Advertisment

പാര്‍ലമെന്റില്‍ നിന്ന് പുറത്ത്: മഹുവ മൊയ്ത്രയുടെ ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍

New Update
mahua moitra fail.jpg

ഡല്‍ഹി: പാര്‍ലമെന്റില്‍ നിന്ന് പുറത്താക്കിയത് ചോദ്യം ചെയ്ത് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര സമര്‍പ്പിച്ച ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ചോദ്യങ്ങള്‍ ചോദിക്കാന്‍ കോഴ വാങ്ങിയെന്ന ആരോപണത്തിലെ എത്തിക്‌സ് കമ്മറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മഹുവയുടെ ലോക്‌സഭയിൽ നിന്ന് പുറത്താക്കിയത്.

Advertisment

മഹുവ തന്റെ ലോക്സഭാ പോര്‍ട്ടല്‍ ലോഗിന്‍ ക്രെഡന്‍ഷ്യലുകള്‍ ബിസിനസുകാരനായ ദര്‍ശന്‍ ഹിരാനന്ദാനിയുമായി പങ്കിട്ടുവെന്നും കമ്മറ്റി കണ്ടെത്തിയിരുന്നു. ഹിരാനന്ദാനിയില്‍ നിന്ന് പണവും മറ്റ് പാരിതോഷികങ്ങളും സ്വീകരിച്ച മഹുവ തന്റെ പേരില്‍ ചോദ്യങ്ങള്‍ അപ്‌ലോഡ് ചെയ്യാന്‍ വ്യവസായിയെ അനുവദിച്ചെന്നാണ് വാദം.

ഹിരാനന്ദാനിയുടെ നിർദേശപ്രകാരം അദാനി ഗ്രൂപ്പിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ലക്ഷ്യമിട്ടാണ് മൊയ്ത്ര ലോക്‌സഭയിൽ ചോദ്യങ്ങൾ ചോദിച്ചതെന്നാണ് ദുബെ ആരോപിച്ചത്. ബിജെപി എംപി നിഷികാന്ത് ദുബെയാണ് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയോട് ഇക്കാര്യം ആദ്യം ഉന്നയിച്ചത്. 

ഡിസംബര്‍ 8-ന് ആണ് എത്തിക്‌സ് കമ്മറ്റി റിപ്പോര്‍ട്ട് പാര്‍ലമെന്റിന്റെ മേശപ്പുറത്ത് വെച്ചത്. പിന്നാലെ കമ്മറ്റിയുടെ റിപ്പോര്‍ട്ടിലെ ശുപാര്‍ശ പ്രകാരം മഹുവയെ എംപി സ്ഥാനത്ത് നിന്ന് പുറത്താക്കി. ഇതോടെ പ്രതിപക്ഷം വലിയ പ്രതിഷേധം സഭയില്‍ നടത്തി.

ഇതിനിടെ എത്തിക്‌സ് കമ്മിറ്റിയുടെ നടപടി തെളിവില്ലാതെയാണെന്നും പ്രതിപക്ഷത്തെ തകർക്കാനുള്ള ആയുധമാണെന്നും മഹുവ ആരോപിച്ചു. കമ്മറ്റി റിപ്പോര്‍ട്ട് അവതരിപ്പിച്ചപ്പോള്‍ സഭയില്‍ സ്വയം പ്രതിരോധിക്കാന്‍ അവസരം ലഭിച്ചില്ല.

തന്റെ മുന്‍ പങ്കാളിയും സുപ്രീം കോടതി അഭിഭാഷകനുമായ ജയ് അനന്ത് ദേഹാദ്രായിയെയും ബിജെപി എംപി നിഷികാന്ത് ദുബെയെയും ക്രോസ് വിസ്താരം ചെയ്യാന്‍ തനിക്ക് കഴിഞ്ഞില്ലെന്നും അവര്‍ പറഞ്ഞു. എത്തിക്‌സ് പാനൽ റിപ്പോർട്ട് രണ്ട് സ്വകാര്യ വ്യക്തികളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണെന്നും അവരുടെ ആരോപണങ്ങൾ പരസ്പര വിരുദ്ധമാണെന്നും മഹുവ വ്യക്തമാക്കിയിരുന്നു.

ജയ് അനന്ത് ദേഹാദ്രായി ദുരുദ്ദേശ്യങ്ങൾക്കായി എത്തിക്‌സ് കമ്മിറ്റിക്ക് മുന്നിൽ ഒരു സാധാരണ പൗരനായി അഭിനയിച്ചെന്നും അവർ ആരോപിച്ചു.

Advertisment