Advertisment

മെയ് മാസത്തിലെ 17000 ജീവനക്കാരുടെ കൂട്ടവിരമിക്കലിനായി സർക്കാർ കണ്ടെത്തേണ്ടത് 9200 കോടി രൂപ. ശമ്പളത്തിന് മാസം തോറും 2000 കോടി കടമെടുക്കുന്ന സർക്കാർ ഈ തുക എങ്ങനെ കണ്ടെത്തും. പെൻഷൻ പ്രായം കൂട്ടുകയല്ലാതെ വഴിയില്ലെന്ന് ധനവകുപ്പ്. കൂട്ടിയാൽ യുവാക്കളുടെ രോഷം നേരിടേണ്ടി വരുമെന്ന് സർക്കാർ. പെൻഷൻ പ്രായം ഏകീകരണം എന്ന ഓമനപ്പേരിൽ റിട്ടയർമെന്റ് പ്രായം കൂട്ടാൻ സർക്കാർ. പെൻഷൻ പ്രായം 56ൽ നിന്ന് 57 ആവുമോ

യുവാക്കളുടെ എതിർപ്പ് ഭയന്ന് പെൻഷൻ പ്രായം കൂട്ടുന്നു എന്ന് പറയുന്നതിന് പകരം വിരമിക്കൽ പ്രായം ഏകീകരിക്കൽ എന്ന ഓമനപ്പേരിൽ സംഗതി നടപ്പാക്കാനാണ് സർക്കാരിന്റെ ആലോചന. വിദേശത്തുള്ള മുഖ്യമന്ത്രി മടങ്ങിയെത്തിയാലുടൻ കാര്യങ്ങളിൽ തീരുമാനമുണ്ടാവും. 

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
govt employees

തിരുവനന്തപുരം: മെയ് മാസം അവസാനം വിരമിക്കുന്ന 17000 സർക്കാർ ജീവനക്കാർക്ക് പെൻഷൻ ആനുകൂല്യങ്ങൾ നൽകാൻ സർക്കാർ കണ്ടെത്തേണ്ടത് 9200 കോടി രൂപ. ഇപ്പോഴത്തെ സാമ്പത്തിക നിലയിൽ ഇത്രയും പണം കണ്ടെത്തുക അപ്രായോഗികമായതിനാൽ പെൻഷൻ പ്രായം കൂട്ടുന്നത് സർക്കാരിന്റെ സജീവ പരിഗണനയിലാണ്.

Advertisment

യുവാക്കളുടെ എതിർപ്പ് ഭയന്ന് പെൻഷൻ പ്രായം കൂട്ടുന്നു എന്ന് പറയുന്നതിന് പകരം വിരമിക്കൽ പ്രായം ഏകീകരിക്കൽ എന്ന ഓമനപ്പേരിൽ സംഗതി നടപ്പാക്കാനാണ് സർക്കാരിന്റെ ആലോചന. വിദേശത്തുള്ള മുഖ്യമന്ത്രി മടങ്ങിയെത്തിയാലുടൻ കാര്യങ്ങളിൽ തീരുമാനമുണ്ടാവും. 


നിലവിൽ 56 ആയ പെൻഷൻ പ്രായം 57 ആക്കാനാണ് ആലോചന. പെൻഷൻ പ്രായം ഏകീകരിച്ച് ഒരുവർഷം നീട്ടുകയോ, വിരമിക്കൽ ആനുകൂല്യം നൽകുന്നത് നീട്ടിവെയ്ക്കുകയോ ചെയ്യാനാണ് ആലോചന. വിരമിക്കൽ ആനുകൂല്യം കൂടുതൽ പലിശ നൽകി ട്രഷറി നിക്ഷേപമായി കണക്കാക്കി അൽപം സാവകാശം തേടുന്നതും പരിഗണനയിലുണ്ട്.


എന്നാൽ ജീവനക്കാർ ഇതിനെതിരേ കോടതിയെ സമീപിച്ചാൽ തിരിച്ചടിയുണ്ടാവാനുള്ള സാദ്ധ്യതയുണ്ടെന്നും സർക്കാർ വിലയിരുത്തുന്നു. ഫുൾ സർവീസുള്ള താഴ്ന്ന തസ്തികയിലെ ജീവനക്കാരന് ഗ്രാറ്റുവിറ്റിയും പെൻഷൻ ആനുകൂല്യങ്ങളും നൽകാൻ 20 ലക്ഷം രൂപ വേണം. ഉയർന്ന തസ്തികയിൽ ഇത് 50 ലക്ഷത്തിലേറെയാവും.

ശമ്പളവും പെൻഷനും നൽകാൻ മാസം തോറും രണ്ടായിരം കോടി രൂപ വായ്പയെടുക്കുന്ന സർക്കാരിന്, പെൻഷൻ പ്രായം കൂട്ടൽ ആശ്വാസമാവും. പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം 60 ആക്കാൻ 2022ൽ സർക്കാർ ഉത്തരവിറക്കിയെങ്കിലും ശക്തമായ എതിർപ്പിനെത്തുടർന്ന് പിൻവാങ്ങുകയായിരുന്നു. കെ.എസ്.ഇ.ബി, കെ.എസ്.ആർ.ടി.സി, ജല അതോറിറ്റി ജീവനക്കാരുടെ പെൻഷൻ പ്രായം പരിഷ്‌ക്കരിക്കുന്നത് പഠിക്കാൻ സമിതിയെ നിയോഗിക്കാനും തീരുമാനിച്ചിരുന്നു.


മറ്റു സംസ്ഥാനങ്ങളിലെല്ലാം ഉയർന്നതായതിനാൽ, സർക്കാർ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും പെൻഷൻ പ്രായം 57 ആയി ഉയർത്തണമെന്നാണ് കെ. മോഹൻദാസ് അദ്ധ്യക്ഷനായ ശമ്പള പരിഷ്‌കരണ കമ്മിഷന്റെ ശുപാർശ. കേരളത്തിലെ ആയുർദൈർഘ്യം പരിഗണിക്കുമ്പോൾ 56 വയസിലെ വിരമിക്കൽ നേരത്തേയാണ്. 


പെൻഷൻ പ്രായം വർദ്ധിപ്പിച്ചാൽ, ഗ്രാറ്റുവിറ്റി, പെൻഷൻ കമ്മ്യൂട്ടേഷൻ, ആർജ്ജിതാവധി എന്നിവയ്ക്കുള്ള പണച്ചെലവ് പ്രാരംഭ ഘട്ടത്തിൽ ലാഭിക്കാം. 5.15 ലക്ഷം സർക്കാർ ജീവനക്കാരിൽ 1.48 ലക്ഷം പേർ പങ്കാളിത്ത പെൻഷൻ പദ്ധതിയിലാണ്. ഇവരുടെ പെൻഷൻ പ്രായം 60 ആണ്. ശേഷിക്കുന്ന 3.67 ലക്ഷം ജീവനക്കാർക്കാണ് പെൻഷൻ പ്രായം വർദ്ധിപ്പിച്ചാൽ ഗുണം കിട്ടുക.

പങ്കാളിത്ത പെൻഷനിലൂടെ, പത്തുവർഷത്തിനുള്ളിൽ അൻപത് ശതമാനം പേരുടെയും, ഇരുപത് വർഷത്തിനുള്ളിൽ മുഴുവൻ ജീവനക്കാരുടേയും പെൻഷൻ പ്രായം അറുപതാവും. സർവകലാശാലകളിലും ആരോഗ്യവകുപ്പിനു കീഴിലുള്ള ഡോക്ടർമാർക്കും അറുപതാണ് വിരമിക്കൽ പ്രായം. മെഡിക്കൽ കോളേജ് അദ്ധ്യാപകർക്ക് 62 ഉം.

സംസ്ഥാനത്തിന്റെ വായ്പയെടുപ്പിൽ കേന്ദ്രം കർശന നിയന്ത്രമേർപ്പെടുത്തിയിരിക്കുകയാണ്. 5000 കോടിയുടെ താൽക്കാലിക വായ്പാനുമതി തേടിയിട്ട് 3000 കോടിക്കാണ് അനുമതി കിട്ടിയത്. ഇക്കൊല്ലം 35000 കോടിയോളം രൂപയാണ് വായ്പയെടുക്കാനാകുക.

ശമ്പളത്തിനും മറ്റ് ചെലവുകൾക്കും പണം കണ്ടെത്താൻ തന്നെ പ്രതിമാസം 2000 കോടിയിലേറെ വായ്പയിലൂടെ കണ്ടത്തേണ്ടിവരുന്ന സ്ഥിതിയാണ് സംസ്ഥാനത്തുള്ളത്. അതിന് പുറമെ വിരമിക്കൽ ആനുകൂല്യം കൂടിയാകുന്നതോടെ പ്രതിസന്ധി കടുക്കും. എന്നാൽ പെൻഷൻ പ്രായം ഉയർത്തിയാൽ യുവജന സംഘനകളുടെ രോഷം സർക്കാരിന് നേരിടേണ്ടിവരും.

Advertisment