Advertisment

ബിജെപി നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയ ഇപി ജയരാജനെതിരെ സിപിഎം നടപടി ഉണ്ടാകും. പാർട്ടി തല അന്വേഷണത്തിനുശേഷം ആയിരിക്കും നടപടി. നടപടി കൂടിയേ തീരുവെന്ന വികാരം സിപിഎമ്മിൽ ശക്തമാകുന്നു. ബിജെപി വിരുദ്ധ നിലപാടിന്റെ അന്തസത്ത ചോർത്തി കളയുന്നതാണ് ജയരാജന്റെ നടപടിയെന്ന് വിമർശനം. വോട്ടെടുപ്പ് ദിവസത്തിലെ വെളിപ്പെടുത്തലിലും അസ്വാഭാവികത എന്ന് നേതൃത്വത്തിന് സംശയം

സംഘടനാ തല അന്വേഷണത്തിന് ശേഷമേ നടപടി എടുക്കുകയുള്ളു. ഇ.പി ജയരാജൻ പാർട്ടി കേന്ദ്ര കമ്മിറ്റി അംഗമായതിനാൽ ദേശിയ നേതൃത്വത്തിൻ്റെ അനുമതിയോടെ മാത്രമേ അന്വേഷണവും നടപടിയും സാധ്യമാകുകയുള്ളു.

New Update
ep jayarajan prakash javadekar

തിരുവനന്തപുരം: ദല്ലാൾ നന്ദകുമാറിൻെറ മധ്യസ്ഥതയിൽ ബിജെപി നേതാവ് പ്രകാശ് ജാവദേക്കറിനെ കണ്ട എല്‍ഡിഎഫ് കൺവീനർ ഇ.പി ജയരാജന് എതിരെ അച്ചടക്ക നടപടി സ്വീകരിക്കാൻ സി.പി.എം. തിങ്കളാഴ്ച വോട്ടെടുപ്പ് കണക്കുകൾ അവലോകനം ചെയ്യാൻ ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ ഇത് സംബന്ധിച്ച് പ്രാഥമിക ചർച്ച നടക്കും.

Advertisment

സംഘടനാ തല അന്വേഷണത്തിന് ശേഷമേ നടപടി എടുക്കുകയുള്ളു. ഇ.പി ജയരാജൻ പാർട്ടി കേന്ദ്ര കമ്മിറ്റി അംഗമായതിനാൽ ദേശിയ നേതൃത്വത്തിൻ്റെ അനുമതിയോടെ മാത്രമേ അന്വേഷണവും നടപടിയും സാധ്യമാകുകയുള്ളു.


ബി.ജെ.പിക്ക് എതിരെ പൊരുതാൻ കമ്മ്യൂണിസ്റ്റുകാർക്ക് മാത്രമേ കഴിയൂവെന്നും കമ്യൂണിസ്റ്റുകാർ ഒരിക്കലും സംഘപരിവാർ പാളയത്തിലേക്ക് പോകില്ലെന്നുമാണ് സി.പി.എം സംസ്ഥാന - ദേശീയ നേതൃത്വങ്ങൾ പറഞ്ഞു പോരുന്നത്. ഈ പ്രചരണത്തിൻ്റെ വിശ്വാസ്യതയാണ് ലോകസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിവസം തകർന്ന് തരിപ്പണമായത്.


പാർട്ടി കേന്ദ്ര കമ്മിറ്റി അംഗവും സംസ്ഥാനത്തെ ഇടത് മുന്നണിയുടെ കൺവീനറും ഡി.വൈ.എഫ്.ഐയുടെ ആദ്യ അഖിലേന്ത്യാ പ്രസിഡന്റുമായ നേതാവാണ് ബി.ജെ.പിയിൽ പോകുന്നതിന് ചർച്ച നടത്തിയത്. ഇതോടെ കോൺഗ്രസിന് നേരെ ഉയർത്തിയിരുന്ന ആക്ഷേപം ബി.ജെ.പിയെ തിരിഞ്ഞു കൊത്തുകയാണ്.

ഇത് തന്നെയാണ് ഇ.പി ജയരാജൻ്റെ ബിജെപി ചർച്ചാ വിവാദത്തിൽ സി.പി.എം നേരിടുന്ന യഥാർഥ പ്രതിസന്ധി. നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചത് മുതൽ ഇ പി ജയരാജൻ അസ്വസ്ഥനായിരുന്നു. സ്വന്തം മണ്ഡലമായ മട്ടന്നൂരിലേക്ക് കെ കെ ശൈലജയെ കൊണ്ടുവന്നതിലും ജയരാജന് അതൃപ്തി ഉണ്ടായിരുന്നു.

ഇതിന് പിന്നാലെ കോടിയേരി ബാലകൃഷ്ണന്റെ പകരക്കാരനായി സീനിയോറിറ്റി മറികടന്ന് എം വി ഗോവിന്ദനെ സംസ്ഥാന സെക്രട്ടറി ആക്കുക കൂടി ചെയ്തതോടെ ഇ പി ജയരാജൻ പാർട്ടി നേതൃത്വത്തോട് പൂർണ്ണമായും അകന്നു. സംസ്ഥാന സെക്രട്ടറി ആയതിന് പിന്നാലെ എം വി ഗോവിന്ദനെ സിപിഎം പോളിറ്റ് ബ്യൂറോയില്‍ കൂടി ഉൾപ്പെടുത്തിയതോടെ അകൽച്ച അമർഷത്തിന് വഴിമാറി. പാർട്ടി പ്രവർത്തനത്തിൽ നിന്ന് ഒരു മാസത്തെ അവധിക്ക് അപേക്ഷ നൽകി മാറിനിന്നു കൊണ്ടാണ് ഇ പി ജയരാജൻ പ്രതിഷേധം പ്രകടിപ്പിച്ചത്.

ഒരു മാസത്തെ അവധി പിന്നീട് വീണ്ടും നീട്ടി. ഇതിനിടെ കുടുംബത്തിന് ഓഹരി പങ്കാളിത്തമുള്ള വൈദേഹം റിസോർട്ടുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന കമ്മിറ്റിയിൽ വിമർശനം ഉയർന്നു. സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജൻ ആണ് റിസോർട്ടിലെ ഇപിയുടെ പങ്കാളിത്തത്തിൽ ആരോപണം ഉന്നയിച്ചത്.


ഇതോടെ അവധിക്കിടയിലും സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ പങ്കെടുത്ത ഇ പി ജയരാജൻ, സ്വന്തം നിലപാട് വിശദീകരിച്ചു. പാർട്ടിക്ക് അകത്തുനിന്ന് തനിക്കെതിരെ നീക്കം ഉണ്ടെന്ന് മനസ്സിലാക്കിയ അദ്ദേഹം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെയാണ് സംശയിച്ചത്. സംസ്ഥാന സെക്രട്ടറി നയിച്ച ജാഥയിൽ പങ്കെടുക്കാതെ മാറി നിന്ന ഇ പി ജയരാജൻ, കണ്ണൂർ ജില്ലയിൽ വെച്ചുപോലും ജാഥയിൽ പങ്കെടുക്കാൻ കൂട്ടാക്കിയില്ല.


ജാഥയിലെ അസാന്നിധ്യം വൻ ചർച്ചയായതോടെയാണ് തൃശ്ശൂരിൽ വച്ച് സ്വീകരണ പരിപാടിയിൽ പങ്കെടുത്തത്. അതേ ദിവസം തന്നെയാണ് രാമനിലയത്തിൽ വെച്ച് ദല്ലാൾ നന്ദകുമാർ ശോഭ സുരേന്ദ്രനെ കണ്ടത്. അതേസമയം ഇ പി ജയരാജനും രാമനിലയത്തിൽ ഉണ്ടായിരുന്നു. സംസ്ഥാന സെക്രട്ടറി പദം നഷ്ടമായതാണ് ഇ.പിയെ ബിജെപി നേതൃത്വവുമായി ചർച്ച നടത്താൻ പ്രേരിപ്പിച്ചത് എന്നാണ് സിപിഎം നേതൃത്വത്തിലെ സംശയം.

പാർട്ടി അറിയാതെ നടത്തിയ ജാവദേക്കർ ചർച്ചയിൽ നടപടി എടുക്കാതെ മുന്നോട്ടുപോയാൽ ബിജെപി വിരുദ്ധത സംബന്ധിച്ച നിലപാട് കൂടുതൽ ദുർബലമാകുമെന്ന് സിപിഎം നേതൃത്വത്തിന് ആശങ്കയുണ്ട്. ഇതാണ് ജയരാജന് എതിരെ നടപടി വേണമെന്ന ആവശ്യം ഉയരാൻ കാരണം.

ബിജെപി നേതൃത്വവും ആയി നടന്ന ചർച്ച സംബന്ധിച്ച കാര്യങ്ങൾ അന്വേഷിക്കാൻ സിപിഎം കമ്മീഷനെ നിയോഗിച്ചേക്കും. കമ്മീഷൻ ഘടന, അംഗങ്ങൾ എന്നിവ സംബന്ധിച്ച് അടുത്ത നേതൃയോഗത്തിൽ ധാരണയായേക്കുമെന്നാണ് സൂചന. ജയരാജന്റെ നടപടിയിൽ മുഖ്യമന്ത്രി ജാഗ്രതക്കുറവ് നിരീക്ഷിച്ച സാഹചര്യത്തിൽ അച്ചടക്ക നടപടി ഉണ്ടാകുമെന്ന് ഏതാണ്ട് ഉറപ്പാണ്.


സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും നടപടി വേണമെന്ന വികാരത്തിലാണ്. എന്നാൽ എന്നും വിവാദങ്ങളുടെ സഹയാത്രികനായ ഇ പി ജയരാജനിൽ പാർട്ടി ജാഗ്രതക്കുറവ് നിരീക്ഷിക്കുന്നത് ഇത് ആദ്യമല്ല. ലോട്ടറി രാജാവ് സാന്റിയാഗോ മാർട്ടിനിൽ നിന്ന് ബോണ്ട് വാങ്ങിയത് മുതൽ ഏറ്റവും ഒടുവിൽ റിസോർട്ട് വിവാദം വരെ സി.പി.എം  ജാഗ്രതക്കുറവ് കണ്ടെത്തിയ വിഷയങ്ങൾ അനവധിയാണ്.


ഏറെക്കാലം പാർട്ടി മുഖപത്രത്തിൻെറ ജനറൽ മാനേജറായിരുന്ന ഇ.പി.ജയരാജൻ എല്ലാക്കാലത്തും സി.പി.എമ്മിൻ്റെ ഫണ്ട് ശേഖരണത്തിൽ മുൻപന്തിയിലുള്ള നേതാവാണ്. ഫണ്ട് ശേഖരണത്തിൽ ശ്രദ്ധ പതിഞ്ഞതോടെ ഇ.പി. ജയരാജൻ ചെന്ന് പെടാത്ത വിവാദങ്ങളില്ല. മാധ്യമ ശ്രദ്ധ ഉണ്ടായ വിവാദങ്ങളിലെല്ലാം ജാഗ്രത കുറവ് സംഭവിച്ചു എന്ന് സി.പി.എം വിലയിരുത്തിയിട്ടുമുണ്ട്.

ലോട്ടറി മാഫിയ തലവൻ എന്ന് വി.എസ് അച്യുതാനന്ദൻ ആരോപിച്ച സാന്റിയാഗോ മാർട്ടിനിൽ നിന്ന് 2 കോടി രൂപ ബോണ്ടായി വാങ്ങിയതാണ് ജയരാജൻ അകപെട്ട ഏറ്റവും വലിയ വിവാദം. 2 കോടി രൂപ വാങ്ങിയതിൻ്റെ  തെളിവായി ഡിമാൻഡ് ഡ്രാഫ്റ്റിൻ്റെ പകർപ് സഹിതം മാതൃഭൂമി ദിനപത്രം വാർത്ത പുറത്തു വിട്ടു.


വിഭാഗീയത രൂക്ഷമായ കാലത്ത് പുറത്തുവന്ന വാർത്ത സിപിഎമ്മിനെ ഇളക്കിമറിച്ചു. വിഎസ് അടക്കമുള്ളവർ ഇ.പിക്കെതിരെ നിലപാടെടുത്തു. എന്നാൽ ജയരാജനെ സംരക്ഷിക്കുന്ന സമീപനമാണ് അന്നത്തെ പാർട്ടി സെക്രട്ടറിയായിരുന്ന ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിച്ചത്. ദേശാഭിമാനി ജനറൽ മാനേജർ സ്ഥാനത്തുനിന്ന് ഇ പി ജയരാജനെ മാറ്റിയെങ്കിലും കാര്യമായ മറ്റ് നടപടികളൊന്നും ഉണ്ടായില്ല.


പരസ്യ ദാതാവിൽ നിന്ന് പണം വാങ്ങിയത് തിരിച്ചു കൊടുത്തുവെന്നും, വിവാദമാകുമെന്ന് മുൻകൂട്ടി കണ്ടു ഇടപെടുന്ന കാര്യത്തിൽ ജാഗ്രതക്കുറവ് സംഭവിച്ചു എന്നുമായിരുന്നു പാർട്ടിയുടെ നിരീക്ഷണം. കുറച്ചുകാലത്തിനുശേഷം ഇ പി ജയരാജൻ ദേശാഭിമാനിയുടെ തലപ്പത്തേക്ക് മടങ്ങി വരികയും ചെയ്തു.

പാർട്ടി മുഖപത്രത്തിന്റെ തലപ്പത്ത് തിരിച്ചെത്തിയ ജയരാജൻ വീണ്ടും വിവാദത്തിൽ ചാടി. പാലക്കാട് പ്ലീനത്തിൻെറ സമാപന ദിവസം പാർട്ടി മുഖപത്രത്തിൽ വിവാദ വ്യവസായി വി.എം.രാധാകൃഷ്ണൻെറ പരസ്യം പ്രസിദ്ധീകരിച്ചത് ആയിരുന്നു അടുത്ത വിവാദം. ജാഗ്രതക്കുറവ്. അപ്പോഴും ജാഗ്രതയില്ലായ്മ മാത്രം കണ്ടെത്തി പാർട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയൻ, ഇ.പി ജയരാജനെ സംരക്ഷിച്ചു.


എന്നാൽ ജയരാജൻ അടുത്ത വിവാദത്തിലേക്ക് കാൽവച്ചു. ദേശാഭിമാനിയുടെ തലസ്ഥാനത്തെ ഭൂമി  വി.എം.രാധാകൃഷ്ണന് വിറ്റതായിരുന്നു പുതിയ വിവാദം. അതിലും ജാഗ്രതയില്ലായ്മ മാത്രം കണ്ടെത്തി നേതൃത്വം ജയരാജനെ രക്ഷിച്ചു. മന്ത്രിയായപ്പോഴായിരുന്നു അടുത്ത വിവാദം. ഭാര്യയുടെ ജ്യേഷ്ഠത്തിയും സി പി എം നേതാവുമായ  പി.കെ.ശ്രീമതിയുടെ മകനെ പൊതുമേഖലാ സ്ഥാപന എം.ഡിയാക്കി.


ബന്ധു നിയമനം പുറത്ത് വന്നതോടെ ചിറ്റപ്പൻ എന്ന വിളിപ്പേരും ജയരാജന് വീണു. സ്വജനപക്ഷപാതം അഴിമതിയുടെ ഗണത്തിൽപ്പെടുന്ന കാര്യമാണെന്നത് സിപിഎമ്മിന്റെ പ്രഖ്യാപിത നിലപാടാണെങ്കിലും ജയരാജനെതിരെ സംഘടനാ നടപടി ഉണ്ടായില്ല. പതിവ് പോലെ അച്ചടക്ക  നടപടി ജാഗ്രതക്കുറവ് എന്ന നിഗമനത്തിൽ ശാസനയിൽ ഒതുങ്ങി.

കേന്ദ്ര നേതൃത്വം ഇടപെടൽ കൊണ്ട് മാത്രമാണ് മന്ത്രിസ്ഥാനം പോയത്. കോടിയേരിയുടെ ഒഴിവിൽ സംസ്ഥാന സെക്രട്ടറി സ്ഥാനം കിട്ടാതെവന്നപ്പോൾ

പിണങ്ങി പാർട്ടി കമ്മിറ്റികളിൽ വരാതിരുന്നതും, പുതിയ സെക്രട്ടറിയുടെ രാഷ്ട്രീയ ജാഥയിൽ നിന്ന് വിട്ടു നിന്നതും എല്ലാം മറ്റേതെങ്കിലും നേതാവായിരുന്നെങ്കിൽ നടപടി ഉറപ്പായിരുന്നു.

എന്നാൽ പാർട്ടി രഹസ്യങ്ങളുടെ കലവറയായ ഇ പിയെ തൊടാൻ പുതിയ നേതൃത്വത്തിന് ധൈര്യമുണ്ടായില്ല. മുഖ്യമന്ത്രിയും ജയരാജന് സംരക്ഷണം ഒരുക്കി.

Advertisment