Advertisment

വരും തലമുറക്ക് മലയാളം പകർന്നു നൽകുന്നത് തുടരണം: ആർച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര

author-image
പി.എന്‍ ഷാജി
Updated On
New Update
mar bharanikulangara

ന്യൂ ഡൽഹി: വരും തലമുറക്ക് മാതൃഭാഷയായ മലയാളം പകർന്നു നൽകുവാനും അമ്മ മലയാളം ഡൽഹിയിൽ പഠിപ്പിക്കുവാനും പ്രചരിപ്പിക്കുവാനുമുള്ള പദ്ധതികൾ തുടരണമെന്നത് ഡൽഹി മലയാളി അസോസിയേഷനെപ്പോലെയുള്ള മലയാളി സംഘടനകളുടെ കർത്തവ്യമാണെന്ന് ഫരീദാബാദ് രൂപതാദ്ധ്യക്ഷൻ ആർച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര. 

Advertisment

ജർമ്മൻ, ഇംഗ്ലീഷ്, സ്‌പാനിഷ്‌, ഇറ്റാലിയൻ തുടങ്ങിയ ഭാഷകൾ ലോകത്തിന്റെ പല ഭാഗങ്ങളിലും പഠിപ്പിക്കുവാനായി അതാത് രാജ്യങ്ങൾ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും മലയാളത്തിനായി നാം തുടങ്ങി വച്ച പദ്ധതികൾ മുടക്കമില്ലാതെ തുടരണമെന്നും അദ്ദേഹം പറഞ്ഞു. 

ആർകെ പുരം കേരളാ സ്‌കൂളിൽ ഡൽഹി മലയാളി അസോസിയേഷന്റെ ക്രിസ്തുമസ്-പുതുവത്സരാഘോഷങ്ങൾ 'ശാന്ത രാത്രി പുതു രാത്രി'യിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡൽഹിയിലെ പാർലമെന്റ് മണ്ഡലത്തിൽനിന്നും രണ്ടു തവണ പാർലമെന്റ് അംഗമായി തെരെഞ്ഞെടുക്കപ്പെട്ട, ഡിഎംഎയുടെ മുൻ പ്രസിഡന്റ്കൂടിയായ കൃഷ്‌ണൻ നായരുടെ പേരിൽ മയൂർ വിഹാർ ഫേസ്-3 കേരളാ സ്‌കൂളിന്റെ മുൻ വശത്തുകൂടി പോകുന്ന റോഡിന് 'കൃഷ്‌ണൻ നായർ റോഡ്' എന്നു നാമകരണം ചെയ്യണമെന്നത് തന്റെ ആഗ്രഹമാണെന്ന് ക്രിസ്തുമസ് - പുതുവത്സരാഘോഷങ്ങളിൽ വിശിഷ്ടാതിഥിയായി പങ്കെടുത്തുകൊണ്ട് മുതിർന്ന മാധ്യമ പ്രവർത്തകൻ എജെ ഫിലിപ്പ് പറഞ്ഞു.

ഡിഎംഎ പ്രസിഡന്റ് കെ രഘുനാഥിന്റെ അധ്യക്ഷതയിൽ ചേർന്ന സാംസ്‌കാരിക സമ്മേളനത്തിൽ ഓൾ ഇന്ത്യാ മലയാളി അസോസിയേഷൻ നാഷണൽ ചെയർമാൻ ബാബു പണിക്കർ, സ്കൈലൈൻ ബിൽഡേഴ്‌സ് കോട്ടയം ശാഖാ മാനേജർ സിഎ ബാബു, ഡിഎംഎ ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, ട്രഷറാറും പ്രോഗ്രാം കൺവീനറുമായ മാത്യു ജോസ് തുടങ്ങിയവരും പ്രസംഗിച്ചു.

ആഘോഷത്തോടനുബന്ധിച്ചു നടന്ന ക്രിസ്‌തുമസ്‌ കരോൾ ഗാന മത്സരത്തിൽ ജനക് പുരി ഏരിയ ഒന്നും മയൂർ വിഹാർ ഫേസ് 3-ഗാസിപ്പൂർ ഏരിയ രണ്ടും പട്ടേൽ നഗർ ഏരിയ മൂന്നും സ്ഥാനങ്ങൾക്ക് അർഹരായി. ക്യാഷ് പ്രൈസായി യഥാക്രമം 15,000/-, 10,000/-, 7,500/- രൂപയും ട്രോഫിയും ചടങ്ങിൽ സമ്മാനിച്ചു. ഡിഎംഎ സമുച്ചയത്തിന്റെ നവീകരണ പ്രവർത്തനങ്ങളുടെ ധനശേഖരണാർത്ഥം വിതരണം ചെയ്‌ത ഡോണർ കൂപ്പണുകളുടെ നറുക്കെടുപ്പും തദവസരത്തിൽ നടന്നു.

ഡോ നിഷാ റാണിയും സംഘവും അവതരിപ്പിച്ച ഇൻവോക്കേഷനോടുകൂടി കലാപരിപാടികൾ ആരംഭിച്ചു. തുടർന്ന് ഡിഎംഎ-കലാഭവൻ മ്യൂസിക് അക്കാദമിയുടെ ഇൻസ്ട്രുമെന്റൽ മ്യൂസിക്കും കൂടാതെ ആർകെ പുരം, മെഹ്റോളി, അംബേദ്‌കർ നഗർ-പുഷ്പ് വിഹാർ, ആശ്രം- ശ്രീനിവാസ്‌പുരി, വികാസ്‌പുരി-ഹസ്‌തസാൽ, മയൂർ വിഹാർ ഫേസ് 3-ഗാസിപ്പൂർ, പട്ടേൽ നഗർ, എന്നീ ഏരിയകൾ അവതരിപ്പിച്ച സെമി ക്ലാസിക്കൽ ഡാൻസ്, സിനിമാറ്റിക് ഡാൻസ്, സിനിമാറ്റിക് ഫ്യൂഷൻ, മാർഗംകളി തുടങ്ങിയവ 'ശാന്ത രാത്രി പുതു രാത്രി'ക്ക്‌ ചാരുതയേകി. ഡിഎംഎയുടെ യുട്യൂബ് ചാനലിലൂടെ തത്സമയ പ്രക്ഷേപണം ചെയ്ത പരിപാടികൾ https://youtube.com/live/SNtXpTFnFhM?feature=share  എന്ന ലിങ്കിൽ ലഭ്യമാണ്.

Advertisment