Advertisment

ആത്മവിശ്വാസം നഷ്ടപ്പെട്ട ഒരാള്‍ക്കൂട്ടമാണ് ഇന്ന് കേരളത്തിലെ കോണ്‍ഗ്രസ് ! അവിടെ അനില്‍ ആന്‍റണിമാര്‍ ഇനിയുമുണ്ടാകും. വടിയും കുത്തി പദവികളില്‍ അള്ളിപ്പിടിച്ചിരിക്കുന്ന നേതാക്കള്‍ക്ക് അനില്‍ ആന്‍റണിയെ കുറ്റം പറയാനെന്തവകാശം ? യുവാക്കള്‍ എന്ത് പ്രതീക്ഷയില്‍ ഈ പാര്‍ട്ടിയില്‍ തുടരണം - തിരുമേനി എഴുതുന്നു

author-image
nidheesh kumar
New Update

publive-image

Advertisment

ഇന്ത്യൻ നാഷണൽ കോൺസും മറ്റ് പാർട്ടികളും തമ്മിൽ ആശയപരമായ വ്യത്യാസത്തിലുപരി അടിസ്ഥാനപരമായും ചില വ്യത്യാസങ്ങൾ ഉണ്ട്. ആ തരത്തിലുള്ള ചില അസുഖകരമായ സ്വഭാവ ശൈലികൾ മാറ്റിയെടുക്കാത്തതാണ് ഇന്ന് കോൺഗ്രസ് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി.

കോൺഗ്രസിൽ ഇന്ന് പ്രവർത്തിക്കുന്ന മിടുക്കരായ ചെറുപ്പക്കാരെ ഉയർത്തി നേതൃത്വത്തിലേക്ക് കൊണ്ട് വന്ന് ഭരണത്തിലും പാർട്ടിയിലും സജീവമാക്കാൻ സംഘടനാനേതൃത്വത്തിന് തീരെ താൽപര്യമില്ല.


എല്ലാം കണ്ട് പഴകിയ മുഖങ്ങൾ. വടിയുടെ സഹായത്തോടെ മാത്രം നടക്കാൻ പറ്റുന്നവർക്കും വേണം അധികാരം. പുതിയ തലമുറക്ക് വേണ്ടി ആരും വഴി മാറി കൊടുക്കില്ല. വീര കഥകളുടെ പാടി തുരുമ്പിച്ച പഴയ പല്ലവികൾ ആവർത്തിച്ചു കൊണ്ടിരിക്കും.


ചോദിച്ചാൽ ഉടൻ ഉത്തരം വരും. വി.ടി. ബൽറാമിന് സീറ്റ് കൊടുത്തില്ലേ ? റോജി .എം. ജോണിന് സീറ്റ് കൊടുത്തില്ലേ ?... തുടങ്ങി നാലഞ്ച് ചെറുപ്പക്കാരുടെ പേര് പറയും. എന്നാൽ മറുപുറത്ത് നോക്കൂ. മുഖ്യമന്ത്രി പിണറായി വിജയൻ ഒഴിച്ച് എല്ലാം പുതിയ മന്ത്രിമാർ. മന്ത്രി കെ. രാധാകൃഷ്ണൻ മാത്രമാണ് ഇതിനൊരപവാദം. പിണറായി വിജയൻ കാണിച്ച ധൈര്യത്തെ അഭിനന്ദിക്കണ്ടേ ?

ഭരണത്തിൽ പരിചയക്കുറവുണ്ടെങ്കിലും പി.രാജീവ്, കെ.എൻ. ബാലഗോപാൽ, എം.ബി.രാജേഷ്, വീണാ ജോർജ്, എ.എൻ. ഷംസീർ, മുഹമ്മദ് റിയാസ്, വി.ശിവൻകുട്ടി, സജി ചെറിയാൻ, വി.എൻ. വാസവൻ എന്നിവർ നേതൃനിരയിലേക്ക് വന്നില്ലേ ? നിഷേധിക്കാൻ പറ്റുമോ ? മൂന്ന് പ്രാവശ്യം മത്സരിച്ചാൽ പിന്നെ പാർട്ടി ടിക്കറ്റ് കൊടുക്കില്ല. എ.എ.റഹിമിനും, ശിവദാസിനും രാജ്യസഭാ ടിക്കറ്റ് കിട്ടിയില്ലേ.


സി.പി.എമ്മിനെ നമ്മൾ എത്ര കുറ്റം പറയുമ്പോഴും അവർ പാർട്ടിയിൽ നന്നായി പ്രവർത്തിക്കുന്ന ചെറുപ്പക്കാർക്ക് ജാതിയും മതവും നോക്കാതെ അംഗീകാരം നൽകും. സംഘടനാപ്രവർത്തനങ്ങൾക്ക് പാർട്ടി ധനസമാഹരണം നടത്തുമെങ്കിലും ഇടത് മുന്നണി മന്ത്രിസഭയിലെ ഒരു മന്ത്രിക്കെതിരെയും വ്യക്തിപരമായി അഴിമതി ആരോപണം വന്നിട്ടില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കണം.


publive-image

സി.പി.എമ്മിന് കൃത്യമായ ചട്ടക്കൂടുണ്ട്. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവർക്ക് എത്ര ജനപിന്തുണ ഉണ്ടെങ്കിലും പാർട്ടിയിൽ പിടിച്ച് നിൽക്കാൻ പറ്റില്ല. പിണറായി വിജയൻ മുഖ്യമന്ത്രി ആയപ്പോൾ മാത്രമാണ് ഭരണത്തിൽ പാർട്ടിയുടെ പിടി അൽപമെങ്കിലും അയഞ്ഞത്. അതിന് കാരണം ഇന്ന് സി.പി.എമ്മിൽ ഏറ്റവും തല യെടുപ്പുള്ള നേതാവ് പിണറായി ആയതുകൊണ്ടാണ്.

ബി.ജെ.പിയിൽ ആണെങ്കിൽ പാർട്ടിയിലും ഭരണത്തിലും ശക്തരായ നേതാക്കൾ ഉണ്ട്. കേന്ദ്ര മന്ത്രിസഭയിലെ ഒരു മന്ത്രിക്കെതിരെയും വ്യക്തിപരമായി അഴിമതി ആരോപണം ഇതുവരെ ഉണ്ടായിട്ടില്ല. കേരളം, തമിഴ് നാട് പോലെയുള്ള ചില സംസ്ഥാനങ്ങളിൽ ബി.ജെ.പിക്ക് കാര്യമായ നേട്ടം ഇതുവരെ കൈവരിക്കാൻ കഴിഞ്ഞിട്ടില്ല.


ഈ സംസ്ഥാനങ്ങളിലെ നേതൃത്വത്തെക്കുറിച്ചും പൊതുവെ നല്ല അഭിപ്രായമില്ല. എന്നാൽ കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും നടക്കുന്ന ബി.ജെ.പി ഭരണം പൊതുവെ അഴിമതി രഹിതമാണ്. അതോടൊപ്പം കൂടുതൽ ചെറുപ്പക്കാരെ പാർട്ടിയിലേക്ക് കൊണ്ടുവരാൻ അവർ താൽപര്യം കാണിക്കുകയും ചെയ്യുന്നു.


publive-image

ഇനി കോൺഗ്രസിന്റെ ഇന്നത്തെ ദു:സ്ഥിതിക്ക് ഉള്ള യഥാർത്ഥ കാരണം മനസ്സിലാക്കണമെങ്കിൽ കുറച്ചധികം പുറകോട്ട് പോകണം.

സ്വാതന്ത്രൃ ലബ്ധിക്ക്‌ ശേഷം അധികാരത്തിൽ വന്ന പ്രഥമ സർക്കാരിനെ നയിച്ചത് ജവഹർലാൽ നെഹ്റു ആയിരുന്നു.. അദ്ദേഹം കറകളഞ്ഞ ജനാധിപത്യവാദിയും മതേതര വാദിയും സോഷ്യലിസ്റ്റുമായിരുന്നു. പാർട്ടിയിലെ എതിർ സ്വരങ്ങൾക്ക് മാത്രമല്ല പ്രതിപക്ഷത്തിന്റെ അഭിപ്രായങ്ങൾക്കും പണ്ഡിറ്റ് ജി വലിയ വില നൽകിയിരുന്നു.

സർദാർ പട്ടേലുമായി അഭിപ്രായഭിന്നത ഉണ്ടായിരുന്നെങ്കിൽ പോലും അത് ചില അടിസ്ഥാനപരമായ കാര്യങ്ങളിലായിരുന്നു. വ്യക്തിപരമായിരുന്നില്ല. പട്ടേലിന്റെ വാക്കുകൾക്ക് നെഹ്റു വലിയ വില നൽകിയിരുന്നു..

പിന്നീട് അധികാരത്തിൽ വന്ന ഇന്ദിരാ ഗാന്ധിയും വിവിധ കോൺഗ്രസ് നേതാക്കളുടെ അഭിപ്രായത്തിന് വില കൊടുത്തിരുന്നു. തലമുതിർന്ന നേതാക്കൾക്ക് ഇന്ദിരയെ കാണാനും സംസാരിക്കാനും ഉള്ള അവസരം എപ്പോഴും ലഭിച്ചിരുന്നു.

എല്ലാ സംസ്ഥാനങ്ങളിലും മികച്ച നേതൃനിരയെ ഉയർത്തിക്കൊണ്ടുവരാൻ എല്ലാക്കാലത്തും ഇന്ദിരാ ഗാന്ധി ശ്രദ്ധിച്ചിരുന്നു. പ്രധാനപ്പെട്ട വിഷയങ്ങളിലെല്ലാം മുതിർന്ന നേതാക്കളോട് ആലോചിച്ചതിന് ശേഷം മാത്രമേ ഇന്ദിര തീരുമാനമെടുത്തിരുന്നുള്ളു.


കേരളത്തിൽ പാർട്ടി വിട്ടു പോയ എ.കെ.ആന്റണിയെ തിരികെ കൊണ്ടുവരാൻ ഏറ്റവുമധികം താൽപര്യമെടുത്തത് എ.കെ.യുടെ എതിർചേരിയിലായിരുന്ന കെ.കരുണാകരനാണ്. ആന്റണിയെ കോൺഗസിൽ ഉറപ്പിച്ച് നിർത്തേണ്ട ആവശ്യകത കരുണാകരൻ മനസ്സിലാക്കിയിരുന്നു.


publive-image

അവിടെ അദ്ദേഹം ഒരു തരത്തിലുമുള്ള രാഷ്ട്രീയ വൈരാഗ്യവും കാണിച്ചില്ല. ഇക്കാര്യം കരുണാകരൻ ഇന്ദിരാ ഗാന്ധിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നപ്പോൾ ഇന്ദിരയും അനുകൂലിച്ചു. അങ്ങിനെയാണ് എ.കെ.ആന്റണി വീണ്ടും കോൺഗ്രസിന്റെ ഭാഗമാകുന്നത്. ഇന്ദിരാ ഗാന്ധിയുടെ കാലത്തും നെഹ്റുവിന്റെ കാലത്തെ പോലെ ഇല്ലെങ്കിലും പാർട്ടിയിൽ ഒരു പരിധി വരെ ജനാധിപത്യമുണ്ടായിരുന്നു.

പിന്നീട് രാജീവ് ഗാന്ധിയുടെ കാലഘട്ടമായിരുന്നു. ഇന്ത്യ കണ്ട മികച്ച പ്രധാനമന്ത്രി ആയിരുന്നു രാജീവ് ഗാന്ധി. വളരെ പെട്ടന്ന് ഇന്ത്യയെ മാറ്റിയെടുക്കാൻ രാജീവിന് കഴിഞ്ഞു.


രാജ്യത്ത് പഞ്ചായത്തിരാജ്, കംപ്യൂട്ടരവൽക്കരണം, വിവര സാങ്കേതികവിദ്യ തുടങ്ങിയ പ്രധാനപ്പെട്ട പരിഷ്ക്കാരങ്ങൾ നടപ്പാക്കിയത് രാജീവ് ഗാന്ധി ആയിരുന്നു. ഒരു ടേം കൂടി രാജീവിന് കിട്ടിയിരുന്നെങ്കിൽ ഇന്ന് നമ്മൾ ചൈനക്കും റഷ്യക്കും മുമ്പിലെത്തി അമേരിക്കക്ക് ഒപ്പമാകുമായിരുന്നു.


publive-image

പാർട്ടിയിൽ കഴിവുള്ളവരെ ഉയർത്തി കൊണ്ടുവരുന്നതിൽ രാജീവ് എന്നും ശ്രദ്ധിച്ചിരുന്നു. കേരളത്തിൽ കെ.കരുണാകരനേയും എ.കെ.ആന്റണിയേയും സമതുലിതാവസ്ഥയിൽ നിർത്തിയിരുന്നപ്പോഴും രമേശ് ചെന്നിത്തല എന്ന നേതാവിന്റെ കഴിവ് രാജീവ് ഗാന്ധി തിരിച്ചറിഞ്ഞിരുന്നു. അത് കൊണ്ട് തന്നെ രമേശ് ചെന്നിത്തലക്ക് ദേശീയ നേതൃത്വത്തിൽ പ്രവർത്തിക്കാൻ രാജീവ് ഗാന്ധി അവസരം നൽകി.

രാജീവ് ഗാന്ധിയുടെ മരണശേഷമാണ് കോൺഗ്രസിന് അടി തെറ്റാൻ തുടങ്ങിയത്. യാതൊരു രാഷ്ട്രീയ പരിചയവുമിലാത്ത സോണിയാ ഗാന്ധി കോൺഗ്രസ് നേതൃത്വത്തിൽ വന്നതോടെ പാർട്ടിക്കകത്തെ ജനാധിപത്യ സ്വഭാവത്തിന് ഇടിവ് തട്ടി തുടങ്ങി. സോണിയയ്ക്ക് ആരെ വിശ്വസിക്കണം എന്നറിഞ്ഞുകൂടാത്ത അവസ്ഥകളിൽ അവർ ഉപജാപക വൃന്ദത്തിന്റെ ശബ്ദത്തിന് പ്രാധാന്യം കൊടുത്ത് തുടങ്ങി.

അതോടെ പ്രബലരായ പല നേതാക്കളും പാർട്ടി വിട്ടു. ശരദ് പവാർ, മമതാ ബാനർജി എന്നിവർ ഇവരിൽ ചിലർ മാത്രം. ഇതിന്റെ ഫലമായി ഉപജാപക വൃന്ദത്തിൽ പെട്ടവർ മാത്രം വിചാരിച്ചാലേ കാര്യങ്ങൾ നടക്കൂ എന്ന സ്ഥിതി വന്നു.

publive-image


കേരളത്തിൽ കെ.കരുണാകരനെപ്പോലെയുള്ളവർ തഴയപ്പെട്ടപ്പോൾ എ.കെ.ആന്റണി ഉപജാപക വൃന്ദത്തിന്റെ ഭാഗമായി. സോണിയയുടെ ശബ്ദത്തിന് എതിർ ശബ്ദമില്ല എന്ന സ്ഥിതി വന്നു. സ്വാധീനം നഷ്ടപ്പെടുമോ എന്ന് ഭയന്ന് എ.കെ.ആന്റണി പോലെയുള്ളവർ പോലും മൗനികളായി. പാർട്ടിയിൽ എതിർ സ്വരങ്ങൾ ഇല്ലാതെ വന്നപ്പോൾ എല്ലാം സോണിയയുടെ നിയന്ത്രണത്തിലായി.


നരസിംഹറാവുവിന്റെ അഞ്ച് വർഷത്തെ ഭരണം, മൻമോഹൻ സിങ്ങിന്റെ പത്ത് വർഷത്തെ ഭരണം ഇതെല്ലാം സോണിയയുടേയും ഉപജാപക വൃന്ദത്തിന്റേയും മാത്രം കൈയ്യിലായിരുന്നു.

രണ്ടാം യുപിഎ ഭരണം അഴിമതി നിറഞ്ഞതായിരുന്നു. ഇതാണ് ബി ജെപി യെ ഇന്ത്യയിൽ ഭരണം പിടിക്കാൻ പ്രാപ്തരാക്കിയത്. പാർട്ടിയിൽ പുതിയ നേതൃത്വം വരാൻ ഉപജാപകവൃന്ദം ഒരിക്കലും അനുവദിച്ചിരുന്നില്ല. ഉള്ളതെല്ലാം ഇവർ കൈയ്യിട്ട് വാരുന്ന സ്ഥിതി വന്നു. സോണിയയെ തിരുത്താൻ എ.കെ.ആന്റണി പോലും ശ്രമിച്ചില്ല. സ്ഥാനം പോകുമോ എന്ന ഭയം ആന്റണിക്ക് പോലും ഉണ്ടായിരുന്നു. ഇത് കേരളത്തിലെ കോൺഗസിനേയും ബാധിച്ചു. ഒരു വിഭാഗം യുവ നേതാക്കൾ തികഞ്ഞ അന്ധകാരത്തിലായി. ജീവിതം മുഴുവൻ പാർട്ടിക്ക്‌വേണ്ടി കഷ്ടപ്പെട്ടവർ ഒരു സ്ഥാനത്തും എത്തിയില്ല.

രാഹുൽ ഗാന്ധി നേതൃത്വം ഏറ്റെടുത്തപ്പോഴും കാര്യമായി ഒന്നും സംഭവിച്ചില്ല. സോണിയയുടെ ഉപജാപകവൃന്ദം ഇല്ലാതായി. പുതിയ ഉപജാപക വൃന്ദം വന്നു. ഇതോടെ പാർട്ടി തീരുമാനങ്ങൾ ഒന്ന് രണ്ട് പേരിലേക്കായി ചുരുങ്ങി. കോൺഗ്രസിൽ ജനാധിപത്യം പഴങ്കഥയായി.

publive-image


രാഹുൽ ഗാന്ധിയുടെ പക്വതയില്ലായ്മ ബി.ജെ.പിയെ തുടർ ഭരണത്തിലെത്താൻ സഹായിച്ചു. സ്ഥിരത ഇല്ലാത്ത നേതാവായി രാഹുൽ ചിത്രീകരിക്കപ്പെട്ടു. കോൺഗ്രസ് പ്രവർത്തകർക്ക് രാഹുലിലുള്ള വിശ്വാസം നഷ്ടപ്പെട്ടു. അവർ ഇന്ന് നിരാശരാണ്. രാഹുലിന്റെ നേതൃത്വത്തിൽ ഇന്ത്യയിൽ അധികാരം പിടിക്കാമെന്ന അവരുടെ സ്വപ്നം പൊലിഞ്ഞു.


ആത്മവിശ്വാസം നഷ്ടപ്പെട്ട ഒരു കൂട്ടമാണ് ഇന്ന് കേരളത്തിലെ കോൺഗ്രസ്. കേരളത്തിലും ഇന്ത്യയിലും അധികാരത്തിൽ വരും എന്നത് ഒരു വ്യാമോഹം മാത്രമാണെന്ന് അവർ തിരിച്ചറിയുന്നു.

ഈ പശ്ചാത്തലത്തിലാണ് അതിൽ കെ.ആന്റണിയുടെ ബി.ജെ.പി പ്രവേശനത്തെ വിലയിരുത്താൻ. അനിലിനെ കുറ്റം പറയുന്നവർ ഒരു കാര്യത്തിന് മറുപടി പറയണം. കോൺഗ്രസിൽ പ്രവർത്തിക്കുന്ന മിടുക്കനായ ഒരു ചെറുപ്പക്കാരൻ എന്ത് പ്രതീക്ഷയിൽ പാർട്ടിയിൽ തുടരും ?

വടിയും കുത്തി നടക്കുന്ന നേതാക്കൾക്ക് അനിൽ ആന്റണിയെ കുറ്റം പറയാൻ എന്ത് യോഗ്യതയാണുള്ളത് ? ആദ്യം നിങ്ങൾ സ്ഥാനം ഒഴിയൂ. ചെറുപ്പക്കാർക്ക് അവസരം നൽകൂ .എന്നിട്ടും അവർ പ്രവർത്തിച്ചില്ലെങ്കിൽ അവരെ തെറ്റ് പറയൂ.

സോണിയ ഗാന്ധിയുടെ ഉപജാപക വൃന്ദത്തിന്റെ ഭാഗമായി വർഷങ്ങളോളം നിന്ന് കേരളത്തിലെ കോൺഗ്രസിനെ ഇല്ലാതാക്കിയ എ.കെ.ആന്റണി എന്ന എക്കാലത്തേയും സ്വാർത്ഥമതിയായ നേതാവിന് കാലം നൽകിയ മറുപടി ആണ് ഇത്. ഇനിയും കേരളത്തിൽ അനിൽ ആന്റണി മാർ പിറവിയെടുക്കും. ഉറപ്പ്

Advertisment