Advertisment

നഴ്സിംഗ് കോളേജുകളിലെ പഠന സൗകര്യങ്ങളും നിലവാരവും ഉറപ്പുവരുത്താനുള്ള സംസ്ഥാന നഴ്സിംഗ് കൗൺസിലിന്റെ പരിശോധന വേണ്ടെന്ന് ആരോഗ്യമന്ത്രി; പരിശോധന കോഴ വാങ്ങാനുള്ള അടവെന്നും മന്ത്രി. അങ്ങനെയെങ്കിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കാൻ മന്ത്രിയെ വെല്ലുവിളിച്ച് കൗൺസിൽ അംഗങ്ങൾ; നഴ്സിംഗ് കോളേജുകളിലെ ഗുണനിലവാരത്തിൽ വെള്ളം ചേർക്കാനുള്ള ശ്രമമെന്ന് ആരോപണം. കർണാടകത്തിലെപ്പോലെ പെട്ടിക്കട നഴ്സിംഗ് കോളേജുകൾ കേരളത്തിലും വരുമോ ?

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
veena george inauguration-3

തിരുവനന്തപുരം: സംസ്ഥാനത്തെ നഴ്സിംഗ് കോളേജുകളിൽ ഇൻസ്പെക്ഷനായി നഴ്സിംഗ് കൗൺസിലിലെ അംഗങ്ങൾ പോവുന്നത് ലക്ഷങ്ങൾ കോഴയായി കൈപ്പറ്റാനാണ്..! ഇങ്ങനെയൊരു ആരോപണം ഏതെങ്കിലും പ്രതിപക്ഷ സംഘടനയുടെയോ പ്രതിപക്ഷത്തെ ഏതെങ്കിലും നേതാവിന്റെയോ അല്ല. നഴ്സിംഗ് കൗൺസിലിന്റെ കൂടി ചുമതലയുള്ള ആരോഗ്യമന്ത്രി വീണാ ജോർജ്ജാണ് സെക്രട്ടേറിയറ്റിൽ നടത്തിയ ഔദ്യോഗിക യോഗത്തിൽ അതീവ ഗുരുതരമായ ഈ ആരോപണമുന്നയിച്ചത്. എന്നാൽ നഴ്സിംഗ് കൗൺസിലിലെ അംഗങ്ങൾ അതേ നാണയത്തിൽ തിരിച്ചടിച്ചതോടെ മന്ത്രിക്ക് ഉത്തരം മുട്ടി.

Advertisment

കോളേജ് പരിശോധന നടത്തുന്നത് കോഴയ്ക്ക് വേണ്ടിയാണെന്ന് മന്ത്രിക്ക് ഉറപ്പാണെങ്കിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കണമെന്ന് കൗൺസിൽ അംഗങ്ങൾ ആവശ്യപ്പെട്ടു. ഇതോടെ മന്ത്രി പ്രതിരോധത്തിലായി.


veena george allegation.

സംസ്ഥാനത്തെ നഴ്സിംഗ് കോളേജുകളിൽ നഴ്സിംഗ് കൗൺസിൽ വർഷംതോറും നടത്തുന്ന പരിശോധന നാഷണൽ നഴ്സിംഗ് കൗൺസിലിന്റെ മാനദണ്ഡങ്ങൾ പ്രകാരമുള്ളതാണ്. നഴ്സിംഗ് കോളേജുകളിലെ പഠനസൗകര്യം, ലാബ്- ലൈബ്രറി- ആശുപത്രി സൗകര്യങ്ങൾ, ഗുണനിലവാരം, അദ്ധ്യാപകരുടെ യോഗ്യത എന്നവയെല്ലാം പരിശോധിച്ച് ഉറപ്പിക്കാനാണ് വർഷാവർഷമുള്ള ഇൻസ്പെക്ഷൻ. 

എന്നാൽ ഈ പരിശോധനയിൽ നിന്ന് കൗൺസിൽ അംഗങ്ങളെ ഒഴിവാക്കാനുള്ള ശ്രമമാണ് ആരോഗ്യ വകുപ്പ് നടത്തിയത്. കോളേജുകൾക്ക് അനുമതി നൽകുന്ന ഏജൻസിയാണ് നഴ്സിംഗ് കൗൺസിൽ എന്നിരിക്കെ കൗൺസിൽ നേരിട്ട് നടത്തുന്ന പരിശോധനയിൽ വെള്ളം ചേർക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നതെന്നാണ് ആക്ഷേപം.

സെക്രട്ടറിയേറ്റ് അനക്‌സ് 2ലെ നവകൈരളി ഹാളിൽ ചേർന്ന യോഗത്തിലായിരുന്നു മന്ത്രിയും കൗൺസിൽ അംഗങ്ങളും തമ്മിൽ രൂക്ഷമായ വാക്കേറ്റമുണ്ടായത്.  അംഗങ്ങൾ പരിശോധനയ്ക്ക് പോകുന്നത് കോഴവാങ്ങാനാണെന്ന മന്ത്രിയുടെ പരാമർശം വന്നതോടെ കൗൺസിൽ അംഗങ്ങൾ ക്ഷുഭിതരായി.

അങ്ങനെയെങ്കിൽ മന്ത്രി വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കണമെന്ന് കൗൺസിൽ അംഗങ്ങൾ വെല്ലുവിളിച്ചു. നിയമപ്രകാരം അംഗങ്ങൾ പോകാൻ പാടില്ലെന്ന് നിലപാടെടുത്ത മന്ത്രി വീണാ ജോർജിനോട് അംഗങ്ങൾ കേന്ദ്ര, സംസ്ഥാന ആക്ടുകൾ വിശദീകരിച്ചെങ്കിലും അവർ അംഗീകരിച്ചില്ല. ഒടുവിൽ വിഷയത്തിൽ നിയമവകുപ്പിന്റെ അഭിപ്രായം തേടാൻ തീരുമാനിച്ച് യോഗം പിരിഞ്ഞു.


സ്വകാര്യ നഴ്സിംഗ് കോളേജുകളിലെ അദ്ധ്യാപക ക്ഷാമം,അമിത ഫീസ് ഈടാക്കൽ തുടങ്ങിയ പ്രശ്നങ്ങൾ കണ്ടെത്തി പരിഹരിക്കാൻ നിർദ്ദേശം നൽകുന്നത് നഴ്സിംഗ് കൗൺസിലാണ്. മുൻകാലങ്ങളിൽ മറ്റു കോളേജുകളിലെ അദ്ധ്യാപകരെയാണ് പരിശോധനയ്ക്ക് നിയോഗിച്ചിരുന്നത്.


 nurses

എന്നാൽ വീഴ്ചകൾ റിപ്പോർട്ട് ചെയ്താൽ മാനേജ്മെന്റുകളുടെ ഭാഗത്ത് നിന്നുണ്ടാകുന്ന എതിർപ്പ് ഭയന്ന് അതിന് തയ്യാറായിരുന്നില്ല. 2021മുതൽ കൗൺസിൽ അംഗങ്ങൾ പരിശോധനയ്ക്ക് ഇറങ്ങിയതോടെ പ്രശ്നം രൂക്ഷമായി. ഇതോടെയാണ് കൗൺസിൽ അംഗങ്ങളെ പരിശോധനയിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം ഉയർന്നത്. ഇതിന്റെ ഭാഗമായായിരുന്നു മന്ത്രിയുടെ ച‌ർച്ച.

അംഗങ്ങൾ പോകാൻ പാടില്ലെന്നും പരിശോധനയ്ക്ക് പോകുന്ന അംഗങ്ങൾ തയ്യാറാക്കുന്ന റിപ്പോർട്ട് അതേ അംഗങ്ങൾ പങ്കെടുക്കുന്ന കൗൺസിൽ യോഗം എങ്ങനെ പരിഗണിക്കുമെന്നത് ഉൾപ്പെടെയുള്ള ചോദ്യങ്ങളായിരുന്നു മന്ത്രി ഉന്നയിച്ചത്.

ഇതിനുള്ള മറുപടി കൗൺസിൽ അംഗങ്ങൾ നൽകുന്നതിനിടെയായിരുന്നു മന്ത്രിയുടെ കോഴ പരാമർശം ഇതോടെ സർക്കാർ നാമനിർദ്ദേശം ചെയ്ത വനിതാ അംഗം പൊട്ടിത്തെറിച്ചു. മന്ത്രിയുടെ പരാമർശത്തെ അതിരൂക്ഷമായി വിമർശിച്ചു.

രണ്ടരവർഷമായി ഈ ഹാളിൽ യോഗങ്ങൾ ചേർന്നിട്ടുണ്ടെങ്കിലും ഇങ്ങനെ ആരും സംസാരിച്ചിട്ടില്ലെന്നായിരുന്നു മന്ത്രി പറഞ്ഞത്. രണ്ടരവർഷത്തിന് മുമ്പും തങ്ങൾ ഈ ഹാളിൽ യോഗം ചേർന്നിട്ടുണ്ടെന്നും അന്ന് ആരും ഇത്തരത്തിൽ സംസാരിച്ചിട്ടില്ലെന്നും അംഗങ്ങൾ തിരിച്ചടിച്ചു. ഒടുവിലാണ് വിഷയം നിയമവകുപ്പിന് വിട്ടത്.

Advertisment