Advertisment

"മഞ്ഞുമലയിലെ ആ രാത്രി" (കഥ)

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

പീരുമേട്, വണ്ടിപ്പെരിയാർ കേരളത്തിലെ പ്രശസ്തമായ ഹൈറേഞ്ച് പ്രദേശങ്ങൾ - തമിഴ്നാടിനോട് ചേർന്ന്, സഹ്യന്റെ വിരിമാറിൽ പച്ച പരവതാനി വിരിച്ച പോലെ ആയിരക്കണക്കിന് ഏക്രകളിൽ പരന്നു കിടക്കുന്ന തേയിലത്തോട്ടങ്ങൾ.എല്ലാം ബ്രിട്ടീഷുകാരുടെ കാലത്ത് ആരംഭിച്ചവയാണ് .1978ൽ വണ്ടിപ്പെരിയാറിൽ വളരെ പ്രശസ്തമായ ഒരു പ്ലാന്റേഷൻ കമ്പനിയിൽ അസിസ്റ്റന്റ് മാനേജർ ആയി ചേരുമ്പോഴേക്കും, പഴയ ബ്രിട്ടീഷ് ഉടമസ്ഥതയിലുള്ള പലതും ഇന്ത്യൻ കമ്പനികൾ ആയി മാറി കൊണ്ടിരിക്കുകയായിരുന്നു.

എങ്കിലും പഴയ ബ്രിട്ടീഷ് കൊളോണിയൽ സംസ്കാരവും, ജീവിതരീതിയും ശൈലികളും, നിലനിർത്തിക്കൊണ്ട് തന്നെയാണ് മാറ്റങ്ങൾ സംഭവിച്ചു കൊണ്ടിരുന്നത്. എസ്റ്റേറ്റ് മാനേജർമാർ, അസിസ്റ്റന്റ് മാനേജർമാർ എന്നിവർക്ക് മാത്രമായി പ്രവർത്തിച്ചിരുന്ന വണ്ടിപെരിയാർ ക്ലബ്,പീരുമേഡ് ക്ലബ്‌ എന്നീ പ്ലാന്റേഷൻ ക്ലബ്ബുകൾ ബ്രിട്ടീഷ് സംസ്കാരത്തിന്റെ രീതികളും, അലിഖിതമായ വ്യവസ്ഥകളും പാലിച്ച് പ്രവർത്തിച്ചു വന്നവയാണ്. വളരെ സുഖസമൃദ്ധമായ, ആഡംബര പൂർണമായ ജീവിതം, അത് പകർന്നു തന്നിരുന്ന സുഖപൂർണ്ണമായ, സംതൃപ്തമായ നാളുകളിന്നും മനസ്സിന്റെ മണിച്ചെപ്പിൽ ഞാൻ കാത്തുസൂക്ഷിക്കുന്നു.

എസ്റ്റേറ്റ് ജീവിതം വളരെ രസകരവും എന്നാൽ ജോലി വളരെ കഠിനവും ദുഷ്കരവും ആയ ഒന്നായിരുന്നു. ആയിരക്കണക്കിന് തൊഴിലാളികളുടെ ഭരണനിർവഹണവും, തേയില ചെടികളുടെ വളർച്ചയ്ക്കും, സംസ്കരണത്തിനും അനുയോജ്യമായ, വളരെ വിദഗ്ധമായ തീരുമാനങ്ങൾ യഥാസമയം കൈകൊണ്ട് പ്രവർത്തിക്കേണ്ട, ഉത്തരവാദിത്വമുള്ള ജോലിയുമായിരുന്നു.

publive-image

സാധാരണ എല്ലാ ബുധനാഴ്ചകളിലും ശനിയാഴ്ചകളിലും ക്ലബ്ബിൽ പോവുക പതിവായിരുന്നു. ഒരു ശനിയാഴ്ച സുഹൃത്തുക്കളുമൊത്ത് വളരെനേരം വണ്ടിപെരിയർ ക്ലബ്ബിൽ ചെലവഴിച്ച് രാത്രി 12 മണിയോടുകൂടി, ഏകദേശം 12 കിലോമീറ്റർ ദൂരമുള്ള എന്റെ എസ്റ്റേറ്റ് ബംഗ്ലാവിലേക്ക് തനിച്ച് എന്റെ റോയൽ എൻഫീൽഡ് ബുള്ളറ്റ് ബൈക്കിൽ മടങ്ങുകയായിരുന്നു.

പോകുന്ന വഴിയുടെ ഇരുവശവും തേയിലത്തോട്ടങ്ങളും, ചില ഭാഗങ്ങൾ സംവരണം ചെയ്യപ്പെട്ട വനഭൂമിയും ആയിരുന്നു. ചെറിയ ചാറ്റൽ മഴ ബുള്ളറ്റ് ബൈക്കിൽ ഉള്ള എന്റെ യാത്ര ദുഷ്കരമാക്കി കൊണ്ടേയിരുന്നു. കൂടാതെ കോടമഞ്ഞു കാരണം മുന്നിൽ ഒന്നും കാണാൻ വയ്യാത്ത ഒരു അവസ്ഥയിൽ ആയപ്പോൾ ഞാൻ ബൈക്ക് ഒന്ന് നിർത്തുവാൻ തീരുമാനിച്ചു.

പെട്ടെന്നാണ് അത് സംഭവിച്ചത്. നിയന്ത്രണംവിട്ട ബൈക്ക് ഇടതുവശത്തേക്ക് തെന്നിപ്പോയി, എവിടെയൊക്കെയോ ഇടിക്കുകയും, ഞാൻ തെറിച്ച താഴേക്ക് ഉരുണ്ടു വീഴുകയും ചെയ്തു. കുറച്ചു സമയം ഒന്നും ഓർമ്മയില്ലാതെ കിടന്ന സ്ഥലത്തുനിന്ന്, തേയില ചെടികളുടെ ഇടയിലൂടെ ഇഴഞ്ഞ് നീങ്ങി മേലേക്ക് വന്നു. ഇരുട്ടിൽ ഒന്നും കാണാതെ, എന്തുചെയ്യണമെന്നറിയാതെ, ഭയചകിതനായി, എഴുന്നേൽക്കാൻ ശ്രമിച്ചു. വന്യമൃഗങ്ങൾ സാധാരണ വിഹരിക്കാറുള്ള ആ സ്ഥലത്ത് അപ്പോൾ എന്തും സംഭവിക്കാമായിരുന്നു.

ഉൽക്കണ്ഠ ജനകമായ നിമിഷങ്ങൾ. ആ സമയം അതുവഴി വന്ന ചില എസ്റ്റേറ്റ് തൊഴിലാളികൾ എന്നെ തിരിച്ചറിഞ്ഞു. മുഖത്തേക്ക് ടോർച്ചടിച്ചു നോക്കിയപ്പോൾ മുഖത്താകെ രക്തംവാർന്ന് കൊണ്ടിരിക്കുകയായിരുന്നു. അതുകണ്ട് വളരെയധികം ഭയപ്പെട്ടു എന്തുചെയ്യണമെന്നറിയാതെ അവരിൽ ചിലർ ഉറക്കെ ശബ്ദത്തിൽ എന്തൊക്കെയോ പറയുവാൻ ശ്രമിക്കുകയും ചെയ്തു. അവരിലൊരാൾ വീണുകിടക്കുന്ന ബൈക്ക് പൊക്കി സ്റ്റാൻഡിൽ വെക്കുവാൻ സഹായിച്ചു.

എങ്ങനെയെങ്കിലും എനിക്‌ ബംഗ്ലാവിൽ എത്തിച്ചേരണം എന്ന തീരുമാനത്തിൽ ബൈക്കിൽ കയറി സ്റ്റാർട്ട് ചെയ്തപ്പോൾ ഭാഗ്യത്തിന് ബൈക്ക് സ്റ്റാർട്ട് ആയി. ഒറ്റയ്ക്ക് പോകുവാൻ ഒരു ആത്മവിശ്വാസം ഇല്ലാത്തതിനാൽ, ആരോടെങ്കിലും എന്റെ കൂടെ വരുവാൻ ആവശ്യപ്പെട്ടുവെങ്കിലും, എന്റെ രൂപവും, മുഖത്തെ മുറിവുകളും, രക്തവാർച്ചയും, കണ്ട് ആരും മുന്നോട്ടു വന്നില്ല. പിന്നിൽ നിന്ന് ഒരാൾ ' ഞാൻ വരാം' എന്ന് പറഞ്ഞ് മുന്നോട്ടു വന്ന് എന്റെ ബൈക്കിൽ കയറിയിരുന്നു.

publive-image

ബംഗ്ലാവിൽ എത്തി കാളിങ് ബെൽ അടിച്ചപ്പോൾ എന്റെ പാചകക്കാരൻ വന്ന് വാതിൽ തുറന്നു, ഉറക്കെ നിലവിളിക്കാൻ തുടങ്ങി. എന്റെ കൂടെ വന്ന ആളെ നോക്കി വീണ്ടും ഒരു നിലവിളിയോടെ അവൻ ബോധം നഷ്ടപ്പെട്ട നിലയിൽ താഴെവീണു. ഈ ശബ്ദം കേട്ട് ബംഗ്ലാവിലെ വാച്ച്മാൻ ഓടിവന്ന് അവന്റെ മുഖത്ത് കുറച്ചു വെള്ളം തെളിച്ചപ്പോൾ അവനു ബോധം വന്നുവെങ്കിലും എന്തോ കണ്ട് ഭയപ്പെട്ടെന്ന മാതിരി ശബ്ദമുണ്ടാക്കികൊണ്ടിരുന്നു.

അവൻ എന്തോ പറയാൻ ശ്രമിക്കുകയായിരുന്നു. ഒട്ടും സമയം കളയാതെ വാച്ച് മാൻ 10 കിലോമീറ്റർ ദൂരമുള്ള ഞങ്ങളുടെ ഗ്രൂപ്പ് ഹോസ്പിറ്റലിലേക്ക് ഫോൺ ചെയ്തു. അരമണിക്കൂറിനകം വന്ന ആംബുലൻസിൽ എന്നെ ആശുപത്രിയിൽ കൊണ്ടുപോയി. പിന്നെ എനിക്കൊന്നും ഓർമയില്ല. അമിതമായ രക്തസ്രാവം കാരണമോ, ബിപി വളരെ പെട്ടെന്ന് കുറഞ്ഞത് കാരണമോ എന്നറിയില്ല. ഓർമ്മ തിരിച്ചുവന്നപ്പോൾ ഓപ്പറേഷൻ തിയേറ്ററിൽ എന്റെ രണ്ടുഭാഗത്തും ഡോക്ടർമാർ, നേഴ്സുമാർ.

എല്ലാവരും എന്റെ മുഖത്തേക്ക് ആകാംക്ഷയോടെ നോക്കി നിൽക്കുകയായിരുന്നു. ദേഹത്ത് പല ഭാഗത്തും, തലയിലും മുറിവുകൾ- മൊത്തം 28 സ്റ്റിച്ചുകൾ. ഭാഗ്യത്തിന് ഫ്രാക്ചർ, ഹെഡ് ഇഞ്ചുറി ഒന്നും ഉണ്ടായിരുന്നില്ല. അഞ്ചുദിവസത്തെ ഹോസ്പിറ്റൽ വാസത്തിനുശേഷം ഞാൻ തിരിച്ച് ബംഗ്ലാവിൽ എത്തി. മുഖത്തും തലയിലും കയ്യിലുമുള്ള മുറിവുകൾ വച്ചുകെട്ടിയിട്ടുള്ള എന്റെ രൂപവും, വേദന വിട്ടു മാറാതിരുന്നതിനാൽ വളരെ ശ്രമപ്പെട്ട് ഉള്ള എന്റെ നടത്തവും, ഭാവവും കണ്ടപ്പോൾ അന്ന് ബോധംകെട്ടുവീണ എന്റെ ബട്ലർ ഓടി വന്നു എന്നെ വിനയപൂർവ്വം കൈപിടിച്ച് സഹായിച്ചു ബെഡ്റൂമിലേക്ക് കൂട്ടിക്കൊണ്ടുപോയി.

കുറച്ചു ദിവസങ്ങൾ കടന്നു പോയി. ഡോക്ടർമാരുടെ ഉപദേശപ്രകാരം പൂർണവിശ്രമം ആയിരുന്നു. വേദന എല്ലാം ഒരു വിധം മാറി, സാധാരണ ജീവിതചര്യകൾ പരസഹായം കൂടാതെ ചെയ്യാൻ തുടങ്ങി. ഒരുദിവസം രാവിലെ ചായ കുടിച്ചു കൊണ്ടിരുന്നപ്പോൾ ഞാൻ എന്റെ ബട്ലറോട് ചോദിച്ചു, യേശുദാസ് എന്നാണ് അവന്റെ പേര്- "അന്നെന്റെ കൂടെ ബൈക്കിൽ വന്നവൻ ആരാണ്?എന്നെ സഹായിച്ചവൻ?" വളരെ ഭയപ്പാടോടെ സംശയിച്ച് ഒറ്റവാക്കിൽ അവൻ ഉത്തരം പറഞ്ഞു, "അയ്യോ അവൻ കരടി ആണ് !!

ഞങ്ങളുടെ എസ്റ്റേറ്റിൽ മുമ്പ് ഏലത്തോട്ടത്തിൽ വാച്ച്മാൻ ആയിരുന്ന കരടി എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന മുനുസ്വാമി. രണ്ടുതവണ സാക്ഷാൽ കരടിയുടെ ആക്രമണത്തിൽ നിന്നും, തലനാരിഴയ്ക്ക് രക്ഷപ്പെട്ട അവന് എല്ലാവരും ചേർന്ന് കരടി എന്ന അപരനാമം ചാർത്തിക്കൊടുത്തിരുന്നു. കരടി എന്ന മുനുസ്വാമി യെക്കുറിച്ച് കേൾക്കാത്തവരില്ല. അവൻ കുറച്ചു വർഷങ്ങൾക്കു മുമ്പ്, ഞങ്ങളുടെ എസ്റ്റേറ്റിലെ ജോലി ഉപേക്ഷിച്ച് അവന്റെ ഗ്രാമത്തിലേക്ക് പോയിരുന്നു. പല ക്രിമിനൽ കേസുകളിലും പ്രതിയായിരുന്ന കരടി, പോലീസ് അന്വേഷിച്ചു കൊണ്ടിരിക്കുന്ന പിടികിട്ടാപ്പുള്ളി ആയിരുന്നുവത്രേ.

publive-image

അവനെ എല്ലാവർക്കും പേടിയായിരുന്നു. കാരണം അവൻ എന്തും ചെയ്യാൻ ധൈര്യമുള്ള, മനക്കരുത്തുള്ള ഒരു പരുക്കനായ വ്യക്തിയായിരുന്നു. യേശുദാസിന്റെ ഉത്തരം കേട്ട് ഞാൻ ഞെട്ടി തരിച്ചുപോയി. കരടിയെ കുറിച്ച് ഞാനും ഒരുപാട് കേട്ടിരുന്നു, അതൊക്കെ വളരെ അസന്ദിഗ്ദ്ധയാഥാർഥ്യങ്ങളുമായിരുന്നു. പക്ഷേ ഒരു ക്രിമിനലായ അവന്റെ ഉള്ളിലും ഒരു നല്ല മനുഷ്യൻ ഉണ്ടെന്ന യാഥാർത്ഥ്യം ഞാൻ അന്ന് തിരിച്ചറിഞ്ഞു.

എന്റെ കൂടെ ബൈക്കിൽ വരാൻ എല്ലാവരും വിസമ്മതിച്ചപ്പോൾ, കരടി മാത്രമാണ് ധൈര്യത്തോടെ മുന്നോട്ടുവന്ന് എന്നെ സഹായിക്കുകയും, ഒരു പ്രതിഫലവും പ്രതീക്ഷിക്കാതെ എന്റെ കൂടെ എസ്റ്റേറ്റ് ബംഗ്ലാവ് വരെ വരാൻ സന്നദ്ധത കാണിക്കുകയും ചെയ്തത്. അവനിലെ ആ നല്ല മനസ്സിനെ ഞാനറിയാതെ നമിച്ചു പോയി. കരടി അന്നവിടെ വന്നില്ലായിരുന്നെങ്കിൽ, ഒരുപക്ഷേ അമിതമായ രക്തസ്രാവം കാരണം, എനിക്ക് എന്തു വേണമെങ്കിലും സംഭവിക്കാമായിരുന്നു.

ഒരു പക്ഷെ ഇന്നിത് എഴുതുവാൻ ഞാൻ ജീവിച്ചിരുന്നിട്ടുണ്ടാവുമോ എന്നറിയില്ല. ആ ദിവസം മുഴുവനും എന്റെ മനസ്സിൽ കരടിയെ കുറിച്ചുള്ള ചിന്തകൾ ആയിരുന്നു. എത്രയും പെട്ടെന്ന് അവനെ ഒന്നു കാണുവാൻ എന്റെ മനസ്സ് ധൃതി കൂട്ടി. അവനെ കുറിച്ചുള്ള മുഴുവൻ വിവരങ്ങളും അന്വേഷിക്കുവാൻ ആയി എന്റെ വാച്ച്മാൻ കറുപ്പയ്യായെ ഏൽപ്പിച്ചു.

ഡിസംബർ മാസത്തിലെ തണുപ്പുള്ള ഒരു രാത്രി. നല്ല നിലാവ്. ബംഗ്ലാവിന്റെ മുന്നിലുള്ള ലോണിൽ പോയി ഇരുന്നപ്പോൾ വ്യക്തമായ ചില തീരുമാനങ്ങൾ മനസ്സിലുറപ്പിച്ചു. കഴിയുന്നതും വേഗം കരടിയെ കണ്ടുപിടിക്കണം. ഞങ്ങളുടെ എസ്റ്റേറ്റിൽ നിന്നും 60 കിലോമീറ്റർ ദൂരമുള്ള തേനി എന്ന സ്ഥലത്തേക്ക് പോകണം.

എനിക്ക് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തേനി ടൗണിൽനിന്നും അഞ്ചു കിലോമീറ്റർ ദൂരെയുള്ള ശ്രീ കണ്ണിമാർ കോവിലിന്റെ അടുത്തുള്ള പിള്ളയാർ കോവിൽ സ്ട്രീറ്റ്റിൽ ഏകദേശം മൂന്ന് കിലോമീറ്റർ പോകുമ്പോൾ ഇടതുവശത്തു കാണുന്ന പിള്ളയാർ കോവിൽ കഴിഞ്ഞ് അടുത്ത ഇടത്തോട്ടുള്ള വഴി - അവിടെ ഒരു വലിയ കമാനം - അവിടെത്തന്നെ മധുര വീരന്റെ ഒരു കോവിൽ- അവിടെ പോയി ചെല്ലമുത്തുവിന്റെ മകൻ മുനുസ്വാമിയുടെ വീട് അന്വേഷിക്കണം. 9 മണിയായപ്പോൾ അത്താഴഭക്ഷണം കഴിക്കാനായി യേശു വിളിച്ചപ്പോഴാണ് ചിന്തകൾക്ക് വിരാമമായത്.

നല്ല ക്ഷീണം കാരണം പെട്ടെന്ന് ഉറങ്ങിപ്പോയി. രാവിലെ തേനിക്കുള്ള യാത്ര-11 മണിയോടുകൂടി തേനിയിലെ മധുര വീരന്റെ കോവിലിനു മുന്നിൽ നിർത്തി. ബൈക്ക് ഉള്ളിലേക്ക് എടുത്ത് കുറച്ചു ദൂരം പോയപ്പോൾ ആരോടെങ്കിലും ഒന്ന് അന്വേഷിക്കാം എന്ന് കരുതി, ബൈക്ക് നിർത്തി ആ വഴി വന്ന ഒരു പെൺകുട്ടിയോട് മുന്സ്വാമി യുടെ വീട് എവിടെ എന്ന് അന്വേഷിച്ചു.

publive-image

എന്റെ ചോദ്യം കേട്ട മാത്രയിൽ കുറെ ചോദ്യങ്ങൾ അവളെന്നോട്, എവിടെനിന്നു വരുന്നു, എന്താണ് ഉദ്ദേശം അങ്ങനെ നിരവധി ചോദ്യങ്ങൾ. കൂട്ടത്തിൽ അവളുടെ പേര് രാസാത്തി എന്നാണെന്ന് പറയാൻ അവൾ മറന്നില്ല. അവൾ സുന്ദരിയായിരുന്നു, ഏകദേശം 17ഓ 18ഓ വയസ്സുകാണും. കല്യാണ പ്രായമായ ഒരു കുസൃതി പെണ്ണ്.

മുന്സ്വാമിയുടെ വീട് കാണിച്ചു തരാം എന്ന് പറഞ്ഞു അവൾ മുൻപേ നടന്നു. ബൈക്ക് അവിടെ നിർത്തി ഞാനും അവളെ അനുഗമിച്ചു. കുറച്ചു ദൂരം അവളുടെ കൂടെ നടന്നു നീങ്ങുമ്പോൾ, രണ്ടുപേർ അവിടെ പ്രത്യക്ഷമായി. സംശയദൃഷ്ടിയോടെ എന്നെ നോക്കി അവർ എന്നോട് ഒരുപാട് ചോദ്യങ്ങൾ ചോദിച്ചു. എന്റെ ഉത്തരങ്ങൾ അവർക്കൊട്ടും സ്വീകാര്യമായിരുന്നില്ല എന്ന് അവരുടെ നോട്ടത്തിൽ വ്യക്തമായിരുന്നു.

വളരെ കർശനമായ ഭാഷയിൽ എനിക്കൊരു താക്കീതു നൽകി അവരെ അനുഗമിക്കാൻ എന്നോട് പറഞ്ഞപ്പോൾ, രാസാത്തിയെ താക്കീത് ചെയ്യുവാനും അവർ മറന്നില്ല. ഒരുപക്ഷേ പരിചയമില്ലാത്ത ഒരാളോട് അവൾ സംസാരിക്കുന്നത് അവർക്ക് ഇഷ്ടമായില്ല എന്ന് മനസ്സിലായി.

അവരുടെ കൂടെ നടന്നു നീങ്ങുമ്പോൾ നടവഴിയുടെ രണ്ടു ഭാഗത്തുനിന്നും ആളുകളുടെ തീഷ്ണമായ നോട്ടങ്ങൾ ഞാൻ ശ്രദ്ധിച്ചിരുന്നു. എന്തൊക്കെയോ നിഗൂഢതകൾ ഒളിഞ്ഞിരിക്കുന്ന ഒരു സ്ഥലം ആണെന്ന് എനിക്ക് തോന്നി. കുറച്ചു ദൂരം നടന്ന് അവരെന്നെ സാമാന്യം വലിയ, പക്ഷേ പഴക്കം ചെന്ന ഒരു കെട്ടിടത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി.

അവിടെ വിശാലമായ ഹാളിന്റെ നടുവിലായി ഒരു വലിയ കസേരയിൽ 60 വയസ്സിനുമേൽ പ്രായം തോന്നിക്കുന്ന മനുഷ്യൻ ഇരിക്കുന്നു. അവരുടെ ഗ്രാമ മൂപ്പൻ ആണെന്ന് പറഞ്ഞു എന്നെ മൂപ്പന് പരിചയപ്പെടുത്തിക്കൊടുത്തു.അവർ മൂപ്പന്റെ അടുത്തുപോയി എന്തൊക്കെയോ രഹസ്യമായി കാതിൽ പറയുന്നത് കണ്ടപ്പോൾ, അറിയാതെ എന്റെ മനസ്സൊന്ന് പിടഞ്ഞു, അകാരണമായി വളരെ ഭയപ്പെട്ടു.

മൂപ്പൻ എന്നു പറഞ്ഞാൽ ഒരു വിചിത്ര രൂപമാണ് എന്ന് വിശേഷിപ്പിക്കാം. ചുവന്ന കണ്ണുകൾ, കെട്ടിവെച്ച നരച്ച നീണ്ട മുടി, കഴുത്തിൽ കുറച്ചു മാലകൾ, കയ്യിൽ വെള്ളി കടകം, കാതിൽ വലിയ തോട, നരച്ച നീണ്ട താടി, നെറ്റിയിൽ വൃത്താകൃതിയിലുള്ള വലിയ ചുവന്ന പൊട്ട്, കയ്യിൽ പുകയില ചുരുട്ട്, ചുവന്ന മുണ്ടും അതേ നിറത്തിലുള്ള മേൽമുണ്ടും- ഇതായിരുന്നു മൂപ്പന്റെ ഒരു രൂപം.

വളരെ പെട്ടെന്ന് മൂപ്പന്റെ മട്ടും,മുഖഭാവവും മാറി. മുനുസ്വാമിയെ തിരഞ്ഞ് എത്തിയ എന്നെ അവർ വളരെ സംശയത്തോടെയാണ് കണ്ടിരുന്നത്.പോലീസ് ഡിപ്പാർട്ട്മെന്റിൽ നിന്നുള്ള ഉദ്യോഗസ്ഥൻ ആണെന്ന് കരുതി, രണ്ടു കയ്യും കെട്ടി അടുത്തുള്ള ഒരു മുറിയിലേക്ക് കൊണ്ടുപോയി എന്നെ അകത്താക്കി വാതിൽ പുറത്തുനിന്നും അടച്ചു. എന്റെ നിരപരാധിത്വം തെളിയിക്കാൻ ഞാൻ എത്ര ശ്രമിച്ചിട്ടും എന്റെ വാക്കുകൾ അവർക്ക് സ്വീകാര്യമായിരുന്നില്ല.

അനിശ്ചിതത്വത്തിലൂടെ നീങ്ങിയ സമയങ്ങൾ. എങ്ങനെയാണ് മൂപ്പന് എന്റെ നിരപരാധിത്വം മനസ്സിലാക്കി കൊടുക്കുക എന്നതായിരുന്നു എന്റെ അടുത്ത ചിന്ത. ചിലപ്പോഴെല്ലാം രാസാത്തി ഭക്ഷണവുമായി എന്റെ മുറിയിൽ വരാറുണ്ടായിരുന്നു. അങ്ങനെ അവളുമായി ഒരു ചെറിയ അടുപ്പം തോന്നാൻ തുടങ്ങിയപ്പോഴാണ്, അവൾ മൂപ്പന്റെ പൗത്രി ആണെന്ന് മനസ്സിലായത്.

publive-image

മുറിയിൽ അടച്ചു രണ്ടു നാൾ കഴിഞ്ഞെങ്കിലും രക്ഷപ്പെടാനുള്ള ഒരു മാർഗ്ഗവും മുന്നിൽ തെളിഞ്ഞു വന്നില്ല. അതിരാവിലെ കേട്ടിരുന്ന ചില അവ്യക്തമായ ശബ്ദങ്ങൾ, വേദന കൊണ്ടുള്ള നിലവിളികൾ ഇതെല്ലാം മനസ്സിൽ വല്ലാത്ത ഭീതി ഉണർത്തി. രാസാത്തിയോട് അതിനെ കുറിച്ച് ആരാഞ്ഞപ്പോൾ, ആദ്യമൊക്കെ ഉത്തരം പറയാൻ മടിച്ച അവൾ, മടിച്ചുമടിച്ച് അവിടുത്തെ കാര്യങ്ങൾ കുറെയൊക്കെ പറഞ്ഞു തന്നു.

കുറ്റം ചെയ്തവർക്ക് കടുത്ത ശിക്ഷയാണ് മൂപ്പൻ വിധിച്ചിരുന്നതത്രെ. നുണ, കളവ്, വഞ്ചന, പരസ്ത്രീ പുരുഷ ബന്ധങ്ങൾ എന്നീ കുറ്റങ്ങൾക്ക് എല്ലാം കാഠിന്യമേറിയ ശിക്ഷാവിധിയായിരുന്നു നടപ്പാക്കിയിരുന്നത് എന്ന് രാസാത്തി പറഞ്ഞപ്പോൾ ഞാൻ അറിയാതെ ഭയന്നുവിറച്ചു പോയി. ചൂരൽ കൊണ്ടുള്ള അടിമുതൽ തിളച്ച എണ്ണയിൽ കൈ മുക്കുക അങ്ങനെ പോകുന്നു ശിക്ഷാ വിധി ക്രമങ്ങൾ എന്ന് അവൾ പറഞ്ഞു. സൂര്യോദയത്തിന് മുൻപ് ശിക്ഷാവിധി നടപ്പാക്കുമെന്നും അപ്രകാരം ശിക്ഷിക്കപ്പെടുന്നു ആളുകളുടെ വേദന താങ്ങാൻ വയ്യാതെ ഉള്ള കരച്ചിലാണ് ഞാൻ കേട്ടിരുന്നത് എന്നും അവൾ പറഞ്ഞു.

എന്നെ പൂട്ടിയിട്ടിരുന്ന മുറിയുടെ ജനൽ പാളിയിലൂടെ അടുത്ത മുറിയിലേക്കു നോക്കിയപ്പോൾ കണ്ട കാഴ്ച ആരെയും ഭയപ്പെടുത്തുന്നത് ആയിരുന്നു. അവിടെ കുറേ വാളുകൾ, വടിവാളുകൾ, കുന്തം, വിവിധ തരത്തിലുള്ള കഠാരകൾ ഇങ്ങനെ നിരവധി തരത്തിലുള്ള ആയുധങ്ങളുടെ ഒരു വലിയ ശേഖരം തന്നെ അവിടെ കാണാൻ സാധിച്ചു. എന്റെ ജിജ്ഞാസ കാരണം രാസാത്തിയോട് ഇതേക്കുറിച്ച് ചോദിച്ചപ്പോൾ അവൾ ഉത്തരമൊന്നും പറയാതെ അവിടെ നിന്ന് ഓടി പോയി.

ഞാൻ അവരുടെ പിടിയിലകപ്പെട്ട മൂന്നു നാൾ കഴിഞ്ഞിരുന്നു. നാലാം ദിവസം രാവിലെ പ്രാതൽ ഭക്ഷണം ആയി വന്ന രാസാത്തി യോട് മുനുസ്വാമിയെ കാണാനുള്ള ഒരു മാർഗ്ഗം അന്വേഷിച്ചപ്പോൾ, അവനെ മൂപ്പൻ എവിടെയോ ഒളിവിൽ താമസിപ്പിച്ചിരിക്കുകയാണ് എന്ന് രാസാത്തി പറഞ്ഞു. ക്രിമിനൽ കേസുകളിൽ പ്രതിയായ മുനുസ്വാമി എവിടെയാണെന്ന് മൂപ്പന് മാത്രം അറിയാവുന്ന രഹസ്യം ആണെന്ന് രാസാത്തി പറഞ്ഞപ്പോൾ, അവിടെ നിന്ന് രക്ഷപ്പെടാനുള്ള എല്ലാ വഴിയും അടഞ്ഞു എന്ന് മനസ്സിൽ തോന്നി.

ഇനി അഥവാ മുനുസ്വാമിയെ കണ്ടാലും എനിക്ക് ഒരു പക്ഷേ തിരിച്ചറിയാൻ സാധിക്കുമോ എന്ന സംശയം മനസ്സിൽ കൂടുതൽ ഭീതി ഉണർത്തി. അർദ്ധരാത്രിയിൽ, ആക്സിഡന്റ് നടന്ന സ്ഥലത്തുനിന്നും എങ്ങിനെയെങ്കിലും പെട്ടെന്ന് ഹോസ്പിറ്റലിൽ എത്തിചേരുവാനുള്ള ധൃതിയിൽ ആ വ്യക്തിയുടെ മുഖം ഞാൻ എങ്ങനെ ഓർക്കാനാണ്? അപ്പോൾ എന്റെ മനസ്സിൽ പെട്ടെന്ന് ഉദിച്ച ഒരു പ്ലാൻ ഞാൻ രാസാത്തിയോട് സൂചിപ്പിച്ചു.

ഫോട്ടോ പതിച്ചിട്ടുള്ള എന്റെ ഡ്രൈവിംഗ് ലൈസന്‍സ്, മൂപ്പന്റെ അറിവോടെ തന്നെ മുനുസ്വാമിക്ക് അയച്ചുകൊടുക്കുക, മുനുസ്വാമി എന്നെ തിരിച്ചറിഞ്ഞാൽ ഞാൻ പറയുന്ന അത്രയും കാര്യങ്ങൾ മൂപ്പൻ വിശ്വസിക്കും. എനിക്കവിടെ നിന്നും രക്ഷപ്പെടാം. ഇത്രയും പറഞ്ഞു കഴിഞ്ഞപ്പോൾ അതിനു വേണ്ട കാര്യങ്ങൾക്ക് ആയി ശ്രമിക്കാമെന്ന് രാസാത്തി എനിക്ക് ഉറപ്പു തന്നു. ഉച്ചയായപ്പോൾ ഒരാൾ എന്റെ മുറിയിൽ വന്ന്

എന്റെ ഡ്രൈവിംഗ് ലൈസന്‍സ് വാങ്ങി കൊണ്ടുപോയി.

publive-image

പിറ്റേ ദിവസം രാവിലെ 9 മണി ആയപ്പോൾ രണ്ടുപേർ വന്ന് എന്നെ മൂപ്പന്റെ അടുത്തേക്ക് കൂട്ടിക്കൊണ്ടുപോയി. രൗദ്രത നിറഞ്ഞ മൂപ്പന്റെ മുഖം കണ്ട മാത്രയിൽ ഞാനാകെ പേടിച്ചു വിറച്ചുപോയി. കൂടുതലായി ഒന്നും സംസാരിക്കാത്ത മൂപ്പൻ എന്നെ നോക്കി ഒരൊറ്റ കാര്യം മാത്രം പറഞ്ഞു. നിന്റെ ഫോട്ടോ മുനുസ്വാമിക്ക് അയച്ചുകൊടുത്തിട്ടുണ്ട്. അവൻ ഇപ്പോൾ ഇവിടെ വരും. നീ പറയുന്ന കാര്യങ്ങൾ സത്യമാണെന്ന് അവൻ പറഞ്ഞാൽ ഞാൻ നിന്നെ വിട്ടയക്കും. അല്ലെങ്കിൽ.... അത് പറഞ്ഞ് മുഴുവൻ ആക്കിയില്ല. ജീവൻ ഒരു തുലാസിൽ തൂങ്ങിനിൽക്കുന്ന പോലെയായിരുന്നു അ പ്പോഴത്തെ എന്റെ അവസ്ഥ.

കുറച്ചു കഴിഞ്ഞപ്പോൾ കറുത്തു തടിച്ച ഒരു മനുഷ്യൻ അവിടേക്ക് വന്നു. മുനുസ്വാമി ആണോ അല്ലയോ എന്ന സംശയം എന്റെ മനസ്സിൽ. മൂപ്പൻ എന്റെ മുഖത്തേക്കും അയാളുടെ മുഖത്തേക്കും മാറിമാറി നോക്കികൊണ്ടേയിരുന്നു. ഞാൻ ആകെ പരിഭ്രമിച്ചു, തൊണ്ടയിലെ വെള്ളം വറ്റി, ശ്വാസം നിലക്കാൻ പോകുന്ന മാതിരിയുള്ള അവസ്ഥയിൽ മൂപ്പനെ തന്നെ നോക്കി നിന്നു.

ആ സമയം മൂപ്പൻ അവിടെ വന്ന മനുഷ്യനോട് " മുനുസ്വാമി നിനക്ക് ഇയാളെ അറിയാമോ, ഇയാൾ പറയുന്നത് എല്ലാം സത്യമാണോ" എന്ന് ചോദിച്ചു. കുറച്ചു സമയം ആലോചിച്ചതിനു ശേഷം എന്റെ മുഖത്തേക്കൊന്നു നോക്കി മൂപ്പനോടായി മുനുസ്വാമി ഇങ്ങനെ പറഞ്ഞു " ഇയാൾ പറയുന്ന കാര്യം എല്ലാം സത്യമാണ്, രണ്ടു മാസങ്ങൾക്ക് മുൻപ് എസ്റ്റേറ്റിൽ നടന്ന ഒരു ആക്സിഡന്റിൽ അവിടുത്തെ ഒരു മാനേജറെ ഞാൻ രക്ഷപ്പെടുത്തിയിട്ടുണ്ട്. പക്ഷേ അത് ഇയാളാണോ എന്ന് എനിക്കറിയില്ല. രാത്രിയായിരുന്ന കാരണം ഞാൻ മുഖം ശ്രദ്ധിച്ചില്ല. മുഖം ഒട്ടും ഓർമ്മയില്ല"

ഇതു കേട്ട ഉടനെ ഞാൻ ആകെ തകർന്നു, രക്ഷപ്പെടാൻ ആകെയുണ്ടായിരുന്ന പ്രതീക്ഷയും പോയി. കാലുകൾ നിലത്തുറക്കാതെ വീഴാൻ പോകുന്ന മാതിരി. കുടിക്കാനായി കുറച്ച് വെള്ളം ആവശ്യപ്പെട്ട് ഞാൻ മൂപ്പനോട് അവിടെ ഒന്ന് ഇരിക്കാനുള്ള സമ്മതം ചോദിച്ചപ്പോൾ, ഇരുന്നു കൊള്ളാൻ തലയാട്ടിയ മൂപ്പൻ എന്നോടായി" നീ പറഞ്ഞതെല്ലാം പച്ചക്കള്ളമാണ്, നീ ഒരു പൊലീസ് ഉദ്യോഗസ്ഥനാണ്. ഞങ്ങളെ പറഞ്ഞു പറ്റിച്ച് മുനിസ്വാമിയെ അറസ്റ്റ് ചെയ്തു കൊണ്ടുപോകാനാണ് നീ വന്നിരിക്കുന്നത്. നിനക്ക് ഇതിനുള്ള ശിക്ഷ ഞാൻ വിധിക്കും.

നാളെ വെള്ളിയാഴ്ച- രാവിലെ ഇവിടുത്തെ പൂജകൾ കഴിഞ്ഞാൽ നിന്റെ ശിക്ഷ എന്താണെന്ന് ഞാൻ പ്രഖ്യാപിക്കും. " തിരിഞ്ഞു പോകാൻ തുടങ്ങുന്ന മുനുസ്വാമിയെ ഞാൻ വിളിച്ചപ്പോൾ അവൻ അവിടെനിന്ന് എന്നെ തുറിച്ചു നോക്കി. എന്റെ നിസ്സഹായതയൊന്നും അവന് ബോധ്യപ്പെട്ടിട്ടില്ലായിരുന്നു.

നെറ്റിയിലേക്ക് വീണ മുടി ഇടയ്ക്കെല്ലാം ഇടത്തേ കൈകൊണ്ട് മാടി ഒതുക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു മുനുസ്വാമിയുടെ ഇടത്തെ കൈവിരലിൽ ഞാനത് ശ്രദ്ധിച്ചു. ഒരു വലിയ പച്ചക്കൽ മോതിരം. പെട്ടെന്നാണ് അത് എനിക്ക് ഓർമ്മ വന്നത്. ആക്സിഡന്റ് സമയത്ത് എന്റെ കയ്യിൽ നിന്ന് വീണു പോയ മോതിരം അല്ലേ അത്? അതെ എന്ന് എന്റെ മനസ്സ് എന്നോട് പറഞ്ഞു. (ഫ്ലാഷ്ബാക്ക് - ആക്സിഡന്റ് ചികിത്സ കഴിഞ്ഞ് എസ്റ്റേറ്റ് ആശുപത്രിയിൽ നിന്നും ബംഗ്ലാവിൽ മടങ്ങിയെത്തിയ ഞാനെന്റെ ബട്ട്ലർ യേശുവിനോട് ഇതേക്കുറിച്ച് ചോദിക്കുന്നുണ്ട്. എന്റെ കയ്യിൽ കിടന്ന മോതിരം കാണാനില്ല അതെവിടെയാണെന്ന് അറിയാമോ എന്ന് അവനോട് ചോദിച്ചപ്പോൾ അവനു അതിനെക്കുറിച്ച് യാതൊരു അറിവും ഉണ്ടായിരുന്നില്ല.)

publive-image

ഒട്ടും സമയം കളയാതെ ഞാൻ മൂപ്പനോട് പറഞ്ഞു " ഞാൻ പറഞ്ഞതെല്ലാം സത്യമാണ്, അങ്ങ് അത് വിശ്വസിക്കണം. മുനുസ്വാമിയുടെ കൈ വിരലിൽ കിടക്കുന്ന പച്ചക്കൽ മോതിരം എന്റെ യാണ്. ആക്സിഡന്റ് നടന്ന സ്ഥലത്ത് വീണു പോയതാണ്. " ഇതു കേട്ട മാത്രയിൽ മൂപ്പൻ ഉറക്കെ പൊട്ടിച്ചിരിച്ചു കൂടെ മുനുസ്വാമിയും. "മുനുസ്വാമിയുടെ കൈയിൽ കിടക്കുന്ന മോതിരം നിന്റെ ആണെന്ന് ഞാൻ വിശ്വസിക്കണമെങ്കിൽ അതിന് നിന്റെ കയ്യിൽ എന്താണ് തെളിവ് ഉള്ളത് ?" എന്ന് മൂപ്പൻ ചോദിച്ചപ്പോൾ ഉത്തരം കിട്ടാതെ ഞാൻ കുഴങ്ങി.

എന്റെ മുഖഭാവം കണ്ട മൂപ്പൻ പരിഹാസരൂപേണ എന്നോടായി വീണ്ടും അതേ ചോദ്യം ആവർത്തിച്ചു. എല്ലാ ദൈവങ്ങളെയും അച്ഛനമ്മമാരെയും പ്രാർത്ഥിച്ചുകൊണ്ടെ യിരുന്നു. പെട്ടെന്ന് ആണ് എനിക്ക് ആ കാര്യം ഓർമ വന്നത്. കഴിഞ്ഞ വർഷം, അതായത് കൃത്യമായി പറഞ്ഞാൽ എന്റെ ജന്മദിനത്തിന് അമ്മയുടെ സമ്മാനമായിരുന്നു ആ മോതിരം. എന്റെ ഭാഗ്യ രത്നമായ മരഗതം കല്ലുവെച്ചു പ്രത്യേകം ഓർഡർ കൊടുത്തു ഉണ്ടാക്കിയ മോതിരം. അന്നത്തെ പിറന്നാൾദിനം അതായത് 15-09-1978, മോതിരത്തിന്റെ ഉൾവശത്ത് എഴുതിയിട്ടുണ്ടായിരുന്നു. അത് എനിക്ക് ഓർമ്മ വന്നപ്പോൾ ഒരു നിമിഷം പോലും കളയാതെ, ഞാൻ മൂപ്പനോട് ഈ കാര്യം വളരെ ധൈര്യത്തോടെ പറഞ്ഞു. മൂപ്പൻ ഇത് കേട്ട് അത്ഭുതപ്പെട്ടു എന്ന് മുഖഭാവം കണ്ടപ്പോൾ എനിക്ക് മനസ്സിലായി.

മുനുസ്വാമിയുടെ കയ്യിൽ നിന്ന് മോതിരം വാങ്ങി മൂപ്പൻ ശ്രദ്ധാപൂർവ്വം മോതിരത്തിന്റെ ഉൾവശം പരിശോധിക്കാൻ തുടങ്ങിയപ്പോൾ എന്റെ ഹൃദയമിടിപ്പ് ധൃതഗതിയിൽ ആവുന്നത് ഞാൻ അറിഞ്ഞു. കൈകൾ രണ്ടും വിയർത്തു, നെറ്റിയിൽ നിന്നും ഒലിച്ചിറങ്ങിയിരുന്ന വിയർപ്പിനെ തുടച്ചുമാറ്റാൻ ഞാൻ ശ്രമിച്ചു കൊണ്ടേയിരുന്നു. എന്റെ മുഖത്തേക്കും മോതിരത്തിലേക്കും മാറി മാറി നോക്കിയിരുന്ന മൂപ്പൻ എന്നോടായി, " നീ പറഞ്ഞത് സത്യമാണ്. ഇത് നിന്റെ മോതിരം തന്നെയാണ്. ഇനി നിനക്ക് പോകാം"

ഇത്രയും കേട്ടപ്പോൾ സന്തോഷം കൊണ്ട് എന്റെ കണ്ണുകൾ നിറഞ്ഞു.മൂപ്പൻ എന്നെ അടുക്കലേക്ക് വിളിച്ചു മോതിരം എന്റെ കൈവിരലിൽ ഇട്ടുതന്നു. ഞാൻ ഒട്ടും സംശയിക്കാതെ അത് ഊരിയെടുത്ത് അടുത്തു നിന്നിരുന്ന മുനുസ്വാമിയുടെ കയ്യിൽ ഇട്ടുകൊടുത്തു. അത് സ്വീകരിക്കാൻ അവന് ഒട്ടും സമ്മതമായിരുന്നില്ല എങ്കിലും, ഞാൻ പറഞ്ഞു " ഇത് നീ രക്ഷിച്ച എന്റെ ജീവന് ഞാൻ നൽകുന്ന വിലയാണ്. അന്ന് നീ അവിടെ വന്നില്ലായിരുന്നെങ്കിൽ, ഞാൻ എന്ന വ്യക്തി ഇന്ന് ജീവനോടെ ഉണ്ടാവുമായിരുന്നില്ല. കൂടാതെ കയ്യിൽ കരുതിയിരുന്ന 1000 രൂപയും അവന്റെ കൈയിൽ വെച്ച് കൊടുത്തപ്പോൾ, അവൻ ആശ്ചര്യത്തോടെ, ബഹുമാനത്തോടെ തനിക്ക് ലഭിച്ചതെല്ലാം താൻ അർഹിക്കുന്നതാണോ എന്ന ആശങ്ക ജനിപ്പിക്കുന്ന വിധത്തിൽ എന്റെ കണ്ണിൽ തന്നെ നോക്കി നിന്നു.

ഞാൻ അവനു സമ്മാനിച്ചത് എന്റെ ജീവന്റെ വില. അവന്റെ കണ്ണിൽനിന്നും അവൻ അറിയാതെ കണ്ണീരൊഴുകുന്നത് ഞാൻ ശ്രദ്ധിച്ചു. ഭാവിയിൽ എന്ത് സഹായം വേണമെങ്കിലും അവന് ഞാൻ നൽകാം എന്ന് പറഞ്ഞു തിരിച്ച് എസ്റ്റേറ്റിലേക്ക് പോകാൻ പുറപ്പെട്ടു. എല്ലാവരോടും പ്രത്യേകിച്ച് മൂപ്പനോടും നന്ദി പറയാൻ മറന്നില്ല. രാസാത്തിയെ തിരഞ്ഞപ്പോൾ അവിടെ ഒന്നും കാണാനുണ്ടായിരുന്നില്ല. ബൈക്ക് നിർത്തിയിട്ടിരുന്നതുവരെ നടന്നു, കൂടെ മുനുസ്വാമിയും.

മുനുസ്വാമിയുടെ കയ്യിൽനിന്നും എന്റെ ഡ്രൈവിംഗ് ലൈസന്‍സ് വാങ്ങി ഞാൻ ബൈക്ക് സ്റ്റാർട്ട് ചെയ്ത് മുനുസ്വാമിയോട് യാത്രപറഞ്ഞു എന്റെ മടക്കയാത്ര ആരംഭിച്ചു. ഗ്രാമത്തിന്റെ പ്രവേശന കമാനത്തിൽ എത്തിയപ്പോൾ മധുര വീരന്റെ കോവിലിനു അടുത്ത് അവൾ നിൽക്കുന്നു, രാസാത്തി. എന്നെ കാത്തു നിൽക്കുകയായിരുന്നുവോ അവൾ ? ബൈക്ക് നിർത്തി അവളോട് നന്ദിയും യാത്രയും പറഞ്ഞപ്പോൾ അവളുടെ കണ്ണുകളിൽ ഒരു നേരിയ വിഷാദം കാണപ്പെട്ടു. ഇനിയും ഈ വഴി വരുമ്പോൾ ഇവിടെ വരുമോ എന്ന അവളുടെ ചോദ്യവും! എന്താണ് പറയേണ്ടത് എന്നറിയാതെ ഞാൻ ഒന്ന് തലയാട്ടുക മാത്രം ചെയ്തു.

ഒരു ചെറുപുഞ്ചിരി അവൾക്ക് നൽകി ഞാൻ യാത്ര തുടർന്നു. വഴിയിൽ കണ്ട ഒരു ചായക്കടയിൽ, ചായ കുടിക്കാനായി ബൈക്ക് നിർത്തി. ചായ പറഞ്ഞു കാത്തിരുന്നപ്പോൾ എന്തൊക്കെയോ ചിന്തകൾ മനസ്സിലൂടെ മിന്നി മറഞ്ഞു പോയി. സർ ചായ എന്ന് പറഞ്ഞ വിളി കേട്ട് ഞാൻ കണ്ണു തുറന്നു. യേശു, എന്റെ ബട്ലർ, ചായയുമായി എന്റെ മുന്നിൽ നിൽക്കുന്നു. അപ്പോൾ എന്റെ തേനി യാത്ര, മുനുസ്വാമി മൂപ്പൻ,രാസാത്തി ഇതെല്ലാം സ്വപ്നമായിരുന്നോ? ഞാൻ എവിടെയാണ്, എന്താണ് സംഭവിച്ചത് എന്നറിയാതെ പകച്ചിരുന്നു പോയി.

ജനാലയിലൂടെ പുറത്തു നോക്കി ചൂടുള്ള ചായ ഊതി കുടിച്ചു കൊണ്ടിരുന്നപ്പോൾ രാസാത്തി യുടെ മുഖം മനസ്സിൽ തെളിഞ്ഞു വന്നു. അവൾക്ക് എന്നോട് എന്തോ ഒരു ഇഷ്ടം തോന്നി കാണും അല്ലെങ്കിൽ എന്നെയും കാത്ത് അവൾ എന്തിന് മധുരവീരൻറെ കോവിലിനു അടുത്ത് കാത്തു നിന്നു ?

വളരെ അടുത്ത ദിവസം തന്നെ മുനുസ്വാമിയെ കാണുവാനായി തേനിക്ക് പോകാനുള്ള തീരുമാനമെടുത്തു. സ്വപ്നത്തിലെ രാസാത്തിയെയും കാണാൻ സാധിച്ചാലോ !! അപ്പോൾ " രാസാത്തി ഉന്നെ കാണാതെ നെഞ്ച്, കാറ്റാടി പോൽ ആടുത് " എന്ന വളരെ പ്രസിദ്ധമായ തമിഴ് സിനിമ ഗാനം ഓർമ വന്നു !!

എച്ച്എംവി സരിഗമയിൽ തുടങ്ങി നീണ്ട മൂന്ന് പതിറ്റാണ്ടോളാം മ്യൂസിക് ഇൻഡസ്ട്രിയിൽ വളരെ സജീവമായിരുന്നു കെ.കെ മേനോന്‍. എബിസിഎല്‍ ജനറൽ മാനേജർ ആയിരുന്ന മേനോൻ പല സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. നിരവധി ലേഖനങ്ങളും ചെറുകഥകളും ഓണ്‍ലൈനിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 'ഇന്ദ്രനീലം' എന്ന പേരിൽ ഒരു പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Advertisment