Advertisment

കേജരിവാളിനെ ഇ.ഡിയെക്കൊണ്ട് അകത്താക്കിച്ച കേന്ദ്രത്തെയും ബി.ജെ.പിയെയും മദ്യനയ അഴിമതിക്കേസ് തിരിച്ചടിക്കുമോ? കേജരിവാളിനെതിരേയുള്ളത് 100കോടി അഴിമതി ആരോപണം; ഇതേ കേസിൽ അകത്തായ വ്യവസായി ബി.ജെ.പിക്ക് നൽകിയത് 52കോടി; അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം, അരബിന്ദോ ഫാർമ ഇടപാട് ബൂമാറാംഗ് ആവുമോ?

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
Arvind-Kejriwal bbb.jpg

ഡൽഹി: കേജരിവാളിനെ ഇ.ഡിയെക്കൊണ്ട് അകത്താക്കിച്ച കേന്ദ്രത്തെയും ബി.ജെ.പിയെയും മദ്യനയ അഴിമതിക്കേസ് തിരിച്ചടിക്കുമോ എന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. മദ്യനയവുമായി ബന്ധപ്പെട്ട് നൂറുകോടി കോഴ വാങ്ങിയെന്ന ആരോപണത്തിൽ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ ഇഡി അറസ്റ്റു ചെയ്‌തതിന് പിന്നാലെയാണ് ഇതേ കേസിൽ അറസ്റ്റിലായ വ്യവസായിയിൽ നിന്ന് 52കോടി ബി.ജെ.പി ബോണ്ടിനത്തിൽ വാങ്ങിയതിന്റെ കഥകൾ പുറത്തുവന്നത്.

Advertisment

ഇക്കാര്യവും ഇ.ഡി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് പ്രതിപക്ഷം. കേജ്‌രിവാളിനെ ജയിലിൽ കിടന്ന് മുഖ്യമന്ത്രിയുടെ ജോലിയെടുക്കാൻ അനുവദിക്കില്ലെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ വ്യക്തമാക്കിയതോടെ ഡൽഹി സർക്കാരിന്റെ നിലനിൽപ്പു തന്നെ അപകടത്തിലായിട്ടുണ്ട്.


മദ്യനയക്കേസിൽ 2022ൽ കേസിൽ അറസ്റ്റിലായ അരബിന്ദോ ഫാർമ ഡയറക്ടർ ശരത് ചന്ദ്ര റെഡ്ഡി 2021 ഏപ്രിലിനും 2023 നവംബറിനുമിടയിൽ വാങ്ങിയ 52 കോടി രൂപയുടെ ബോണ്ടുകളിൽ 66ശതമാനവും ബി.ജെ.പിക്ക് ലഭിച്ചെന്ന തിരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തുവിട്ട വിവരങ്ങളാണ് പുറത്തുവന്നത്. അരബിന്ദോ ഫാർമയ്‌ക്ക് പുറമെ എ.പി.എൽ ഹെൽത്ത്‌കെയർ, ഇയുജിഎ ഫാർമ എന്നിവയുടെ പേരിലും ബോണ്ടുകൾ വാങ്ങി.  


sarath Untitl.jpg

കേജരിവാളുമായി ബന്ധപ്പെട്ട കോഴ പണം എവിടെയെന്ന ചോദ്യം ഉയർന്നെങ്കിലും ആം ആദ്മി പാർട്ടിയുടെ ഒരു നേതാവിൽ നിന്നോ മന്ത്രിയിൽ നിന്നോ പ്രവർത്തകനിൽ നിന്നോ ഒരു തെളിവും കണ്ടെടുത്തിട്ടില്ലെന്ന് മന്ത്രി അതിഷി വ്യക്തമാക്കി. ബി.ജെ.പിക്ക് ലഭിച്ച തിരഞ്ഞെടുപ്പ് ബോണ്ട് വിവരങ്ങളിൽ പണത്തിന്റെ പാത വ്യക്തമായി കാണാം. 

പുതിയ മദ്യ നയം പ്രകാരം ചില്ലറ വിൽപനയ്‌ക്കുള്ള ലൈസൻസ് ലഭിച്ച ശരത് ചന്ദ്ര റെഡ്ഡിയെ 2022 നവംബർ 9-ന് ചോദ്യം ചെയ്‌തപ്പോൾ അരവിന്ദ് കേജ്‍രിവാളുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്നും ആം ആദ്മി പാർട്ടിയുമായി യാതൊരു പണമിടപാടുമില്ലെന്നും പറഞ്ഞിരുന്നു. അടുത്ത ദിവസം തന്നെ അറസ്‌റ്റിലായ അദ്ദേഹം മാസങ്ങളോളം ജയിലിൽ കിടന്ന ശേഷം മൊഴി മാറ്റി. ഉടൻ ജാമ്യം ലഭിച്ചുവെന്നും അതിഷി കൂട്ടിച്ചേർത്തു.

മദ്യനയം നടപ്പാക്കിയ സമയത്ത് ശരത് റെഡ്ഡി ബി.ജെ.പിക്ക് 4.5 കോടി രൂപ നൽകി. അറസ്റ്റിന് ശേഷം 55 കോടി രൂപ കൂടി നൽകി. കേജ്രിവാളിനെതിരെ മൊഴി നൽകിയപ്പോൾ വിട്ടയച്ചു. പിന്നീട് ബി.ജെ.പിക്ക് കൂടുതൽ പണം നൽകി.

മദ്യ കുംഭകോണവുമായി ബന്ധപ്പെട്ട പണത്തിന്റെ പാത ബി.ജെ.പിയിലേക്കാണ് പോകുന്നത്, ആം ആദ്മി പാർട്ടിയിലേക്കല്ല. പ്രധാനമന്ത്രി മോദിയെ വെല്ലുവിളിക്കുന്നു. ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദയെ ഇഡി അറസ്റ്റ് ചെയ്യണം-അതിഷി ആവശ്യപ്പെട്ടു. 

athishi


കസ്റ്റഡിയിൽ കിട്ടിയ അരവിന്ദ് കേജ്‌രിവാളിനെ ഇഡി ഉദ്യോഗസ്ഥർ ചോദ്യം ചെയ്യൽ തുടങ്ങി. മുൻപ് അറസ്റ്റിലായവരും സാക്ഷികളും നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യുമ്പോൾ തനിക്ക് ഒന്നുമറിയില്ലെന്നാണ് കേജ്‌രിവാൾ പറയുന്നതതെന്ന് ഇഡി വൃത്തങ്ങൾ അറിയിച്ചു.


മദ്യനയക്കേസിൽ സി.ബി.ഐയും ഉടൻ കേജ്‌രിവാളിനെ അറസ്റ്റു ചെയ്യുമെന്ന് സൂചനയുണ്ട്. സി.ബി.ഐ നേരത്തെ കേജ്‌രിവാളിനെ ചോദ്യം ചെയ്‌തിരുന്നു. കേസുമായി ബന്ധപ്പെട്ട് ഇഡി ആംആദ്‌മി പാർട്ടി എം.എൽ.എ ഗുലാബ് സിംഗ് യാദവിന്റെ ഡൽഹി വസതിയിലും അറസ്റ്റിലായ ബി.ആർ.എസ് നേതാവ് കെ.കവിതയുമായി ബന്ധപ്പെട്ട ഹൈദരാബാദിലെ നിരവധി കേന്ദ്രങ്ങളിലും റെയ്ഡ് നടത്തി.

Advertisment