Advertisment

ഹൃദയങ്ങളെയറിഞ്ഞവൻ... (കവിത)

author-image
nidheesh kumar
New Update

publive-image

Advertisment

പഴകിദ്രവിച്ചുതുടങ്ങിയ

ഉടുതുണി ഞാൻ,

മിഴികൾ തുടച്ചു.

ഉറവവറ്റാത്ത മിഴിക്കിണറിൽനിന്നും

പടർന്ന ബാഷ്പം

വിരലിനെ തലോടിയൊടുവിൽ

ചുണ്ടോട് ചേർന്നൊഴുകി.

ഭൂതകാലസ്മൃതികൾ

മാത്രമായിരുന്നില്ല

നോവിന്റെയലകളുതിർത്തത്.

ആരോ വലിച്ചെറിഞ്ഞയെന്നെ-

പുഴുത്തമനുഷ്യമാലിന്യങ്ങൾക്കിടയിൽ

നിന്നും വീണ്ടെടുത്തവൻ

പാതിരാസൂര്യന്റെ താപത്തിലലക്കിയെടുത്ത-

യാളെന്നെയണിഞ്ഞു.

കുപ്പക്കൂട്ടത്തിൽ,

ചാണകക്കുഴികളിൽ

മനുഷ്യവിസർജനങ്ങൾക്കിടയിൽ

പച്ചയായ മനുഷ്യനെന്ന-

യുമണിഞ്ഞു നടന്നു.

നിറം മങ്ങിതുടങ്ങിയമാത്രയിലെന്നെ

വലിച്ചെറിഞ്ഞ യജമാനനെ തെല്ലൊരുനിമിഷം

നിനച്ചുപോയി.

നരബാധിച്ച പച്ചമനുഷ്യന്റെ ഹൃദയത്തുടിപ്പുകൾ ശ്രവിച്ചും

അവന്റെയിടനെഞ്ചിന്റെ

അനുനിമിഷം

മാറുന്നതാളത്തിനൊത്തു

നോവിന്റെ കണ്ണുനീർമണികളെത്രയോ വീണുടഞ്ഞു.

ഒടുവിലാത്തുടിപ്പുകൾ

നിലച്ചപ്പോഴും

ഗന്ധമകലാത്തയെന്നെയവന്റെ ദാരമണിഞ്ഞു..

Advertisment