Advertisment

കറുത്ത ചെട്ടിച്ചികള്‍ - ഒരു റീമിക്സ് (കവിത)

author-image
nidheesh kumar
New Update

publive-image

Advertisment

വീട്ടിൽ നിന്നിറങ്ങീട്ടു മണിക്കൂറൊന്നായി ഞാൻ

ട്രാൻസ്‌പോർട്ട് ബസ്സിൻ പാർശ്വ സീറ്റിൽ വാല്മീകം പോലെ

ഇരുന്നൊരിക്കൽ കൂടി മനസ്സിൽ മുഴുമിച്ചു

വനിതാ വേദിക്കിന് ചെയ്യേണ്ട പ്രസംഗത്തെ

രണ്ടു നാൾ മുമ്പേ മാത്രം വിളിച്ചു പറഞ്ഞവർ

രണ്ടു വാക്കുതിർക്കണം (ലോക) മഹിളാ ദിവസത്തിൽ

പാലക്കട്, പാലക്കാട് കണ്ടക്ടർ വിളി കേട്ട്

പെട്ടെന്ന് എഴുന്നേറ്റു ചാടിയിറങ്ങി ഞാൻ

ചുറ്റും കണ്ണോടിക്കവേ അപ്പോഴാ ദൃശ്യം കണ്ടു

വിഷപ്പുക ശ്വസിച്ചുകൊണ്ടു കരുവാളിച്ച കോലങ്ങൾ !

കീറിയ ചേല ചുറ്റി ബസ്റ്റാന്ഡിൻ പ്ലാറ്റ്ഫോറത്തിൽ

കറുത്ത ചെട്ടിച്ചിയും കരയുന്ന കൈക്കുഞ്ഞും

അസ്ഥിയുരുക്കും വെയിലത്ത് തൻ പിച്ച പാത്രം

ശുഷ്കിച്ച കൈയാൽ നീട്ടി ഭിക്ഷയാചിച്ചിടുന്നു

ജാക്കറ്റിൻ കുരുക്കുകൾ അഴിച്ചു പുറത്തിട്ടു

വിശപ്പിൽ കരിഞ്ഞ തൻ മാതൃത്വമെന്നിട്ടവൾ

വെച്ച് തേച്ചു തൻ കുഞ്ഞിൻ കുരുന്നു ചുണ്ടിൽ പക്ഷെ

മിച്ചമായതോ വെറും പട്ടിണി കയ്പ്പു നീർ മാത്രം

കൗമാരം മായും മുമ്പേ ഉണ്ടായതാണാ പൈതൽ

അഭിശപ്തമാമേതോ രാത്രി തൻ സമ്മാനമാം !

വല്ലതും തന്നീടണേ കുഞ്ഞിതാ കരയുന്നൂ

പാൽ പോലും ചുരത്തുവാൻ ഇല്ലെനിക്കയാ സാമി

തിരക്കിൻ ഒഴുക്കിൽ പെട്ടാവഴി പോയൊരൊക്കെ

ആർത്തി പൂണ്ടൊരു നോട്ടം എറിഞ്ഞു കടന്നു പോയ്

കണ്ടില്ലേ തമിഴത്തി അഭിസാരികയത്രേ

കുഞ്ഞിനെ കാട്ടി സദാ മാന്യരെ മയക്കുന്നോൾ

പശ്ചിമ ഘട്ടം കടന്നിപ്പുറം പാലക്കാട്ടെ

പട്ടണ പ്രദേശത്തു പിച്ചക്കു വന്നോളിവൾ

വീണ്ടുമാ പിച്ചക്കാരിയുറക്കെ കരയവേ

ചെന്നു ഞാനടുത്തുള്ള ചായപ്പീടികക്കകം

ചായയും കുടിച്ചൽപ്പം കുപ്പിയിൽ പാലുമായി

വരുന്നേരമാ കാഴ്ച കണ്ടു തകർന്നു പോയ്

വനിതാ പോലീസുകാർ രണ്ടു പേരാ പാവത്തെ

നിർദയം പ്രഹരിച്ചു വാനിൽ കേറ്റീടുന്നു ഹാ

" എന്ത് കുറ്റം ചെയ്തു ഞാനീ വിധം ദ്രോഹിച്ചിടാൻ

എൻ കുഞ്ഞു വിശപ്പിനാൽ വാവിട്ടു കരഞ്ഞതോ "

അന്നേരമെൻ മുന്നിലെത്തി നാലു പേരവരെൻ

ആതിഥേയർ, സ്ഥലം വനിതാ വേദിക്കാർ

ക്ഷമിച്ചിടേണം അങ്ങിങ്ങെത്തിയ നേരം ഞങ്ങൾ

തിരക്കിലായീ പോയീ, തെണ്ടിപ്പരിഷയെ ഓടിപ്പാനായ്

പിച്ചക്കാരിയിവൾ സാറിൻ ശകുനം മുടക്കിയോൾ

അങ്ങയെ സ്വീകരിക്കാൻ തീർത്തൊരാ പന്തലിൽ

തുടങ്ങീ തേവിടിശ്ശി ശരീര പ്രദര്ശനം

കേട്ടറിഞ്ഞെത്തി ഞങ്ങൾ വരുത്തി പോലീസിനെ

ഓടിച്ചു വിട്ടൂ ബലാൽ നാശം, പിന്നെയുമെത്തിയതാ

സാർ കേറിയിരുന്നാലും തുടങ്ങാം പരിപാടിയുടൻ

ഇത്രയും കേട്ടപ്പോൾ തകർന്നെൻ മനം, കൈകൾ

വിറ പൂണ്ടൊരു ക്ഷണം പാൽക്കുപ്പി വീണുടഞ്ഞു !

ക്ഷമിക്കൂ സോദരി നല്ല ശരീര സുഖം പോരാ

ഭാഷണം ചെയ്യാനിപ്പോൾ, പിന്നീടൊരിക്കലാകാം.

എങ്കിലും സ്വീകരിച്ചാലും മഹിളാ ദിനത്തിങ്കൽ

നല്ലതു ഭവിക്കുവാൻ എന്റെയീ ആശംസകൾ

വരമ്പുകൾ തകരട്ടെ, ജയിക്കട്ടെ സ്ത്രീ ശക്‌തി

ഭവിക്കട്ടെ തുല്യത, തിളങ്ങട്ടെ മാതൃത്വം !

അതിനിടെ മറക്കല്ലേ ഈ ചെട്ടിച്ചികളെ

പാവം ഇവരും മഹിളമാർ ശപിക്കപെട്ടവർ

പണ്ട് ഇടശ്ശേരി പാടിയപോലെ കുപ്പിവളകളും

ചാന്ദു സിന്ദൂരവുമായി മംഗല്യ വാണിഭം കൊണ്ട് നടന്നവരിവർ

മറക്കരുത് നാം വന്ന വഴിയൊരിക്കലും

ആശയാവലംബം : ഇടശ്ശേരിയുടെ കറുത്ത ചെട്ടിച്ചികൾ

Advertisment