Advertisment

ആരില്‍ നിന്നും പണം വാങ്ങിയിട്ടില്ല, പത്തനംതിട്ടയില്‍ തന്റെ വിജയം ഉറപ്പായതാണ് ആരോപണങ്ങള്‍ക്ക് പിന്നില്‍; മാധ്യമങ്ങളില്‍ പലരും പത്തനംതിട്ടയില്‍ കോണ്‍ഗ്രസിന് വേണ്ടി പ്രവര്‍ത്തിക്കുന്നു; തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ നന്ദകുമാറിനെതിരെ പരാതി നല്‍കുമെന്ന് അനില്‍ ആന്റണി

നരേന്ദ്രമോദി ഇന്ത്യയില്‍ വികസനം കൊണ്ടുവരുന്നതിനൊപ്പം പത്തനംതിട്ടയും വികസിക്കുമെന്ന സന്ദേശം നല്‍കുമ്പോള്‍ തന്റെ പ്രചാരണ പ്രവര്‍ത്തനങ്ങളെ അടിച്ചമര്‍ത്താന്‍ കോണ്‍ഗ്രസിനോടടുത്ത് നില്‍ക്കുന്നവര്‍ ശ്രമിക്കുന്നു

New Update
464646

പത്തനംതിട്ട: ദല്ലാള്‍ നന്ദകുമാറിന്റെ ആരോപണങ്ങള്‍ തള്ളി പത്തനംതിട്ടയിലെ എന്‍ഡിഎ സ്ഥാനാർത്ഥി അനില്‍ ആന്റണി. താന്‍ ആരുടെ കയ്യില്‍ നിന്നും പണം വാങ്ങിയിട്ടില്ല. തിരഞ്ഞെടുപ്പ് കുളമാക്കാന്‍ കൊണ്ടുവന്ന ആരോപണമാണ് തനിക്കെതിരെയുള്ളത്. തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ നന്ദകുമാറിനെതിരെ പരാതി നല്‍കുമെന്നും അനില്‍ ആന്റണി പ്രതികരിച്ചു.

Advertisment

നന്ദകുമാറിന്റെ ആരോപണങ്ങള്‍ക്ക് പിന്നില്‍ കോണ്‍ഗ്രസാണെന്നും അനില്‍ ആന്റണി ആരോപിച്ചു. സംസ്ഥാനത്തെ താക്കോല്‍സ്ഥാനത്തിരിക്കുന്ന ഒരു നേതാവും ദേശീയ തലത്തിലെ ഒരു നേതാവും നന്ദകുമാറും തമ്മില്‍ നിരന്തരമായി ബന്ധപ്പെടുന്നുണ്ട്.

അതാരാണെന്ന് ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ല. പത്തനംതിട്ടയില്‍ തന്റെ വിജയം ഉറപ്പായതാണ് ആരോപണങ്ങള്‍ക്ക് പിന്നില്‍. മാധ്യമങ്ങളില്‍ പലരും പത്തനംതിട്ടയില്‍ കോണ്‍ഗ്രസിന് വേണ്ടി പ്രവര്‍ത്തിക്കുന്നു.

തനിക്ക് അനുകൂലമായുള്ള വാര്‍ത്തകള്‍ മാധ്യമങ്ങള്‍ നല്‍കുന്നില്ല. ആന്റോ ആന്റണിക്കെതിരായ ആരോപണങ്ങളും മാധ്യമങ്ങള്‍ വാര്‍ത്തയാക്കുന്നില്ലെന്നും അനില്‍ ആന്റണി ആരോപിച്ചു.

'നന്ദകുമാര്‍ പത്ത് പതിനഞ്ച് ദിവസം മുമ്പ് കുറച്ച് ആരോപണങ്ങള്‍ ഉന്നയിച്ചു. വിഷുവിന്റെ ദിവസം തെളിവുകള്‍ പുറത്തുവിടുമെന്ന് പറഞ്ഞു. വിഷു കഴിഞ്ഞ് പത്ത് ദിവസമായി. തിരഞ്ഞെടുപ്പിന് രണ്ട് ദിവസമേയുള്ളൂ.

പതിനഞ്ച് വര്‍ഷം മുമ്പ് നടന്നുവെന്ന് ഇവര്‍ അവകാശപ്പെടുന്ന കാര്യം തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മുമ്പ് ആരോപിച്ചപ്പോള്‍ എല്ലാവരും ആഘോഷിച്ചു.

നരേന്ദ്രമോദി ഇന്ത്യയില്‍ വികസനം കൊണ്ടുവരുന്നതിനൊപ്പം പത്തനംതിട്ടയും വികസിക്കുമെന്ന സന്ദേശം നല്‍കുമ്പോള്‍ തന്റെ പ്രചാരണ പ്രവര്‍ത്തനങ്ങളെ അടിച്ചമര്‍ത്താന്‍ കോണ്‍ഗ്രസിനോടടുത്ത് നില്‍ക്കുന്നവര്‍ ശ്രമിക്കുന്നു', അനില്‍ ആന്റണി പറഞ്ഞു.

 

Advertisment