തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കള്ളക്കടൽ മുന്നറിയിപ്പ്. കേരള തീരത്തും തെക്കൻ തമിഴ്നാട് തീരത്തും ഓറഞ്ച് അലർട്ട് തുടരുകയാണ്. ഇന്ന് 3.30 വരെ 1.5 മീറ്റർ വരെ ഉയരത്തിൽ തിരമാലകളടിക്കാൻ സാധ്യത ഉണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. താഴ്ന്ന പ്രദേശങ്ങളിൽ അതീവ ജാഗ്രത വേണം.
യാതൊരുകാരണവശാലും തീരത്ത് കിടന്ന് ഉറങ്ങരുത്. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദവും ഒഴിവാക്കണം.
മത്സ്യബന്ധന ഉപകരണങ്ങൾ സുരക്ഷിത സ്ഥലത്തേക്ക് മാറ്റണമെന്നും മുന്നറിയിപ്പുണ്ട്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കുക.
കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക.
വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.