Advertisment

ദേവികുളം എംഎല്‍എ എസ് രാജേന്ദ്രനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്; നടപടി സ്‌പെഷ്യല്‍ ട്രിബ്യൂണല്‍ കോടതിയില്‍ എംഎല്‍എയും കൂട്ടരും അതിക്രിച്ചു കടന്ന സംഭവത്തില്‍

New Update

മൂന്നാര്‍: മൂന്നാര്‍ ട്രിബ്യൂണല്‍ കെട്ടിടത്തില്‍ അതിക്രമിച്ച് കയറിയ സംഭവത്തില്‍ ദേവികുളം എംഎല്‍എ എസ്.രാജേന്ദ്രനും തഹസില്‍ദാര്‍ക്കുമെതിരെ പൊലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. എംഎല്‍എയെ ഒന്നാം പ്രതിയും തഹസില്‍ദാറെ രണ്ടാം പ്രതിയുമാക്കിയാണ് കേസ് എടുത്തിരിക്കുന്നത്. ഇരുവര്‍ക്കുമെതിരെ സബ് കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

Advertisment

publive-image

ഇന്നലെയാണ് എംഎല്‍എയും സംഘവും ട്രിബ്യൂണല്‍ ഓഫീസിലേക്ക് അതിക്രമിച്ച് കയറിയത്.എംഎല്‍എയുടെ നേതൃത്വത്തില്‍ ട്രിബ്യൂണല്‍ കോടതി കെട്ടിടത്തില്‍ അതിക്രമിച്ചുകയറി കോടതിമുറി ക്ലാസ് മുറികളാക്കുകയായിരുന്നു. സംഭവം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ജീവനക്കാരനെ മര്‍ദിക്കുകയും ചെയ്തു. കോടതി ജീവനക്കാരനായ സുമി ജോര്‍ജിനാണ് ആക്രമണത്തില്‍ പരിക്കേറ്റത്. ചൊവ്വാഴ്ച ഉച്ചക്കാണ് എസ്.രാജേന്ദ്രന്‍ എംഎല്‍എ, ദേവികുളം തഹസീല്‍ദാര്‍ പി.കെ.ഷാജി, ഗവ.കോളേജിലെ അധ്യാപകര്‍, വിദ്യാര്‍ഥികള്‍ എന്നിവരുടെ നേതൃത്വത്തില്‍ ട്രിബ്യൂണല്‍ കോടതിയിലെത്തിയത്.

ഉരുള്‍പൊട്ടലില്‍ തകര്‍ന്ന ഗവ.കോളെജ് പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള സാധ്യത തേടിയാണ് ഇവരെത്തിയത്. ഈ സമയം ട്രിബ്യൂണല്‍ അംഗം എന്‍.കെ.വിജയന്‍, ജീവനക്കാര്‍ എന്നിവര്‍ സ്ഥലത്തുണ്ടായിരുന്നു. കെട്ടിടത്തിന്റെ മുകള്‍നിലയിലെ മുറികളുടെ താക്കോല്‍ എംഎല്‍എ ആവശ്യപ്പെട്ടു. ജീവനക്കാര്‍ താക്കോല്‍ കൊണ്ടുവരുന്നതിന് മുന്‍പ് സംഘത്തിലുണ്ടായിരുന്നവര്‍ പൂട്ടുകള്‍ തകര്‍ത്ത് ഉപകരണങ്ങള്‍ പുറത്തേക്കെറിഞ്ഞു. തുടര്‍ന്ന് മുകള്‍ നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന കോടതി മുറിയിലെ സാമഗ്രികള്‍ പുറത്തിട്ടശേഷം എംഎല്‍എയുടെ നേതൃത്വത്തില്‍ കസേരകള്‍ നിരത്തി വിദ്യാര്‍ഥികളെ ഇരുത്തി, ക്ലാസ് എടുക്കുവാന്‍ അധ്യാപകര്‍ക്ക് നിര്‍ദേശം നല്‍കി.

ഈ സംഭവങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയായിരുന്ന ജീവനക്കാരന്‍ സുമി ജോര്‍ജിനെ സംഘാംഗങ്ങള്‍ വളഞ്ഞിട്ട് മര്‍ദിക്കുകയും ചിത്രങ്ങളും, വീഡിയോയും മായ്ച്ചുകളയുകയും ചെയ്തു. ഇതിനുശേഷമാണ് സംഘം മടങ്ങിയതെന്ന് കോടതി ജീവനക്കാര്‍ പറഞ്ഞു. മൂന്നാറിലും പരിസരങ്ങളിലുമുള്ള എട്ടുവില്ലേജുകളിലെ ഭൂമി സംബന്ധമായ കേസുകള്‍ കൈകാര്യം ചെയ്യുന്നതിനായി സ്ഥാപിച്ച ട്രിബ്യൂണല്‍ കോടതിയുടെ പ്രവര്‍ത്തനം മരവിപ്പിച്ചു കൊണ്ട് ജൂലായ് 30ന് സര്‍ക്കാര്‍ ഉത്തരവിറങ്ങി. ഇതിനുശേഷം കോടതി കൈകാര്യം ചെയ്തിരുന്ന കേസ് ഫയലുകള്‍ ക്രമപ്പെടുത്തി മറ്റു കോടതികളിലേക്ക് അയയ്ക്കുന്ന നടപടികള്‍ നടന്നുവരികയാണ്.

Advertisment