Advertisment

ബിഹാറില്‍ നിന്ന് കൊല്‍ക്കത്തയില്‍ എത്തി, 'ജനകീയ' അധ്യാപകന്‍, പെട്ടെന്ന് ഒരുനാള്‍ അപ്രത്യക്ഷനായി; ആരാണ് ലളിത് ഝാ?

New Update
jha

ഡല്‍ഹി: പാര്‍ലമെന്റില്‍ അതിക്രമിച്ച് കയറി പുകയാക്രമണം നടത്തിയ കേസില്‍ അറസ്റ്റിലായ മുഖ്യസൂത്രധാരന്‍ ലളിത് ഝാ അധ്യാപകന്‍ ആയിരുന്നു എന്ന് പൊലീസ്. ബിഹാര്‍ സ്വദേശിയായ ലളിത് ഝാ കൊല്‍ക്കത്തയിലാണ് അധ്യാപകനായി ജോലി ചെയ്തിരുന്നതെന്നും പൊലീസ് പറയുന്നു.

Advertisment

കര്‍ത്തവ്യപഥ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയ പ്രതിയെ ഡല്‍ഹി പൊലീസ് സ്പെഷ്യല്‍ സെല്‍ ചോദ്യം ചെയ്ത് വരികയാണ്. സംഭവത്തിന് ശേഷം രാജസ്ഥാനില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതി. ലളിത് ഝായ്ക്കെതിരെ യുഎപിഎ ചുമത്തിയാണ് കേസെടുത്തത്.

ഭഗത് സിങ്ങിന്റെ ആശയങ്ങളില്‍ നിന്നാണ് പ്രതി പ്രചോദനം ഉള്‍ക്കൊണ്ടത്. പാര്‍ലമെന്റിന് പുറത്ത് കൂട്ടുപ്രതികള്‍ പുകയാക്രമണം നടത്തി പ്രതിഷേധിക്കുമ്പോള്‍ ലളിത് ഝാ ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു. തുടര്‍ന്ന് മീഡിയ കവറേജ് ലഭിക്കുന്നതിന് കൊല്‍ക്കത്ത ആസ്ഥാനമായുള്ള എന്‍ജിഒയുടെ സ്ഥാപകന് ദൃശ്യങ്ങള്‍ അയച്ചു കൊടുത്തതായും പൊലീസ് പറയുന്നു.

നിലാക്ഷ ഐച്ച് നടത്തുന്ന എന്‍ജിഒയുടെ ജനറല്‍ സെക്രട്ടറി കൂടിയാണ് ലളിത് ഝാ. ലളിത് ഝാ കൊല്‍ക്കത്തയില്‍ വിദ്യാര്‍ഥികളെ പഠിപ്പിച്ചിരുന്നതായി അയല്‍വാസിയായ ചായക്കടക്കാരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

'ലളിത് ഝാ ശാന്തനായിരുന്നു, അദ്ദേഹം പ്രദേശത്തെ വിദ്യാര്‍ഥികളെ പഠിപ്പിക്കുമായിരുന്നു. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് അദ്ദേഹം ഒറ്റയ്ക്ക് കൊല്‍ക്കത്തയിലെ ബുര്‍ബസാറില്‍ വന്നത്, രണ്ട് വര്‍ഷം മുമ്പ് അദ്ദേഹം പെട്ടെന്ന് പ്രദേശം വിട്ടു,'- ചായക്കടക്കാരന്‍ പറഞ്ഞു.

പാര്‍ലമെന്റ് ആക്രമണത്തിന് നേതൃത്വം നല്‍കിയത് ലളിത് ഝാ ആണെന്നാണ് പൊലീസിന്റെ നിഗമനം. സംഭവം നടക്കുന്ന സമയത്ത് പാര്‍ലമെന്റിന്റെ പുറത്ത് ഇയാള്‍ ഉണ്ടായിരുന്നു. ലളിത് ഝായും നേരത്തെ  അറസ്റ്റിലായ നാലു പേരും അടക്കം ആറുപേര്‍ ആസൂത്രണത്തില്‍ പങ്കാളികള്‍ ആയെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍.

ലോക്‌സഭയിലെ പുകയാക്രമണത്തില്‍ സാഗര്‍ ശര്‍മ, മനോരഞ്ജന്‍ എന്നിവരും, പാര്‍ലമെന്റിന് പുറത്തെ ആക്രമണത്തില്‍ നീലം, അമോല്‍ ഷിന്‍ഡെ എന്നിവരുമാണ് നേരത്തെ പിടിയിലായത്.

Advertisment