Advertisment

പ്രതിമാസം ലക്ഷങ്ങൾ കിട്ടുന്ന നഴ്സിംഗ് ജോലിക്ക് ലോകമെങ്ങും മലയാളി നഴ്സുമാരെ വേണം. കേരളത്തിൽ നഴ്സിംഗ് പഠിപ്പിക്കാനും പ്രവേശനത്തിനും തമ്മിലടി. മാനേജ്മെന്റുകളും സർക്കാരും തമ്മിൽ വമ്പൻ പോര്. അഫിലിയേഷനും പ്രോസ്പെക്ടസും ഇതുവരെ തയ്യാറായില്ല. വലയുന്നത് പതിനായിരക്കണക്കിന് കുട്ടികൾ. കേരളത്തിലേക്ക്  വിദേശപണമെത്തുന്ന പ്രധാന വഴി അടയ്ക്കാനോ സർക്കാർ നീക്കം

കോളേജുകളുടെ അഫിലിയേഷൻ പുതുക്കൽ, പ്രോസ്‌പക്ടസ് തയ്യാറാക്കൽ, സ്വകാര്യ കോളേജുകളിലെ മാനേജ്മെന്റ് സീറ്റുകളിലേക്കുള്ള പ്രവേശനം എന്നിവയെല്ലാം അവതാളത്തിലാണ്. ചർച്ചകൾ മുറയ്ക്ക് നടക്കുന്നുണ്ടെങ്കിലും ഫലമില്ല. ഇതോടെ നഴ്സിംഗ് പ്രവേശനം ആഗ്രഹിക്കുന്ന കുട്ടികളാണ് പെരുവഴിയിലായത്.

New Update
nursing admission kerala

തിരുവനന്തപുരം: ലോകമെങ്ങും കേരളത്തിലെ നഴ്സുമാർക്കുള്ള തൊഴിലവസരം പരമാവധി ഉപയോഗപ്പെടുത്തുന്നതിന് പകരം നഴ്സിംഗ് പ്രവേശനം അലങ്കോലമാക്കുകയാണ് കേരളത്തിൽ നടക്കുന്നത്. ഹയർസെക്കൻഡറി പരീക്ഷാ ഫലം ഇന്ന് പ്രസിദ്ധീകരിക്കുമ്പോൾ ആയിരക്കണത്തിന് വിദ്യാർത്ഥികൾ കാത്തിരിക്കുന്ന ഈവർഷത്തെ നഴ്സിംഗ് പ്രവേശനത്തിന് ഒരു നടപടിയുമായിട്ടില്ല.

Advertisment

കോളേജുകളുടെ അഫിലിയേഷൻ പുതുക്കൽ, പ്രോസ്‌പക്ടസ് തയ്യാറാക്കൽ, സ്വകാര്യ കോളേജുകളിലെ മാനേജ്മെന്റ് സീറ്റുകളിലേക്കുള്ള പ്രവേശനം എന്നിവയെല്ലാം അവതാളത്തിലാണ്. ചർച്ചകൾ മുറയ്ക്ക് നടക്കുന്നുണ്ടെങ്കിലും ഫലമില്ല. ഇതോടെ നഴ്സിംഗ് പ്രവേശനം ആഗ്രഹിക്കുന്ന കുട്ടികളാണ് പെരുവഴിയിലായത്.

അഫിലിയേഷൻ പുതുക്കാൻ നടത്തുന്ന പരിശോധനയിൽ നഴ്സിംഗ് കൗൺസിൽ അംഗങ്ങൾ പാടില്ലെന്ന് ആരോഗ്യമന്ത്രി എടുത്ത തീരുമാനത്തിന് പിന്നാലെ താത്കാലികമായി കോളേജുകളുടെ അഫിലിയേഷൻ പുതുക്കുന്നതിനുള്ള പരിശോധന ഉൾപ്പടെ നിറുത്തിവച്ച് സർക്കാർ ഉത്തരവിറക്കിയിരുന്നു.


പ്രശ്നപരിഹാരം കണ്ടെത്താൻ ആരോഗ്യവകുപ്പിന് ഇനിയും കഴിഞ്ഞിട്ടില്ല. പരിശോധന അനന്തമായി നീണ്ടാൽ അഫിലിയേഷൻ നൽകുന്നതും വൈകും. ഡി.എം.ഇ തലത്തിലാണ് പ്രോസ്‌പക്ടസ് തയ്യാറാക്കി അഡ്മിഷൻ സൂപ്പർവൈസറി കമ്മിറ്റിയുടെ അനുമതിയ്ക്കായി സമർപ്പിക്കേണ്ടത്. പ്രോസ്‌പെക്ടസ് അംഗീകരിച്ചാൽ മാത്രമേ നോട്ടിഫിക്കേഷൻ ഉൾപ്പടെ ഇറക്കാനാകൂ. അതും എങ്ങുമെത്തിയിട്ടില്ല.


ഏറ്റവുമധികം തൊഴിൽസാദ്ധ്യതയുള്ള നഴ്സിംഗ് പഠനം പ്രോത്സാഹിപ്പിക്കാൻ പരിശോധനകൾ വേഗത്തിലാക്കി പുതിയ കോളേജുകൾ അനുവദിക്കുമെന്ന് സർക്കാർ ഇടയ്ക്കിടെ ആവർത്തിക്കുന്നുണ്ടെങ്കിലും അത് വെറുംവാക്കാണെന്നാണ് ഇപ്പോഴത്തെ സ്ഥിതികൾ വ്യക്തമാക്കുന്നത്. ഇതിന് പുറമേ ഈ വർഷം മുതൽ സ്വകാര്യ നഴ്സിംഗ് കോളേജുകളിലെ മാനേജ്മെന്റ് സീറ്റുകളിലേക്ക് മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ഓരോ കോളേജും പ്രത്യേകം അഡ്മിഷൻ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.

അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തുമ്പോൾ ഫീസിന് ജി.എസ്.ടി ബാധകമാക്കുന്നതാണ് ഇതിന് കാരണം. അതേസമയം അത് കുട്ടികൾക്ക് സാമ്പത്തിക ബുദ്ധിമുട്ടുണ്ടാക്കും. അസോസിയേഷൻ നടത്തിയാൽ 1000 രൂപ ഫീസടച്ച് 10 കോളേജുകളിൽ അപേക്ഷിക്കാം. നേരിട്ടാണെങ്കിൽ ഓരോ കോളേജിലും 1000 രൂപ ഫീസടയ്ക്കണം. മെരിറ്റ് അടിസ്ഥാനത്തിൽ ഓൺലൈൻ അലോട്ട്മെന്റിന് പകരം കോളേജുകൾ നേരിട്ടാകും പ്രവേശനം നൽകുന്നത്. ഇത് സമർത്ഥരായ കുട്ടികൾക്ക് പ്രവേശനം അന്യമാക്കും.

ഇക്കൊല്ലം തുടക്കം മുതൽ നഴ്സിംഗ് പ്രവേശനം അലങ്കോലമായിട്ടും കാഴ്ചക്കാരന്റെ റോളിലാണ് സർക്കാർ. ഇന്ത്യൻ നഴ്സിംഗ് കൗൺസിലിന്റെ നിർദ്ദേശപ്രകാരം ഈവർഷം മുതൽ നഴ്സിംഗിന് എൻട്രൻസ് നിബന്ധമാക്കിയതായി ആരോഗ്യമന്ത്രി അറിയിച്ചെങ്കിലും ദിവസങ്ങൾക്കുള്ളിൽ തീരുമാനം പിൻവലിച്ചു. കോളേജുകളുടെ അഫിലിയേഷൻ പരിശോധനയെ ചൊല്ലി നഴ്സിംഗ് കൗൺസിൽ അംഗങ്ങളും മന്ത്രിയും തമ്മിൽ വാക്കേറ്റവും തർക്കവുമുണ്ടായി. മാനേജ്മെന്റ് സീറ്റ് പ്രവേശനത്തിലെ ജി.എസ്.ടി പ്രതിസന്ധിയ്ക്ക് പരിഹാരം കാണാൻ നടപടിയുണ്ടായില്ല.


മെഡിക്കൽകോളേജുകൾ, ജില്ലാ, ജനറൽ, താലൂക്ക് ആശുപത്രികൾ എന്നവയോട് ചേർന്ന് 25 പുതിയ നഴ്സിംഗ് കോളേജുകൾ തുടങ്ങാൻ 20 കോടി ബജറ്റിൽ വകയിരുത്തിയെങ്കിലും യൂണിവേഴ്സിറ്റിയിൽ അപേക്ഷിച്ചിട്ടില്ല. സർക്കാർ മേഖലയിൽ കൂടുതൽ കോളേജുകൾ തുടങ്ങിയാൽ കുട്ടികൾക്ക് കുറഞ്ഞഫീസിൽ പഠിക്കാം. മികച്ച പരിശീലനം നേടിയ നഴ്സുമാരെ ലഭിക്കുന്നതും ആശുപത്രികളിലെ നഴ്സിംഗ് സേവനം മെച്ചപ്പെടുമെന്നതും നേട്ടമാണ്.


പഠിച്ചിറങ്ങുന്നവർ വിദേശത്തുപോവുന്നതോടെ വിദഗ്ദ്ധ നഴ്സുമാരുടെ ക്ഷാമവുമുണ്ട്. നിലവിൽ 130 കോളേജുകളുള്ളതിൽ ഏഴെണ്ണമാണ് സർക്കാരിന്റേത്. സീമെറ്റിനും ഏഴെണ്ണമുണ്ട്. ശേഷിക്കുന്നവ സ്വാശ്രയമേഖലയിലാണ്. 6930 ബി.എസ്‌സി നഴ്സിംഗ് സീറ്റുകളാണ് ആകെയുള്ളത്. ഇതിന്റെ പലമടങ്ങ് കുട്ടികൾ അന്യസംസ്ഥാനങ്ങളിൽ പഠിക്കുന്നു.

കേരളത്തിലേക്കെത്തുന്ന വിദേശപണത്തിൽ നഴ്സുമാരുടെ സംഭാവന ചെറുതല്ല. അമേരിക്ക, കാനഡ, ബ്രിട്ടൺ, ഓസ്ട്രേലിയ, സിംഗപ്പൂർ എന്നിവിടങ്ങളിലെല്ലാം അവസരം. നഴ്സുമാരുടെ റിക്രൂട്ട്മെന്റിന് ജപ്പാനും ജർമ്മനിയും സംസ്ഥാന സർക്കാരുമായി ധാരണയുണ്ടാക്കി. ഇറ്റലി, ഹോളണ്ട്, ഇസ്രയേൽ, മാൾട്ട രാജ്യങ്ങളും കേരളത്തിലെ നഴ്സുമാരെ വിളിക്കുന്നു.  

ഇംഗ്ലീഷ് പരിജ്ഞാനത്തിനുള്ള ഐ.ഇ.എൽ.ടി.എസ് പോലുള്ള യോഗ്യതാ പരീക്ഷകൾ പല രാജ്യങ്ങളും ഒഴിവാക്കുന്നു. പ്രവൃത്തിപരിചയമില്ലെങ്കിലും പരിചാരകരായി (കെയർഗിവർ) നിയമനം. 2030നകം ജർമ്മിനിയിലുണ്ടാവുന്ന 1.6 ലക്ഷം നഴ്സുമാരുടെ ഒഴിവിലേക്ക് നോർക്ക റിക്രൂട്ട്മെന്റ് നടത്തുന്നു. ജർമൻ ഭാഷയിൽ സൗജന്യ പരിശീലനം, 2.3 ലക്ഷം ശമ്പളം എന്നിവയാണ് മെച്ചം.

Advertisment