Advertisment

സർഫാസി നിയമത്തിന് വോട്ടില്ല; പ്രതിഷേധ റാലി പൊന്നു സാമി അയ്യക്കണ്ണ് ഉത്ഘാടനം ചെയ്യും

New Update
ponnuswami ayyakkannu

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ യുഎപിഎ പോലെ തന്നെ ഭീകരവും മനുഷ്യത്വ വിരുദ്ധവുമായ സർഫാസി നിയമം റദ്ദാക്കണമെന്ന് നിലപാട് എടുക്കാത്ത രാഷ്ട്രീയപാർട്ടികൾക്ക് വോട്ടില്ല എന്ന് പ്രഖ്യാപിച്ചു കൊണ്ട് കടത്തിൽ വീണ കുടുംബങ്ങൾ റാലി നടത്തുകയാണ്. ഏപ്രിൽ 16-ന് രാവിലെ 10 മണിക്ക് തിരുവനന്തപുരത്ത് റിസർവ് ബാങ്കിന് മുന്നിൽ നിന്ന് സെക്രട്ടറിയേറ്റ് പടിക്കലേക്ക് നടത്തുന്ന റാലി കാർഷിക കടങ്ങൾ എഴുതിത്തള്ളാൻ ദില്ലിയിൽ ഐതിഹാസികമായ പ്രക്ഷോഭ പരമ്പരകൾക്ക് നേതൃത്വം കൊടുത്ത പൊന്നു സാമി അയ്യക്കണ്ണ് ഉത്ഘാടനം ചെയ്യും. 

Advertisment

സർഫാസി നിയമത്തിനെതിരെ 11 വർഷമായി നിരന്തരം സമരംരംഗത്തുള്ള സർഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനം "നിർത്തൂ കിടപ്പാട ജപ്തി" എന്ന പേരിൽ നടത്തുന്ന ഈ പ്രതിഷേധ റാലിയിൽ ജന വിരുദ്ധ സർഫാസി നിയമം റദ്ദാക്കണമെന്നും, കിടപ്പാടം ജപ്തി ചെയ്യാതിരിക്കാൻ നിയമം കൊണ്ടുവരണമെന്നും, ദരിദ്ര ജനവിഭാഗങ്ങളുടെ കടങ്ങൾ എഴുതിത്തള്ളണമെന്നും, ബാങ്കുകളോട് കമ്മീഷൻ പറ്റി സർക്കാർ നടത്തുന്ന റവന്യൂ റിക്കവറി നടപടികൾ നിർത്തി വയ്ക്കണമെന്നും, മൈക്രോ ഫിനാൻസ് പലിശ കൊള്ള അവസാനിപ്പിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നുമുള്ള ആവശ്യങ്ങൾ ഉന്നയിക്കുന്നു.

 

കഴിഞ്ഞ 22 വർഷമായി  രാജ്യത്തെ ഏറ്റവും ദരിദ്രരായ ജനങ്ങളെ കിട്ടാകടം വരുത്തി എന്നതിന്റെ പേരിൽ സർഫാസി നിയമം ഉപയോഗിച്ച് ജപ്തി ചെയ്ത് തെരുവിലേക്ക് എറിയുകയാണ്. എന്നാൽ, 85% കിട്ടാക്കടം വരുത്തിയിട്ടുള്ള അതിസമ്പന്നരായ കോർപ്പറേറ്റ് മുതലാളിമാരുടെ ഒരു മൊട്ടുസൂചി പോലും ജപ്തി ചെയ്യാൻ ഈ നിയമം ഉപയോഗിക്കപ്പെടുന്നില്ല. അവർക്കു വേണ്ടി "ബാങ്ക് റെപ്സി ആന്റ് ഇൻസോൾ വെൻസി കോഡ്'' എന്ന നിയമം 2017-ൽ പാസ്സാക്കുകയും ചെയ്തിരിക്കുന്നു. 

കോർപ്പറേറ്റ് മുതലാളിമാരുടെ 15 ലക്ഷം കോടി രൂപ എഴുതിതള്ളുന്നു; അവർക്കായി ഇളവുകളും സമവായവും നൽകുന്നു. മറുവശത്ത് ഒന്നര സെന്റ് കോളനിയിൽ താമസിക്കുന്നവരെ പോലും നിർദ്ദാക്ഷിണ്യം തെരുവിലെറിയാൻ ബാങ്കിതര സ്വകാര്യ പണമിടപാട് കമ്പനികൾക്ക് പോലും സർഫാസി നിയമം ഉപയോഗിച്ച് ജപ്തി നടത്താൻ അനുമതി നൽകിയിരിക്കുന്നു.

അതിനായി സ്വതന്ത്ര നീതിന്യായ സംവിധാനമായ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയെപോലും ബാങ്കിന്റെ റിക്കവറി ഏജന്റാക്കി മാറ്റിയിരിക്കുന്നു. കടത്തിലായവർക്ക് സിവിൽ കോടതികളിൽ പോകാനുള്ള അവകാശം എടുത്തു കളഞ്ഞുകൊണ്ട് കടക്കെണിയിലായവരുടെ ആസ്തികൾ ബാങ്കുകൾക്ക് വേണ്ടി പിടിച്ചെടുത്തു ചുളുവിലക്ക് ലേലം ചെയ്യുന്ന "റിയലെസ്റ്റേറ്റ് ഹബ്ബാ"യി പ്രവർത്തിക്കുകയാണ് ഡെബ്റ്റ് റിക്കവറി ട്രിബ്യൂണലുകൾ. 

കടത്തിൽ വീണവരുടെ വസ്തുവകകൾ കൂട്ടമായി വാങ്ങി കൊള്ളലാഭത്തിന് വിൽക്കാൻ അസറ്റ് റീകൺസ്ട്രക്ഷൻ കമ്പനികൾ തുടങ്ങിയിരിക്കുന്നു.  അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്ത് അതേപടി ഇന്ത്യൻ പാർലമെന്റിൽ ചുട്ടെടുത്ത ഈ രാജ്യദ്രോഹ നിയമം ആഗോള മൂലധന ശക്തികളുടെ താൽപര്യാർത്ഥം രാജ്യത്ത് ഇനിയും തുടരാൻ അനുവദിച്ചു കൂടാ.

റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് ഡോ. ജെ.ദേവിക, സി.ആർ. നീലകണ്ഠൻ, എം കെ ദാസൻ, അഡ്വ. തുഷാർ നിർമ്മൽ സാരഥി,  പ്രേംബാബു, ഡോ. പി.ജി. ഹരി, സി കെ ഗോപാലൻ, ലതിക ബാലകൃഷ്ണൻ, സുബ്രൻ എങ്ങണ്ടിയൂർ, ഷാജഹാൻ അബ്ദുൽ ഖാദർ, പ്രീതാ ഷാജി, സിപി നഹാസ്, എ.ടി. ബൈജു, പി.കെ.വിജയൻ തുടങ്ങിയവർ സംസാരിക്കും. അഡ്വ.പി.എ.പൗരൻ അദ്ധ്യക്ഷത വഹിക്കും. 

വിദേശത്തേക്ക് പോകുന്ന ബിഷപ്പ് മാർ ഗിവർഗീസ് മാർ കൂറിലോസ് അച്ചന്റെ പ്രഭാഷണം  സംപ്രേഷണം ചെയ്യും. അഡ്വ. പി.എ.പൗരൻ ചെയർമാനും വി.സി.ജെന്നി ജനറൽ കൺവീനറുമായ "സർഫാസി വിരുദ്ധ ജനകീയ പ്രസ്ഥാന" മാണ് കടക്കെണിയിൽ നിയമക്കുരുക്കിൽ കിടപ്പാടം നഷ്ടമായവർക്ക് തണലായി റാലി സംഘടിപ്പിക്കുന്നത്.

Advertisment