Advertisment

യുഎപിഎ ചുമത്തില്ലെന്ന് പ്രകടന പത്രികയിൽ പറഞ്ഞ സിപിഎം കേരളത്തിൽ തൊട്ടതിനും പിടിച്ചതിനുമൊക്കെ ചുമത്തുന്നത് യുഎപിഎ. മുദ്രാവാക്യം വിളിച്ചാലും പോസ്റ്റർ ഒട്ടിച്ചാലുമെല്ലാം യുഎപിഎ ചുമത്തും. ഒന്നാം പിണറായി സർക്കാരിന്റെ കാലത്തെ യുഎപിഎ കേസുകൾ 145. ഭീകരസംഘടനയുടെ പ്രവർത്തനങ്ങളെ വ്യാപിപ്പിക്കാനുള്ള ഉദ്ദേശ്യത്തോടെ ചെയ്യുന്ന കുറ്റകൃത്യങ്ങളിൽ മാത്രമേ യുഎപിഎ നിലനിൽക്കൂവെന്ന് സുപ്രീംകോടതി. സിപിഎം പ്രകടന പത്രിക ദേശീയ തലത്തിൽ ചർച്ചയാവുമ്പോൾ

തൊട്ടതിനും പിടിച്ചതിനുമൊന്നും ഭീകരവിരുദ്ധനിയമമായ യു.എ.പി.എ ചുമത്തുന്ന കാലംകഴിഞ്ഞെന്ന് നിയമസഭയിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ച് 48 മണിക്കൂർ കഴിയുംമുൻപാണ് 2019 -ൽ കോഴിക്കോട്ട്, ലഘുലേഖ വിതരണം ചെയ്തെന്നാരോപിച്ച് രണ്ട് സി.പി.എം പ്രവർത്തകരെ ഇതേനിയമം ചുമത്തി പോലീസ് ജയിലിലടച്ചത്. 

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
pinarai uapa

ഡൽഹി: ഭരണത്തിലെത്തിയാൽ യു.എ.പി.എ നിയമം റദ്ദാക്കുമെന്ന സി.പി.എം പ്രകടനപത്രിക ദേശീയ തലത്തിൽ ചർച്ചാവിഷയമാവുന്നു. ഇടത് ഭരണമുള്ള ഏക സംസ്ഥാനമായ കേരളത്തിൽ തൊട്ടതിനും പിടിച്ചതിനുമെല്ലാം യു.എ.പി.എ ചുമത്തുന്ന സി.പി.എം നേതൃത്വത്തിലുള്ള സർക്കാരിനെതിരേ വിരൽ ചൂണ്ടിയാണ് വിമർശനം കടുക്കുന്നത്.

Advertisment

5 വ‌ർഷത്തിനിടെ 145 കേസുകൾ യു.എ.പി.എ ചുമത്തി കേരളാ പോലീസ് കേസെടുത്തിട്ടുള്ളത് ചൂണ്ടിക്കാട്ടിയാണ് ദേശീയ തലത്തിലെ പ്രചാരണം. 2021 ജൂണിൽ മുഖ്യമന്ത്രി നിയമസഭയിൽ വച്ച കണക്കാണിത്. 2016 മുതൽ 2021 വരെയുള്ള ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് മാത്രമാണ് ഇത്രയും കേസുകളെടുത്തത്. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം (പി.എം.എൽ.എ) റദ്ദാക്കുമെന്ന പ്രകടന പത്രികയിലെ വാഗ്ദാനവും ഏറെ ചർച്ചയാവുന്നുണ്ട്.


കോഴിക്കോട്ട് പന്തീരങ്കാവിലെ എസ്.എഫ്.ഐ പ്രവർത്തകരായിരുന്ന അലൻ ഷുഹൈബ്, താഹ ഫസൽ എന്നിവർക്ക് യു.എ.പി.എ കേസിൽ ജാമ്യം അനുവദിച്ചുള്ള സുപ്രീംകോടതി ഉത്തരവിൽ കേരളത്തിൽ യു.എ.പി.എ ചുമത്തുന്നതിനെ വിമർശിച്ചിരുന്നു.

ഇരുവർക്കുമെതിരായി ചുമത്തിയ യു.എ.പി.എ നിലനില്ക്കില്ലെന്നും ഭീകരസംഘടനയുടെ പ്രവർത്തനങ്ങളെ വ്യാപിപ്പിക്കാനുള്ള ഉദ്ദേശ്യത്തോടെ ചെയ്യുന്ന കുറ്റകൃത്യങ്ങളിൽ മാത്രമേ യു.എ.പി.എയുടെ 38, 39 വകുപ്പുകൾ ചുമത്താവൂ എന്നും സുപ്രീംകോടതി ഉത്തരവിട്ടു. സർക്കാരിനെതിരെ പോസ്റ്റർ ഒട്ടിച്ചതിനും ലഘുലേഖ വിതരണം ചെയ്തതിനുമെല്ലാം കേരളാ പൊലീസ് യുവാക്കൾക്കെതിരെ യു.എ.പി.എ ചുമത്തുന്നുണ്ട്. 

തൊട്ടതിനും പിടിച്ചതിനുമൊന്നും ഭീകരവിരുദ്ധനിയമമായ യു.എ.പി.എ ചുമത്തുന്ന കാലംകഴിഞ്ഞെന്ന് നിയമസഭയിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ച് 48 മണിക്കൂർ കഴിയുംമുൻപാണ് 2019 -ൽ കോഴിക്കോട്ട്, ലഘുലേഖ വിതരണം ചെയ്തെന്നാരോപിച്ച് രണ്ട് സി.പി.എം പ്രവർത്തകരെ ഇതേനിയമം ചുമത്തി പോലീസ് ജയിലിലടച്ചത്. 


ദേശീയഗാനത്തെ അപമാനിച്ചെന്നാരോപിച്ച് എഴുത്തുകാരൻ കമാൽ ചവറയ്ക്കും മാവോയിസ്റ്റ് ബന്ധമാരോപിച്ച് സാമൂഹ്യപ്രവർത്തകൻ നാദിറിനും മേൽ യു.എ.പി.എചുമത്തിയതിന് സമാനമായ സംഭവങ്ങളാണ് കോഴിക്കോട്ടുണ്ടായത്. കമാലിനും നാദിറിനുമെതിരെ ചുമത്തിയ യു.എ.പി.എ പിന്നീട് ഒഴിവാക്കേണ്ടി വന്നു.


ജാഗ്രതയില്ലാതെ യു.എ.പി.എ ചുമത്തിയത് ഗൗരവകരമാണെന്നാണ് കേസുകൾ പുന:പരിശോധിച്ച വിദഗ്ദ്ധസമിതി വിലയിരുത്തിയത്. ഇതോടെ യു.എ.പി.എയുടെ വകുപ്പുകളെക്കുറിച്ച് എസ്.പിമാർക്കും ഡിവൈ.എസ്.പിമാർക്കും അറിവുണ്ടാകാൻ സർക്കാർ ശില്പശാല നടത്തിയിരുന്നു.

യു.ഡി.എഫ് സർക്കാർ 137 ഉം എൽ.ഡി.എഫ് സർക്കാരിന്രെ ആദ്യകാലത്ത് 25ഉം കേസുകളിലാണ് യു.എ.പി.എ ചുമത്തിയിരുന്നത്. ഒന്നാം പിണറായി സർക്കാരിന്റെ അവസാന രണ്ടുവർഷം 67 കേസുകളാണെടുത്തത്.

ആശയപ്രചാരണത്തിന്റെ പേരിൽ 22 കേസുകളുണ്ട്. ഭൂരിഭാഗവും മാവോയിസ്റ്റുകൾക്കെതിരേയാണ്. തിരുനെല്ലി, വെള്ളമുണ്ട, തലപ്പുഴ, താമരശേരി, മെഡിക്കൽകോളേജ്, നടക്കാവ്, നിലമ്പൂർ,പാണ്ടിക്കാട്,അട്ടപ്പാടി, അഗളി,പെരുമ്പാവൂർ, കേളകം എന്നിവിടങ്ങളിൽ യു.എ.പി.എ കേസുകളുണ്ട്. 


സർക്കാരിനും പൊലീസിനുമെതിരെ പോസ്റ്ററൊട്ടിച്ച് പ്രതിഷേധിക്കുന്നവർക്കെതിരേ പോലും ഭീകരവിരുദ്ധനിയമം ചുമത്തിയെന്ന വിമർശനമുണ്ടായതോടെ സർക്കാർ പുന:പരിശോധിച്ചു. പൊതുപ്രവർത്തകർക്കും സാമൂഹ്യപ്രവർത്തകർക്കും രാഷ്ട്രീയക്കാർക്കുമെതിരായ 42 കേസുകളിൽ പൊലീസ് അനാവശ്യമായി യു.എ.പി.എ ചുമത്തിയതായി കണ്ടെത്തി.


ഈ കേസുകളിൽ യു.എ.പി.എയുടെ വകുപ്പുകൾ ഒഴിവാക്കാൻ കോടതികളിൽ അപേക്ഷനൽകി. മാവോയിസ്റ്റ് ഭീഷണിയുള്ള മലപ്പുറം,പാലക്കാട്, വയനാട് ജില്ലകളിലായിരുന്നു ഏറ്റവുമധികം യു.എ.പി.എ കേസുകൾ. മാവോയിസ്റ്റുകൾക്ക് പണം നൽകിയതിനും തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാൻ പോസ്റ്റർ പതിച്ചതിനുമൊക്ക യു.എ.പി.എ ചുമത്തിയിട്ടുണ്ട്.

തീവ്രവാദപ്രവർത്തനങ്ങൾ തടയാനുള്ള യു.എ.പി.എ പൊലീസ് ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തിയതിനെത്തുടർന്ന് ജില്ലാ പൊലീസ് മേധാവിയുടെ മുൻകൂർ അനുമതിയില്ലാതെ സ്റ്റേഷൻ തലത്തിൽ യു.എ.പി.എ ചുമത്തരുതെന്ന് മുഖ്യമന്ത്രി കർശന നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. 

ജസ്റ്റിസുമാരായ അജയ് രസ്‌തോഗി, അഭയ് ശ്രീനിവാസ് ഓക എന്നിവരുടെ ബെഞ്ചാണ് യു.എ.പി.എ ചുമത്തുന്നതിനെക്കുറിച്ച് വ്യക്തമാക്കി ഉത്തരവ് പുറപ്പെടുവിച്ചത്. ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്ന കാരണത്താൽ മാത്രം യു.എ.പി.എ. നിലനിൽക്കില്ല. അത്തരം സംഘടനകളുടെ പ്രവർത്തനം വ്യാപിപ്പിക്കാൻ പ്രവർത്തിച്ചെങ്കിൽ മാത്രമേ യു.എ.പി.എ. പ്രകാരമുള്ള വകുപ്പുകൾ നിലനിൽക്കൂ.

ഭീകരസംഘടനയ്ക്കുവേണ്ടി പണം ശേഖരിക്കുന്നത് യു.എ.പി.എ. നിയമത്തിലെ 40-ാം വകുപ്പ് പ്രകാരമുള്ള കുറ്റമാണ്. എന്നാൽ, പന്തീരങ്കാവ് കേസിൽ അലനും താഹയ്ക്കുമെതിരേ ഈ ആരോപണമില്ല.

ഭീകരസംഘടനയുടെ പ്രവർത്തനങ്ങളെ വ്യാപിപ്പിക്കാനുള്ള ഉദ്ദേശ്യത്തോടെ ചെയ്യുന്ന കുറ്റകൃത്യങ്ങളിൽ മാത്രമേ യു.എ.പി.എ.യുടെ 38, 39 വകുപ്പുകൾ നിലനിൽക്കൂ. ഭീകരസംഘടനയിൽ അംഗമാണ് എന്നതുകൊണ്ടുമാത്രം 38-ാം വകുപ്പ് നിലനിൽക്കില്ല.


ഭീകരസംഘടനയെ പിന്തുണച്ചാൽപ്പോലും അത് സംഘടനയുടെ പ്രവർത്തനങ്ങളെ വ്യാപിപ്പിക്കണമെന്ന ഉദ്ദേശ്യത്തോടെ ചെയ്തതാണെന്ന് തെളിയിക്കാനായില്ലെങ്കിൽ 39-ാം വകുപ്പ് നിലനിൽക്കില്ല. 38, 39 വകുപ്പുകൾക്ക് പത്തുവർഷം തടവും പിഴയുമാണ് പരമാവധി ശിക്ഷ. 


കുറ്റകൃത്യത്തിന്റെ കാഠിന്യവും മറ്റു വസ്തുതകളും കണക്കിലെടുത്ത് 38, 39 വകുപ്പ് പ്രകാരമുള്ള കുറ്റത്തിന് പിഴ മാത്രം ചുമത്തി പ്രതിയെ വിടുകയുമാകാം - സുപ്രീംകോടതി വ്യക്തമാക്കി. അലനും താഹയ്ക്കുമെതിരെ യു.എ.പി.എയിലെ 20-ാംവകുപ്പ് കേരളാ പൊലീസ് ചുമത്തിയെങ്കിലും എൻ.ഐ.എ ഒഴിവാക്കിയിരുന്നു. 20-ാം വകുപ്പ് പ്രകാരം പരമാവധി ജീവപര്യന്തവും പിഴയുമാണ് ശിക്ഷ. 

ഇതിനിടയിലാണ് യു.എ.പി.എ നിയമം പിൻവലിക്കുമെന്ന് സിപിഎം പ്രകടന പത്രികയിൽ ഉൾപ്പെടുത്തിയത്. ഇതിനെതിരേ മനുഷ്യാവകാശ പ്രവർത്തകരും ആക്ടിവിസ്റ്റുകളും രംഗത്തെത്തി. കേരളത്തിൽ രജിസ്റ്റ‌ർ ചെയ്ത ഭൂരിഭാഗം യു.എ.പി.എ കേസുകളും അക്രമമുണ്ടായതിന്റെ പേരിലല്ല. മുദ്രാവാക്യം വിളിച്ചതും പോസ്റ്ററൊട്ടിച്ചതുമൊക്കെയാണ് യുഎപിഎ ചുമത്താനുള്ള കാരണങ്ങൾ.

യു.എ.പി.എ ചുമത്തിയാൽ ജാമ്യംകിട്ടില്ല. രാഷ്ട്രീയ കൊലക്കേസുകളിലും ചുമത്തുന്നുണ്ട്. റെയിൽവേ, തുറമുഖം, വ്യവസായം എന്നിവ തടസപ്പെടുത്തിയാലും ചുമത്താം. അറസ്റ്റിനും റെയ്ഡിനും പൊലീസിന് വിപുലമായ അധികാരം, വാറണ്ട് വേണ്ട. 43ഡി(2)വകുപ്പുപ്രകാരം 180ദിവസംവരെ പ്രാഥമിക തടങ്കിലിൽവയ്ക്കാം. ഇതൊക്കെയാണ് യുഎപിഎയെ അതിശക്തമായ നിയമമാക്കി മാറ്റുന്നത്.

Advertisment