Advertisment

പൗരത്വ നിയമ ഭേദഗതി തിരഞ്ഞെടുപ്പിൽ മുഖ്യ പ്രചാരണ വിഷയമാക്കാൻ ഇടതുമുന്നണി; പ്രക്ഷോഭത്തിനെതിരായ കേസുകളെല്ലാം പിൻവലിക്കും, സുപ്രീം കോടതിയിൽ കേസിന് മുതിർന്ന അഭിഭാഷകരെ ഇറക്കും. മൗനം തുടരുന്ന കോൺഗ്രസിനെ വെട്ടിലാക്കി ന്യൂനപക്ഷ വോട്ടുകൾ അപ്പാടെ പെട്ടിയിലാക്കാൻ തന്ത്രവുമായി ഇടത്. കരുതലോടെ പ്രതികരിച്ച് കോൺഗ്രസ്. ഭരണഘടനാ വിരുദ്ധമെന്ന് പ്രഖ്യാപിക്കണമെന്ന് സുപ്രീംകോടതിയിൽ ഹർജി. ഷഹീൻബാഗിൽ അടക്കം ജനങ്ങളുടെ രക്ഷയ്ക്കെത്തിയത് ഇടത് എം.പിമാരെന്ന് ഓ‌ർമ്മിപ്പിച്ച് പിണറായി

New Update
ldf

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്ക് എതിരായി അതിശക്തമായ നിലപാടുകളെടുത്ത് ന്യൂനപക്ഷ വോട്ടുകൾ ഒന്നാകെ സമാഹരിക്കാനുള്ള തന്ത്രം മെനയുകയാണ് ഇടതുമുന്നണിയും സി.പി.എമ്മും. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭങ്ങളെത്തുടർന്ന് രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കുന്നതിനൊപ്പം കേന്ദ്രത്തിനെതിരേ നിയമപോരാട്ടത്തിന് സുപ്രീംകോടതിയിൽ മുതിർന്ന അഭിഭാഷകരെ ഇറക്കാനും സർക്കാർ തീരുമാനിച്ചു.

Advertisment

ഇതിനായി അഡ്വക്കേറ്റ് ജനറലിനെ ചുമതലപ്പെടുത്തി ആഭ്യന്തര വകുപ്പ് ഉത്തരവും പുറത്തിറക്കി. പൗരത്വ നിയമഭേദഗതി വടക്കേ ഇന്ത്യയിലടക്കം വോട്ടാക്കി മാറ്റാൻ ബി.ജെ.പി ശ്രമിക്കുമ്പോൾ അതിനെതിരായ ശക്തമായ നിലപാടെടുത്ത് എതിർവികാരം വോട്ടാക്കി മാറ്റുകയാണ് ഇടതുമുന്നണി. എന്തായാലും കേരളത്തിൽ ന്യൂനപക്ഷ മുൻ‌തൂക്കമുള്ള നിരവധി മണ്ഡലങ്ങളിൽ പൗരത്വ നിയമഭേദഗതി സജീവമായ പ്രചാരണ വിഷയമായി മാറുമെന്ന് ഉറപ്പാണ്.

വയനാട്ടില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഇന്ന് റോഡ് ഷോ നടത്തും


പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭങ്ങളെത്തുടർന്ന് രജിസ്റ്റർ ചെയ്ത 835 കേസുകളിൽ ജാമ്യം ലഭിക്കാൻ അർഹതയുള്ള കേസുകളെല്ലാം പിൻവലിക്കാൻ ആഭ്യന്തര വകുപ്പ് പൊലീസ് മേധാവിക്കും പ്രോസിക്യൂഷൻ ഡയറക്ടർ ജനറലിനും അനുമതി നൽകിക്കഴിഞ്ഞു.


പിൻവലിക്കുന്നതിൽ എതിർപ്പില്ലെന്ന് സർക്കാർ തീരുമാനിച്ച കേസുകളിലെല്ലാം ഇതിനായി കോടതികളിൽ അപേക്ഷ നൽകിയെന്ന് ഉറപ്പാക്കും. ശേഷിച്ച കേസുകൾ പിൻവലിക്കാനുള്ള അപേക്ഷകൾ പരിഗണിച്ച് ജാമ്യം ലഭിക്കാൻ അർഹതയുള്ളവയിലും ക്രിമിനൽ നടപടിചട്ടം 321 പ്രകാരം പിൻവലിക്കാനുള്ള നടപടിയെടുക്കാം. 

ഇതേക്കുറിച്ച് പബ്ലിക് പ്രോസിക്യൂട്ടർമാർക്കും അസി.പബ്ലിക് പ്രോസിക്യൂട്ടർമാർക്കും ആവശ്യമായ നിർദ്ദേശം നൽകണമെന്നും ആഭ്യന്തര അഡി. ചീഫ്സെക്രട്ടറിക്കു വേണ്ടി ജോയിന്റ് സെക്രട്ടറി പി.എസ്. ബീന ഇറക്കിയ ഉത്തരവിൽ പറയുന്നു.  കോടതിയുടെ പരിഗണനയിലുള്ള 206 കേസുകളിൽ 84 എണ്ണം പിൻവലിക്കാൻ സർക്കാർ സമ്മതം നൽകിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു. ഇതിൽ തീരുമാനമെടുക്കേണ്ടത് കോടതികളാണ്.

ഒരു കേസ് മാത്രമാണ് അന്വേഷണത്തിലുള്ളത്. അവസാനിപ്പിക്കാൻ സർക്കാരിന് അപേക്ഷ നൽകാത്തതും ഗുരുതര സ്വഭാവത്തിലുള്ളതുമായ കേസുകൾ മാത്രമേ തുടരുന്നുള്ളൂ. അപേക്ഷ ലഭിച്ചാൽ സാദ്ധ്യമായവ പിൻവലിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അതിനിടെ, തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവിൽ വരുന്നതിന് തൊട്ടുമുൻപ് മറ്റൊരു സുപ്രധാന നീക്കവും സർക്കാർ നടത്തി. പൗരത്വ ഭേദഗതി നിയമത്തിനെതിരേ സുപ്രീംകോടതിയിൽ കേസ് നടത്താൻ അഡ്വക്കേറ്റ് ജനറലിനെ ചുമതലപ്പെടുത്തി ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. ഭേദഗതി നിയമത്തിനെതിരേ 2020ൽ സുപ്രീംകോടതിയിൽ സർക്കാർ ഒറിജിനൽ സ്യൂട്ട് ഫയൽ ചെയ്തിരുന്നു.

നിയമത്തിന്റെ ചട്ടങ്ങൾ വിജ്ഞാപനം ചെയ്ത സാഹചര്യത്തിൽ സുപ്രീംകോടതിയിൽ തുടർനടപടികളെടുക്കാനാണ് എ.ജിയെ ചുമതലപ്പെടുത്തി ആഭ്യന്തര അഡി. ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ ഉത്തരവിറക്കിയത്. നിയമഭേദഗതി വിവേചനപരവും മൗലികാവകാശങ്ങളുടെ ലംഘനവുമാണെന്ന സർക്കാർ നിലപാടിന് അനുസൃതമായിരിക്കും തുടർനടപടികൾ. സംസ്ഥാനത്ത് നിയമം നടപ്പാക്കില്ലെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീംകോടതിയിൽ ചൂണ്ടിക്കാട്ടുമെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. മുതിർന്ന അഭിഭാഷകരുമായുള്ള ചർച്ചയ്ക്ക് എ.ജി ഡൽഹിയിലെത്തിയിരുന്നു.


പൗരത്വ നിയമ ഭേദഗതിക്കെതിരേ സുപ്രീംകോടതിയെ സമീപിച്ച ആദ്യസംസ്ഥാനം കേരളമായിരുന്നു. ഭേദഗതിക്കെതിരേ നിയമസഭ പ്രമേയം പാസാക്കിയിരുന്നു. ഭരണഘടനയുടെ 131-ാം അനുച്ഛേദപ്രകാരമുള്ള സ്യൂട്ട് ഹർജിയാണ് നൽകിയത്.


 cm

ഭരണഘടനയുടെ പതിനാലാം അനുച്ഛേദപ്രകാരമുള്ള തുല്യതയുടെ ലംഘനമാണ് ഭേദഗതിയെന്നും മുസ്ലീം ജനവിഭാഗങ്ങളോട് നിയമത്തിലൂടെ വിവേചനമുണ്ടാകുമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

തുല്യതയ്ക്കുള്ള അവകാശം നിഷേധിക്കുന്നതും വിവേചനമുള്ളതും മതനിരപേക്ഷത ഉറപ്പാക്കാത്തതും ചൂണ്ടിക്കാട്ടിയാണ് ഭരണഘടനാ വിരുദ്ധമെന്ന് പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം. ഈ ഹർജി സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കെയാണ് ചട്ടങ്ങൾ വിജ്ഞാപനം ചെയ്തത്. ഇക്കാര്യം മുൻനിറുത്തി, ഭേദഗതി അടിയന്തരമായി റദ്ദാക്കണമെന്നാണ് പുതിയ ആവശ്യം.

പൗരത്വ ഭേദഗതി ബില്ലിനെതിരെ സർക്കാർ പോരാട്ടത്തിന്റെ മുൻനിരയിലുണ്ടാകുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയത്. മുട്ട് മടക്കാതെ നിശബ്ദരാകാതെ എന്ത് ത്യാഗം സഹിച്ചും പോരാട്ടം തുടരുമെന്നുള്ള ഉറപ്പ് ഒരിക്കൽ കൂടി ആവർത്തിക്കുകയാണ്. പൗരത്വ ഭേദഗതി നിയമം രാജ്യത്തിന്റെയും ജനങ്ങളുടെയും ഭരണഘടനയുടെയും താൽപര്യങ്ങൾ ഹനിക്കുന്നതാണ്.

അത് കേരളത്തിൽ നടപ്പാക്കില്ല. ജനങ്ങളെ മതപരമായി വിഭജിക്കുന്ന തെറ്റായ നിയമത്തിനെതിരെ ഏറ്റവും ശക്തമായ നിലപാടെടുക്കുന്നതും പ്രക്ഷോഭം നടത്തുന്നതും ഇടതുപക്ഷവും കേരളത്തിലെ എൽ.ഡി.എഫ് സർക്കാരുമാണ്. 2025ൽ ആർ.എസ്.എസ് രൂപീകരണത്തിന്റെ നൂറാം വാർഷികത്തിലേക്കെത്തുമ്പോൾ കടുത്ത വർഗ്ഗീയ ലക്ഷ്യങ്ങൾ നടപ്പാക്കാനുള്ള പാലമാണ് പൗരത്വ ഭേദഗതി നിയമം.

വിഷയത്തിൽ കോൺഗ്രസ് ഇതുവരെ ദേശീയ തലത്തിൽ ഔദ്യോഗികമായി നിലപാട് വ്യക്തമാക്കിയിട്ടില്ല. കേരളത്തിൽ തെരഞ്ഞെടുപ്പ് പടിവാതിൽക്കലായതുകൊണ്ട് ആരൊക്കെയോ എന്തൊക്കെയോ പറഞ്ഞുവെന്ന് ബോധിപ്പിക്കാൻ ശ്രമിക്കുകയാണ്.

സി.എ.എക്കെതിരെ കോൺഗ്രസ്സ് നിലപാട് വ്യക്തമാക്കാൻ ദേശീയ അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്ക് കഴിഞ്ഞിട്ടില്ല. പറഞ്ഞു എന്ന് വരുത്തി തീർക്കാൻ എക്‌സിൽ ചെറിയ കുറിപ്പിടുകയാണ് ചെയ്തത്. ഭാരത് ജോഡോ ന്യായ് യാത്ര നടത്തുന്ന രാഹുൽ ഗാന്ധിയാകട്ടെ ഇതുവരെ ഇങ്ങനെയൊരു വിഷയം അറിഞ്ഞതായേ ഭാവിച്ചിട്ടില്ല.


പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുന്നതിൽ തിരഞ്ഞെടുത്ത സമയം മാത്രമാണ് കോൺഗ്രസിന് പ്രശ്‌നമായി തോന്നിയത് എന്നർത്ഥം വരുന്ന രീതിയിലാണ് കെ.സി വേണുഗോപാലും പ്രതികരിച്ചത്. ബില്ലിന്റെ രാഷ്ട്രീയത്തെ തൊടാതെയാണ് ജയ്‌റാം രമേശ് നടപടിയെ വിമർശിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.


 മൂന്ന് വര്‍ഷത്തിന് ശേഷം ആര്‍ട്ടിക്കിള്‍ 370 ഇന്ന് വീണ്ടും സുപ്രീംകോടതിയില്‍

2019ൽ ഭരണഘടനാ വിരുദ്ധമായ പൗരത്വ ഭേദഗതി ബിൽ പാർലമെൻറിൽ പാസാക്കിയപ്പോൾ അതിനെതിരെ പ്രതിപക്ഷത്തെ കൂടി വിശ്വാസത്തിലെടുത്ത് യോജിച്ച പ്രക്ഷോഭത്തിനാണ് തയ്യാറായത്. ആദ്യ ഘട്ടത്തിൽ യോജിപ്പിന് തയ്യാറായ കോൺഗ്രസ് പിന്നീട് ചുവട് മാറ്റിയെന്നും അന്നത്തെ കെ.പി.സി.സി അദ്ധ്യക്ഷൻ നിയമസഭയിൽ അവതരിപ്പിച്ച പ്രമേയത്തെ പരിഹസിച്ചുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

നിയമത്തിനെതിരായ  ജനകീയ പ്രക്ഷോഭത്തിലും ഡൽഹിയിൽ നടന്ന മുസ്ലീം വിരുദ്ധ സമരത്തിലും കോൺഗ്രസ് എം.പിമാരെ കണ്ടില്ല. ഇക്കാര്യങ്ങളിലും ഷഹീൻബാഗ് അടക്കമുള്ള തുടർ സമരങ്ങളിലും ഇടത് എം.പിമാരാണ് ജനങ്ങളുടെ രക്ഷകരായി എത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisment