Advertisment

മോഹിനിയാട്ടത്തിൽനിന്നും മോഹനനാട്ടം ചിട്ടപ്പെടുത്തണം: ചലച്ചിത്ര സംവിധായകന്‍ സതീഷ് കളത്തിൽ

author-image
ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update
satheesh kalathil-2

തൃശൂര്‍: പുരുഷന്മാരായ നൃത്തകലാകാരന്മാർക്കുവേണ്ടി, മോഹിനിയാട്ടത്തിനു സമാനമായൊരു നൃത്തകല ചിട്ടപ്പെടുത്തിയെടുക്കണമെന്നു കവിയും ചലച്ചിത്ര സംവിധായകനുമായ സതീഷ് കളത്തിൽ ആവശ്യപ്പെട്ടു. 

Advertisment

കാലം ആവശ്യപ്പെടുന്ന നവീകരണങ്ങൾ ഏതൊരു മേഖലയിലും സർവ്വസാധാരണമാണ്. എന്നിരുന്നാലും, സമൂഹത്തിന്റെ പൊതുബോധങ്ങളിൽ ചിലതെങ്കിലും ആണിപോലെ ഉറപ്പിച്ചു നിർത്താനും ശ്രദ്ധിക്കേണ്ടതുണ്ട്. അല്ലെങ്കിൽ, അതാ സംസ്കാരത്തിന്റെ അപചയത്തിനാണ് ഉപകരിക്കപ്പെടുകയെന്നും ഫെയ്സ് ബുക്ക് കുറിപ്പിലൂടെ സതീഷ് അഭിപ്രായപ്പെട്ടു.

കുറിപ്പിന്റെ പൂർണ്ണരൂപം: ജീവിതത്തിലായാലും സംസ്കാരത്തിലായാലും കലയിലായാലും സാഹിത്യത്തിലായാലും അതിന്റെ മൂല്യങ്ങളിൽ, അടിസ്ഥാനതത്വങ്ങളിൽ, പൊതുബോധത്തിൽ എല്ലാംതന്നെ കാലം ആവശ്യപ്പെടുന്ന നവീകരണങ്ങൾ സർവ്വസാധാരണമാണ്. എന്നിരുന്നാലും, സമൂഹത്തിന്റെ പൊതുബോധങ്ങളിൽ ചിലതെങ്കിലും ആണിപോലെ ഉറപ്പിച്ചു നിർത്താനും ശ്രദ്ധിക്കേണ്ടതുണ്ട്. അല്ലെങ്കിൽ, അതാ സംസ്കാരത്തിന്റെ നവീകരണത്തിനല്ല, അപചയത്തിനാണ് ഉപകരിക്കപ്പെടുക.

നൃത്തകലയിലെ മോഹിനിയാട്ടത്തിൽ, പുരുഷന്മാർ ആകാരമാറ്റമില്ലാതെ ആ കല അവതരിപ്പിക്കുന്നത് ആശാസ്യമാണോ അല്ലയോ എന്നതാണ് ഇന്നത്തെ കേരളീയ സമൂഹം ചർച്ച ചെയ്യുന്നത്. അക്കാര്യത്തിൽ, അത് ആശാസ്യമല്ല എന്നു വാദിക്കുന്നവർക്കൊപ്പം നില്ക്കാനാണു എനിക്കു താല്പര്യം.

മോഹിനിയാട്ടമെന്ന കല സ്ത്രീകളുടെ ആട്ടരൂപമാണ് എന്നതുതന്നെയാണ് അതിനുള്ള ഒരേയൊരു ഉത്തരം. മോഹിനിയാട്ടത്തിന്റെ പേരിൽതന്നെ അതുണ്ട്. മോഹിനിയോ (സ്ത്രീ) മോഹിനീ വേഷധാരികളോ ആടേണ്ട കലതന്നെയാണത്. മോഹിനിയാട്ടത്തിന്റെ ഉത്ഭവപരമായ പ്രത്യേകത, സ്ത്രീയുടെ പുരുഷവശീകരണ ആവശ്യകതയുമായി ബന്ധപ്പെട്ടാണു കിടക്കുന്നത്.

ഏതൊരു മേഖലയിലാണെങ്കിലും അതിന്റെ തനതു സ്വഭാവം നിലനിർത്തികൊണ്ടുള്ള പുനരുദ്ധാരണമാണ് അതിൽ നടത്തേണ്ടത്. അല്ലാതെ, പെണ്ണിനെ  ആണോ ആണിനെ പെണ്ണോ ആക്കുന്ന പ്രക്രിയയല്ല ആവശ്യം. അങ്ങനെ വന്നാൽ, അതിനെ കടന്നാക്രമണമെന്നു വിളിക്കേണ്ടി വരും. പുരുഷനോ പുരുഷ വേഷധാരികളോ മോഹിനിയാട്ടം അവതരിപ്പിക്കുമ്പോൾ അതിന്റെ മുദ്രകൾ, ഭാവങ്ങൾ, ചലനങ്ങൾ തുടങ്ങിയ ശാസ്ത്രീയ വശങ്ങൾ ശരിയാകുന്നുണ്ടോ എന്നോ കാണുന്നവരില് അതു ബ്രഹ്‌മാനന്ദ രസത്തെ ഉണ്ടാക്കുന്നുണ്ടോ എന്നൊന്നും പ്രസക്തമായ കാര്യങ്ങളല്ല. അത്തരം വാദങ്ങൾതന്നെ ബാലിശമാണ്.

'അതെന്താ... പുരുഷന്മാർക്കും പ്രസവിച്ചുകൂടെ...' യെന്നു ചോദിച്ചാൽ, നാളെ അതു സംഭവ്യമായാൽപോലും ഇപ്പറഞ്ഞതിനൊരു മാറ്റവും സംഭവിക്കാൻ പോകുന്നില്ല. പുരുഷൻ പ്രസവിച്ചാൽ അതു പുരുഷ പ്രസവവും സ്ത്രീ പ്രസവിച്ചാൽ അതു സ്ത്രീ പ്രസവവും ആകുമെന്നല്ലാതെ പ്രസവത്തിനു മാറ്റം വരുന്നില്ല. അതുപോലെ, മോഹിനിയാട്ടത്തിലും ഒരു വേർതിരിവ്, മോഹിനിയാട്ടത്തിനൊരു രൂപമാറ്റം എന്തുകൊണ്ടു ചിന്തിച്ചുകൂടാ. അങ്ങനെ സംഭവിച്ചാൽ അതല്ലേ യഥാർത്ഥ നവോത്ഥാനം ?

മോഹിനിയാട്ടം മോഹിനികളോ മോഹിനീ വേഷക്കാരോ കളിക്കട്ടെ. മോഹിനിയാട്ടത്തിൽനിന്നും മോഹനനാട്ടം ചിട്ടപ്പെടുത്തി, മോഹനന്മാരോ മോഹനൻ വേഷക്കാരോ കളിക്കട്ടെ. പുരുഷൻ സ്ത്രീയെ വശീകരിക്കുന്ന വശങ്ങളെ സന്നിവേശിപ്പിച്ചുകൊണ്ടുള്ള മോഹനനാട്ടം, മോഹിനിയാട്ടത്തിനൊരു ബദൽ സംവിധാനവും ആകും. അതാണു നവീകരണം. അതിനാണ് ആ മേഖലയിലെ പരിണതപ്രജ്ഞർ ശ്രമിക്കേണ്ടത്.

ഇപ്പോൾ നടക്കുന്നതെന്തായാലും ആ കലയിലേക്കുള്ള കടന്നാക്രമണമാണ്. ജീവിതത്തിലായാലും കലയിലായാലും സംസ്കാരത്തിലായാലും കടന്നാക്രമണങ്ങളല്ലല്ലോ നമുക്കു വേണ്ടത് ? അതുകൊണ്ട്, മോഹിനിയാട്ടത്തിൽനിന്നും മോഹനനാട്ടം ചിട്ടപ്പെടുത്തിയെടുക്കുവാൻ കേരളകലാമണ്ഡലം ഉൾപ്പെടെ കലകളുമായി ബന്ധപ്പെട്ട കേരളത്തിലെ കലാലയങ്ങളോടും കലാകാരന്മാരോടും സവിനയം അഭ്യർത്ഥിക്കുന്നു.
Advertisment