Advertisment

ആയുഷ്മാൻ ഭവ... (കഥ)

author-image
ന്യൂസ് ബ്യൂറോ, ദുബായ്
Updated On
New Update

publive-image

Advertisment

വിളക്കെടുത്ത് അകത്ത് വെച്ച് ആ വലിയ വീടിന്റെ വാതിലുകളെല്ലാം ഭദ്രമായി അടച്ചുപൂട്ടി കുടയും ടോർച്ചുമായി ജാനു വനജയുടെ വീട്ടിലേക്ക് നടന്നു. അന്നത്തെ സന്ധ്യ എന്നത്തെക്കാളും ഭയാനകമായി തോന്നി. ചാറ്റൽ മഴയും ഇടിയുടെ മൂളക്കവും നായ്ക്കളുടെ ഓരിയിടലും. ഇരുളിന് കാഠിന്യം കൂടുംതോറും വനജയുടെ വീട്ടിലേക്കുള്ള ദൂരവും കൂടുന്നതായി ജാനുവിന് തോന്നി.

ജീവിതത്തിന്റെ വസന്തകാലത്തിൽ ഒറ്റപ്പെട്ടു പോയത് മക്കൾക്കു വേണ്ടിയാണെന്നോർക്കുമ്പോൾ ഈ ഏകാന്തവാസം പോലും സുഖമുള്ള ഓർമ്മകളെ താലോലിച്ച് കഴിയുന്നതിൽ ഒരു സുഖമുണ്ടെന്ന് ജാനു ഓർത്തു

കാലിലെന്തോ കൊണ്ടു. ഒരു ഉരുളൻ കല്ല്. തള്ളവിരലിന്റെ നഖം ഇളകി ചെറുതായി ചോരകിനിയുന്നുണ്ട്.

ഇനി അവിടെ ചെന്നാൽ വനജ സ്നേഹത്തോടെ ശ്വാസിക്കും

കടലിനപ്പുറമുള്ള മോളോട് കാലുമുറിഞ്ഞെന്ന് ഫോണിലൂടെ പറഞ്ഞാൽ അവൾ തന്റെ മനസ്സും മുറിയിപ്പിക്കും മട്ടിൽ ചീത്ത പറയും.

“അമ്മയെക്കെന്തിന്റെ കുറവാ അവിടെ” എന്ന് പറഞ്ഞ് ഫോണും കട്ടാക്കും...

തന്റെയും വനജയുടേയും ജീവിതത്തെ ഒരേ തുലാസിൽ വെച്ചാണ് ദൈവം തൂക്കിയത്. അവളും തന്നെ പോലെ കഷ്ടപ്പെട്ട് മക്കളെ പഠിപ്പിച്ച് വലിയനിലയിലെത്തിച്ചു. ഇന്ന് എല്ലാ സൗഭാഗ്യങ്ങളും അവർ ഞങ്ങൾക്കായി ഒരുക്കിവെച്ചിട്ടുണ്ട്.

രണ്ടിടവഴി അകലത്തിലുള്ള വീടുകളിൽ ഏതെങ്കിലും ഒന്നിൽ രണ്ട് പേർക്കും അന്തിയുറങ്ങാം എന്ന നിബന്ധനയോടെ ...

മക്കളെ കാണണമെന്ന് ആവർത്തിച്ച് പറഞ്ഞാൽ ആ ചെറിയ കടലു കടന്ന് മാവേലിയെപ്പോലെ ഒന്നു വന്നു കണ്ട് നിർദ്ദേശങ്ങൾ തന്ന് വന്നതിലും വേഗത്തിൽ തിരിച്ചു പോവും ഒരു വിധത്തിൽ ഓടിയും നടന്നും ആരെയോ തിരിഞ്ഞു നോക്കിയും വെപ്രാളപ്പെട്ട് ആ പാവം തന്റെ സുഹൃത്തിന്റെ വീട്ടിലെത്തി.

“ഇയ്യെന്താ വനജേ ലൈറ്റിടാത്തേ......” ഇച്ചിരി അമർഷത്തോടെ ജാനു ചോദിച്ചു. കാലുമുറിഞ്ഞതു പറയണ്ടാന്ന് ജാനു മനസ്സിൽ ഉറപ്പിച്ചു.

“ഓ... വന്നോ.... മനുഷ്യനിവിടെ പേടിച്ച് വിറച്ചിരിക്കയാ ... ഉച്ചയ്ക്ക് പോയതാ കറന്റ് . ഇത് വരേം വന്നിട്ടില്ല. നിന്നൊന്ന് വിളിക്കാൻ നോക്കിയപ്പോൾ ഫോണിൽ ചാർജ്ജുംല്ല.” വനജ ഒറ്റശ്വാസത്തിൽ പറഞ്ഞു.

“എനിക്കും എന്തോ പേടിപോലെ .... ആരോ ന്റെ പിന്നാലെ വരുന്ന പോലെ നിക്കും തോന്നി....”

"വാ ഇങ്ങോട്ട് കേറ് വാതിലടയ്ക്കട്ടെ" പുരികം ചുളിച്ച് കൊണ്ട് വനജ പറഞ്ഞു.

എമർജൻസി വെളിച്ചവും കെട്ടടങ്ങിയപ്പോൾ മെഴുകുതിരിയും കത്തിച്ച് വെച്ച് ആ രണ്ട് മധ്യവയസ്ക്കകൾ ഒട്ടും ചെറുതല്ലാത്ത ആ വീട്ടിനുള്ളിൽ ഇരുന്നു.

പുറത്ത് നല്ല മഴ പെയ്ത് തോർന്നിരുന്നു. മിന്നൽ വെളിച്ചം ആകാശക്കീറിലൂടെ ഇടക്കിടെ ഒളിഞ്ഞും പതിഞ്ഞതും കത്തിക്കൊണ്ടിരുന്നു. മിന്നലിന്റെ പിന്നാലെ വരുന്ന അത്ര കനമില്ലാത്ത ഇടിമുഴക്കവും. ആരുടേയോ കാൽ പെരുമാറ്റം കുറേ നേരമായി അവർ കേൾക്കുന്നുണ്ടായിരുന്നു. പയ്യെ പയ്യെ ആ ശബ്ദം വാതിൽക്കലെത്തി.

ഇടിവെട്ടുന്ന ശബ്ദത്തിൽ വാതിൽ തല്ലിപ്പൊളിക്കുന്നത് പോലെ അവർക്ക് തോന്നി. പുറത്തു മഴ തിമിർത്തു പെയ്യുന്നുണ്ടായിരുന്നു. ഇടിയുടെ മുഴക്കത്തിന് ശക്തി കൂടിവന്നു. കൂരിരുട്ടിൽ ഒരു കറുത്ത രൂപം പ്രത്യക്ഷപ്പെട്ടു. ഒന്നും ഉരിയാടാനാവാതെ ജാനുവും വനജയും ആ കറുത്ത രൂപത്തിന് കീഴടങ്ങുകയായിരുന്നു.

നാടാകെ നടുങ്ങിയ ആ ക്രൂരപാതകം പതിയെപ്പതിയെ വാർത്തയല്ലാതായി. കുറേമാസങ്ങൾക്കുശേഷം ഏതോ ഒരു സിനിമാ ന്യൂസ് ചാനലിൽ ഒരു വാർത്ത വന്നു.....

മലയാളത്തിലെ സൂപ്പർ സ്റ്റാർ അന്വേഷണ ഉദ്യോഗസ്ഥനായി എത്തുന്ന ഇരട്ടക്കൊലപാതകത്തിന്റെ കഥ പറയുന്ന ബിനോയ് മേലറ്റത്തിന്റെ പുതിയ സിനിമയിലെ പ്രധാന കഥാപാത്രങ്ങളായ ജാനുവിനും വനജയ്ക്കും വേണ്ടി പുതുമുഖങ്ങളെ തിരയുന്നു.

മാസങ്ങൾക്കുശേഷം സിനിമ ഇറങ്ങി. സൂപ്പർ ഹിറ്റ്...

അൻപത്തി അഞ്ചും അൻപത്തി ആറും വയസ്സിൽ ക്രൂരമായി കൊല്ലപ്പെട്ട ജാനുവിന്റെയും വനജയുടെയും കഥ പറഞ്ഞ സിനിമ നൂറു ദിവസം പിന്നിട്ട് വീണ്ടും ദീർഘായുസ്സിലേയ്ക്ക്....

Advertisment