Advertisment

രാഹുല്‍ ഗാന്ധിയെ ഞെട്ടിച്ച് വയനാട്ടിൽ കെ.സുരേന്ദ്രന് അനുകൂലമായി ഹിന്ദു-ക്രിസ്ത്യൻ ധ്രുവീകരണം. പ്രചാരണ രംഗത്ത് ലീഗിന്റെ അപ്രമാദിത്യം രാഹുലിന് തലവേദനയാകും

യുഡിഎഫിന്റെ പരാമ്പരാ​ഗത വോട്ട് ബാങ്കായ മുസ്ലിം വിഭാ​ഗം രാഹുൽ ​ഗാന്ധിക്കൊപ്പം ഉറച്ചു നിൽക്കുമ്പോൾ ഹൈന്ദവ- ക്രൈസ്തവ വോട്ടുകൾ എൻഡിഎ സ്ഥാനാർത്ഥി കെ. സുരേന്ദ്രന് അനുകൂലമായി ധ്രുവീകരിക്കുന്നുണ്ടെന്നാണ് നിരീക്ഷണം.

author-image
ന്യൂസ് ബ്യൂറോ, വയനാട്
Updated On
New Update
rahul gandhi k surendran

കൽപ്പറ്റ: 2019 ൽ പ്രധാനമന്ത്രിയാകുമെന്ന പ്രചരണവുമായി വയനാട്ടിലെത്തിയ രാഹുൽ ​ഗാന്ധിയെ രണ്ടു കൈയ്യും നീട്ടിയായിരുന്നു വയനാടൻ ജനത സ്വീകരിച്ചത്. എന്നാൽ അഞ്ചു വർഷത്തിനിപ്പുറം മറ്റൊരു പൊതുതിരഞ്ഞെടുപ്പ് എത്തുമ്പോൾ സം​ഗതി ആകെ മാറിമറിഞ്ഞിരിക്കുകയാണ്.

Advertisment

യുഡിഎഫിന്റെ പരാമ്പരാ​ഗത വോട്ട് ബാങ്കായ മുസ്ലിം വിഭാ​ഗം രാഹുൽ ​ഗാന്ധിക്കൊപ്പം ഉറച്ചു നിൽക്കുമ്പോൾ ഹൈന്ദവ- ക്രൈസ്തവ വോട്ടുകൾ എൻഡിഎ സ്ഥാനാർത്ഥി കെ. സുരേന്ദ്രന് അനുകൂലമായി ധ്രുവീകരിക്കുന്നുണ്ടെന്നാണ് നിരീക്ഷണം.


വയനാട്ടിലെ ആദിവാസി മേഖലകൾ കേന്ദ്രീകരിച്ചാണ് കെ. സുരേന്ദ്രൻ കൂടുതലായും പ്രവർത്തിക്കുന്നത്. മാനന്തവാടി ബിഷപ്പ് വയനാടിനെ അറിയുന്നവരാകണം വയനാട്ടിലെ ജനപ്രതിനിധിയാവേണ്ടതെന്ന് പറഞ്ഞത് എല്ലാകാലത്തും കോൺ​ഗ്രസിനൊപ്പം നിന്ന ക്രൈസ്തവ വോട്ടുകൾ അകലുന്നതിന്റെ സൂചനയായാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.


കോൺഗ്രസിന് ചോദ്യവലി നൽകിയും ക്രൈസ്തവ നേതൃത്വം അപ്രീതി വെളിപ്പെടുത്തിയിട്ടുണ്ട്. വയനാട്ടിൽ പ്രചരണത്തിൽ ലീ​ഗിന്റെ മേൽക്കോയ്മയിൽ ക്രൈസ്തവ മതമേലധ്യക്ഷൻമാരും കോൺ​ഗ്രസിലെ വലിയൊരു വിഭാ​ഗം നേതാക്കളും അസംതൃപ്തരാണ്.

രാഹുൽ​ഗാന്ധിക്ക് വേണ്ടി കഴിഞ്ഞ തവണ കൈമെയ്യ് മറന്ന് പ്രവർത്തിച്ച പല കോൺ​ഗ്രസുകാരെയും ഇത്തവണ ​ഗ്രൗണ്ടിൽ കാണാനില്ല. എന്നാൽ ലീ​ഗുകാരാണ് യു‍ഡിഎഫിന്റെ പ്രചരണം നിയന്ത്രിക്കുന്നത്. തിരുവമ്പാടിയിലാണെങ്കിൽ നേരത്തെ തന്നെ ക്രിസ്ത്യൻ- മുസ്ലിം ഭിന്നത പ്രകടവുമാണ്. 

കെ. സുരേന്ദ്രന്റെ ​ഗണപതിവട്ടം പരാമർശത്തോടെ ബത്തേരിയിൽ ചെട്ടിസമുദായാം​ഗങ്ങളുടെ ഇടയിലും മറ്റ് ഹിന്ദു വിഭാ​ഗങ്ങൾക്കിടയിലും ധ്രുവീകരണമുണ്ടായിട്ടുണ്ടെന്നാണ് വിലയിരുത്തലുകൾ. ഹിന്ദു വോട്ടുകൾ നഷ്ടമാവുമെന്ന ഭയത്തിലാണ് സിപിഎം ​ഗണപതിവട്ടം ചർച്ച ഒഴിവാക്കിയതെന്നാണ് നിരീക്ഷണം.


തിരഞ്ഞെടുപ്പ് പടിവാതിക്കലായിട്ട് പോലും കൃത്യമായി നിലപാട് പറഞ്ഞ കെ. സുരേന്ദ്രൻ ബത്തേരിയിലെ ലീ​ഗ് വിരുദ്ധ വോട്ടുകളിലാണ് ലക്ഷ്യം വയ്ക്കുന്നത്. ബത്തേരിയിൽ കോൺ​ഗ്രസിൽ നിന്നും രാജിവെച്ച കൗൺസിലർ ജോസ് ഉൾപ്പെടെയുള്ള അഞ്ചോളം നേതാക്കൾ സുരേന്ദ്രന്റെ ധീരതയെ വാഴ്ത്തിയാണ് ബിജെപിയിൽ അം​ഗത്വമെടുത്തത്.


ഡിസിസി ജന. സെക്രട്ടറി പിഎം സുധാകരനും പ്രവർത്തകരും ബിജെപിയിൽ ചേർന്നുകഴിഞ്ഞു. പൂതാടി മേഖലയിൽ ശക്തമായ ജനസ്വാധീനമുള്ള പ്രാദേശിക നേതാവാണ് സുധാകരൻ. വയനാട് എംപി രാഹുൽ​ഗാന്ധിയെ ഡിസിസി ജന.സെക്രട്ടറിയായ തനിക്ക് പോലും കാണാൻ കിട്ടാത്തപ്പോൾ നാട്ടുകാരുടെ അവസ്ഥ എന്തായിരിക്കുമെന്നാണ് അദ്ദേഹം ചോദിച്ചത്.

അമേഠിയിൽ മത്സരിക്കില്ലെന്ന് വയനാട്ടുകാർക്ക് ഉറപ്പ് കൊടുക്കാൻ രാഹുൽ തയ്യാറുണ്ടോയെന്നും സുധാകരൻ ചോദിച്ചു. സുധാകരൻ വയനാട്ടുകാരുടെ പ്രതീകമെന്നാണ് കെ. സുരേന്ദ്രൻ പ്രതികരിച്ചത്. ഇനിയും വയനാട്ടിൽ നിന്നും കോൺ​ഗ്രസ് നേതാക്കൾ ബിജെപിയിലെത്തുമെന്നും സുരേന്ദ്രൻ പറഞ്ഞു.

1990 മുതൽ 2000 വരെ വയനാട്ടിൽ പൊതുപ്രവർത്തനം നടത്തി പരിചയമുള്ള കെ. സുരേന്ദ്രൻ ആദിവാസി സംഘത്തിലും വനവാസി വികാസ് ആശ്രമത്തിലും പ്രവർത്തിച്ചിരുന്നു. അതുകൊണ്ട് തന്നെ ആദിവാസി മേഖലകളിൽ സുരേന്ദ്രന് അനുകൂലമായ സാഹചര്യം ദൃശ്യമാണ്.

ആർഎസ്എസ്സിന്റെ ശക്തമായ അടിത്തറ ഈ മേഖലകളിൽ ബിജെപിക്ക് ​ഗുണം ചെയ്യുമെന്നുറപ്പാണ്. വനം വന്യജീവി പ്രശ്നം പരിഹിക്കുമെന്ന് ഉറപ്പ് നൽകിയാൽ സുരേന്ദ്രന് വോട്ട് ചെയ്യാമെന്നാണ് വയനാട്ടിലെ മതമേലദ്ധ്യക്ഷൻമാരുടെ നിലപാട്. പ്രധാനമന്ത്രി പുറത്തിറക്കിയ ബിജെപിയുടെ ദേശീയ മാനിഫെസ്റ്റോയിൽ വയനാട്ടിലെ ഏറ്റവും വലിയ പ്രശ്നമായ മനുഷ്യ- വന്യമൃ​ഗ സംഘർഷം ഉൾപ്പെടുത്താൻ സാധിച്ചത് സുരേന്ദ്രന് നേട്ടമാവും.


എന്നാൽ ​ഗാഡ്​ഗിൽ റിപ്പോർട്ട് നടപ്പിലാക്കും എന്ന കോൺ​ഗ്രസിന്റെ മാനിഫെസ്റ്റോ നടപ്പിലായാൽ വയനാട്ടിൽ നിന്നും മുഴുവൻ പേരും കുടിയിറങ്ങേണ്ടി വരുമെന്നാണ് ക്രൈസ്തവ നേതൃത്വത്തിന്റ ആരോപണം. കോൺ​ഗ്രസിനെതിരെ കർഷകരും രം​ഗത്ത് വന്നു കഴിഞ്ഞു. മെഡിക്കൽ കോളേജ്, യാത്രാദുരിതം, റെയിൽപാത തുടങ്ങി വയനാട്ടിലെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കണമെങ്കിൽ ബിജെപി പ്രതിനിധി ജയിക്കണമെന്ന വികാരം വയനാട്ടിൽ ശക്തമാകുകയാണ്.


എന്നാൽ സ്മൃതി ഇറാനിയും ജെപി നദ്ദയും നടത്തിയ റോഡ്ഷോകൾ മുസ്ലിം ധ്രുവീകരണത്തിന് കാരണമാവുമെന്ന പ്രതീക്ഷയിലാണ് രാഹുൽ ക്യാമ്പുള്ളത്. ഇനി അസാം മുഖ്യമന്ത്രി ഹിമന്ദ് വിശ്വാസ് ശർമ്മയും അണ്ണാമലൈയും കൂടി വരുന്നതോടെ അത് ശക്തമാകുമെന്നും അവർ വിശ്വസിക്കുന്നു.

കാലാകാലങ്ങളായി തങ്ങളെ പിന്തുണച്ചു വരുന്ന ഈഴവ-തിയ്യ വോട്ടുകളിൽ സുരേന്ദ്രൻ വിള്ളലുണ്ടാക്കുമെന്നും മുസ്ലിം വോട്ടുകൾ രാഹുൽ ​ഗാന്ധിക്ക് പോകുമെന്നുമുള്ള ഭയത്തിലാണ് ഇടതുപക്ഷം. എന്തായാലും വയനാട്ടിലെ രാഷ്ട്രീയ മത്സരം ഇപ്പോൾ രാഹുൽ​ഗാന്ധി- കെ. സുരേന്ദ്രൻ എന്നായിരിക്കുന്നുവെന്നതാണ് യഥാർത്ഥ ചിത്രം.

സിപിഐ ദേശീയ നേതാവ് ആനി രാജയാണ് ഇവിടെ ഇടതു സ്ഥാനാർഥി. ശക്തമായ പ്രചാരണവുമായി ഇടതുപക്ഷവും രംഗത്തുണ്ട്.

Advertisment