Advertisment

പാലക്കയം ചീനിക്കപ്പാറയില്‍ വീട്ടമ്മയ്ക്ക് നേരെ വീണ്ടും വന്യജീവി ആക്രമണം; പ്രദേശത്ത് വനംവകുപ്പ് കൂട് സ്ഥാപിക്കും

author-image
ജോസ് ചാലക്കൽ
New Update
wild annimal attack palakkad

കാഞ്ഞിരപ്പുഴ: പാലക്കയം ചീനിക്കപ്പാറയില്‍ ആഴ്ചകൾക്ക് മുമ്പ് വന്യജീവിയുടെ ആക്രമണത്തിന് ഇരയായ വീട്ടമ്മയെ വീണ്ടും വന്യജീവി ആക്രമിച്ചു. പരിക്കേറ്റ ചെട്ടിപ്പറമ്പില്‍ ഷിജുവിന്റെ ഭാര്യ സാന്റി (30)യെ വനപാലകര്‍ ചേര്‍ന്ന് താലൂക്ക് ഗവ.ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി. 

Advertisment

ഞായറാഴ്ച ഉച്ചയ്ക്കാണ് സംഭവം നടന്നത്. വീടിന്റെ അടുക്കളയ്ക്ക് പുറത്തുള്ള ടാപ്പില്‍ മുഖംകഴുകാനായി എത്തിയപ്പോള്‍ ഇവര്‍ക്ക് നേരെ വന്യജീവി ഉയരത്തില്‍ നിന്നും ചാടുകയായിരുന്നുവെന്നാണ് പറയുന്നത്. മുഖത്തും ഇടതുകയ്യിലും കഴുത്തിലും ആക്രമണത്തില്‍ പോറലേറ്റു. ബഹളം വെച്ചതോടെ ജീവി ഓടിമറയുകയായിരുന്നു. പുലിയാണെന്നാണ് പറയുന്നത്.

നാട്ടുകാര്‍ വിവരമറിയിച്ച പ്രകാരം പാലക്കയം ഫോറസ്റ്റ് സ്റ്റേഷനില്‍ നിന്നും ഡെപ്യുട്ടി ഫോറസ്റ്റ് റെയ്ഞ്ച് ഓഫിസര്‍ കെ.മനോജിന്റെ നേതൃത്വത്തില്‍ വനലകരും മണ്ണാര്‍ക്കാട് ദ്രുതപ്രതികരണസേനയും സ്ഥലത്തെത്തി തിരച്ചില്‍ നടത്തി.

ഡി.എഫ്.ഒ. അബ്ദുള്‍ ലത്തീഫും സ്ഥലത്തെത്തി. നാട്ടുകാരും തടിച്ചുകൂടിയിരുന്നു. വന്യജീവിയെ പിടികൂടാന്‍ പ്രദേശത്ത് കൂട് സ്ഥാപിക്കുമെന്നും കാമറ കെണിവച്ച് നിരീക്ഷണം നടത്തുമെന്നും ഡി.എഫ്.ഒ അറിയിച്ചു. 

കഴിഞ്ഞ മാസം 17ന് രാത്രിയിലാണ് വീടിന് പുറത്തുവച്ച് വീട്ടമ്മയെ വന്യജീവി ആദ്യം ആക്രമിച്ചത്. ഇതേതുടര്‍ന്ന് കെ.ശാന്തകുമാരി എം.എല്‍.എയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളും പൊതുപ്രവര്‍ത്തകരും ചീനിക്കപ്പാറയില്‍ സന്ദര്‍ശനം നടത്തിയിരുന്നു.

തുടര്‍ന്ന് തീരുമാനിച്ചതു പ്രകാരം പ്രദേശത്തെ സ്വകാര്യ സ്ഥലങ്ങളില്‍ വളര്‍ന്നുനില്‍ക്കുന്ന അടിക്കാട് വെട്ടിവൃത്തിയാക്കുകയും ചെയ്തിരുന്നു. കാമറകള്‍ സ്ഥാപിച്ച് നിരീക്ഷണം നടത്തിയെങ്കിലും പുലിയുടെ ദൃശ്യങ്ങള്‍ ലഭ്യമായില്ലെന്ന് വനംവകുപ്പ് അധികൃതര്‍ പറയുന്നു. 

പാലക്കയം ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ മാസങ്ങളായി വിവിധ സ്ഥലങ്ങളില്‍ പുലിഭീതി നിലനില്‍ക്കുന്നുണ്ട്. മൂന്ന് മാസം  മുമ്പ് ഇരുമ്പകച്ചോലയില്‍ ഒരു ആടിനെ വന്യജീവി ആക്രമിച്ചിരുന്നു. പള്ളിപ്പടിയിലും, കാഞ്ഞിരപ്പുഴ കല്ലാംകുഴി റോഡില്‍ അക്കിയാംപാടം ഭാഗത്ത് പുലിയെ കണ്ടതായി നാട്ടുകാര്‍ അറിയിച്ചിരുന്നു.

ഇതേ തുടര്‍ന്ന് ഒരാഴ്ചക്കാലത്തോളം വനംവകുപ്പിന്റെ നേതൃത്വത്തില്‍ ഇവിടങ്ങളില്‍ കാമറ നിരീക്ഷണം നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല. പിന്നീട് ചിറയ്ക്കല്‍പ്പടി അമ്പാഴക്കോട് ജനവാസമേഖലയിലും പുലിയെ കണ്ടതായി അഭ്യൂഹമുണ്ടായിരുന്നു. ദ്രുതപ്രതികരണ സേനയെത്തി നടത്തിയ തിരച്ചിലില്‍ കാല്‍പ്പാടുകള്‍ നിരീക്ഷിച്ച് ഇത് കാട്ടുപൂച്ചയാണെന്ന് സ്ഥിരീകരിച്ചിരുന്നു.

വനമേഖലയില്‍ നിന്നും  ഏറെദൂരം മാറിയാണ് ചീനിക്കപ്പാറപ്രദേശം സ്ഥിതി ചെയ്യുന്നത്. മൂന്നാഴ്ചക്കിടെ രണ്ടാമതും വീട്ടമ്മയ്ക്ക് നേരെ വന്യജീവി ആക്രമണമുണ്ടായത് പ്രദേശത്തിന്റെ ഭീതി ഇരട്ടിപ്പിച്ചിട്ടുണ്ട്.

Advertisment