Advertisment

പ്രധാനമന്ത്രി രാജ്യത്തിന് ലഭിച്ച വരദാനം; നരേന്ദ്രമോദിയെ മഹാത്മാ ഗാന്ധിയോടുപമിച്ച്‌ മധ്യപ്രദേശ് മുഖ്യമന്ത്രി

New Update

ഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയെ രാഷ്ട്ര പിതാവായ മഹാത്മാ ഗാന്ധിയോടുപമിച്ച്‌ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍. പ്രധാനമന്ത്രി രാജ്യത്തിന് ലഭിച്ച വരദാനമെന്ന് അദ്ദേഹം പറഞ്ഞു. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങില്‍ സംസാരിക്കവേയാണ്ചൗഹാന്‍ മോദിയെ പുകഴ്ത്തിയത്. ചടങ്ങില്‍ സ്വച്ഛ് സര്‍വേക്ഷണ്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യാനെത്തിയതായിരുന്നു പ്രധാനമന്ത്രി മോദി.

Advertisment

publive-image

മോദിയും ഗാന്ധിയും മഹാപുരുഷന്മാരായിരുന്നുവെന്നും, ഇരുവരുടെയും ഉദ്ബോധനങ്ങള്‍ ജനങ്ങള്‍ അനുസരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നുവെന്നും ചൗഹാന്‍ പറഞ്ഞു. മിക്ക കാര്യങ്ങളിലും ഗാന്ധിജിയും മോദിയും തമ്മില്‍ സാമ്യമുണ്ട്. വിദേശവസ്ത്രങ്ങള്‍ ബഹിഷ്‌കരിക്കാനും നിസ്സഹകരണ പ്രസ്ഥാനത്തില്‍ പങ്കെടുക്കാനും ഗാന്ധിജി ജനങ്ങളോട് ആഹ്വാനം ചെയ്തപ്പോള്‍, എല്‍പിജി സബ്സിഡി വേണ്ടെന്നു വെക്കാനും യോഗ പരിശീലിക്കാനും ശുചിത്വ പരിപാടികളില്‍ പങ്കാളികളാകാനും മോദി ആഹ്വാനം ചെയ്തു. അത് കൊണ്ടു തന്നെ മോദിയേയും ഗാന്ധിജിയേയും ഒരേ തലത്തില്‍ വിലയിരുത്താമെന്നാണ് ചൗഹാന്റെ പക്ഷം.

മുന്‍പും ഒരുപാട് ക്യാപയിനുകള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഭോപ്പാലിലെ ജനങ്ങള്‍ വഴിയോരങ്ങളില്‍ പാന്‍ ചവച്ചു തുപ്പുന്നതോ ചപ്പുചവറുകള്‍ വഴിയിലുപേക്ഷിച്ച്‌ റോഡ് വൃത്തികേടാക്കുന്നതോ നിര്‍ത്തിയിരുന്നില്ല. പ്രധാനമന്ത്രി രാജ്യത്തെ ശുചിയാക്കാനായി കൈയില്‍ ചൂലെടുത്തപ്പോള്‍ രാജ്യമൊന്നടങ്കം അദ്ദേഹത്തോടൊപ്പം ചേര്‍ന്നെന്ന് ശിവരാജ് സിംഗ് ചൗഹാന്‍ പറഞ്ഞു. ശ്യാമ പ്രസാദ് മുഖര്‍ജി, ദീന്‍ ദയാല്‍ ഉപാധ്യായ്, മഹാത്മാ ഗാന്ധി എന്നിവരുടെ സ്വപ്നങ്ങള്‍ സഫലമാക്കാനാണ് മോദി പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisment