Advertisment

ഹൃദയശാരിക (കവിത)

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

ഭാരതവർഷഹൃദന്തത്തിൽ നിന്നൊരു മോഹനസൂനം വിടർന്നു.

വലാഹപക്ഷികൾ ചേക്കേറും ദേവദാരുവനങ്ങളിലെങ്ങോ,

ഒരു വിരഹഗായകന്റെ

മൃദുമധുരഗീതകം അലയടിച്ചു.

കദംബവനങ്ങളിൽ സൗഗന്ധികപ്പൂക്കൾ തേടിപ്പോയതും

കാദംബരീമണിമണ്ഡപങ്ങളിൽ മലർമാല കൊരുത്തതും

ആര്യസാമ്രാജ്യകൊട്ടാരക്കെട്ടുകളിൽ മാണിക്യവിരനിലാൽ

സ്വപ്നവല്ലകിയിൽ സപ്തസ്വരങ്ങൾ പൊഴിച്ചതും,

ആയിരം കാമോദപുഷ്പങ്ങൾ തേടിയലഞ്ഞതും,

സപ്ത വർണ്ണച്ചിറകുള്ള

പ്രജ്ഞയാം ഹൃദയശാരിക.

മലർവാകകൾ പൂക്കുന്ന നദീമുഖങ്ങളിൽ

ഓടത്തിലലയുമ്പോൾ

വെണ്ണിലാവ് പൊഴിച്ചതും,

മാരിവില്ലിൻ വർണ്ണത്തേരിൽ അരയന്നപ്പിടകൾ നിരയായ് തീരത്തണഞ്ഞതും, ഒരു പ്രണയമഹാകാവ്യം രചിക്കുവാൻ ആരണ്യകം തന്നിൽ മാമുനിയായലഞ്ഞതും, സപ്തസിന്ധുക്കൾതൻ തീരത്ത് ശാന്തിഗീതം മുഴങ്ങും മുനിവാടങ്ങളിൽ ഒരുവെൺപിറവായ് പറന്നിറങ്ങിയ പ്രിയ ശാരിക.

ബന്ധനത്തിൻ കൽത്തുറുങ്കുകൾ കയ്യോട് കൈചേർത്ത് ഭേദിക്കും വീരമാനുഷർതൻ

തൂവേർപ്പുതുള്ളിയിൽ നിന്നുയരും മാനവമഹാഗീതിക.

തിളയ്ക്കും അധികാരഗർവ്വിനെവെല്ലാൻ

നൂറ്റാണ്ടുകളായ് പോർ മുഖങ്ങളിൽ ഉയർത്തിയ കൈകളുമായ് നിന്നതും,

വിശ്വപ്രപഞ്ചത്തിൻ നിഗൂഢമാം പൊരുൾതേടി ഉപഗ്രഹരൂപിയായ് ഉയർന്നതും.

മാനവരാശിക്കു ഭംഗം വരുത്തും മഹാമാരികളണ ഞ്ഞപ്പോൾ ഔഷധമായവതരിച്ചതും,

മാനവമനീഷിയാം ധീരവിഹാരിക.

പുതുലോകം പണിയും സോദരർതൻ ഹൃദയത്തുടിപ്പും പ്രതീക്ഷയും ഏറ്റുവാങ്ങി

പുതുയുഗത്തിലേക്കു പറന്നുയരുക, മാനവപ്രജ്ഞയാം പ്രിയശാരികേ

നിനക്കു സുസ്വാഗതം..

Advertisment