Advertisment

അണക്കെട്ടുകളുടെ സുരക്ഷയ്ക്ക് 3466 കോടി രൂപയുടെ അനുമതി നല്‍കി കേന്ദ്ര സര്‍ക്കാര്‍; മുല്ലപ്പെരിയാറിനെ ഒഴിവാക്കി

New Update

കോട്ടയം: രാജ്യത്തെ അണക്കെട്ടുകളുടെ സുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച ഡ്രിപ്പ്(ഡാം റിഹാബിലിറ്റേഷന്‍ ആന്‍ഡ് ഇംപ്രൂവ്‌മെന്റ് പ്രോജക്ട്) പദ്ധതിക്കായി കേന്ദ്ര സര്‍ക്കാര്‍ 3466 കോടി രൂപയുടെ അനുമതി നല്‍കിയെങ്കിലും 120 വര്‍ഷത്തിലേറെ പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ട് ഇതിലില്ല. കേരളത്തിന്റെയോ തമിഴ്‌നാടിന്റെയോ ഭാഗത്ത് നിന്ന് ഇതു സംബന്ധിച്ച് അപേക്ഷ ലഭിച്ചിട്ടില്ലെന്ന് കേന്ദ്ര ജല കമ്മിഷന്‍ അറിയിച്ചു. അതേസമയം മുല്ലപ്പെരിയാറില്‍നിന്നുള്ള വെള്ളം സംഭരിച്ച് ലോവര്‍ പെരിയാറിലേക്ക് ഒഴുക്കുന്ന ഫോര്‍ബേ ഡാം തമിഴ്‌നാട് ഡ്രിപ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതു ബലപ്പെടുത്തി കൂടുതല്‍ വെള്ളം സംഭരിക്കാനുള്ള നീക്കമാണ് തമിഴ്‌നാടിന്റേത്.

Advertisment

publive-image

മുല്ലപ്പെരിയാര്‍ ഡ്രിപ്പില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടാല്‍ അതു ഡാമിന് ബലക്ഷയമില്ലെന്ന തങ്ങളുടെ വാദത്തിനു തിരിച്ചടിയാകുമെന്ന ആശങ്കയാണ് തമിഴ്‌നാടിനെ ഇതില്‍നിന്നു പിന്തിരിപ്പിക്കുന്നത്. അതേസമയം മുല്ലപ്പെരിയാര്‍ അണക്കെട്ടിനു ബലക്ഷയമുണ്ടെന്നു വാദിക്കുന്ന കേരള സര്‍ക്കാരാകട്ടെ ഇക്കാര്യത്തിലും കാഴ്ചക്കാരുടെ വേഷം തന്നെയാണ് എടുത്തണിയുന്നത്. അണക്കെട്ടിന്റെ അറ്റകുറ്റപ്പണികളുടെ ചുമതല തമിഴ്‌നാടിനാണെന്ന വാദമാണ് ബന്ധപ്പെട്ട അധികൃതര്‍ ഉന്നയിക്കുന്നത്.

വിവിധ സംസ്ഥാനങ്ങളിലെ 198 അണക്കെട്ടുകളുടെ അറ്റകുറ്റപ്പണികള്‍ക്കും നവീകരണത്തിനും വേണ്ടി നടപ്പാക്കുന്ന ഡാം റിഹാബിലിറ്റേഷന്‍ ആന്‍ഡ് ഇംപ്രൂവ്‌മെന്റ് പ്രോജക്ടിനു വേണ്ടിയാണു പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ മന്ത്രിസഭാ സമിതി 3466 കോടി രൂപ അനുവദിച്ചത്. ലോകബാങ്കിന്റെ സഹായത്തോടെയാണു പദ്ധതി നടപ്പാക്കുന്നത്.

മുല്ലപ്പെരിയാര്‍ അണക്കെട്ട് ഡ്രിപ് പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നു കേരളമോ തമിഴ്‌നാടോ ആവശ്യപ്പെട്ടിട്ടില്ലെന്ന് കേന്ദ്ര ജല കമ്മിഷനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡാം സേഫ്റ്റി മോണിറ്ററിങ് ഡയറക്ടറേറ്റ് വ്യക്തമാക്കി. ഏതെങ്കിലും അണക്കെട്ട് ഡ്രിപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെങ്കില്‍ അണക്കെട്ടിന്റെ ഉടമയോ സംസ്ഥാന സര്‍ക്കാരോ ആവശ്യപ്പെടണമെന്നാണ് വ്യവസ്ഥ. ഇത്തരത്തില്‍ അപേക്ഷ ലഭിക്കാത്ത സാഹചര്യത്തില്‍ ജലകമ്മിഷന് വിഷയത്തില്‍ ഇടപെടാന്‍ കഴിയില്ലെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.

Advertisment