Advertisment

മുംബൈ പോലീസ് ചമഞ്ഞ് തട്ടിപ്പ്; കൊല്ലം സ്വദേശിക്ക് നഷ്ടമായത് 40 ലക്ഷം രൂപ

New Update
cybercrime delhi

മുംബൈ: സൈബർ ക്രമിനലുകളുടെ തട്ടിപ്പിനിരയായി കൊല്ലം സ്വദേശിക്ക് 40 ലക്ഷം രൂപ നഷ്ടമായി. മുബൈ പൊലീസിന്റെ സൈബർ വിംഗ് ഉദ്യോഗസ്ഥരെന്ന വ്യാജേനയാണ് തട്ടിപ്പുകാർ മലയാളിയുടെ പണം കൈക്കലാക്കിയത്.

Advertisment

ഇയാൾ മുംബൈയിൽ നിന്ന് തായ്‌ലൻഡിലേക്ക് അയച്ച പാഴ്‌സൽ മുംബൈ പോലീസ് പിടിച്ചെടുത്തുവെന്ന് പറഞ്ഞുകൊണ്ടുള്ള ഒരു പ്രശസ്ത കൊറിയർ കമ്പനിയുടെ ഉപഭോക്തൃ സേവന പ്രതിനിധിയുടെ ഫോൺ കോളിൽ നിന്നുമാണ് തട്ടിപ്പ് ആരംഭിച്ചതെന്ന് കേരള പോലീസ് പറഞ്ഞു.

തട്ടിപ്പിനിരയായ വ്യക്തിയുടെ സ്വകാര്യ രേഖകളായ പാസ്‌പോർട്ട്, ക്രെഡിറ്റ് കാർഡ്, ലാപ്‌ടോപ്പ് എന്നിവയ്‌ക്കൊപ്പം എംഡിഎംഎ ഉൾപ്പെടെയുള്ള നിരോധിത വസ്തുക്കളും പാർസലിൽ അടങ്ങിയിട്ടുണ്ടെന്ന് വിളിച്ചയാൾ അറിയിച്ചു. 

സാഹചര്യം ഗുരുതരമാണെന്ന് ഇയാളെ ബോധിപ്പിക്കുന്നതിനായി വിളിച്ചയാൾ ഇരയെ മുംബൈ പോലീസിലെ സൈബർ ക്രൈം സെല്ലിലെ മുതിർന്ന പോലീസ് ഓഫീസർമാരുമായി ബന്ധിപ്പിക്കുകയാണെന്ന് പറഞ്ഞു.

ഇയാളുടെ ആധാർ നമ്പർ ഉപയോഗിച്ചാണ് തീവ്രവാദ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട അക്കൗണ്ടുകൾ സൃഷ്ടിച്ചതെന്ന് പറഞ്ഞ് ഈ തട്ടിപ്പുകാർ ഇരയുടെ മനസ്സിൽ ഭയം വളർത്തിയെടുത്തുവെന്ന് കേരള പോലീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

കൂടുതൽ ആശയവിനിമയത്തിനായി സ്കൈപ്പ് ഇൻസ്റ്റാൾ ചെയ്യാൻ നിർദ്ദേശിച്ച്, അയാളുടെ ബാങ്ക് അക്കൗണ്ടിന്റേയും അതിലെ പണത്തിന്റേയും വിശദാംശങ്ങൾ ഉൾപ്പെടെയുള്ള തന്ത്രപ്രധാനമായ സാമ്പത്തിക വിവരങ്ങൾ കൈക്കലാക്കി.

തട്ടിപ്പുകാരുടെ വാക്കുകളിൽ നിന്നും ഭയപ്പെട്ട ഇയാൾ സമ്മർദ്ദത്തിന് വഴങ്ങി തട്ടിപ്പുകാർ പറഞ്ഞ അക്കൗണ്ടിലേക്ക് 40,30,000 രൂപ ട്രാൻസ്ഫർ ചെയ്യുകയും ചെയ്തു, എന്നാൽ താൻ ഒരു ഓൺലൈൻ തട്ടിപ്പിന് ഇരയായെന്ന് പിന്നീടാണ് മനസ്സിലായത്. 

സംഭവത്തിൽ കൊല്ലം ഈസ്റ്റ് പോലീസ് അന്വേഷണം ആരംഭിച്ചു. ഓൺലൈൻ സാമ്പത്തിക തട്ടിപ്പിന് ഇരയായവർ നഷ്ടപ്പെട്ട പണം വീണ്ടെടുക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതിന് 'സുവർണ്ണ മണിക്കൂറിനുള്ളിൽ' (സംഭവം നടന്ന് ഒരു മണിക്കൂറിനുള്ളിൽ) ഇത്തരം കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യാൻ സംസ്ഥാന പോലീസ് ആസ്ഥാനം അഭ്യർത്ഥിച്ചു.

Advertisment