ങൾ അറിയിച്ചു.

പൊതുതിരഞ്ഞെടുപ്പിന്റേയും മദ്ധ്യവേനൽ അവധിയുടേയും പശ്ചാത്തലത്തിൽ ട്രെയിൻ മാർഗ്ഗമുള്ള ലഹരികടത്തിനെതിരെ പരിശോധനകൾ കൂടുതൽ കർശനമാക്കുമെന്ന് അധികൃതർ അറിയിച്ചു.

ആർപിഎഫ് ക്രൈം ഇന്റലിജൻസ് വിഭാഗം സർക്കിൾ ഇൻസ്പെക്ടർ എൻ.കേശവദാസിന്റെയും എക്സൈസ് എൻഫോഴ്സ്മെന്റ് & ആൻറി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എ. ജിജി പോളിൻ്റെയും നേതൃത്വത്തിൽ നടത്തിയ പരിശോധനകളിൽ ആർപിഎഫ് ക്രൈം ഇന്റലിജൻസ് വിഭാഗം സബ് ഇൻസ്പെക്ടർ പി.ടി.ബാലസുബ്രഹ്മണ്യൻ, അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ കെ.എം.ഷിജു, ഹെഡ്കോൺസ്റ്റബിൾ എൻ.അശോക്, കോൺസ്റ്റബിൾ അബ്ദുൽ സത്താർ.പി.പി , എക്സൈസ് പ്രിവന്റീവ് ഓഫീസർമാരായ രാജേഷ് കുമാർ.പി.എൻ, ഗോകുലകുമാരൻ, അജിത് കുമാർ സിവിൽ എക്സൈസ് ഓഫീസർമാരായ ശരവണൻ, ബെൻസൺ ജോർജ്, ഗോപിനാഥൻ, രാകേഷ്, പ്രസാദ് എന്നിവരാണ്  ഉണ്ടായിരുന്നത്.

Advertisment