മുംബൈ: ക്രിക്കറ്റ് കളിക്കുന്നതിനിടെ ജനനേന്ദ്രിയത്തില്‍ പന്തുതട്ടി പതിനൊന്നുകാരന് ദാരുണാന്ത്യം. കൂട്ടുകാരുമൊത്ത് ക്രിക്കറ്റ് കളിക്കവെ ശൗര്യ എന്ന കുട്ടിയാണ് ജനനേന്ദ്രിയത്തില്‍ പന്തുതട്ടി മരിച്ചത്. ബാറ്റ്സ്മാന്‍ അടിച്ചുവിട്ട പന്ത് ശൗര്യയുടെ ജനനേന്ദ്രിയത്തിലേക്ക് പാഞ്ഞുകയറുകയായിരുന്നു. സി.സി.ടിവി ദൃശ്യങ്ങളില്‍ കുട്ടിയുടെ ശരീരത്തില്‍ പന്ത് വന്ന് ഇടിക്കുന്നതും കുട്ടി നിലത്ത് വീഴുന്നതും കാണാം.
മഹാരാഷ്ട്രയിലെ പൂനെയിലാണ് സംഭവം. പ്രദേശത്ത് കൂട്ടുകാര്‍ക്കൊപ്പം ക്രിക്കറ്റ് കളിക്കുകയായിരുന്നു ശൗര്യ. ശൗര്യ പന്ത് ചെയ്യുന്നതിനിടെ ബാറ്റ്സ്മാന്‍ അടിക്കുകയായിരുന്നു. എന്നാല്‍ മറ്റ് ദിശകളിലേക്ക് പോകാതെ പന്ത് നേരെ ശക്തിയോടെ ശൗര്യയുടെ സ്വകാര്യ ഭാഗത്ത് ഇടിക്കുകയായിരുന്നു. ഉടന്‍ തന്നെ കുട്ടി നിലത്ത് കുഴഞ്ഞു വീഴുകയായിരുന്നു.
സുഹൃത്തുക്കള്‍ ഉടന്‍ തന്നെ ശൗര്യയുടെ അടുത്തെത്തി പ്രാഥമിക ശുശ്രൂഷ നല്‍കി. തുടര്‍ന്ന് ശൗര്യയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു.