Advertisment

ജർമ്മനിയിലെത്തുന്ന അന്താരാഷ്ട്ര വിദ്യാർത്ഥികളിൽ ഒന്നാം സ്ഥാനത്ത് ഇന്ത്യ; പിന്നിലാക്കിയത് ചൈനയെ

ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം, മികച്ച 10 വിദേശ പഠന കേന്ദ്രങ്ങളുടെ പട്ടികയിൽ ജർമ്മനി എട്ടാം സ്ഥാനത്താണ്. യുഎസ്, കാനഡ, യുകെ, ഓസ്‌ട്രേലിയ എന്നിവയാണ് ആദ്യ നാല് സ്ഥാനങ്ങളിൽ.

New Update
indian

ഡൽഹി: ജർമ്മനിയിലേക്ക് ഉപരിപഠനത്തിനായി എത്തുന്ന അന്താരാഷ്ട്ര വിദ്യാർത്ഥികളിൽ ഒന്നാം സ്ഥാനത്ത് ഇന്ത്യ. 43000 ഇന്ത്യൻ വിദ്യാർത്ഥികളാണ് ജർമ്മനിയിലെ വിവിധ കോളേജുകളിലും സർവ്വകലാശാലകളിലുമായി അഡ്മിഷൻ എടുത്തത്. ഏറ്റവും കൂടുതൽ വിദ്യാർത്ഥികളുടെ ഉറവിടമായിരുന്ന ചൈനയെ മറികടന്നാണ് ഇന്ത്യ ഒന്നാമതെത്തിയത്.

Advertisment

ഡൽഹിയിലെ ജർമ്മൻ എംബസിയുടെ കണക്കുകൾ പ്രകാരം, 42,578 ഇന്ത്യൻ വിദ്യാർത്ഥികളാണ് 2023ൽ ജർമ്മനിയിൽ ഉപരിപഠനത്തിനായി എത്തിയത്. കഴിഞ്ഞ അഞ്ച് വർഷത്തേതുമായി താരതമ്യം ചെയ്യുമ്പോൾ ഇരട്ടിയാണിത്. 30,137 വിദ്യാര്‍ത്ഥികളാണ് 2023ൽ ചൈനയിൽ നിന്ന് ജർമ്മനിയിൽ എത്തിയത്. സിറിയ (15,563), ഓസ്ട്രിയ (14,762), തുർക്കി (14,732) എന്നീ രാജ്യങ്ങളാണ് പിന്നിൽ.

2024-ൽ രാജ്യത്തെ ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം 45,000 ആയി ഉയരുമെന്നാണ് നിഗമനം. പാശ്ചാത്യ രാജ്യങ്ങളെ അപേക്ഷിച്ച് ജർമ്മനിയിലെ കുറഞ്ഞ വിദ്യാഭ്യാസ ചിലവാണ് ഈ കുതിച്ചുചാട്ടത്തിന് കാരണമെന്ന്, ജർമ്മൻ എംബസി ഡെപ്യൂട്ടി ഹെഡ് ഓഫ് മിഷൻ ജോർജ്ജ് എൻസ്‌വെയ്‌ലർ പറഞ്ഞു.

ജർമ്മനിയിലെ ഉന്നത വിദ്യാഭ്യാസം കൂടുതലും പൊതു ധനസഹായത്തോടെയുള്ളതാണെന്നും, വിദ്യാർത്ഥികൾ വഹിക്കേണ്ട ഏക ചെലവ് ജീവിതച്ചെലവുകളാണെന്നും, അദ്ദേഹം പറഞ്ഞു.

എഞ്ചിനീയറിംഗ് പ്രോഗ്രാമുകളിലേക്കാണ് ഏറ്റവും കൂടുതൽ പ്രവേശനം നടക്കുന്നത്. ഇതിനു പുറമേ നിയമം, മാനേജ്‌മെൻ്റ്, സോഷ്യൽ സയൻസ്, മാത്തമാറ്റിക്സ് തുടങ്ങിയ മറ്റു സ്ട്രീമുകളോടും ഇന്ത്യൻ വിദ്യാർത്ഥികൾക്ക് താൽപ്പര്യം കൂടുതലാണെന്ന്, ജോർജ്ജ് എൻസ്‌വെയ്‌ലർ കൂട്ടിച്ചേർത്തു.

4.58 ലക്ഷത്തിലധികം അന്താരാഷ്ട്ര വിദ്യാർത്ഥികൾ പഠിക്കുന്ന രാജ്യമാണ് ജർമ്മനി. ആഗോളതലത്തിൽ അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് ഏറ്റവും ജനപ്രിയമായ മൂന്നാമത്തെ രാജ്യണിത്.

ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം, മികച്ച 10 വിദേശ പഠന കേന്ദ്രങ്ങളുടെ പട്ടികയിൽ ജർമ്മനി എട്ടാം സ്ഥാനത്താണ്. യുഎസ്, കാനഡ, യുകെ, ഓസ്‌ട്രേലിയ എന്നിവയാണ് ആദ്യ നാല് സ്ഥാനങ്ങളിൽ.

 

Advertisment