Advertisment

ബിഷപ്പ് തോമസ് കെ ഉമ്മൻ വിശ്വമാനവികതയുടെ വ്യക്തിത്വം: മാർത്തോമാ മെത്രാപ്പോലീത്ത

New Update

publive-image

Advertisment

കോട്ടയം: സകലരെയും സ്നേഹിക്കുന്ന ശുശ്രൂഷ നിർവഹിച്ച ബിഷപ്പ് തോമസ് കെ.ഉമ്മൻ വിശ്വമാനവികതയുടെ വ്യക്തിത്വമാണെന്ന് മലങ്കര മാർത്തോമ്മാ സഭാ പരമാദ്ധ്യക്ഷൻ മോസ്റ്റ്. റവ. ഡോ തിയോഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത പറഞ്ഞു.

സി.എസ്.ഐ മദ്ധ്യകേരള മഹായിടവക അദ്ധ്യക്ഷസ്ഥാനത്ത് നിന്നും വിരമിക്കുന്ന ബിഷപ്പ് തോമസ് കെ.ഉമ്മന് കോട്ടയം ബെഞ്ചമിൻ ബെയ്‌ലി ഹാളിൽ നടത്തിയ സമ്മേളനം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദൈവസ്നേഹത്തെ മനസ്സിലാക്കുന്നതിനും പകരുന്നതിനും സമർപ്പിക്കുന്നതിനും സാധിച്ചതാണ് അദ്ദേഹത്തിൻറെ ഏറ്റവും വലിയ വിജയം, മെത്രാപ്പോലീത്ത പറഞ്ഞു.

സി.എസ്.ഐ ഡെപ്യൂട്ടി മോഡറേറ്റർ ബിഷപ്പ് കെ.രൂബൻ മാർക്ക് അദ്ധ്യക്ഷത വഹിച്ചു. സി.എൻ.ഐ മോഡറേറ്റർ ബിഷപ്പ് ഡോ.പി.സി സിങ് മുഖ്യസന്ദേശം നല്കി.

publive-image

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭാ പരമാദ്ധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് രണ്ടാമൻ കാതോലിക്കാ ബാവ അനുഗ്രഹപ്രഭാഷണം നടത്തി.

ഭരണരംഗത്തെ നിപുണതയും വ്യക്തി മാഹാത്മ്യവും ഊർജ്ജസ്വലതയുള്ള സഭാനേതാവാണ് ബിഷപ്പ് തോമസ് കെ.ഉമ്മനെന്ന് ബാവാ തന്റെ പ്രഭാഷണത്തിൽ പറഞ്ഞു. കാൻറർബെറി ആർച്ച് ബിഷപ്പ് ജെസ്റ്റിൻ വെൽബിയുടെ സന്ദേശം വായിച്ചു.

മലങ്കര കത്തോലിക്കാ മാവേലിക്കര ഭദ്രാസനാധിപൻ ഡോ.ജോഷ്വാ മാർ ഇഗ്നാത്തിയോസ്, ക്നാനായ വലിയ മെത്രാപ്പോലീത്ത ഡോ.കുര്യാക്കോസ് മാർ സേവാറിയോസ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, സി.പി.എം ജില്ലാ സെക്രട്ടറി വി.എൻ വാസവൻ, സി.എസ്.ഐ മദ്ധ്യകേരള മഹായിടവക വൈദീക സെക്രട്ടറി റവ.ജോൺ ഐസക്, അത്മായ സെക്രട്ടറി ഡോ.സൈമൺ ജോൺ, ട്രഷറാർ റവ.തോമസ് പായിക്കാട്, രജിസ്ട്രാർ ജേക്കബ്ഫിലിപ്പ്, റവ.പി.കെ ചാക്കോ,അഡ്വ.സ്റ്റീഫൻ ജെ.ദാനിയേൽ, സിസ്റ്റർ ശാന്തമ്മ ജോസഫ്, റവ.വിജു വർക്കി ജോർജ്ജ്, ജെയിംസ് പോൾ എന്നിവർ പ്രസംഗിച്ചു.

ബിഷപ്പ് തോമസ് കെ.ഉമ്മനും പത്നി ഡോ.സൂസൻ തോമസും മറുപടിപ്രസംഗം നടത്തി. കഴിഞ്ഞ 9 വർഷങ്ങൾ നീതിബോധത്തോടു കൂടി നേരിന്റെ പക്ഷം ചേർന്ന് തന്റെ നിലപാടുകളെ പിന്തുണച്ച മാധ്യമങ്ങൾക്ക് ബിഷപ്പ് നന്ദി അർപ്പിച്ചു.

വൈകുന്നേരം ചങ്ങനാശേരി യൂത്ത് സെന്ററിൽ മഹായിടവക യുവജനപ്രസ്ഥാനത്തിൻറെ നേതൃത്വത്തിൽ നടന്ന സമ്മേളനം ചങ്ങനാശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്തു.

ഞായറാഴ്ച രാവിലെ കോട്ടയം ഹോളി ട്രിനിറ്റി കത്തീഡ്രലിൽ നടക്കുന്ന പരിശുദ്ധ കുർബാനയ്ക്ക് ശേഷം ഉച്ചകഴിഞ്ഞ് 3 മണിക്ക് ബിഷപ്പ് തോമസ് കെ.ഉമ്മനും കുടുംബവും സ്വദേശമായ തലവടിയിലേക്ക് പോകും.

kottayam news
Advertisment