Advertisment

മൂന്നാം തുടർ ഭരണം ലക്ഷ്യമിട്ട് സിപിഎമ്മും സർക്കാരും. 18 മാസം കൊണ്ട് പരമാവധി വികസന പദ്ധതികൾ നടപ്പാക്കി സർക്കാരിന്റെ മുഖം മിനുക്കും. ഐഎഎസുകാരെയും ജീവനക്കാരെയും ഒപ്പം നിർത്താൻ പരിശ്രമം. വികസനം മുദ്രാവാക്യമാക്കി വീണ്ടും ഭരണം പിടിക്കാമെന്ന് പാർട്ടിയുടെ വിലയിരുത്തൽ. പാവങ്ങൾക്കായി കൂടുതൽ ക്ഷേമ പ്രവർത്തനങ്ങളും നടപ്പാക്കും. പ്രതിപക്ഷത്തും കോൺഗ്രസിലും തമ്മിലടിയും പാരവയ്പ്പും മാത്രം. കേരളത്തിൽ മൂന്നാം പിണറായി സർക്കാർ വരുമോ ?

വികസന പദ്ധതികൾ നടപ്പാക്കുന്നതിലൂടെ സർക്കാർ ലക്ഷ്യമിടുന്നത് മുഖം മിനുക്കലാണ്. പാർലമെന്റ് തിരഞ്ഞെടുപ്പിൽ കാര്യമായ മെച്ചം ലഭിക്കില്ലെന്ന് വിലയിരുത്തുന്ന ഇടതുമുന്നണി, വികസനത്തിലൂടെ മുഖം മിനുക്കിയാൽ 2025ൽ നടക്കാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലും പിന്നാലെ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും വിജയം കൊയ്യാമെന്ന് വിലയിരുത്തുന്നു.

New Update
pinarai vijayan-8

തിരുവനന്തപുരം: വികസനം മുദ്രാവാക്യമാക്കി മൂന്നാം തുടർഭരണം പിടിക്കാമെന്ന വിലയിരുത്തലിലാണ് സി.പി.എമ്മും സർക്കാരും. 2026ൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ അധികാരം പിടിക്കാൻ ഇപ്പോഴേ തന്ത്രങ്ങൾ മെനയുകയാണ് സർക്കാർ. മൂന്നാം തുടർഭരണം നേടാൻ വികസനം എന്ന മന്ത്രമാണ് സർക്കാർ മുന്നോട്ടുവയ്ക്കുക. ഇതിനായി ഐ.എ.എസ് ഉദ്യോഗസ്ഥരുടെ യോഗം കഴിഞ്ഞ ദിവസം വിളിച്ചുകൂട്ടി.

Advertisment

എല്ലാ വകുപ്പുകളിലും 18 മാസം കൊണ്ട് പൂർത്തിയാക്കാൻ കഴിയുന്ന വികസന പദ്ധതികൾ വകുപ്പ് സെക്രട്ടറിമാർ ഉടൻ നിർദ്ദേശിക്കണമെന്നാണ് ചീഫ് സെക്രട്ടറിയുടെ കർശന നിർദ്ദേശം. ഭരണത്തിൽ മെല്ലെപ്പോക്കെന്ന ആക്ഷേപം മറികടക്കാനാണ് വികസനത്തെ സർക്കാർ കൂട്ടുപിടിക്കുന്നത്.


വികസന പദ്ധതികൾ നടപ്പാക്കുന്നതിലൂടെ സർക്കാർ ലക്ഷ്യമിടുന്നത് മുഖം മിനുക്കലാണ്. പാർലമെന്റ് തിരഞ്ഞെടുപ്പിൽ കാര്യമായ മെച്ചം ലഭിക്കില്ലെന്ന് വിലയിരുത്തുന്ന ഇടതുമുന്നണി, വികസനത്തിലൂടെ മുഖം മിനുക്കിയാൽ 2025ൽ നടക്കാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലും പിന്നാലെ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും വിജയം കൊയ്യാമെന്ന് വിലയിരുത്തുന്നു.

മുൻഗണനാ ക്രമത്തിൽ അതിവേഗം നടപ്പാക്കിയും കൂടുതൽ ജനക്ഷേമ പദ്ധതികൾ ആവിഷ്‌കരിച്ചും സർക്കാരിന്റെ മുഖംമിനുക്കാനാണ് തീരുമാനം. വകുപ്പ് സെക്രട്ടറിമാർ നൽകുന്ന പദ്ധതികൾ സർക്കാരിന്റെ മുൻഗണനാ പട്ടികയിലുൾപ്പെടുത്തി അടിയന്തരമായി നടപ്പാക്കും. സർക്കാരിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം.


കെ-ഫോൺ, ലൈഫ്, നഗരഗതാഗത പദ്ധതികൾ, ചെറുകിട തുറമുഖ വികസന പദ്ധതികൾ, ജലപാതാ വികസനം എന്നിവയെല്ലാം ഉദ്ദേശിച്ച വേഗംകിട്ടാതെ ഇഴയുകയാണ്. വിഴിഞ്ഞം തുറമുഖ വികസനത്തിന് അനിവാര്യമായ ഔട്ടർ റിംഗ് റോഡ്, കോഴിക്കോട്- തിരുവനന്തപുരം മെട്രോ പദ്ധതികൾ, നഗരങ്ങളിലെ റോഡ് വികസനം, സംയോജിത ഗതാഗത പദ്ധതികൾ എന്നിവയ്ക്കും വേഗം പോരാ.


ശബരിമല വിമാനത്താവളമടക്കം വൻകിട പദ്ധതികൾക്ക് കേന്ദ്രാനുമതി നേടിയെടുക്കേണ്ടതുമുണ്ട്. ഇതിനെല്ലാം വകുപ്പ് സെക്രട്ടറിമാരുടെ ഭാഗത്തുനിന്ന് ഊർജ്ജിത നടപടികളുണ്ടാവണമെന്ന് സർക്കാർ ആഗ്രഹിക്കുന്നു. ഇതിനായാണ് ചീഫ് സെക്രട്ടറിയെക്കൊണ്ട് സെക്രട്ടറിമാരുടെ യോഗം വിളിച്ചത്.

ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനും തൊഴിലവസരങ്ങൾ കൂട്ടാനുമുള്ള പദ്ധതികളും നടപ്പാക്കും. വ്യവസായ സംരംഭങ്ങൾക്ക് അനുമതികൾ നൽകുന്നതിനുള്ള നിയമങ്ങളിലും ചട്ടങ്ങളിലും കാലാനുസൃതമായ ഭേദഗതികൾ വരുത്തിയെങ്കിലും പ്രതീക്ഷിച്ചതുപോലെ നിക്ഷേപകരെ ആകർഷിക്കാനായിട്ടില്ല.


വ്യവസായ സൗഹൃദ റാങ്കിംഗിൽ രാജ്യത്ത് 15-ാം സ്ഥാനത്താണ് കേരളം. രണ്ടാം പിണറായി സർക്കാരിന്റെ ആദ്യവർഷത്തിൽ തന്നെ റാങ്കിംഗിൽ പത്താമതെത്തുമെന്നും അഞ്ച് വർഷത്തിനകം ഒന്നാം സ്ഥാനത്തെത്തുമെന്നുമാണ് പ്രകടനപത്രികയിലെ വാഗ്ദാനം.


ഗവർണർ ബില്ലിലൊപ്പിട്ടതോടെ ഭൂമി തരംമാറ്റൽ, പട്ടയഭൂമിയിലെ നിർമ്മാണം ക്രമപ്പെടുത്തൽ അടക്കം നടപടികളും വേഗത്തിലാക്കാമെന്നും സർക്കാർ വിലയിരുത്തുന്നു. അടുത്ത ഡിസംബറിൽ തദ്ദേശ തിരഞ്ഞെടുപ്പും 2026ൽ നിയമസഭാ തിരഞ്ഞെടുപ്പും മുന്നിൽകണ്ടാണ് സർക്കാരിന്റെ മുഖംമിനുക്കൽ.

Advertisment