Advertisment

രാജ്യത്ത് അഴിമതി തടയുക എന്ന മുഖ്യലക്ഷ്യത്തോടെ ഐക്യരാഷ്ട്രസഭയുടെ നിർദ്ദേശപ്രകാരം 2005 ൽ ഇന്ത്യൻ പാർലമെന്റ് പാസ്സാക്കിയതാണ് "വിവരാവകാശ നിയമം 2005". ഈ നിയമപ്രകാരം ഇന്ത്യൻ പാര്‍ലമെന്‍റിനും നിയമസഭകൾക്കും ലഭ്യമാക്കുന്ന എല്ലാ വിവരങ്ങളും ലഭിക്കാൻ രാജ്യത്തെ ഏതൊരു പൗരനും അവകാശമുണ്ട്; ഇനിമുതൽ വിവരാവകാശ നിയമപ്രകാരമുള്ള രേഖകൾ ലഭിക്കാനുള്ള ഫീസ് ചലാൻ വഴി ട്രഷറികൾ സ്വീകരിക്കില്ല; സർക്കാരുകൾ വിവരാവകാശനിയമത്തിന്റെ കഴുത്തു ഞെരിക്കുന്നു...!

New Update

publive-image

Advertisment

ഇനിമുതൽ വിവരാവകാശ നിയമപ്രകാരമുള്ള രേഖകൾ ലഭിക്കാനുള്ള ഫീസ് ചലാൻ വഴി ട്രഷറികൾ സ്വീ കരിക്കില്ല. പിഐഒ മാർ ഓഫീസുകളിലും ഇത് സ്വീകരിക്കാൻ മടിക്കുന്നു. ഇതിനുള്ള കാരണം ഈ നിയമത്തെ സർക്കാരിലെ മുഴുവൻ സംവിധാനങ്ങളും ഭയക്കുന്നു എന്നുതന്നെയാണ്. അഴിമതി മൂടിവയ്ക്കാനുള്ള അവരുടെ അടവുകളുടെ ഭാഗമായാണ് ഈ നടപടികൾ.

ഫീസ് ഓൺലൈൻ വഴി അടയ്ക്കാൻ പലർക്കും ബുദ്ധിമുട്ടാണ്. അതിനു നല്ല കമ്പ്യൂട്ടർ പരിജ്ഞാനം ആവശ്യവുമാണ്. ഫീസ് അടയ്ക്കാനായി അക്ഷയ കേന്ദ്രത്തിലോ, മറ്റേതെങ്കിലും കമ്പ്യൂട്ടർ സെന്ററിലോ ചെന്നാൽ അവർ 15 രൂപയാണ് സർവീസ് ചാർജ് ഈടാക്കുന്നത്. അതായത് 3 രൂപ അടയ്ക്കാൻ 15 രൂപ ഫീസ്.

സർക്കാർ കൊണ്ടുവന്നിരിക്കുന്നു ഈ പുതിയ പരിഷ്‌ക്കാരം വിവരാവകാശ നിയമം 2005 ന്റെ ചിറകരിയാൻ വേണ്ടി മാത്രമുള്ളതാണ്. പരാതി നല്കുന്നവനെ പരമാവധി ബുദ്ധിമുട്ടിക്കുക, അവനു കൂടുതൽ സാമ്പത്തിക ബാദ്ധ്യത വരുത്തിവയ്ക്കുക ഇതൊക്കെയാണ് ഇതുകൊണ്ടു ലക്ഷ്യമിടുന്നതെന്നുവേണം അനുമാനിക്കാൻ.

രാജ്യത്ത് അഴിമതി തടയുക എന്ന മുഖ്യലക്ഷ്യത്തോടെ ഐക്യരാഷ്ട്രസഭയുടെ നിർദ്ദേശപ്രകാരം 2005 ൽ ഇന്ത്യൻ പാർലമെന്റ് പാസ്സാക്കിയതാണ് " വിവരാവകാശ നിയമം 2005 " . ഈ നിയമപ്രകാരം ഇന്ത്യൻ പാര്‍ലമെന്റിനും നിയമസഭകൾക്കും ലഭ്യമാക്കുന്ന എല്ലാ വിവരങ്ങളും ലഭിക്കാൻ രാജ്യത്തെ ഏതൊരു പൗരനും അവകാശമുണ്ട് എന്നതാണ്.

ഈ നിയമത്തിന്റെ കരുത്തിൽ, പലവകുപ്പുകളിൽ നിന്നും നിർണ്ണായകമായ പല വിവരങ്ങളും പുറത്തു വരികയും അഴിമതിക്കാർ ശിക്ഷിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ഈ നിയമത്താലാണ് നമ്മുടെ മന്ത്രിമാർ സർക്കാരാശുപത്രികളിൽ പോകാതെ സ്വകാര്യ ആശുപത്രികളിൽ കഴിഞ്ഞ രണ്ടുവർഷക്കാലം ചികിത്സ നടത്തിയ 2 കോടി രൂപയുടെ കണക്കുകൾ പുറത്തുവന്നത്.

ആര്‍ടിഐ നിയമത്തിൻ്റെ പരിധിയിൽനിന്നും വിജിലൻസ്, ക്രൈം ബ്രാഞ്ച് എന്നീ വിഭാഗങ്ങളെ കേരള സർക്കാർ ഒഴിവാക്കി എന്നറിയുന്നു. അങ്ങനെയെങ്കിൽ നമ്മൾ ഇനി വിജിലൻസിന് നൽകുന്ന പരാതികളിൽ നടപടി ഉണ്ടായില്ലെങ്കിൽ നമുക്ക് ഒന്ന് ചെയ്യാൻ കഴിയില്ല എന്നതാണാവസ്ഥ.കേരള സർക്കാരിന്റെ ഈ നടപടികൾ വിവരവകാശനിയമത്തിന്റെ നഗ്നമായ ലംഘനമാണ്.

ഈ നിയമം ജനങ്ങളെ സംബന്ധിച്ചിടത്തോളം അഴിമതിക്കെതിരെയുള്ള വലിയൊരു പടവാളാണ്. അതു കൊണ്ടുതന്നെ വിവരവകാശനിയമത്തെ മുഴുവൻ സർക്കാർ സംവിധാനങ്ങളും ഭയപ്പെടുകയും ചെയ്യു ന്നു. വിവരാവകാശ നിയമം ഇല്ലായ്മചെയ്യാനുള്ള നീക്കങ്ങൾ സർക്കാർ തലത്തിൽ പലപ്പോഴും നടക്കുന്നുണ്ട്.

ആര്‍ടിഐ നിയമം നടപ്പിൽവന്നശേഷം ഇന്നുവരെ ഇന്ത്യയിൽ 91 വിവരാവകാശ പ്രവർത്തകർ കൊല്ലപ്പെട്ടിട്ടുണ്ട്. 175 പേർ ആക്രമണത്തിന് വിധേയരായി. 186 പേർക്ക് നേരെ പലവിധ ഭീഷണികളുണ്ടായി. ഭീഷണിമൂലം 7 ആളുകൾ ആത്മഹത്യ ചെയ്തു. കോവിഡ് ലോക്ക് ഡൗൺ കാലത്ത് 2020 ൽ മാത്രം 10 പേരാണ് കൊല്ലപ്പെട്ടത്. ഇതിനർത്ഥം വിവരവകാശ പ്രവർത്തകരെ സംബന്ധിച്ചിടത്തോളം ഇന്ത്യ സുരക്ഷിതമല്ല എന്ന സന്ദേശമാണ് ലോകത്തു പരക്കുന്നത്. വിവരാവകാശ നിയമത്തെ ഇല്ലായ്മ ചെയ്യുന്ന നീക്കങ്ങൾക്കുള്ള ഏറ്റവും വലിയ ഉദാഹരണം, ഇതുവരെ 33000 കേസുകൾ കേന്ദ്ര വിവരാവകാശ കമ്മീഷനിൽ കെട്ടിക്കിടക്കുന്നു എന്നതാണ്.

അഴിമതിയാണ് നമ്മുടെ രാജ്യത്തെ കാർന്നുതിന്നുന്ന ക്യാൻസർ. രാജ്യപുരോഗതിക്കും തടസ്സം അഴിമതി തന്നെയാണ്. അതുതടയുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിയ നിയമം ഇന്ന് കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ നിലപാടുകൾ മൂലം ഊർദ്ധശ്വാസം വലിക്കുന്ന കാഴ്ചയാണ് കാണുന്നത്.

വിവരാവകാശനിയത്തെ മെല്ലെമെല്ലെ ഇല്ലായ്മ ചെയ്യാനുള്ള സർക്കാർ നീക്കങ്ങൾക്കെതിരേ മനുഷ്യാവകാശ പ്രവർത്തകരുടെ കൂട്ടായ്മ എത്രയും വേഗം സുപ്രീം കോടതിയെ സമീപിക്കേണ്ടതാണ്.

Advertisment