Advertisment

ഫ്രഞ്ച് നയതന്ത്രജ്ഞനുമായി അജിത് ഡോവലിന്റെ കൂടിക്കാഴ്ച; നീക്കം മാക്രോണിന്റെ സന്ദര്‍ശനത്തിന് മുന്നോടിയായി

New Update
macron

ഡല്‍ഹി: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ നയതന്ത്ര ഉപദേഷ്ടാവ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായികൂടിക്കാഴ്ച നടത്തി. റിപ്പബ്ലിക് ദിന പരിപാടിയില്‍ മുഖ്യാതിഥിയായി ഫ്രഞ്ച് പ്രസിഡന്റ് രാജ്യം സന്ദര്‍ശിക്കാനിരിക്കെയാണ് ഡല്‍ഹിയില്‍ സുപ്രധാന നയതന്ത്ര കൂടിക്കാഴ്ച നടന്നത്.

Advertisment

ഫ്രഞ്ച് നയതന്ത്ര ഉപദേഷ്ടാവ് ഇമ്മാനുവല്‍ ബോണ്‍ തന്റെ ഏകദിന സന്ദര്‍ശനത്തിനിടെ ഇന്ത്യ-ഫ്രാന്‍സ് തന്ത്രപരമായ പങ്കാളിത്തം നിലനിര്‍ത്തുന്നതിന് അനുസൃതമായി ഉഭയകക്ഷി സന്ദര്‍ശനത്തിനുള്ള ഒരുക്കത്തിന് അടിത്തറയിട്ടു.

ഉഭയകക്ഷി ബന്ധത്തിന്റെ നിരവധി നിര്‍ണായക ഘടകങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്തു. ഭാവി സാങ്കേതികവിദ്യകളില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച്, സൈബര്‍, സമുദ്രം, ബഹിരാകാശം എന്നിവയും യോഗത്തില്‍ ചര്‍ച്ചയായി.

കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ജനുവരി 26 ന് നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം ഇമ്മാനുവല്‍ മാക്രോണ്‍ സ്വീകരിച്ചത്.

'എന്റെ പ്രിയ സുഹൃത്ത്' എന്ന് മോദിയെ എക്‌സില്‍ വിശേഷിപ്പിച്ച അദ്ദേഹം ക്ഷണത്തിന് നന്ദി പറഞ്ഞിരുന്നു. 'നിങ്ങള്‍ക്കൊപ്പം ആഘോഷിക്കാന്‍ ഞാന്‍ ഇവിടെ ഉണ്ടാകും!', എന്നായിരുന്നു അദ്ദേഹം എക്സില്‍ എഴുതിയത്.

പിന്നാലെ '75-ാമത് റിപ്പബ്ലിക് ദിനത്തില്‍ നിങ്ങളെ മുഖ്യാതിഥിയായി സ്വീകരിക്കാന്‍ ഞങ്ങള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നു. ഇന്ത്യ-ഫ്രാന്‍സ് തന്ത്രപരമായ പങ്കാളിത്തവും ജനാധിപത്യ മൂല്യങ്ങളില്‍ പങ്കിട്ട വിശ്വാസവും ഞങ്ങള്‍ ആഘോഷിക്കും' എന്ന് ഫ്രഞ്ച് പ്രസിഡന്റിനെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി എക്സില്‍ കുറിച്ചു. 

കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ പ്രധാനമന്ത്രി മോദി ഫ്രാന്‍സിലെ ബാസ്റ്റില്‍ ഡേ ആഘോഷങ്ങളില്‍ വിശിഷ്ടാതിഥിയായി പങ്കെടുത്തിരുന്നു. ഫ്രാന്‍സിന്റെ ദേശീയ ദിനമായാണ് ബാസ്റ്റില്‍ ദിനം ആഘോഷിക്കുന്നത്. എല്ലാ വര്‍ഷവും ജൂലൈ 14 ന് ഇത് ആഘോഷിക്കുന്നു. 

Advertisment