Advertisment

മാസപ്പടിക്കേസിൽ വിജിലൻസ് അന്വേഷണ ആവശ്യം തള്ളിയെങ്കിലും കേന്ദ്ര അന്വേഷണം തുടരും. വിജിലൻസ് അന്വേഷണം തേടി കുഴൽനാടൻ ഹൈക്കോടതിയിലേക്ക്. ഹാജരാക്കിയ രേഖകളിൽ അഴിമതിയുടെ തരിമ്പ് പോലുമില്ലെന്ന് വിജിലൻസ്. രേണുരാജിനെ ആലപ്പുഴ കളക്ടറാക്കിയത് അഴിമതിക്ക് വേണ്ടിയെന്ന വാദവും തള്ളി. കേന്ദ്ര അന്വേഷണത്തിൽ അഴിമതി കണ്ടെത്തിയാൽ സിബിഐ അന്വേഷണത്തിനും വഴിയൊരുങ്ങും. മുഖ്യമന്ത്രിക്ക് കിട്ടിയത് താത്കാലിക ആശ്വാസം മാത്രം

ഹർജിയിലെ ആരോപണങ്ങൾ അഴിമതി നിരോധന നിയമത്തിന്റെ പരിധിയിൽ വരുന്നതല്ലെന്ന് തുടക്കം മുതൽ വിജിലൻസ് നിലപാടെടുത്തിരുന്നു. നേരത്തേ മാത്യുകുഴൽനാടൻ വിജിലൻസ് ഡയറക്ടർക്ക് നൽകിയ പരാതിയിലും വിജിലൻസിന്റെ നിലപാട് ഇതായിരുന്നു. ഡയറക്ടറെ നേരിൽ കണ്ട് ഇടപാടുകളുടെ രേഖകളും തെളിവുകളും ഉൾപ്പെടെയാണ് കുഴൽനാടൻ പരാതി നൽകിയിരുന്നത്.

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
pinarai vijayan mathew kuzhalnadan

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണാ വിജയനും ഉൾപ്പെട്ട മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണം തേടിയുള്ള മാത്യുകുഴൽനാടൽ എം.എൽ.എയുടെ ഹർജി തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതി ജഡ്ജി എം.വി.രാജകുമാര തള്ളിയെങ്കിലും കേന്ദ്രഏജൻസികളുടെ അന്വേഷണം തുടരും.

Advertisment

കേന്ദ്രത്തിന്റെ എസ്.എഫ്.ഐ.ഒ നടത്തുന്ന അന്വേഷണത്തിൽ അഴിമതിയുടെ തെളിവ് കിട്ടിയാൽ സി.ബി.ഐയുടെ അന്വേഷണത്തിനും വഴിയൊരുങ്ങും. അതിനാൽ വിജിലൻസ് കോടതിയിൽ നിന്ന് മുഖ്യമന്ത്രിക്ക് കിട്ടിയത് താത്കാലിക ആശ്വാസം മാത്രമാണ്. വിജിലൻസിന്റെ അന്വേഷണം ആവശ്യപ്പെട്ട് കുഴൽനാടൻ ഹൈക്കോടതിയിൽ അപ്പീൽ പോവുമെന്ന് ഉറപ്പായിട്ടുണ്ട്.


മുഖ്യമന്ത്രിക്കെതിരായ അന്വേഷണത്തെ വിജിലൻസ് അതിശക്തമായി എതിർത്തതാണ് കേസിൽ നിർണായകമായത്  മുഖ്യമന്ത്രി സി.എം.ആർ.എല്ലിന് ചെയ്തുകൊടുത്തെന്ന് ആരോപിക്കുന്ന അവിഹിത പ്രത്യുപകാരം തെളിയിക്കാനോ വിജിലൻസ് കോടതിയുടെ ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകാനോ ഹർജിക്കാരനായ മാത്യു കുഴൽനാടന് കഴിഞ്ഞതുമില്ല.

ഹർജിയിലെ ആരോപണങ്ങൾ അഴിമതി നിരോധന നിയമത്തിന്റെ പരിധിയിൽ വരുന്നതല്ലെന്ന് തുടക്കം മുതൽ വിജിലൻസ് നിലപാടെടുത്തിരുന്നു. നേരത്തേ മാത്യുകുഴൽനാടൻ വിജിലൻസ് ഡയറക്ടർക്ക് നൽകിയ പരാതിയിലും വിജിലൻസിന്റെ നിലപാട് ഇതായിരുന്നു. ഡയറക്ടറെ നേരിൽ കണ്ട് ഇടപാടുകളുടെ രേഖകളും തെളിവുകളും ഉൾപ്പെടെയാണ് കുഴൽനാടൻ പരാതി നൽകിയിരുന്നത്.


സമാനമായ പരാതി നേരത്തേ വിജിലൻസ് കോടതി തള്ളിയതാണെന്നടക്കം പരിഗണിച്ചായിരുന്നു അന്വേഷണം വേണ്ടെന്ന നിലപാടിൽ കോടതി എത്തിയത്. മാസപ്പടി ഡയറിയിലെ പി.വി എന്ന ചുരുക്കെഴുത്ത് പിണറായി വിജയന്റേതാണെന്ന് തെളിയിക്കുമെന്നുമാണ് കുഴൽനാടൻ അന്ന് പറഞ്ഞത്.


റവന്യു പ്രിൻസിപ്പൽ സെക്രട്ടറിയും ജില്ലാ കളക്ടറും സി.എം.ആർ.എല്ലിന് അനുകൂലമായി നൽകിയ റിപ്പോർട്ടടക്കം 4 രേഖകൾ കുഴൽനാടൻ കോടതിയിൽ ഹാജരാക്കിയിരുന്നു. തോട്ടപ്പള്ളി സ്പിൽവേയിൽ നിന്ന് എക്കലും മണ്ണും മൂന്നുദിവസത്തിനകം നീക്കണമെന്ന ജില്ലാകളക്ടറുടെ കത്ത്, കെ.എം.ആർ.എല്ലിന്റെ പക്കലുള്ള അധിക ഭൂമിക്ക് ഇളവനുവദിക്കണമെന്ന അപേക്ഷ സർക്കാർ തള്ളിയതിനെതിരായ ഹൈക്കോടതിയുടെ ഉത്തരവ്, ഇതിന്റെ അടിസ്ഥാനത്തിൽ വിശദപരിശോധന നിർദ്ദേശിച്ചുള്ള സർക്കാർ കുറിപ്പ് എന്നിവയും കുഴൽനാടൻ കോടതിയിൽ ഹാജരാക്കിയിരുന്നു.

സി.എം.ആർ.എല്ലിന്റെ അപേക്ഷ തള്ളിയ സർക്കാർ ഉത്തരവ് വിജിലൻസും ഹാജരാക്കി. ഈ സ്ഥിതിക്ക് മുഖ്യമന്ത്രി എന്ത് സഹായമാണ് സി.എം.ആർ.എല്ലിന് നൽകിയതെന്ന കോടതിയുടെ ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാൻ കുഴൽനാടനായില്ല. ആരോപണം രാഷ്ട്രീയപ്രേരിതമാണെന്നും അഴിമതി നിരോധന നിയമത്തിന്റെ പരിധിയിൽ വരില്ലെന്നുമായിരുന്നു വിജിലൻസ് നിലപാട്.

സി.എം.ആർ.എല്ലിന്റെ സഹോദര സ്ഥാപനമായ കെ.എം.ഇ.ആർ.എല്ലിന്റെ പക്കലുള്ള അധികഭൂമിയിൽ ഖനനത്തിന് ഇളവുതേടിയുള്ള അപേക്ഷ ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ മുതൽ സർക്കാരിലുണ്ട്. സർക്കാരിനോ സർക്കാർ അനുബന്ധ സ്ഥാപനത്തിനോ മാത്രമേ ഖനനാനുമതിയുള്ളൂ എന്ന കേന്ദ്രനിയമത്തെതുടർന്ന് അപേക്ഷ തള്ളുകയായിരുന്നു.

വീണ്ടും അപേക്ഷയെത്തിയപ്പോൾ പിണറായി, വേണ്ടതുചെയ്യാൻ റവന്യൂ സെക്രട്ടറിയോട് നിർദ്ദേശിച്ചു. ഇത് റവന്യൂ സെക്രട്ടറി തള്ളി. ഇതിനെതിരേ സി.എം.ആർ.എൽ ഹൈക്കോടതിയെ സമീപിച്ചു. സർക്കാർ ഉത്തരവിൽ വ്യക്തതയില്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി ഉത്തരവ് റദ്ദാക്കി. അപേക്ഷ വീണ്ടും പരിഗണിക്കാൻ നിർദ്ദേശിച്ചു. റവന്യൂവകുപ്പ് വീണ്ടും അപേക്ഷ നിരസിച്ചു.

പുതിയ പ്രോജക്ട് ഹാജരാക്കിയാൽ പരിഗണിക്കാമെന്ന ഉത്തരവിലെ പരാമർശം ചൂണ്ടിക്കാട്ടിയാണ് കമ്പനിക്ക് അനുകൂല നിലപാട് സർക്കാർ സ്വീകരിച്ചെന്ന് കുഴൽനാടൻ വാദിച്ചത്.


എന്നാൽ, അനുകൂല റിപ്പോർട്ട് ഉണ്ടായിട്ടും സി.എം.ആർ.എല്ലിന്റെ അപേക്ഷ ലാൻഡ് ബോർഡ് തള്ളിയെന്നും അഡ്വക്കേറ്റ് ജനറലിൽ നിന്ന് നിയമോപദേശം തേടണമെന്നാണ് മിനിട്ട്സിലുള്ളതെന്നും വിജിലൻസ് പ്രോസിക്യൂട്ടർ ആർ.എൽ.രഞ്ജിത്‌കുമാർ വാദിച്ചു. ഏത് തെളിവാണ് മുഖ്യമന്ത്രിക്കെതിരെ ഹാജരാക്കിയതെന്ന് കോടതി ചോദിച്ചപ്പോഴും കുഴൽനാടന് വ്യക്തമായ മറുപടിയുണ്ടായില്ല. ഇതോടെയാണ് കേസ് ദുർബലമായത്. 


കരിമണൽ ഖനനത്തിന് വാങ്ങിയ 24 ഏക്കർ ഭൂമിയിൽ ഖനനം നടക്കില്ലെന്ന് വന്നതോടെ സി.എം.ആർ.എൽ സമർപ്പിച്ച ടൂറിസം പദ്ധതിക്കായി വകുപ്പിൽ നിന്ന് ഇടപെടലുണ്ടായെന്ന് കുഴൽനാടൻ ആരോപിച്ചു. ഖനനത്തിന് രണ്ടുതവണ അപേക്ഷിച്ചപ്പോഴും കളക്ടർ അദ്ധ്യക്ഷയായുള്ള ജില്ലാതല സമിതി അനുമതി നൽകാതെ സർക്കാരിലേക്ക് അയച്ചു.

മുഖ്യമന്ത്രിയുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ പുതിയ പദ്ധതി നൽകാൻ ലാൻഡ് ബോർഡ് സെക്രട്ടറി കമ്പനിയോട് നിർദ്ദേശിച്ചു. ഇതോടെയാണ് കമ്പനി ടൂറിസം പദ്ധതി സമർപ്പിച്ചത്. ഈ പദ്ധതി അംഗീകരിക്കാൻ മാത്രമായാണ് രേണുരാജിനെ അവിടെ കളക്ടറായി നിയമിച്ചത്. പുതിയ പദ്ധതിക്കായുള്ള നിർദ്ദേശത്തിൽ അഴിമതിയുണ്ടോയെന്ന് അന്വേഷിക്കണമെന്നും കുഴൽനാടൻ ആവശ്യപ്പെട്ടു. ഇക്കാര്യങ്ങൾ ഹൈക്കോടതിയിലും ഉന്നയിക്കും.

Advertisment