Advertisment

ഷാഫി പറമ്പിലിനെതിരെ വർഗീയ വിദ്വേഷ പ്രചരണം; വടകരയിൽ യുഡിഎഫ് കൂട്ടായ്മ നടത്തുമെന്ന് എംഎം ഹസൻ

വടകരയിൽ യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലിന് നേരെ വെള്ളത്തിന് തീപിടിപ്പിക്കുന്ന പോലെ സിപിഎം നടത്തിയ വർഗീയ വിദ്വേഷ പ്രചരണത്തിനെതിരെ യുഡിഎഫ് കൂട്ടായ്മ സംഘടിപ്പിക്കും. വടകരയിൽ ഈമാസം 11-നാണ് കൂട്ടായ്മ. ആദ്യം ഇല്ലാത്ത അശ്ലീല വീഡിയോയുടെ പേരിൽ ഷാഫിയെ വേട്ടയാടിയ സിപിഎം പിന്നീട് വ്യാജ വീഡിയോ ഉണ്ടാക്കി വർഗീയ വിദ്വേഷം പ്രചരിപ്പിക്കുകയുമായിരുന്നുവെന്ന് ഹസൻ ചൂണ്ടിക്കാട്ടി.

New Update
shafi parambil mm hassan

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ 20 സീറ്റും നേടുമെന്ന യുഡിഎഫിന്റെ ആത്മവിശ്വാസം കൂടുതൽ ഉയർന്നുവെന്ന് കെപിസിസി ആക്ടിങ് പ്രസിഡന്റ് എംഎം ഹസൻ. ഇന്ദിരാഭവനിൽ ചേർന്ന കെപിസിസി നേതൃയോഗത്തിന് ശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

വടകരയിൽ യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലിന് നേരെ വെള്ളത്തിന് തീപിടിപ്പിക്കുന്ന പോലെ സിപിഎം നടത്തിയ വർഗീയ വിദ്വേഷ പ്രചരണത്തിനെതിരെ യുഡിഎഫ് കൂട്ടായ്മ സംഘടിപ്പിക്കും. വടകരയിൽ ഈമാസം 11-നാണ് കൂട്ടായ്മ. ആദ്യം ഇല്ലാത്ത അശ്ലീല വീഡിയോയുടെ പേരിൽ ഷാഫിയെ വേട്ടയാടിയ സിപിഎം പിന്നീട് വ്യാജ വീഡിയോ ഉണ്ടാക്കി വർഗീയ വിദ്വേഷം പ്രചരിപ്പിക്കുകയുമായിരുന്നുവെന്ന് ഹസൻ ചൂണ്ടിക്കാട്ടി.


പ്രചരണത്തിന്റെ തുടക്കത്തിൽ ഷാഫി മുസ്ലിം സമുദായത്തിന് ഗുണമില്ലാത്തയാളാണെന്നും സിഎഎയെക്കുറിച്ച് ഒരക്ഷരം പോലും മിണ്ടുന്നില്ലെന്നും പ്രസംഗിച്ചു. ഇടതുസ്ഥാനാർഥി തോൽക്കുമെന്നായപ്പോൾ മുസ്ലിം പക്ഷപാതിയാണെന്ന് പറഞ്ഞ് വ്യാജ വീഡിയോ ഇറക്കി. തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും ഷാഫിക്കെതിരെ സൈബർ സഖാക്കൾ നടത്തിയ പ്രചരണം ആ പ്രദേശത്തെ സാമുദായിക സൗഹാർദം തകർക്കുകയെന്ന ദുരുദ്ദേശത്തോടെയാണ്. വർഗീയ വിദ്വേഷം ആളിക്കത്തിക്കുകയെന്നതാണ് ലക്ഷ്യം.


ഈ പശ്ചാത്തലത്തിലാണ് യുഡിഎഫും കെപിസിസിയും സാമുദായിക ഐക്യത്തിനായി പ്രചരണം ഏറ്റെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാഹുൽഗാന്ധിയുടെ ഡിഎൻഎ പരിശോധിക്കണമെന്ന പിവി അൻവറിന്റെ പരാമർശത്തിനെതിരെ നിയമനടപടിക്ക് പുറമേ പ്രചരണവും ശക്തമാക്കും. രാജ്യത്തിന് വേണ്ടി രക്തസാക്ഷിത്വം വരിച്ച രാജീവ് ഗാന്ധിയെയാണ് ആ പ്രസ്താവനയിലൂടെ അൻവർ ആക്ഷേപിച്ചതെന്നും ഹസൻ പറഞ്ഞു.

വോട്ടെടുപ്പ് ദിവസം തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് ഉണ്ടായ വീഴ്ചകളെക്കുറിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ സമഗ്രമായ അന്വേഷണം നടത്തണം. വോട്ടിങ് ശതമാനം കുറഞ്ഞത്, വോട്ടെടുപ്പിലുണ്ടായ വീഴ്ച, വോട്ടിങ് യന്ത്രത്തിന്റെ തകരാറുകൾ, വോട്ട് ചെയ്യാൻ കഴിയാതെ പലർക്കും മടങ്ങിപ്പോകേണ്ടിവന്നത്, പോളിങ് ബൂത്തുകളിൽ രാത്രി പത്തുവരെ ക്യൂ നീണ്ടിട്ടും ആവശ്യത്തിന് വെളിച്ചം ഏർപ്പെടുത്താനും പകൽ കടുത്ത ചൂടിൽ ആളുകൾ കുഴഞ്ഞുവീഴുന്ന സാഹചര്യമുണ്ടായിട്ടും കുടിവെള്ളം എത്തിക്കാതിരുന്നത് തുടങ്ങി പ്രാഥമിക സംവിധാനങ്ങൾ ഏർപ്പെടുത്താതിരുന്നത് വരെയുള്ള കാര്യങ്ങൾ അന്വേഷിക്കേണ്ടതുണ്ട്. 

ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവും കെ.സി വേണുഗോപാലും തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകിയിട്ടും അന്വേഷണം ഉണ്ടായിട്ടില്ല. അതിനാൽ വീണ്ടും ആവശ്യപ്പെടും. വീഴ്ച വരുത്തിയ ചില പ്രിസൈഡിങ്ങ് ഓഫീസർമാരെ മാറ്റി നിർത്തിയതല്ലാതെ അവർക്കെതിരെ ശിക്ഷണ നടപടികളെടുത്തിട്ടില്ല.

തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടവരിൽ ഭൂരിപക്ഷവും ഇടതുപക്ഷ സംഘടനാ പ്രവർത്തകരായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. വോട്ട് ചെയ്യാൻ കഴിയാതിരുന്ന യുഡിഎഫ് അനുഭാവികളുടെ പട്ടിക തയാറാക്കാനും അതിന്റെ കാരണം അന്വേഷിക്കാനും അതാത് പ്രദേശത്തെ ബുത്ത് പ്രസിഡന്റുമാരെ ചുമതലപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisment