Advertisment

പാനൂർ സ്ഫോടനം: മരണ വീട് സന്ദര്‍ശിച്ചത് സാമൂഹിക ജീവിതത്തിന്റെ ഭാഗമാണ്, അതില്‍ രാഷ്ട്രീയം കാണേണ്ടതില്ല; സന്ദര്‍ശനം മനുഷ്യത്വപരമായ സമീപനം മാത്രമാണ്, കുറ്റത്തോട് ഒരു മൃദുസമീപനവുമില്ലെന്ന് മുഖ്യമന്ത്രി

പാനൂരെ സംഭവം സാധാരണ നിലയില്‍ അംഗീകരിക്കാന്‍ പറ്റാത്ത കാര്യമാണ്. നമ്മുടെ നാട്ടില്‍ ബോംബ് നിര്‍മ്മിക്കേണ്ട യാതൊരു ആവശ്യവുമില്ല. നിയമപരമായ നടപടികള്‍ ഇതില്‍ സ്വീകരിക്കും. അതിശക്തമായ നടപടികള്‍ ഉണ്ടാകും.

author-image
ന്യൂസ് ബ്യൂറോ, പത്തനംതിട്ട
Updated On
New Update
panur mUntitled.jpg

പത്തനംതിട്ട: കണ്ണൂര്‍ പാനൂരില്‍ ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ഷിറിലിന്റെ വീട് സിപിഎം നേതാക്കള്‍ സന്ദര്‍ശിച്ചതിനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.

Advertisment

മരണ വീട് സന്ദര്‍ശിച്ചത് സാമൂഹിക ജീവിതത്തിന്റെ ഭാഗമാണ്. അതില്‍ രാഷ്ട്രീയം കാണേണ്ടതില്ല. സന്ദര്‍ശനം മനുഷ്യത്വപരമായ സമീപനം മാത്രമാണ്. കുറ്റത്തോട് ഒരു മൃദുസമീപനവുമില്ലെന്ന് മുഖ്യമന്ത്രി അടൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പാനൂരെ സംഭവം സാധാരണ നിലയില്‍ അംഗീകരിക്കാന്‍ പറ്റാത്ത കാര്യമാണ്. നമ്മുടെ നാട്ടില്‍ ബോംബ് നിര്‍മ്മിക്കേണ്ട യാതൊരു ആവശ്യവുമില്ല. നിയമപരമായ നടപടികള്‍ ഇതില്‍ സ്വീകരിക്കും. അതിശക്തമായ നടപടികള്‍ ഉണ്ടാകും. രാഷ്ട്രീയമായി അതിനെ കാണേണ്ടതില്ല. തെറ്റാണ് ചെയ്തിരിക്കുന്നത്. ആ തെറ്റു ചെയ്തവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വികസന പ്രവര്‍ത്തനങ്ങളെയാകെ അട്ടിമറിക്കാന്‍ ഉദ്ദേശിച്ചുള്ള ഗൂഢാലോചനയാണ് കേരളത്തില്‍ നടക്കുന്നത്. ആ ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് പ്രതിപക്ഷം അണിനിരന്നിട്ടുള്ളത്. കേരളത്തിലേക്ക് ഇഡിയേയും കേന്ദ്ര അന്വേഷണ ഏജന്‍സികളേയും എത്തിക്കാനുള്ള ഏജന്‍സി പണി ചെയ്യുന്നത് സംസ്ഥാനത്തെ കോണ്‍ഗ്രസ് മതിയാക്കണം.

അരവിന്ദ് കെജരിവാളിന്റെ അനുഭവം നമുക്ക് മുന്നിലുണ്ട്. കെജരിവാളിനെതിരെ ആദ്യം പരാതി ഉന്നയിച്ചത് കോണ്‍ഗ്രസാണ്. അവസാനം കെജരിവാളിനെ അറസ്റ്റ് ചെയ്തപ്പോള്‍ രാജ്യമാകെ പ്രതിഷേധം അലയടിച്ചു.

പ്രതിഷേധ റാലിയില്‍ കോണ്‍ഗ്രസിന്റെ അഖിലേന്ത്യാനേതൃത്വം ആകെ പങ്കെടുത്തിരുന്നു. എന്നാല്‍ തങ്ങള്‍ക്ക് തെറ്റുപറ്റിയെന്ന് പറയാനുള്ള ആര്‍ജവവും, അതിനുശേഷവും പഴയ നിലപാട് മാറ്റാനും കോണ്‍ഗ്രസിന് കഴിയുന്നില്ലെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

Advertisment