Advertisment

കേന്ദ്ര ബജറ്റ് ഹിന്ദുത്വയുടെ രാഷ്ട്രീയ പ്രഖ്യാപനവും കോർപ്പറേറ്റ് വിധേയത്വവും- വെൽഫെയർ പാർട്ടി

New Update
വിദ്വേഷ പ്രചരണം: ബിജെപി നേതാവ് ബി ഗോപാലകൃഷ്ണനെതിരെ വെൽഫെയർ പാർട്ടി പോലീസിൽ പരാതി നൽകി

കാലാവധി അവസാനിക്കാൻ പോകുന്ന കേന്ദ്ര സർക്കാർ അവതരിപ്പിച്ച ബജറ്റ് പൊള്ളയായതും ഇടക്കാല ബജറ്റിൻ്റെ പരിധി കടക്കുന്നതും ഹിന്ദുത്വ രാഷട്രീയ പ്രഖ്യാപനവും മാത്രമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി.

Advertisment

ഇന്ത്യൻ ഭരണഘടനയുടെ ആണിക്കല്ലായ മതേതരത്വം എന്ന തത്വത്തെ സമ്പൂർണ്ണമായി ഹനിച്ച സർക്കാരാണ് മോദി സർക്കാർ. ബജറ്റ് പ്രസംഗത്തിൽ സർക്കാർ മതേതരത്വത്തെ പുനർ നിർണ്ണയിച്ചു എന്ന നിർമല സീതാരാമൻ്റെ പ്രഖ്യാപനം എല്ലാ മതങ്ങൾക്കും മതസമൂഹങ്ങൾക്കും അന്തസ്സോടെ നിലനിൽക്കാനുള്ള അവസരം നിഷേധിച്ച് പകരം ഇന്ത്യയെ ഹിന്ദുത്വ രാഷ്ട്രമായി നിർണ്ണയിക്കുകയാണ് ചെയ്യുന്നത്. ജനങ്ങളിലേക്ക് നേരിട്ട് പണം എത്തുന്ന ക്ഷേമ പദ്ധതികൾ പ്രഖ്യാപിക്കാനോ രാജ്യത്തെ കർഷക സമൂഹത്തിന് പ്രത്യാശ നൽകുന്ന പദ്ധതികൾക്ക് കൂടുതൽ വകയിരുത്താനോ സർക്കാർ തയ്യാറായിട്ടില്ല.

പകരം ആത്മീയ ടൂറിസം പദ്ധതിയെക്കുറിച്ചാണ് പറയുന്നത്. അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള വിഷയങ്ങളാണ് ജനപ്രിയ പദ്ധതികളെക്കാൾ തെരെഞ്ഞെടുപ്പിൽ വോട്ടു തരുക എന്ന സമീപനത്തിലാണ് ബജറ്റ് തയ്യാറാക്കിയിരിക്കുന്നത്. അന്യായമായി ഈടാക്കിക്കൊണ്ടിരിക്കുന്ന ഇന്ധന വില കുറയ്ക്കാനോ വില നിർണ്ണയാധികാരം തിരിച്ചെടുക്കാനോ ബജറ്റിൽ സർക്കാർ തയ്യാറായിട്ടില്ല.  

വിലക്കയറ്റം തടയാനോ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനോ കാർഷിക മേഖലയുടെ പ്രതിസന്ധി പരിഹരിക്കുന്നതിനോ ആവശ്യമായമറ്റ്  യാതൊരു പദ്ധതിയുമില്ലാതെ കേവല വാചകമടിയാണ്  നടത്തിയിരിക്കുന്നത് . സാധാരണക്കാർ ആശ്രയിക്കുന്ന പുതിയ തീവണ്ടികൾ അനുവദിക്കുന്നതിന് പകരം വന്ദേ ഭാരത് പോലുള്ള നിരക്ക് വർദ്ധിച്ച വണ്ടികൾക്കാണ് പ്രാധാന്യം നൽകുന്നത്.

സംസ്ഥാനങ്ങളുടെ കവർന്നെടുത്ത അധികാരങ്ങളെല്ലാം ഉപോയഗപ്പെടുത്തി സമഗ്രാധിപത്യ സാമ്പത്തിക ഭരണമാണ് കേന്ദ്ര തുടരുന്നത്. കേരളത്തിന് നേരേ കഴിഞ്ഞ 10 വർഷമായി തുടരുന്ന കടുത്ത അവഗണന ഈ ബജറ്റിലും  തുടരുകയാണ്. സംസ്ഥാനത്തെ ശ്വാസം മുട്ടിച്ച് വരുതിയിലാക്കാനുള്ള ബി.ജെ.പി യുടെ ശ്രമത്തിൻ്റെ ഭാഗമാണിത്. ഒരു ഗാരൻ്റിയും സംസ്ഥാനത്തെ ജനങ്ങൾക്ക് നൽകാൻ കേന്ദ്രസർക്കാരിന് കഴിഞ്ഞിട്ടില്ല.

രാജ്യത്തെ പിന്നാക്ക ജനവിഭാഗങ്ങളും ദളിത് ആദിവാസി സമൂഹങ്ങളും അനുഭവിക്കുന്ന അസമത്വങ്ങളും വിവേചനങ്ങളും ഇല്ലാതാക്കാൻ ഒരു ശ്രമവും സർക്കാർ നടത്തുന്നില്ല.

ബജറ്റിലൂടെ ഹിന്ദുത്വ രാഷ്ട്രീയത്തെയും കോർപ്പറേറ്റ് വിധേയത്വത്തെയും അടിയുറപ്പിക്കുക മാത്രമാണ്  കേന്ദ്ര സർക്കാർ ചെയ്തിരിക്കുന്നതെന്നും ജനങ്ങളെ ദുരിതത്തിലേക്ക് തള്ളിയെറിഞ്ഞ് വംശീയ രാഷ്ട്രം നിർമ്മിക്കാൻ ശ്രമിക്കുന്ന സംഘപരിവാറിനെതിരെ  ജനരോഷം ഉയരണമെന്ന് അദ്ദേഹം പറഞ്ഞു.

Advertisment