Advertisment

ജയ ബച്ചനെ ‘ബോളിവുഡിലെ നൃത്തക്കാരി’യെന്ന് ആക്ഷേപിച്ച നരേഷ് അഗര്‍വാളിനെതിരെ വ്യാപക പ്രതിഷേധം; വിമര്‍ശനവുമായി സുഷമയും സ്മൃതിയും

New Update

ന്യൂഡല്‍ഹി: സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ഥി ജയാ ബച്ചനെ ‘ബോളിവുഡിലെ നൃത്തക്കാരി’യെന്ന് വിളിച്ച നരേഷ് അഗര്‍വാള്‍ വിവാദത്തില്‍. ബിജെപിയില്‍ ചേര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളിലാണ് നരേഷ് വിവാദത്തില്‍പ്പെട്ടത്. നരേഷ് അഗര്‍വാവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സമൂഹ മാധ്യമങ്ങളില്‍ വലിയ പ്രതിഷേധമാണ് അലയടിക്കുന്നത്. അഗര്‍വാളിന്റെ പരാമര്‍ശത്തിനെതിരെ സുഷമ സ്വരാജിന് പിന്നാലെ സ്മൃതി ഇറാനിയും രംഗത്തെത്തി.

Advertisment

രാജ്യസഭ സീറ്റ് ലഭിക്കാത്തതില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി വിട്ട നരേഷ് അഗര്‍വാള്‍ ബിജെപിയില്‍ ചേര്‍ന്നത്.

publive-image

അഗര്‍വാളിന്റെ പാര്‍ട്ടി പ്രവേശനം പ്രഖ്യാപിക്കുന്നതിനായി റയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ വാര്‍ത്താസമ്മേളനവും വിളിച്ചു. ഇതിനിടെയാണ് തനിക്ക് രാജ്യസഭാ ടിക്കറ്റ് നിഷേധിച്ചെന്നും അത് സിനിമകളില്‍ നൃത്തം ചെയ്തവള്‍ക്ക് നല്‍കിയെന്നും അഗര്‍വാള്‍ പറഞ്ഞത്. തുടര്‍ന്നു കേന്ദ്രമന്ത്രിമാരായ സുഷമ സ്വരാജും സ്മൃതി ഇറാനിയും വിമര്‍ശനവുമായി രംഗത്തെത്തി. അഗര്‍വാള്‍ ബിജെപിയിലേക്കു വരുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്നും എന്നാല്‍ ജയ ബച്ചനെക്കുറിച്ചുള്ള പരാമര്‍ശം അനുചിതവും അംഗീകരിക്കാനാവാത്തതുമാണെന്നും സുഷമ സ്വരാജ് പറഞ്ഞു.

തൊട്ടുപിന്നാലെ സ്മൃതി ഇറാനിയും വിമര്‍ശനവുമായി രംഗത്തെത്തി. സഞ്ജയ് നിരുപമിനെതിരായ എന്റെ കേസ് കോടതിയിലെത്തിയിട്ട് അഞ്ചുവര്‍ഷമായി. എന്നാല്‍ എന്റെ പോരാട്ടം മറ്റൊരു സ്ത്രീയെ അപമാനിക്കുന്നതിനുള്ള ഒഴിവുകഴിവല്ല. സ്ത്രീകളിലൊരാള്‍ക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ ഞങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കും. രാഷ്ട്രീയം പോലും കണക്കെടുക്കില്ലെന്നും സ്മൃതി ഇറാനി ട്വിറ്ററില്‍ കുറിച്ചു.

ഏഴുതവണ ഉത്തര്‍പ്രദേശ് നിയമസഭയില്‍ എംഎല്‍എയും നിലവില്‍ സമാജ്‌വാദി പാര്‍ട്ടിയുടെ മുന്‍ ജനറല്‍ സെക്രട്ടറിയും രാജ്യസഭാ എംപിയുമാണു നരേഷ് അഗര്‍വാള്‍. ഇത്തവണ പക്ഷേ, അഗര്‍വാളിനു വീണ്ടും സീറ്റ് നല്‍കാതെ ജയ ബച്ചനെയാണു സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ഥിയാക്കിയത്.

Advertisment