Advertisment

മോഹന്‍ലാലിനെ പാമ്പ് കടിക്കണമെന്നോ, ഇടിവെട്ടണമെന്നോ ഞാന്‍ പ്രാര്‍ത്ഥിക്കുമോ? എനിക്ക് സങ്കല്‍പ്പിക്കാന്‍ പോലും പറ്റില്ല; ഞങ്ങള്‍ പരസ്പരം കവിതകള്‍ കൈമാറുമായിരുന്നു: മമ്മൂട്ടി

New Update

മലയാളത്തിന്റെ പ്രിയനടന്മാരായ മമ്മൂട്ടിയും മോഹന്‍ലാലും അടുത്ത സുഹൃത്തുക്കളാണ്. ആരാധകര്‍ തമ്മില്‍ അടിപിടി കൂടുമ്പോഴും താരങ്ങള്‍ തമ്മില്‍ അകല്‍ച്ചയൊന്നും ഇല്ല. ആദ്യകാലത്ത് സിനിമാ സെറ്റില്‍ തങ്ങള്‍ പരസ്പരം കവിതകള്‍ അയക്കുമെന്ന് മമ്മൂട്ടി പറയുന്നു. മോഹന്‍ലാലിനോട് യാതൊരു വൈരാഗ്യവുമില്ലെന്നാണ് മമ്മൂട്ടി പറയുന്നത്. മമ്മൂട്ടിയുടെ പഴയ ഒരു ഇന്റര്‍വ്യൂ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്

Advertisment

publive-image

മോഹന്‍ലാലിനെക്കുറിച്ച് മമ്മൂട്ടിയുടെ വാക്കുകള്‍

ഞങ്ങള്‍ ഒന്നിച്ചുവന്നവരല്ലേ… മോഹന്‍ലാലിനെ പാമ്പ് കടിക്കണമെന്നോ, മോഹന്‍ലാലിനെ ഇടിവെട്ടണമെന്നോ ഞാന്‍ പ്രാര്‍ത്ഥിക്കുമോ? എനിക്ക് അങ്ങനെ സങ്കല്‍പ്പിക്കാന്‍ പോലും പറ്റില്ല. അങ്ങനെയൊരു ദ്രോഹം നമ്മള്‍ ആലോചിക്കില്ല.

സിനിമയില്‍ ആറ് മാസത്തിന്റെ വ്യത്യാസത്തിലാണ് ഞങ്ങള്‍ രണ്ട് പേരും എത്തിയത്. അന്ന് പ്രിയദര്‍ശന്‍, ശ്രീനിവാസന്‍, നെടുമുടി വേണു, സംവിധായകന്‍ കമല്‍, മോഹന്‍ലാല്‍, രതീഷ്, രവീന്ദ്രന്‍, തമ്പി കണ്ണന്താനം എന്നിങ്ങനെ ഞങ്ങളുടെ ഒരു ഗ്യാങ് ഉണ്ട്. അങ്ങോട്ടും ഇങ്ങോട്ടും ചെറിയ പ്രായവ്യത്യാസമേ ഞങ്ങള്‍ എല്ലാവര്‍ക്കും ഉള്ളൂ. മദ്രാസില്‍ ഷൂട്ടിംഗ് ഉള്ളപ്പോള്‍ എന്റെ മുറിയില്‍ സ്ഥിരമായി കിടന്നുറങ്ങുന്ന ആളുകളായിരുന്നു പ്രിയദര്‍ശനും ശ്രീനിവാസനും. അപ്പോള്‍ ഞാനും നെടുമുടി വേണുവും ഒരു മുറിയില്‍ താമസിക്കും. പല പടങ്ങള്‍ക്കായാണ് എത്തിയതെങ്കിലും ഒന്നിച്ചാണ് താമസം. അങ്ങനെയൊരു സൗഹൃദമാണ് ഞങ്ങളുടേത്. അത് പിന്നീട് ഒരിക്കലും തകര്‍ന്നിട്ടില്ല.

മോഹന്‍ലാലും ഞാനും പരസ്പരം കവിതകളും കത്തും കൈമാറുമായിരുന്നു. അമ്മയുടെ മീറ്റിംഗില്‍ വന്നാലും ഞങ്ങള്‍ കവിതയെഴുതി കളിക്കാറുണ്ട്. എനിക്ക് ഇപ്പോഴും ഓര്‍മയുള്ളത് വാത്സല്യത്തിന്റെ ഷൂട്ട് നടക്കുമ്പോഴാണ്…അന്ന് ഒരുപാട് കവിതകള്‍ എഴുതുമായിരുന്നു. ലാലിന്റെ ദേവാസുരത്തിന്റെ ഷൂട്ടിംഗും അതേ സ്ഥലത്തായിരുന്നു. രണ്ട് സിനിമയിലും അഭിനയിക്കുന്ന ഒരു വ്യക്തിയുണ്ടായിരുന്നു. ഞാന്‍ ഓര്‍ക്കുന്നില്ല അതാരാണെന്ന്. അവിടെ നിന്ന് ലാല്‍ ഒരു കത്ത് കൊടുത്തയയ്ക്കും. ഞാന്‍ മറുപടി കവിത രൂപത്തില്‍ അയച്ചുകൊടുക്കും. അങ്ങനെ ആറേഴ് കത്തുകള്‍ കൈമാറിയിട്ടുണ്ട്. പക്ഷേ ആ കത്തുകള്‍ സെറ്റില്‍ പ്രചരിക്കും. എല്ലാവരും വായിക്കും. അത് വലിയ തമാശയായിരുന്നു.

ഇന്നും ഞങ്ങള്‍ക്ക് സമയക്കുറവൊന്നും ഇല്ല. ഐഎഫ്എഫ്‌ഐ അവാര്‍ഡിന് ഞങ്ങള്‍ രണ്ടുപേരും പോയി. ഒരേ മുറിയിലായിരുന്നു താമസം. അവര്‍ക്ക് തന്നെ അത്ഭുതമായി. ഒരേ കാറില്‍, ഒരേ സ്ഥലത്ത്, ഒരു സീറ്റില്‍ രണ്ടുപേരും ഇരുന്നു. ഞങ്ങള്‍ സംസാരിക്കുമ്പോള്‍ സിനിമയൊന്നും വിഷയമാകാറില്ല. വീട്ടുകാര്യമോ പൊതുവേയുള്ള എന്തെങ്കിലും തമാശകളോ അങ്ങനെയെന്തെങ്കിലുമൊക്കെയാകും സംസാരം.

ഞങ്ങളുടെ ഫാന്‍സുകാര്‍ തമ്മില്‍ വലിയ വൈരാക്യമൊന്നുമില്ല. ഇതൊക്കെ അവര്‍ക്ക് മനസ്സിലാകുന്ന കാര്യങ്ങളല്ലേ…

Advertisment