Advertisment

കെ സി വേണുഗോപാൽ സ്വന്തം പാർട്ടിയിലേക്കാണ് നോക്കേണ്ടത്; പിണറായി വിജയന് ബിജെപിയുമായി ബന്ധമുണ്ടെന്ന് നുണ പറയുന്നുവെന്ന് യെച്ചൂരി

ജയിലും അറസ്റ്റും കണ്ട് ഭയപ്പെടുന്നവരല്ല ഇടതുപക്ഷം. പിണറായി വിജയൻ അടിയന്തരാവസ്ഥക്കാലത്ത് 18 മാസം ജയിലിൽ കിടന്ന ആളാണ്. അതുകൊണ്ട് തന്നെ തങ്ങളെ പേടിപ്പിക്കാൻ നോക്കണ്ടായെന്നും യെച്ചൂരി പറഞ്ഞു.

New Update
sitharam yechuri latest.jpg

ഡൽഹി: മുഖ്യമന്ത്രി പിണറായി വിജയന് ബിജെപിയുമായി ബന്ധമുണ്ടെന്ന് നുണ പറയുന്നുവെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ജനങ്ങൾ ഇതെല്ലാം കാണുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Advertisment

ലോക്സഭ തിരഞ്ഞെടുപ്പ് വെറും സാധാരണ തിരഞ്ഞെടുപ്പല്ല, ജനാധിപത്യവും മതേതരത്വവും നിലനിൽക്കണോ എന്ന് തീരുമാനിക്കേണ്ട തിരഞ്ഞെടുപ്പാണ്. ബിജെപിയെ താഴെയിറക്കാൻ എല്ലാ മതേതര ജനാധിപത്യ ശക്തികളും ഒരുമിക്കണം. എന്നാൽ കേരളത്തിൽ മുഖ്യമന്ത്രിയെ ഉന്നംവെച്ച് കോൺഗ്രസ് ആക്രമിക്കുന്ന സാഹചര്യമാണുള്ളത്.

അവരുടെ ലക്ഷ്യം ബിജെപിയല്ല മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രിയെ ആക്രമിക്കുന്നത് ദൗർഭാഗ്യകരമാണ്. മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് നയിക്കുന്നയാളാണ്. ബിജെപി നടപടികളെ ശക്തമായി അപലപിച്ചിട്ടുളള നേതാവാണ് പിണറായിയെന്നും യെച്ചൂരി ചൂണ്ടിക്കാണിച്ചു.

മതേതര രാജ്യത്തെ ഹിന്ദുത്വ മതരാഷ്ട്രമാക്കാൻ ബിജെപി ശ്രമിക്കുകയാണ്. അതു കൊണ്ട് തന്നെ അവർക്കെതിരെ ശബ്ദം ഉയർത്തുന്ന പ്രതിപക്ഷത്തെ ഇല്ലാതാക്കാനും ബിജെപി ശ്രമം നടത്തുകയാണ്. ഭരണഘടനയെ തകർക്കാനും ബിജെപി ശ്രമിക്കുകയാണ്. അതിനെ നേരിടുക എന്നതാണ് പ്രധാനം എന്നും യെച്ചൂരി പറഞ്ഞു.

കേരളം കടന്നാൽ ഇന്ത്യ സഖ്യത്തിൻ്റെ ഭാഗമാണ് കോൺഗ്രസ്. ബിജെപിയെ കഴിഞ്ഞ അഞ്ച് വർഷം നയപരമായി എതിർത്തത് സിപിഐഎമ്മാണ്. ഏതെങ്കിലും കോൺഗ്രസ് നേതാവ് പരസ്യമായി പൗരത്വ ഭേദഗതി നിയമത്തെ എതിർത്തിട്ടുണ്ടോ എന്നും അദ്ദേഹം ചോ​ദിച്ചു.

പൗരത്വം മതത്തിൻ്റെ അടിസ്ഥാനത്തിൽ നൽകേണ്ടതല്ല എന്നതാണ് ഇടതുപക്ഷത്തിൻ്റെ നയം. പൗരത്വ വിഷയത്തിൽ കോടതിയിൽ പോയതും സമരം ചെയ്തതതും സിപിഐഎമ്മാണ്. എന്നിട്ടാണ് ഇപ്പോൾ കള്ളം പറയുന്നതെന്നും ജനങ്ങൾ ഇതെല്ലാം കാണുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ യുഡിഎഫിന് കൊടുക്കുന്ന വോട്ട് നാളെ ബി‍ജെപി‌ക്ക് കൊടുക്കുന്ന വോട്ടാകും. കോൺഗ്രസിലെ സച്ചിൻ പൈലറ്റ് ഒഴികെയുള്ള എല്ലാ യുവനേതാക്കളും ബിജെപിയിൽ പോയി. സിപിഐഎം അടക്കമുള്ള ഇടത് പാർട്ടികൾ മാത്രമാണ് അവസരവാദ രാഷ്ട്രീയത്തിന് പിന്നാലെ പോകാത്തത്.

വിശ്വസിക്കാവുന്ന പാർട്ടിയാണ് കമ്മ്യൂണിസ്റ്റ് പാർട്ടി. അതുകൊണ്ട് ആലപ്പുഴയിൽ സിപിഐഎമ്മിനെ തിരഞ്ഞെടുക്കുന്നതാണ് ഉചിതമെന്നും യെച്ചൂരി പറഞ്ഞു. അറസ്റ്റും ജയിലും ഭയന്ന് ബിജെപിയിലേക്ക് പോകുന്നവരാണ് കോൺഗ്രസുകാർ. പിണറായിയെ എന്തുകൊണ്ട് അറസ്റ്റു ചെയ്യുന്നില്ല എന്ന് കോൺഗ്രസ് ചോദിക്കുന്നു.

ജയിലും അറസ്റ്റും കണ്ട് ഭയപ്പെടുന്നവരല്ല ഇടതുപക്ഷം. പിണറായി വിജയൻ അടിയന്തരാവസ്ഥക്കാലത്ത് 18 മാസം ജയിലിൽ കിടന്ന ആളാണ്. അതുകൊണ്ട് തന്നെ തങ്ങളെ പേടിപ്പിക്കാൻ നോക്കണ്ടായെന്നും യെച്ചൂരി പറഞ്ഞു.

കെ സി വേണുഗോപാൽ സ്വന്തം പാർട്ടിയിലേക്കാണ് നോക്കേണ്ടത്. മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യാതെ ഒഴിവാക്കുന്നത് എന്താണെന്ന ചോദ്യം ഉയർത്തുകയാണ് കെസി വേണുഗോപാൽ ചെയ്യുന്നതെന്നും അ​ദ്ദേഹം പറഞ്ഞു. ഒഴിവാക്കി എന്ന് പറയുമ്പോൾ അറസ്റ്റ് ചെയ്യില്ല എന്നാണ് അർത്ഥമാക്കുന്നത്. അത് ജനങ്ങൾക്ക് മനസിലാക്കും.

പിന്നെയും ഇത് തന്നെ ചോദിച്ചു കൊണ്ടിരിക്കുകയാണ് പ്രതിപക്ഷമെന്നും യെച്ചൂരി പറഞ്ഞു. കേരളത്തിന് പുറത്ത് സിപിഐഎം നേതാക്കൾ ബിജെപിയിൽ ചേരുന്നു എന്നത് മാധ്യമ പ്രചാരണം മാത്ര‌മാണ്.

ബംഗാളിലും ത്രിപുരയിലും കേന്ദ്ര -സംസ്ഥാന സർക്കാരുകൾ തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു. സത്യസന്ധമായി തിരഞ്ഞെടുപ്പ് നടന്നാൽ ഇടതുപക്ഷത്തിന് നേട്ടമുണ്ടാകും എന്നും യെച്ചൂരി പറഞ്ഞു.

Advertisment