Advertisment

നല്ലൊരു പന്തെറിഞ്ഞിട്ട് ബാറ്റ്സ്മാൻ സിക്സടിച്ചാൽപ്പോലും ബോളറെ അഭിനന്ദിക്കുന്ന ക്യാപ്റ്റനാണ് ധോണി ; ധോണിയുടെ നായക മികവിനെ പുകഴ്ത്തി മുത്തയ്യ മുരളീധരൻ 

New Update

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ നായകൻ മഹേന്ദ്രസിങ് ധോണിയുടെ നായക മികവിനെ പുകഴ്ത്തി ശ്രീലങ്കയുടെ ഇതിഹാസ ബോളർ മുത്തയ്യ മുരളീധരൻ. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐപിഎൽ) ആദ്യ മൂന്നു സീസണുകളിൽ ധോണിക്കു കീഴിൽ ചെന്നൈ സൂപ്പർ കിങ്സിൽ കളിച്ചിട്ടുള്ള താരമാണ് മുരളീധരൻ. ഇതിൽ 2010ൽ ധോണിക്കു കീഴിൽ ചെന്നൈ കിരീടം ചൂടിയിരുന്നു. ആ സീസണിൽ ചെന്നൈയ്‌ക്കായി 15 വിക്കറ്റുകളാണ് മുരളീധരൻ വീഴ്ത്തിയത്. രവിചന്ദ്രൻ അശ്വിനുമായി അദ്ദേഹത്തിന്റെ യുട്യൂബ് ചാനലിൽ നടത്തിയ സംഭാഷണത്തിലാണ് മുരളീധരൻ ധോണിയുടെ നായക മികവിന് കയ്യടിച്ചത്.

Advertisment

publive-image

നല്ലൊരു പന്തെറിഞ്ഞിട്ട് ബാറ്റ്സ്മാൻ സിക്സടിച്ചാൽപ്പോലും ബോളറെ അഭിനന്ദിക്കുന്ന ക്യാപ്റ്റനാണ് ധോണിയെന്ന് മുരളീധരൻ വെളിപ്പെടുത്തി. ബാറ്റ്സ്മാനും കഴിവുള്ള താരമാണെന്ന് പറഞ്ഞാണ് ബോളർക്കായുള്ള ധോണിയുടെ കയ്യടിയെന്നാണ് മുരളീധരന്റെ വെളിപ്പെടുത്തൽ. ധോണിയുടെ ഇത്തരം ശൈലികളാണ് അദ്ദേഹത്തെ ഏറ്റവും മികച്ച ക്യാപ്റ്റൻമാരുടെ ഗണത്തിലേക്ക് ഉയർത്തിയതെന്ന് മുരളീധരൻ ചൂണ്ടിക്കാട്ടി.

‘നല്ലൊരു പന്തെറിഞ്ഞിട്ട് അത് ഗാലറിയിലെത്തിയാൽപ്പോലും ധോണി ബോളർക്കായി കയ്യടിക്കും. ബാറ്റ്സ്മാൻ സിക്സടിച്ചെങ്കിലും അത് നല്ലൊരു പന്തായിരുന്നുവെന്ന് ധോണി ബോളറോടു പറയും. ബാറ്റ്സ്മാനും പ്രതിഭയുള്ള താരമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടും’ – മുരളീധരൻ വെളിപ്പെടുത്തി.

ബോളറെ പരസ്യമായി തിരുത്തുന്നതിനു പകരം അടുത്തുചെന്ന് സ്വകാര്യമായി മാറ്റങ്ങൾ ആവശ്യപ്പെടുന്ന ക്യാപ്റ്റനാണ് ധോണിയെന്നും മുരളീധരൻ പറഞ്ഞു. ‘ബോളറുടെ ഭാഗത്തുനിന്ന് എന്തെങ്കിലും തിരുത്തൽ ആവശ്യമുണ്ടെങ്കിൽ ധോണിയത് അദ്ദേഹത്തിന്റെ അടുത്തുചെന്നു പറയും. അല്ലാതെ പരസ്യമായി തിരുത്തുന്ന പരിപാടിയില്ല. ഇതുകൊണ്ടൊക്കെയാണ് ധോണി ഏറ്റവും മികച്ച ക്യാപ്റ്റൻമാരിൽ ഒരാളായത്’ – മുരളീധരൻ പറഞ്ഞു.

ദക്ഷിണാഫ്രിക്കയിൽവച്ച് 2007ൽ നടന്ന പ്രഥമ ട്വന്റി20 ലോകകപ്പിൽ ധോണി ഇന്ത്യയെ കിരീട വിജയത്തിലേക്ക് നയിച്ചതും മുരളീധരൻ അനുസ്മരിച്ചു. അന്ന് കലാശപ്പോരിൽ ഇന്ത്യയുടെ എതിരാളികളായിരുന്ന ശ്രീലങ്കൻ ടീമിൽ മുരളീധരനും അംഗമായിരുന്നു. രാജ്യാന്തര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയിട്ടുള്ള താരമാണ് മുരളീധരൻ.

cricket news ms dhoni
Advertisment