Advertisment

പിണറായിയെയും മോഡിയെയും ഒരുപോലെ കടന്നാക്രമിച്ച് പ്രചാരണത്തിൽ യുഡിഎഫിന്റെ സൂപ്പർ സ്റ്റാറായി വി.ഡി സതീശൻ. സിപിഎമ്മിനെതിരെ ആഞ്ഞടിക്കുമ്പോഴും കമ്യൂണിസ്റ്റ് വോട്ടുകളില്‍പോലും വിള്ളല്‍ വീഴ്ത്തുന്ന തന്ത്രം. പിണറായിയുടെ നാവടപ്പിച്ചു, ബിജെപിക്കെതിരെ ആഞ്ഞടിച്ചു. യുഡിഎഫിനെ എണ്ണയിട്ട യന്ത്രം പോലെ ചലിപ്പിച്ച് പ്രവര്‍ത്തകരെ ആവേശ കൊടുമുടിയിലാക്കി സതീശന്റെ ബ്രില്യൻസ് ! അപസ്വരങ്ങളില്ലാതെ ഒറ്റക്കെട്ടായി നേതാക്കളും

തിരുവനന്തപുരം മുതല്‍ കാസര്‍കോഡ് വരെ ഓടി നടക്കുന്ന സതീശന്‍റെ നേതൃത്വത്തിൽ എണ്ണയിട്ട യന്ത്രം പോലെയാണ് യു.ഡി.എഫ് സംവിധാനം പ്രവർത്തിക്കുന്നത്. പാര്‍ട്ടിയിലോ മുന്നണിയിലോ അപസ്വരങ്ങളില്ല. നേതാക്കളൊക്കെയും ഒറ്റക്കെട്ട്. 

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
pinarai vijayan vd satheesan k surendran

തിരുവനന്തപുരം: ലോകസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം അവശേഷിക്കവേ, ജയിച്ചു കയറുന്നതിന് അരയും തലയും മുറുക്കി സ്ഥാനാർത്ഥികൾക്കൊപ്പം നേതാക്കളും കളത്തിലുണ്ട്. സ്ഥാനാർത്ഥികളേക്കാൾ ഈ തിരഞ്ഞെടുപ്പ് കേരളത്തിലെ പാർട്ടി നേതാക്കൾക്ക് നിർണായകമാണ്. കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ കണ്ണൂരിൽ സ്ഥാനാർത്ഥിയായതിനാൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണ് യു.ഡി.എഫിന്റെ പ്രചാരണം നയിക്കുന്നത്. 

Advertisment

തിരുവനന്തപുരം മുതല്‍ കാസര്‍കോഡ് വരെ ഓടി നടക്കുന്ന സതീശന്‍റെ നേതൃത്വത്തിൽ എണ്ണയിട്ട യന്ത്രം പോലെയാണ് യു.ഡി.എഫ് സംവിധാനം പ്രവർത്തിക്കുന്നത്. പാര്‍ട്ടിയിലോ മുന്നണിയിലോ അപസ്വരങ്ങളില്ല. നേതാക്കളൊക്കെയും ഒറ്റക്കെട്ട്. 

ഇടതുമുന്നണിയുടെ പ്രചാരണം നയിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ വയനാട്ടിൽ രാഹുൽഗാന്ധിക്കെതിരേ മത്സരിക്കുന്നതിനാൽ കേരളം മുഴുവൻ പ്രചാരണത്തിന് മേൽനോട്ടം വഹിക്കുന്നില്ല. പക്ഷേ, ഈ തിരഞ്ഞെടുപ്പിലെ ജയപരാജയങ്ങൾ സുരേന്ദ്രന്റെ കസേരയുടെ ഭാവി നിശ്ചയിക്കുന്നതാണ്. എല്ലാ മുന്നണികളുടെയും ഇലക്ഷൻ മാനേജർമാർ കരുതലോടെയാണ് പ്രചാരണത്തിന് ചുക്കാൻ പിടിക്കുന്നത്. ജയത്തിൽ കുറഞ്ഞതെന്നും ആരും ലക്ഷ്യമിടുന്നില്ല.

പ്രവര്‍ത്തകരെ കൈയ്യിലെടുത്ത് 

vd satheesan kararagod

കേന്ദ്രത്തില്‍ ഭരണകക്ഷിയായതിനാല്‍ സുരേന്ദ്രനും കേരളത്തില്‍ ഭരണത്തിലായതിനാല്‍ പിണറായിക്കും പരിമിതികളുണ്ട്. എന്നാല്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ ആഞ്ഞടിച്ചുകൊണ്ട് നേതാക്കളിൽ പ്രചാരണ രംഗത്തെ സൂപ്പർസ്റ്റാറായി വിലസുന്നത് വി.ഡി സതീശനാണ്.


രോ പ്രദേശത്തെയും സംഘടനാ ദൗർബല്യവും പ്രചാരണത്തിലെ കരുനീക്കങ്ങളുമെല്ലാം സഹപ്രവർത്തകർക്കൊപ്പം ഒന്നിച്ചിരുന്ന് വിലയിരുത്തിയും സ്നേഹപൂർവ്വം അവരെ തിരുത്തിയും സതീശൻ യു.ഡി.എഫിന്റെ രാഷ്ട്രീയ ചാണക്യനായി മാറുന്ന തിരഞ്ഞെടുപ്പാണിത്.


ബൂത്തു തലം വരെയുള്ള പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്തിയും തിരുത്തൽ വേണ്ടിടത്ത് തിരുത്തിയും പ്രവർത്തകരെ സ്നേഹത്തോടെ ശാസിച്ചും പിഴവുകളെല്ലാം പരിഹരിച്ച് യു.ഡി.എഫിന്റെ തേരോട്ടത്തിലെ നായകനാവുകയാണ് സതീശൻ.

കുടുംബസംഗമങ്ങളിൽ ഗ്യാസ് വിലയും സിദ്ധാർത്ഥന്റെ അമ്മയുടെ വേദനയും പെൻഷൻ മുടങ്ങിയതുമടക്കം ജനകീയ വിഷയങ്ങളുന്നയിച്ച് സാധാരണക്കാരുടെ വോട്ടുറപ്പാക്കുന്നതും സതീശന്റെ ബ്രില്യൻസായി വിലയിരുത്തപ്പെടുന്നു.

ജനങ്ങളുടെ മേൽ അമിതഭാരം അടിച്ചേൽപ്പിച്ച് അവരെ ദ്രോഹിച്ച കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കെതിരായ വിലയിരുത്തലാവും ഈ തിരഞ്ഞെടുപ്പെന്ന് സതീശൻ അസന്നിഗ്ദ്ധമായി പറയുന്നത് വിജയത്തെക്കുറിച്ച് അദ്ദേഹത്തിന് അത്രമേൽ ഉറപ്പുള്ളതിനാലാവുമെന്ന് നിശ്ചയമാണ്.

ഉപതെരെഞ്ഞെടുപ്പുകളിലെ ചാണക്യന്‍ 

vd satheesan-15


ഇരുപതിൽ ഇരുപത് സീറ്റും ജയിച്ചുകയറാൻ ലക്ഷ്യമിടുന്ന തിരഞ്ഞെടുപ്പ് വി.ഡി സതീശൻ നേരിടുന്ന ഏറ്റവും വലിയ രാഷ്ട്രീയ പരീക്ഷണമാണ്. തൃക്കാക്കര, പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പുകളിലെ മിന്നുന്ന വിജയം ആവർത്തിച്ചാൽ സതീശന് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ നായകനാവാൻ വഴിയൊരുങ്ങും.


സ്വാഭാവികമായും യു.ഡി.എഫിന് ഭൂരിപക്ഷം ലഭിച്ചാൽ മുഖ്യമന്ത്രി സ്ഥാനത്തേക്കും പരിഗണിക്കപ്പെടുക സതീശനായിരിക്കും. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ വിധിയെഴുത്തായിരിക്കും തിരഞ്ഞെടുപ്പ് ഫലമെന്ന് സതീശൻ ആവർത്തിക്കുന്നുണ്ട്. ഈ സർക്കാരുകൾക്കെതിരായ വിഷയങ്ങൾ പ്രതിപക്ഷം എത്രത്തോളം പ്രയോജനപ്പെടുത്തി എന്നുകൂടി തിരഞ്ഞെടുപ്പ് ഫലം വരുന്നതോടെ അറിയാനാവും.

ആത്മവിശ്വാസമാണ് കരുത്ത് 

സാധാരണയിൽ കവിഞ്ഞ ആത്മവിശ്വാസത്തിലാണ് ഇത്തവണ സതീശൻ പ്രചാരണം നയിക്കുന്നത്. ചെറിയ അപശബ്ദം പോലുമില്ലാതെ സ്ഥാനാർത്ഥി നിർണയം പൂർത്തിയാക്കാനായതു മുതൽ ഒറ്റക്കെട്ടായി പ്രചാരണം മുന്നോട്ടു കൊണ്ടുപോകുന്നതു വരെ സതീശന്റെ മികവായി വിലയിരുത്തപ്പെടുന്നു. സീറ്റ് വിഭജന ചർച്ചകൾ സൗഹാർദ്ദപരമായിരുന്നു. ഒരു തർക്കങ്ങളുമുണ്ടായില്ല.

നേതാക്കൾ തമ്മിലുള്ള ഏകോപനം, കൂടിയാലോചന എന്നിവയെല്ലാം മുൻകാലങ്ങളേക്കാൾ ശക്തമാണിപ്പോൾ. താഴേത്തട്ടിലെ പ്രചാരണം വരെ ഏകോപിതമായ രീതിയിലാണ്. മുന്നണിയിലെ ഘടക കക്ഷികളെല്ലാം ഒറ്റക്കെട്ടായി വിജയത്തിനായി അണിനിരക്കുന്നു.

കുതന്ത്രത്തിന് മറുതന്ത്രം 

പദ്മജാ വേണുഗോപാൽ ബി.ജെ.പിയിലേക്ക് പോയ രാഷ്ട്രീയ സാഹചര്യം നേരിടാൻ, കെ.മുരളീധരനെ വടകരയിൽ നിന്ന് തൃശൂരിലേക്ക് മാറ്റി പകരം ഷാഫി പറമ്പിലിനെ വടകരയിൽ സ്ഥാനാർത്ഥിയാക്കിയ തന്ത്രവും സതീശന്റേതാണ്.

vd satheesan kararagod-2


ഷാഫിയെപ്പോലെ പോസിറ്റീവായ സ്ഥാനാർത്ഥി വടകരയിൽ ഏറ്റുമുട്ടുന്നതിന്റെ ഗുണം മറ്റ് 19 സീറ്റുകളിലും യു.ഡി.എഫിന് കിട്ടുമെന്നാണ് സതീശന്റെ വിലയിരുത്തൽ. സ്വർണക്കടത്ത്, ഡോളർകടത്ത്, മാസപ്പടി കേസുകളിലെല്ലാം സി.പി.എമ്മിന് ബി.ജെ.പിയുമായാണ് അന്തർധാരയെന്നും സി.പി.എം നേതാക്കൾക്കെതിരായ കേസുകൾ പാതിവഴിയിൽ നിലയ്ക്കുന്നെന്നും ചൂണ്ടിക്കാട്ടി കോൺഗ്രസിന് ബി.ജെ.പി ബന്ധമെന്ന ആരോപണത്തെ സതീശൻ നേരിട്ടു.


അൽഫോൺസ് കണ്ണന്താനം, അബ്ദുള്ളക്കുട്ടി എന്നവരെ ചൂണ്ടിക്കാട്ടി ബി.ജെ.പിയിൽ പോയ പ്രമുഖരെല്ലാം സി.പി.എമ്മിൽ നിന്നാണ് പോയതെന്ന് സതീശൻ തിരിച്ചടിച്ചു. ഇതോടെ ബി.ജെ.പി ബന്ധമെന്ന ആരോപണത്തിൽ നിന്ന് തലയൂരാൻ കോൺഗ്രസിന് ഏറെക്കുറേ കഴിഞ്ഞു. തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ഒരു വർഷം മുൻപേ ആരംഭിച്ചതിന്റെ ഫലമാണ് ഇപ്പോൾ കളത്തിൽ കാണുന്നത്. ഇരുപത് സീറ്റും ജയിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സതീശന്റെ നേതൃത്വത്തിൽ യു.ഡി.എഫ് മുന്നോട്ടു പോവുന്നത്.

സിപിഎമ്മിന്‍റെ വായടപ്പിച്ച്..

vd satheesan shafi parambil

രാഹുൽഗാന്ധിയെ രൂക്ഷമായി ആക്രമിച്ച പിണറായിയെ അതേനാണയത്തിൽ തിരിച്ചടിച്ച് താരമാവാനും സതീശന് കഴിഞ്ഞു. മോഡിയുടെ തോളിൽ കൈയിട്ടാണ് പിണറായി രാഹുലിനെ പപ്പു എന്ന് വിളിച്ച് കളിയാക്കുന്നതെന്നും കേരളത്തിൽ ബി.ജെ.പിയുടെ മൗത്ത് പീസാണ് പിണറായിയെന്നും സതീശൻ തിരിച്ചടിച്ചു.


രാജ്യത്ത് വെറും 19 സീറ്റിൽ മത്സരിക്കുന്ന സി.പി.എമ്മാണ് മോഡിയെ താഴെയിറക്കുമെന്ന് ഗീർവാണം പറയുന്നത്. ഭരണത്തിലെത്തിയാൽ ചെയ്യുന്ന കാര്യങ്ങൾ വച്ച് പ്രകടനപത്രിക പുറത്തിറക്കിയെന്നും സതീശൻ പരിഹസിച്ചു. കേന്ദ്രത്തിൽ മോഡിക്കെതിരേ പോരാടിയതിന് പാർലമെന്റ് അംഗത്വം റദ്ദാക്കുകയും 55 മണിക്കൂർ ഇ.ഡി ചോദ്യം ചെയ്യുകയും ചെയ്ത രാഹുലിനെ പിണറായി എല്ലാ ദിവസവും വിമർശിക്കുന്നത് മുഖ്യമന്ത്രി ബി.ജെ.പിയെ അല്ല എതിർക്കുന്നത് എന്നതിന്റെ സൂചനയാണെന്ന് സതീശൻ തുറന്നടിച്ചത് കുറിക്കുകൊള്ളുന്ന മറുപടിയായി.


കേരളത്തിലെ 15 സീറ്റിലും തമിഴ്നാട്ടിലെ രണ്ടും ത്രിപുരയിലെയും രാജസ്ഥാനിലെയും ഓരോ സീറ്റുമാണ് സി.പി.എം മത്സരിക്കുന്നത്. ബി.ജെ.പിയെ ഭയന്നാണ് മുഖ്യമന്ത്രി ജീവിക്കുന്നത്. ബി.ജെ.പിയെ പ്രീതിപ്പെടുത്താനാണ് രാഹുലിനെതിരെ മുഖ്യമന്ത്രി ആരോപണം  ആവർത്തിക്കുന്നത്. കൊമ്പത്തെ ആളാണെന്ന് നടിക്കുന്ന മുഖ്യമന്ത്രിക്ക് മനസു മുഴുവൻ പേടിയാണെന്ന് പറഞ്ഞ് സതീശൻ മുഖ്യമന്ത്രിയെ കടന്നാക്രമിച്ചു.

vd satheesan vaikom

19 + ആലപ്പുഴ പായ്ക്കേജ് 

കഴിഞ്ഞ തവണത്തെ 19 സീറ്റ് വിജയമെന്നത് ആലപ്പുഴ കൂടി പിടിച്ച് ഇത്തവണ 20 ആക്കുമെന്ന് സതീശൻ പറഞ്ഞു. പ്രതിപക്ഷത്തിരിക്കാനല്ല, രാജ്യം ഭരിക്കാനാണ് കോൺഗ്രസ് നേതൃത്വത്തിലെ മുന്നണി ലക്ഷ്യമിടുന്നത്. കേന്ദ്രത്തിൽ സർക്കാരുണ്ടാക്കുക കോൺഗ്രസ് നേതൃത്വത്തിലുള്ള ഇന്ത്യാ മുന്നണിയാണ്. ഇതിന് കേരളത്തിൽ പരമാവധി സീറ്റുകൾ നേടേണ്ടതുണ്ട്. എം.പിമാരുടെ പ്രകടനം വിലയിരുത്തിയാണ് അവർക്ക് വീണ്ടും സീറ്റ് നൽകിയത്.

ആലപ്പുഴ തിരിച്ചുപിടിക്കാൻ ദേശീയ നേതാവ് കെ.സി. വേണുഗോപാൽ തന്നെ അങ്കത്തിനിറങ്ങി. ദേശീയ തലത്തിൽ കെ.സിക്ക് ഉത്തരവാദിത്തങ്ങൾ ഉള്ളതിനാൽ ആലപ്പുഴയിൽ നേതാക്കളുടെ കൂട്ടായ പ്രവർത്തനത്തിലാണ് പ്രചാരണം പുരോഗമിക്കുന്നത്. കെ. സുധാകരനുമായി ചേർന്ന് സതീശൻ രണ്ടുവട്ടം കേരള പര്യടനം നടത്തി. സതീശൻ തനിച്ച് നാലുവട്ടം കേരളമാകെ സഞ്ചരിച്ച് പാർട്ടി മെഷീനറിയെ തിരഞ്ഞെടുപ്പിന് സജ്ജമാക്കി.

വേറിട്ട ശൈലി 

എവിടെയൊക്കെയാണ് ദൗർബല്യമെന്ന് മുൻകൂട്ടി കണ്ടറിഞ്ഞ് തിരുത്തി. ജനകീയ ചർച്ചാ സദസുകൾ നടത്തിയതോടെ ജനങ്ങളുടെ വികാരം എന്താണെന്ന് മനസിലായി. ഇതിന് അനുസരിച്ചാണ് പ്രചാരണ വിഷയങ്ങളടക്കം നിശ്ചയിച്ചത്.

പാനൂരിലെ ബോംബ് നിർമ്മാണവും അതിനിടയിലെ സ്ഫോടനവും മരണവുമെല്ലാം യു.ഡി.എഫിന് വീണുകിട്ടിയ പ്രചാരണ ആയുധങ്ങളായിരുന്നു. മനുഷ്യരെ കൊല്ലാൻ ബോംബുണ്ടാക്കുന്ന പാർട്ടിയാണ് സി.പി.എം എന്നും ബോംബുണ്ടാക്കുന്നത് ആർ.എസ്.എസിന് എതിരെയല്ല, യു.ഡി.എഫുകാരെ കൊല്ലാനാണെന്നും സതീശൻ തുറന്നടിച്ചത് വൻ ചർച്ചാവിഷയമായി മാറി.

vd satheesan ekm

കമ്യൂണിസ്റ്റ് വോട്ടുകള്‍ ലക്ഷ്യമിട്ട് 


നല്ല കമ്മ്യൂണിസ്റ്റുകൾ യു.ഡി.എഫിന് വോട്ടു ചെയ്യുമെന്നും അത് പിണറായിക്കുള്ള താക്കീതായി മാറുമെന്നും സതീശൻ തുറന്നടിച്ചതോടെ രാഷ്ട്രീയ ചിത്രം മാറ്റിവരയ്ക്കപ്പെടുമെന്ന സ്ഥിതിയായി. അക്രമരാഷ്ട്രീയം കണ്ണൂരിന് പുറത്ത് മറ്റ് മണ്ഡലങ്ങളിലും ചർച്ചയാക്കാൻ സതീശന് കഴിഞ്ഞതോടെ യുവ വോട്ടുകളിലടക്കം ഇത് പ്രതിഫലിക്കുമെന്ന സ്ഥിതിയായി. 


പിണറായിയെ മാത്രമല്ല, മോഡിയെയും സതീശൻ കടന്നാക്രമിക്കുന്നുണ്ട്. തിരഞ്ഞെടുപ്പിന് മുൻപ് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാത്തതിന് മോഡിയുടെ വാക്കും പഴയ ചാക്കും സമമാണെന്നാണ് സതീശൻ പരിഹസിച്ചത്. കേരളത്തിലെ ന്യൂനപക്ഷ വോട്ടു കിട്ടാനാണ് പിണറായി ഈ നാടകമെല്ലാം കളിക്കുന്നതെന്നും ഫാസിസത്തിന്റെ രണ്ടു വശങ്ങളാണ് മോഡിയും പിണറായിയുമെന്നും തുറന്നടിച്ചതിലൂടെ ന്യൂനപക്ഷ വോട്ടുകൾ യു.ഡി.എഫിലേക്ക് ഒഴുകിയെത്താനുള്ള വഴിയാണ് സതീശൻ തുറന്നിട്ടത്.

Advertisment