Advertisment

മോഹൻലാലിനെ ആരാധിക്കുന്ന ഒരു നാടിന്റെ കഥ പറയുന്ന 'സുവർണ്ണപുരുഷൻ'. 'ദേവാസുര'ത്തിനു ശേഷം ശക്തമായ കഥാപാത്രവുമായി ഇന്നസെന്റ്

New Update

publive-image

Advertisment

2016 ഒക്ടോബർ 7 ന് റിലീസാവുകയും, കളക്ഷന്റെ കാര്യത്തിലടക്കം ഒട്ടേറെ പഴയ കാല റെക്കോർഡുകൾ തകർക്കുകയും ചെയ്ത, മോഹൻലാൽ നായകനായ "പുലിമുരുകൻ" എന്ന ചിത്രത്തിന്റെ റിലീസ് ദിവസം കേരളത്തിലെ ഒരു ചെറിയ പട്ടണത്തിലെ തിയ്യേറ്ററിൽ നടക്കുന്ന കാര്യങ്ങളും, അതിനെ തുടർന്നുണ്ടാവുന്ന രസകരമായ സംഭവങ്ങളും കോർത്തിണക്കിക്കൊണ്ട്, ജെ എൽ ഫിലിംസിന്റെ നിർമ്മാണത്തിൽ സുനിൽ പൂവേലി സംവിധാനം ചെയ്ത് പുറത്തിറക്കിയിട്ടുള്ള ചിത്രമാണ് ''സുവർണ്ണപുരുഷൻ".

മോഹൻലാൽ ഇല്ലാത്ത ഒരു മോഹൻലാൽ ചിത്രം... ലാലേട്ടനെ ഇഷ്ടപ്പെടുന്നവർക്കും ആരാധിക്കുന്നവർക്കും രണ്ടു മണിക്കൂർ നേരത്തെ ഒരു ചാകര കൊയ്ത്ത്.... വിനോദത്തിനു വേണ്ടി തിയ്യേറ്ററുകളിൽ എത്തുന്നവർക്കാകട്ടെ ഒരു അടിപൊളി എന്റർടെയ്നർ.....

"സുവർണ്ണപുരുഷൻ" എന്ന സിനിമയെ കുറിച്ചുള്ള അഭിപ്രായം മൊത്തത്തിൽ ഇങ്ങനെ മൂന്നു വാചകങ്ങളിൽ ഒതുക്കാം.

publive-image

ഇരിങ്ങാലക്കുട എന്ന കൊച്ചു പട്ടണത്തിലെ "മേരിമാതാ" എന്ന തിയ്യേറ്ററിന്റെ ഉടമസ്ഥ (ലെന) മോഹൻലാൽ എന്ന നടന്റെ ഒരു കടുത്ത ആരാധിക കൂടിയാണ്.

ലാലേട്ടന്റെ "പുലിമുരുകൻ" എന്ന സൂപ്പർ ഹിറ്റ് സിനിമ തന്റെ തിയ്യേറ്ററിൽ റിലീസ് ചെയ്യാൻ പോകുന്നതിന്റെ ത്രില്ലിലാണ് അവർ. റപ്പായിച്ചേട്ടനാണ് (ഇന്നസെന്റ്) ആ തിയ്യേറ്ററിലെ പ്രൊജക്റ്റ് ഓപ്പറേറ്റർ.

അയാളും ഒരു കടുത്ത മോഹൻലാൽ ആരാധകനാണ്. ഈ സിനിമ റിലീസാവുന്ന ദിവസമാണ് റപ്പായിച്ചേട്ടൻ സർവ്വീസിൽ നിന്നും സ്വയം പെൻഷൻ പറ്റാൻ തീരുമാനിക്കുന്നത്. തന്റെ ശിഷ്യനായ ഈനാശു (ശ്രീജിത്ത് രവി) എന്ന പുതിയ പ്രൊജക്റ്റ് ഓപ്പറേറ്റർക്കു വേണ്ടിയുള്ള ഒരു ത്യാഗമായിരുന്നു അതെന്ന് നമുക്ക് പിന്നെയാണ് മനസ്സിലാവുന്നത്.

publive-image

മോഹൻലാലിന്റെ "മഞ്ഞിൽ വിരിഞ്ഞ പൂക്കൾ" റിലീസായ ദിവസം തൊട്ട് ''ലാലേട്ടൻ ഒരു സൂപ്പർ സ്റ്റാറാകും'' എന്ന് പറഞ്ഞു നടക്കുന്ന കുമാരേട്ടനാണ് (കലിംഗ ശശി) ആ തിയ്യേറ്ററിലെ കാൻറീൻ നടത്തുന്നത്.

''പുലിമുരുകന്റെ'' റിലീസ് തനിക്കു തന്നെ കിട്ടും എന്നു സ്വപ്നം കണ്ടു നടന്നിരുന്ന തൊട്ടടുത്തുള്ള തിയ്യേറ്ററുടമയായ കോമ്പാറ പോളിയും (ശിവജി ഗുരുവായൂർ), അയാളുടെ ശിങ്കിടിയായ കീരിക്കാടനു(പി ആർ ജിജോയ്) മാണ് മറ്റു പ്രധാന കഥാപാത്രങ്ങൾ.

വിവാഹം പോലും കഴിക്കാതെ സിനിമയെക്കുറിച്ചും, ലാലേട്ടനെ കുറിച്ചും മാത്രം ചിന്തിച്ച് ജീവിച്ചിരുന്ന റപ്പായിച്ചേട്ടൻ, ''പുലിമുരുകന്റെ" റിലീസ് ദിവസം തിയ്യേറ്ററിൽ നിന്ന് പോന്നതിനു ശേഷം, അയാളുടെ ജീവിതത്തിലും ആ നാട്ടിലും സംഭവിക്കുന്ന രസകരവും, അത്യന്തം ആവേശകരവുമായ സംഭവങ്ങളാണ് "സുവർണ പുരുഷന്റെ" ഇതിവൃത്തം.

ഒരു നിമിഷം പോലും പ്രേക്ഷകരെ ബോറടിപ്പിക്കാത്ത തരത്തിൽ ഈ സിനിമയെ മുന്നോട്ടു കൊണ്ടുപോകാനുള്ള സംവിധായകന്റെ ശ്രമം വിജയം കണ്ടു എന്നു വേണം കരുതാൻ. "പുലിമുരുകന്റെ'' ആദ്യ പ്രദർശനത്തിന് എത്തുന്നതു മുഴുവൻ ലാലേട്ടന്റെ കട്ട ഫാൻസാണ്.

അവർക്ക് ലാലേട്ടനോടുള്ള സ്നേഹവും, ആരാധനയും, അതിലേറെ നന്മയുമാണ് ഈ ചിത്രത്തിലൂടെ സംവിധായകൻ പറയാൻ ശ്രമിക്കുന്നത്. മൊത്തം ലാലേട്ടൻ എന്ന വികാരം വളരെ തീവ്രമായ സ്നേഹത്തിലൂടെ പ്രകടമാക്കാൻ ഒരു പരിധി വരെ സംവിധായകനും ഇതിലെ കഥാപാത്രങ്ങൾക്കും കഴിഞ്ഞിട്ടുണ്ട് എന്ന കാര്യത്തിൽ സംശയമില്ല.

publive-image

"ദേവാസുര"ത്തിലെ വാര്യരെ കഴിഞ്ഞാൽ, അല്ലെങ്കിൽ വാര്യർക്കൊപ്പം നിൽക്കുന്ന ഒരു കഥാപാത്രമാണ് ഇന്നസെന്റിന്റെ റപ്പായിച്ചേട്ടൻ. മോഹൻലാൽ എന്ന നടനോടുള്ള ആരാധനയേക്കാൾ, സ്നേഹവും വാത്സല്യവും തുളുമ്പി നിൽക്കുന്ന റപ്പായി എന്ന കഥാപാത്രത്തെ ഇന്നസെന്റ് അതിഗംഭീരമാക്കി എന്നു പറയാതെ വയ്യ.

അഭിനയത്തിന്റെ കാര്യത്തിൽ ചില പ്രതിഭകളുടെ മിന്നലാട്ടം നമുക്ക് ഈ ചിത്രത്തിൽ കാണാം.

ഈനാശുവിനെ അവതരിപ്പിക്കുന്ന ശ്രീജിത്ത് രവി, വെങ്കിടി എന്ന അന്ധനായ കഥാപാത്രത്തെ അനശ്വരനാക്കിയ മനു, സലിം അഹമ്മദ് എന്ന കടുത്ത മോഹൻലാൽ ആരാധകന് ജീവൻ പകർന്ന സാം മോഹൻ, കീരിക്കാടൻ എന്ന വില്ലൻ കഥാപാത്രമായി ജീവിച്ച പി ആർ ജിജോയ്‌, ഫാൻസ് അസോസിയേഷൻ നേതാവായി വന്ന കലാഭവൻ ജോഷി, നാടൻ പാട്ടുമായി വരുന്ന രാജേഷ് തംബുരു എന്നിവർ മലയാള സിനിമയുടെ ഭാവി വാഗ്ദാനങ്ങളാണ്.

പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ സംഭാവനയായ സുനിൽ പൂവേലിയാണ് ഇതിന്റെ കഥയും, സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്.

ഒരു കന്നിക്കാരനെന്ന് പ്രേക്ഷകർക്ക് ഒരിക്കലും തോന്നാത്ത തരത്തിൽ സംഭവങ്ങളെ പ്രേക്ഷകർക്കിഷ്ടപ്പെടുന്ന വിധത്തിൽ കോർത്തിണക്കിക്കൊണ്ട് മുന്നോട്ടു കൊണ്ടു പോകുന്നതിൽ സുനിൽ പൂവേലി വിജയിച്ചു എന്നു തന്നെ വേണം പറയാൻ. വരും നാളുകളിൽ മലയാള സിനിമയ്ക്ക് ലഭിക്കാൻ പോകുന്ന കരുത്തനായ ഒരു സംവിധായകനെ നമുക്ക് ഇവിടെ കാണാൻ കഴിയും.

publive-image

"സുവർണ പുരുഷനു" വേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നത് ഷിജു എം ഭാസ്ക്കറാണ്. പ്രേക്ഷക മനസ്സുകളിൽ പതിയുന്ന വിധത്തിലുള്ള ഒട്ടേറെ രംഗങ്ങൾ ഒപ്പിയെടുക്കാൻ ഷിജുവിനു കഴിഞ്ഞിട്ടുണ്ട്.

വിഷ്ണു വേണുഗോപാലിന്റെ എഡിറ്റിംഗാണ് എടുത്തു പറയേണ്ട മറ്റൊരു

സവിശേഷത. കലാഭവൻ മണികണ്ഠനും ദേജാവു ബാൻഡും രചിച്ച വരികൾക്ക് ശ്രവണസുന്ദരമായി ഈണം പകർന്ന നിഖിൽ പ്രഭ തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു.

മാഫിയാ ശശിയുടെ കിടിലൻ സംഘട്ടന രംഗങ്ങൾ പ്രേക്ഷകർക്ക് ഇഷ്ടപ്പെടാതിരിക്കില്ല. മേക്കപ്പ് ജിതേഷ് പൊയ്യയും, കലാസംവിധാനം സുനിൽ ലാവണ്യയും, പ്രൊഡക്ഷൻ കൺട്രോൾ ഷിന്റോ ഇരിങ്ങാലക്കുടയുമാണ് കൈകാര്യം ചെയ്തിരിക്കുന്നത്.

ജെ എൽ ഫിലിംസിനു വേണ്ടി ലിറ്റി ജോർജ്ജും ജീസ് ലാസറും ചേർന്ന് നിർമ്മിച്ച "സുവർണ പുരുഷൻ" പ്രേക്ഷകരെ ലവലേശം ബോറടിപ്പിക്കാത്ത ഒരു മുഴുനീള എൻറർടെയിനറാണ് എന്ന് നിസ്സംശയം പറയാം.

 

mohanlal malayala cinema
Advertisment